കുടുംബജീവിതത്തിലെ സ്ത്രീപുരുഷ സമത്വം

കുടുംബജീവിതത്തിലെ സ്ത്രീപുരുഷ സമത്വം

ഇന്ന്, മിക്കവാറും എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  സ്ത്രീകൾക്കുള്ള കഴിവുകളേപ്പറ്റി, ഇന്ന് ആര്‍ക്കും തന്നെ യാതൊരു സംശയവുമില്ല. പണ്ടുകാലത്തേപ്പോലെ വീടിനകത്തുമാത്രം സ്ത്രീകള്‍ കഴിഞ്ഞിരുന്ന കാലഘട്ടം മാറിക്കൊണ്ടിരിക്കുകയാണ്. പഴയ കാലങ്ങളില്‍ തന്നെ സാമൂഹികമായും, രാഷ്ട്രീയമായും ഭരണപരമായും നല്ല ശക്തമായ നേതൃത്വം കൊടുത്ത സ്ത്രീകളെപ്പറ്റി ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അവരെപ്പോലുള്ളവരുടെ എണ്ണം കുറവായിരുന്നു.   ഭാരതത്തിന്റെ ഭരണഘടനയും സ്ത്രീസമത്വം ഉറപ്പാക്കുന്ന വിധത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും, പണ്ടുമുതലുള്ള ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും പേരില്‍, ഇന്നും മതപരമായി സ്ത്രീകള്‍ക്ക് എല്ലായിടത്തും പ്രവേശനമോ, സ്ഥാനമാനങ്ങള്‍ വഹിക്കുവാനോയുള്ള അവകാശമില്ല എന്നുള്ള യാഥാർഥ്യവും നമ്മുടെ മുന്‍പില്‍ ഇന്നും ഉണ്ട്.

 

സ്ത്രീ-പുരുഷസമത്വത്തെ എല്ലാവരും തത്വത്തില്‍ അംഗീകരിക്കുമെങ്കിലും, ഈ വൈരുദ്ധ്യങ്ങളുടേയും മാറുന്ന കാലഘട്ടങ്ങളുടേയും നടുവില്‍, സ്ത്രീ സമത്വത്തിനുവേണ്ടിയുള്ള, പല സ്ത്രീകളുടേയും ആ സ്ത്രീകൾ വളർന്ന കുടുംബങ്ങളുടെയും, അയവില്ലാത്ത കടുംപിടിത്തത്തിനിടയില്‍, പണ്ടുണ്ടായിരുന്നതിലുമധികം കുടുംബങ്ങള്‍ തകരുന്നുയെന്നുള്ള യഥാര്‍ത്ഥ്യവും ഇന്ന്, സമൂഹത്തില്‍ വലിയ വേദനയായി നിലകൊള്ളുന്നു.

പഴയകാലത്ത് സ്ത്രീകളുടെ ജീവിതം വീടുകൾക്കുള്ളിൽ ഒതുങ്ങുവാനുള്ള കാരണം

പഴയ കാലഘട്ടം (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

 

പഴയ കാലങ്ങളില്‍ സ്ത്രീകളുടെ ജീവിതം വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടേണ്ടി വന്നതിന്,  വിവിധതരങ്ങളായ കാരണങ്ങള്‍ ഉണ്ട്. അക്കൂട്ടത്തില്‍ ചിലത് താഴെപ്പറയുന്നു :

  1. ബാല്യവിവാഹം :- ഇക്കാലത്തെ അപേക്ഷിച്ച് വളരെ ചെറുപ്പത്തിലേതന്നെ വിവാഹം കഴിച്ച് അന്യഭവനങ്ങളില്‍ ചെല്ലുന്നതോടുകൂടി പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാനുള്ള തത്രപ്പാട്.
  2. ഭര്‍ത്താവിന്‍റെ കാര്യങ്ങളും ഉത്തരവാദിത്തവും : സാമുദായികമായും സാമൂഹികമായും, പ്രത്യേകിച്ച് മതപരമായുമുള്ള രീതികളനുസരിച്ച്,   സ്ത്രീകളാണ്, ഭര്‍ത്താവിന്‍റെ കാര്യങ്ങള്‍ എല്ലാം നോക്കി  സഹായിയായിരിക്കേണ്ടതെന്ന്, എഴുതിവച്ചിട്ടുള്ളത്, സ്ത്രീകൾ വീടുകളിൽത്തന്നെ ഒതുങ്ങുന്നതിനുള്ള കാരണങ്ങളിലൊന്നാണ്.
  3. മതം :- ഭരണഘടന എന്തുതന്നെപറഞ്ഞാലും,ഒട്ടുമിക്ക മതങ്ങളും പുരുഷന്മാർക്കാണ് അധികാരത്തിന്‍റെയും തീരുമാനങ്ങളെടുക്കുന്നതിൻറെയുമെല്ലാം മുന്‍തൂക്കം   നല്‍കുന്നത്.  ഇത് എല്ലാ ദിവസവും, എല്ലാ ആഴ്ചകളിലും വീണ്ടും  വീണ്ടും വായിച്ചും പഠിപ്പിച്ചും, വീടുകളിലും ആരാധനാലയങ്ങളിലും,  മാനസീകമായി പുരുഷമേധാവിത്വത്തിനു ഉപകരിക്കുന്ന സാഹചര്യങ്ങള്‍ ഒരുക്കിത്തീര്‍ക്കുന്നു.
  4. ആര്‍ത്തവം :- പെണ്ണുങ്ങളുടെ എല്ലാ മാസവുമുള്ള ആര്‍ത്തവകാലവും, ആ സമയത്തുണ്ടാകുന്ന രക്തപ്രവാഹവും, അതിനെ ശുചിയായി   കൈകാര്യം ചെയ്യുന്നതിനുണ്ടായിരുന്ന, ഉപാധികളുടെ ഇല്ലായ്മയും,  പര്യാപ്തമില്ലായ്മയും, സ്ത്രീകളെ മാസത്തിൽ പത്തുദിവസം  മുറികളില്‍ത്തന്നെ അടച്ചുപൂട്ടി ജീവിക്കുവാന്‍  നിര്‍ബന്ധിതരാക്കി. പലപ്പോഴും സമയം തെറ്റി ഉണ്ടാകുന്ന ആര്‍ത്തവം  കൂടി ആകുമ്പോള്‍, സ്ത്രീകള്‍ക്ക്, വീടുചുറ്റിപ്പറ്റി ജീവിക്കേണ്ട  നിര്‍ബന്ധിതമായ ഒരു അവസ്ഥ ഉണ്ടായി.
  5. കുട്ടികളുടെ ജനനം :- ശൈശവവിവാഹശേഷം ജനനനിയന്ത്രണ ഉപാധികള്‍  ഇല്ലാതിരുന്ന കാലത്ത് തുടരെ തുടരെയുള്ള കുട്ടികളുടെ ജനനവും  പ്രസവസംബന്ധമായ വൈഷമ്യങ്ങളും അസ്വസ്ഥതകളും  സ്ത്രീകളുടെ വീട്ടില്‍ തന്നെയുള്ള ജീവിതം ഒരു ആവശ്യമാക്കിത്തീര്‍ത്തു.
  6. പോരാട്ടങ്ങളും യുദ്ധങ്ങളും :- അടുത്തതും അകലെയുള്ളതുമായ പ്രദേശങ്ങളില്‍ കൂട്ടം കൂട്ടമായി താമസിച്ചിരുന്ന ജനങ്ങള്‍, തമ്മില്‍ തമ്മില്‍  ഭക്ഷണത്തിനായും, സ്ഥലത്തിനായും മറ്റു വിലയേറിയതെന്ന് അക്കാലത്ത് വിശ്വസിച്ചിരുന്ന വസ്തുവകകള്‍ക്കുമായുള്ള പോരാട്ടങ്ങളിൽ, പ്രത്യേകിച്ച് അക്കാലത്തെ സൌന്ദര്യത്തിന്‍റെ മാനദണ്ഡം അനുസരിച്ച്, സുന്ദരിയായി കരുതുന്ന സ്ത്രീകളെ, അപഹരിച്ചു  കൊണ്ടുപോവുക എന്നത് ഒരു വിജയമായാണ് കരുതിയിരുന്നത്.  ആയതിനാല്‍ വീടുകളില്‍ നിന്നും ഏതെങ്കിലും കാരണത്താല്‍ മാറി,  ദൂരെയായിരിക്കുന്നത് അപകടകരമായിരുന്നു. അതുകൊണ്ടുതന്നെ യാത്രകളിലും യുദ്ധങ്ങളിലും, വേട്ടയാടലിലും മറ്റും, സ്ത്രീകളെ കൂടെകൂട്ടുക സാദ്ധ്യമല്ലാത്ത അവസ്ഥ നിലനിന്നിരുന്നു.
  7. ശാരീരികമായ അപര്യാപ്തത :- സ്ത്രീകളുടെയും പുരുഷന്മാരുടെയും സൃഷ്ടിയില്‍ തന്നെ, ശരീരബലത്തിന്‍റെ കാര്യത്തില്‍ പുരുഷന്മാര്‍ പൊതുവേ കൂടുതല്‍  കരുത്തുള്ളവരായാണ് വളര്‍ന്നുവരുന്നത്. മാറിയ ഈ കാലഘട്ടത്തില്‍പോലും പൊതുവേ ശാരീരികമായി പുരുഷന്മാര്‍ സ്ത്രികളെക്കാളും  കൂടുതൽ ശാരീരിക ബലമുള്ളവരാണ്. ഇന്നും ചുരുക്കം ചിലത് ഒഴിച്ച്,  സമയത്തിന്‍റെ കാര്യത്തിലും, ഭാരം എടുക്കുന്നതുമായ കാര്യങ്ങളിലും,  മറ്റ്‌ കളികൾ സംബന്ധമായ കാര്യങ്ങളിലും, പുരുഷന്മാരുടെ  നേട്ടങ്ങളുടെ താഴെയാണ് സ്ത്രീകളുടെ നേട്ടങ്ങൾ. നിലനിൽപ്പിന് നല്ല ശാരീരികബലം ആവശ്യമായിരുന്ന പഴയകാലങ്ങളിൽ ഈ കുറവുകൾ സ്ത്രീകൾ വീടിനുള്ളില്‍ ഒതുങ്ങി ജീവിക്കുവാന്‍ കാരണമാക്കി.
  8. വിദ്യാഭ്യാസം :- ശൈശവവിവാഹം, സ്വന്തം കുടുംബത്തില്‍ നിന്നും വിവാഹശേഷമുള്ള മാറ്റം, ഭര്‍ത്താവിന്‍റെയും ഭര്‍ത്താവിന്‍റെ കുടുംബത്തിന്‍റേയും വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതും,  അവരുടെ അക്കാലത്തുണ്ടായിരുന്ന പ്രതീക്ഷകള്‍ക്ക് അനുസരിച്ച്  ജീവിക്കേണ്ടതും, തുടര്‍ന്നുള്ള ധാരാളം കുട്ടികളുടെ ജനനവും, ഒരു  പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം അപ്രാപ്യമാക്കിത്തീർത്തു.
  9. യുദ്ധവീര്യവും വിദ്യാഭ്യാസവും :- ഈ കാരങ്ങളാല്‍ സാമൂഹികവും, സാമുദായികവും, മതപരവുമായി പെണ്‍കുട്ടികള്‍ വീട്ടിലും ചുറ്റുപാടുകളിലും ഒതുങ്ങി  ജീവിക്കുവാന്‍ നിര്‍ബന്ധിതരായി. ആയതിനാൽത്തന്നെ അതാതുസമയത്ത് ആവശ്യമായ യുദ്ധം പയറ്റുന്നതിനും, വേട്ടയാടുന്നതിനും,  മറ്റു കാലഘട്ടങ്ങളുടെ മാറ്റത്തിനനുസരിച്ചുള്ള ഗുരുകുല വിദ്യാഭ്യാസം  മുതലായവയും പുരുഷന്മാരേ കേന്ദ്രീകരിച്ചുമാത്രമാണ് ഒരു പരിധിവരെ നടത്തിയിരുന്നത്. അത് ആ കാലഘട്ടത്തിന്റെ അതിജീവനത്തിനും ആവശ്യമായിരുന്നു.
  10. മാതൃകകള്‍ :- മാറിക്കൊണ്ടിരുന്ന കാലഘട്ടത്തിലും ജീവിതരീതികളിലും, സാമൂഹികവും, സാമുദായികവുമായി ഉണ്ടായ വ്യതിയാനങ്ങളിലും,  വര്‍ഷങ്ങളായും തലമുറകളായും പിന്‍തുടര്‍ന്നു പോന്നിരുന്ന,  സ്ത്രീകളുടെ മാതൃകകളിലെ മാറ്റങ്ങള്‍, വേഗത്തില്‍  ഉള്‍ക്കൊള്ളുവാന്‍ സമൂഹം പലതലങ്ങളിലും തയ്യാറായിരുന്നില്ല.  പ്രത്യേകിച്ച് പല മതങ്ങളും വള്ളിപുള്ളി മാറാതെ, സ്ത്രീകൾക്കുവേണ്ടി എഴുതപ്പെട്ട നിര്‍ദ്ദേശങ്ങളിലും, നിയമങ്ങളിലും  മുറുകെ നിര്‍ബന്ധപൂര്‍വ്വം, പിടിക്കുന്ന ഒരു സാഹചര്യത്തില്‍.
  11. സമൂഹത്തിന്‍റെയും കുടുംബത്തിന്‍റേയും കെട്ടുറപ്പ് :- അധികാരത്തിന്‍റെയും, പണത്തിന്‍റെയും, സമ്പത്തിന്‍റെയും മേലുള്ള ആധിപത്യം എക്കാലവും വ്യക്തിയെ സംബന്ധിച്ചിടത്തോളം  സമൂഹത്തില്‍ പ്രധാനമായിരുന്നതിനാല്‍, പുരുഷന്മാരുടെ  അക്കാര്യങ്ങളിലുള്ള മുന്‍തൂക്കം നഷ്ടപ്പെടുവാന്‍ പുരുഷന്മാര്‍  സ്വമേധയാ ആഗ്രഹിച്ചിരുന്നില്ലയെന്നതും, മാറുന്ന സാമൂഹിക,  സാമുദായിക സാഹചര്യത്തിനനുസരിച്ച്, സ്ത്രീകള്‍ മാറുന്നത്  അനുവദിക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. പെട്ടെന്ന് ഒരു മാറ്റം,  വരുന്നത് പല പൊട്ടിത്തെറികള്‍ക്കും, സാമൂഹിക കുടുംബസുരക്ഷയ്ക്കും ദോഷം വരുത്തുമെന്ന ചിന്തയും, സമൂഹത്തില്‍ നിലനിന്നിരുന്നു.
  12. കൃഷിയെ ആശ്രയിച്ചുള്ള ജീവിതം :- പഴയ കാലഘട്ടങ്ങള്‍ മുതല്‍ വളരെ അടുത്ത കാലഘട്ടം വരെയും പ്രധാനമായ വരുമാനം കൃഷിയിൽനിന്നുമായിരുന്നതിനാൽ കുടുംബങ്ങളില്‍ അതുസംബന്ധമായ ധാരാളം  ജോലികള്‍ ഉണ്ടായിരുന്നതിനാല്‍, പെണ്ണുങ്ങളുടെ വീട്ടിലെ സാനിദ്ധ്യം വളരെ പ്രധാനമായിരുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍   കൂടുതല്‍ വിദ്യാഭ്യാസം നേടേണ്ടതായ ആവശ്യമോ സാഹചര്യമോ  നിലനിന്നിരുന്നില്ല.
  13. ലോകപരിചയം :- മുകളിൽപറഞ്ഞ പലകാരണങ്ങളുംകൊണ്ട്, സ്ത്രീകളുടെ പുറലോകവുമായുള്ള അനുഭവപരിചയം, പുരുഷന്മാരേ  അപേക്ഷിച്ച്  വളരെ വളരെ കുറവായ കാലഘട്ടങ്ങളിലൂടെയാണ്  മനുഷ്യർ കടന്നു പോയിട്ടുള്ളത്.
  14. തീരുമാനങ്ങള്‍:- മുൻപറഞ്ഞ കാരണങ്ങളാല്‍തന്നെ പുറംലോകവുമായി ബന്ധപ്പെട്ട, സാമൂഹികവും, സാമുദായികവും, ഭരണപരവും, കുടുംബപരവുമായ കാര്യങ്ങളിലും, എല്ലാവശങ്ങളും എല്ലാത്തലത്തിലും അപഗ്രഥിച്ച് ശരിയായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍  എത്തുവാനും, തീരുമാനമെടുക്കുവാനുമുള്ള കഴിവ്, പുരുഷന്മാരേ  അപേക്ഷിച്ച് സ്ത്രീകള്‍ക്ക് വളരെ വളരെ പരിമിതമായിരുന്നു.
  15. രണ്ടു തല :- ഒരു സ്ഥാപനത്തിലായാലും സമൂഹത്തിലായാലും കുടുംബത്തിൽത്തന്നെയായാലും, എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടശേഷം, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുടെ നടുവിൽ,  ഒരു അവസാനതീരുമാനം പറയുവാന്‍, ഏതെങ്കിലും ഒരു  വ്യക്തിയുണ്ടാവുക ആവശ്യമാണ്. അല്ലെങ്കില്‍, പരസ്പരമുള്ള  അഭിപ്രായവ്യത്യാസങ്ങളില്‍, കാര്യങ്ങള്‍ പല ദിശകളിൽ നീങ്ങുന്നതിനുള്ള, ആരോഗ്യകരമല്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടും.   ആയതിനാല്‍, മേൽപ്പറഞ്ഞ പലകാരണങ്ങളാലും ഏറ്റവും അനുയോജ്യമായ വ്യക്തി അക്കാലങ്ങളിൽ പുരുഷൻ (ഭർത്താവ്) തന്നേ ആയിരുന്നു.   അങ്ങനെ കുടുംബത്തില്‍ പുരുഷമേധാവിത്വം സാമൂഹികമായി  അംഗീകരിക്കപ്പെട്ടിരുന്ന ഒരു ചിട്ടയായി എന്നും നില  കൊണ്ടിരുന്നു.                                                                                                ചുരുക്കം ചില വനിതകള്‍ ഒഴിച്ച് ബാക്കിയുള്ള വനിതകള്‍ അടുത്തകാലംവരെയും പുരുഷമേധാവിത്വം അംഗീകരിച്ച്,  വീട്ടിലും ചുറ്റുപാടുകളിലുമായി കഴിയുന്നവരായിത്തീർന്നു.

ഇപ്പോഴത്തേ പുതിയ കാലഘട്ടത്തില്‍ സ്ത്രീകളുടെ ജീവിതത്തില്‍ വന്ന വ്യതിയാനം 

ഇന്നത്തെ കാലഘട്ടം (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

  1. വിവാഹം :- ബാല്യവിവാഹം നിയമപരമായി നിര്‍ത്തലാക്കി. പതിനെട്ടുവയസ്സിനു മുന്‍പുള്ള വിവാഹം അനുവദനീയമല്ല. ഇത് പെണ്‍കുട്ടികള്‍ക്ക് സ്വന്തം കുടുംബത്തിൽത്തന്നേ വിവാഹത്തിനുമുൻപ് കൂടുതൽ സമയം ചിലവഴിക്കുന്നതിനും  വിദ്യാഭ്യാസം ചെയ്യുവാനും, സഹായകമായി. വിവാഹത്തിലേക്കും കുടുംബജീവിതത്തിലേക്കും  കടക്കുന്നതിനുമുൻപായി ഒരു പരിധിവരെയെങ്കിലും മാനസീകമായും  ശാരീരികമായും പക്വതവരുവാനും, കുട്ടികള്‍ എത്രവേണമെന്നുള്ള കാര്യമുൾപ്പെടെ  എല്ലാക്കാര്യങ്ങളും ഒരു പരിധിവരെ ചിന്തിച്ചു  തീരുമാനിക്കുവാനുള്ള കഴിവ് ലഭിക്കുന്നതിന് വഴിയൊരുക്കി.
  2. ആര്‍ത്തവം :-  ആർത്തവത്തെ കൈകാര്യം ചെയ്യുന്നതിന് അനുയോജ്യമായ സാമഗ്രികളുടെ ലഭ്യത, ആര്‍ത്തവത്താല്‍ മുറിയില്‍  അടച്ചു പൂട്ടിയിരിക്കേണ്ട സാഹചര്യം തികച്ചും ഒഴിവാക്കി, ദൂരയാത്രയ്കായും പഠനത്തിനായും ജോലിക്കായും സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും മാറിനിൽക്കുന്നതിനു ഇതു സഹായകമായി.
  3. കുട്ടികളുടെ ജനനം :- വിവാഹപ്രായം നിയമപരമായി ഉയര്‍ത്തിയതിനാലും ജനനനിയന്ത്രണസാമഗ്രികളുടെ വളരെ എളുപ്പത്തിലുള്ള ലഭ്യതയും, പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഭവനത്തില്‍തന്നെ തുടര്‍ന്നു  പഠിക്കുന്നതിനുള്ള സാഹചര്യം  ഉരുത്തിരിഞ്ഞതാലും, കൃഷിയെമാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന കാലഘട്ടത്തില്‍നിന്നും മാറി,  ആണുങ്ങള്‍ക്ക് പലവിധമായ മറ്റു ജോലികളിലും ഏര്‍പ്പെടേണ്ട  സാഹചര്യം ഉണ്ടായിവന്നപ്പോള്‍, സ്ത്രീകള്‍ വീട്ടിൽത്തന്നെ തുടരണമെന്ന ചിന്തയിലും മാറ്റം വന്നുഭവിക്കുവാന്‍ ഇടയായി. ആയതിനാല്‍,  കുട്ടികളുടെ ജനനം സ്ത്രീകള്‍ക്ക് കുറച്ചുകൂടി പ്രായം ആയതിനുശേഷം ഉണ്ടാകുവാന്‍ കളമൊരുങ്ങി. മുപ്പതു വയസ്സിന് മുന്‍പ് കുട്ടികള്‍  ഉണ്ടാകുന്നതാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉചിതമെന്ന വൈദ്യരംഗത്തെ അഭിപ്രായങ്ങളും, മുപ്പത്തിയഞ്ചു വയസ്സിനു ശേഷം  കുട്ടികള്‍ ജനിക്കുന്നത്, കുറഞ്ഞു വരുവാന്‍ കാരണമായി. അങ്ങനെ  കുട്ടികളുടെ എണ്ണത്തില്‍ ഭവനങ്ങളില്‍ കുറവു വന്നു.
  4. നിയമ വാഴ്ച :- പ്രദേശികമായ പ്രഭുക്കന്മാരുടേയും, രാജാക്കന്മാരുടേയും, നിയമ ആചാരവ്യവസ്ഥകൾ മാറി, ഒരു രാജ്യത്തിന്‍റെ  നിയമത്തിന്‍റെ കുടക്കീഴില്‍ ഒരു പരിധിവരെ എത്തുവാന്‍ കഴിഞ്ഞത്,  പണ്ടുകാലങ്ങളിൽ സ്ത്രീകളെ അപഹരിച്ചു കൊണ്ടുപോകുന്നതിനായുണ്ടായിരുന്ന പോരാട്ടങ്ങള്‍ക്കും, യുദ്ധങ്ങള്‍ക്കും ഒരു പരിധിവരേയും  കടിഞ്ഞാണിടുവാൻ സഹായിച്ചു. ഇത്, കൂടുതല്‍ സ്വതന്ത്രമായി  സമൂഹത്തില്‍ ഇടപെടുന്നതിനും, വിദ്യാഭ്യാസത്തിനായും, ജോലിക്കായും യാത്രചെയ്യുവാനും, ഭവനത്തില്‍നിന്നും ദൂരെമാറി അധികസമയം  ചെലവഴിക്കുവാനും സ്ത്രീകള്‍ക്ക് സഹായകമായി.
  5. കൃഷിയില്‍ നിന്നും മറ്റു ജോലികളിലേക്കുള്ള മാറ്റം. :- വ്യവസായ കാലഘട്ടത്തിന്‍റെ ഉത്ഭവവും, മറ്റു പലതരമായ ജോലികളുടേയും, തുടര്‍ന്നുള്ള കമ്പൂട്ടര്‍ , ഡിജിറ്റല്‍ വ്യതിയാനങ്ങളും, കൃഷി  ജോലിയിലുള്ള ഊന്നലില്‍നിന്നും മാറി, മറ്റു ജോലികളില്‍ ഏര്‍പ്പെടുവാന്‍  പുരുഷന്മാർക്ക് ഇടയാക്കി. കൃഷിയില്‍ നിന്നുമുള്ള വരുമാനത്തിന്‍റെ അഭാവം, ആണുങ്ങളുടെമാത്രം വരുമാനംകൊണ്ടു  പലപ്പോഴും ജീവിക്കുവാന്‍ സാധ്യമല്ല എന്ന സാഹചര്യവും  സൃഷ്ടിച്ചു. അത്, പെണ്‍കുട്ടികള്‍ക്ക് ആണുങ്ങള്‍ക്കൊപ്പം എല്ലാ  മേഖലകളിലും ജോലി ചെയ്യേണ്ടതായ ഒരു നിര്‍ബന്ധിത സാഹചര്യം  ഉളവാക്കി.
  6. കൂട്ടുകുടുംബങ്ങളില്‍ നിന്നും ഒറ്റപ്പെട്ട കുടുംബങ്ങളിലേക്കുള്ള മാറ്റം:- കൂട്ടുകുടുംബജീവിതത്തില്‍ നിന്നുള്ള മാറ്റവും കുട്ടികളുടെ എണ്ണത്തിലുള്ള കുറവും സ്ത്രീകള്‍ക്കു പുറത്തുപോയി ജോലി  ചെയ്യുവാനുള്ള സമയവും സാഹചര്യവും ഉളവാക്കി.
  7. വിദ്യാഭ്യാസം :- മാറിവന്ന ജീവിതരീതികളും, താമസിച്ചുള്ള വിവാഹവും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികള്‍ക്കൊപ്പം വിദ്യാഭ്യാസം   നല്‍കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ പലയിടങ്ങളിലും  സൃഷ്ടിക്കപ്പെടുന്നതിനിടയായി. ബാല്യവേലയിലുള്ള നിരോധനവും  നിയമപരമായി എല്ലാ കുട്ടികള്‍ക്കും മിനിമം വിദ്യാഭ്യാസം  നല്‍കണമെന്ന തീരുമാനങ്ങളും, പെണ്‍കുട്ടികളുടെ  വിദ്യഭ്യാസത്തിനും  അതുവഴിയുള്ള മാനസീകമായ വളര്‍ച്ചയ്ക്കും അവസരമൊരുക്കി.
  8. സാമ്പത്തിക സ്വാതന്ത്ര്യം :-  സ്ത്രീകള്‍ക്കു സ്വയം ജോലിചെയ്ത് സ്വന്തമായ വരുമാനം ലഭിച്ചു  തുടങ്ങിയത് പണത്തിനായി മാതാപിതാക്കളിലും ഭര്‍ത്താവിലും  ആശ്രയിക്കുന്നതില്‍ വലിയമാറ്റം വരുത്തി. കൂടുതല്‍ സ്വതന്ത്രമായി  ചിന്തിക്കുവാനും, സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുന്നതിനും ഒരുപരിധിവരെ ഈ സാമ്പത്തിക   സ്വാതന്ത്ര്യം സ്ത്രീകൾക്കു നല്കി.
  9. ടി.വി.യും, കമ്പ്യൂട്ടറും സോഷ്യല്‍ മീഡിയായും :-           ടി.വി.യുടേയും കമ്പ്യൂട്ടറുകളുടെയും എല്ലാ വീട്ടിലുമുള്ള ലഭ്യത,  വീടിനു പുറത്തിറങ്ങാതെതന്നെ, യാഥാര്‍ത്ഥ്യങ്ങളും  സത്യങ്ങളും വീട്ടിൽത്തന്നേ സമയം ചിലവഴിക്കുന്ന സ്ത്രീകള്‍ക്ക്  ലഭിക്കുന്നതിന് ഇടയാക്കി. കൂട്ടത്തില്‍, സോഷ്യല്‍ മീഡിയാകളുടെ  വളര്‍ച്ചയും, അറിവ് വീട്ടിലിരുന്നും, അധികം ലോകം ചുറ്റിക്കറങ്ങാതെ അറിവ് ലഭിക്കുന്നതിന്, സ്ത്രീകൾക്ക് സഹായമായി.
  10. സ്വത്തിലുള്ള തുല്യഅവകാശം :- ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പിതാവിൻ്റെ സ്വത്തില്‍ തുല്യഅവകാശം നല്‍കണമെന്ന നിയമമാറ്റങ്ങളും സ്ത്രീക്ക് സമൂഹത്തില്‍ കൂടുതല്‍ സ്വതന്ത്രമായി  ജീവിക്കുന്നതിനും ഇടപെടുന്നതിനും ഇടയാക്കി.
  11. ലോകപരിചയം :- മുകളിൽ പറഞ്ഞ മാറ്റങ്ങൾ, ഒരു പരിധിവരെ പഴയകാലത്തെ അപേക്ഷിച്ച്, സമൂഹത്തിലും സമുദായത്തിലും സ്ത്രീകൾക്ക് കൂടുതൽ  ലോകപരിചയം നേടുന്നതിന് ഇടയാക്കി.
  12. സ്ത്രീകൾക്കു മുൻ‌തൂക്കം : മുൻപറഞ്ഞ കാര്യങ്ങൾ കാരണം, ധാരാളം ഭവനങ്ങളിലും സ്ത്രീയ്ക് (ഭാര്യയ്ക്ക്) പലമേഖലകളിലും ഭർത്താവിനേക്കാളും കൂടുതൽ അറിവും ജ്ഞാനവും ആധികാരികമായി ഉണ്ടായി. ശരിയായ തീരുമാനം എടുക്കുന്നതിൽ, സ്ത്രീകളുടെ അഭിപ്രായങ്ങളും ഇന്ന് സഹായകമാണ്.

പഴയ-പുതിയ കാലഘട്ടങ്ങൾക്കിടയിലും ഇന്നും മാറാതെ നില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍

മാറാത്ത യാഥാർഥ്യങ്ങൾ (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

പഴയ കാലവും  ഇപ്പോഴത്തേക്കാലവുമായി നോക്കുമ്പോള്‍ സ്ത്രീകളുടെ ജീവിതത്തില്‍ ധാരാളമായ പുരോഗമനപരമായ മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും മാറാതെ ഇന്നും നിലനില്‍ക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ട്. അവയില്‍ ചിലതെല്ലാം താഴെപ്പറയുന്നവയാണ് :

  1. ശാരീരികമായ അപര്യാപ്തത :- ഇന്നും പൊതുവേ, ശാരീരികമായ ശക്തിയുടെ കാര്യത്തില്‍ സ്ത്രീകള്‍, പുരുഷന്മാരേ അപേക്ഷിച്ച് പിന്നോക്കമാണ്.
  2. നിയമവും നിയമം നടപ്പാക്കലും :- ഇന്ന് സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കുന്നതിനും സമത്വത്തിനുമായി ധാരാളം നിയമങ്ങള്‍ വന്നിട്ടുണ്ടെങ്കിലും നിയമത്തെപ്പറ്റിയുള്ള ഭയത്തിന്‍റെ കുറവും, നിയമം നടപ്പാക്കുന്നതിലെ വീഴ്ചകളും, പുരുഷന്മാര്‍ക്കുള്ള സ്വാതന്ത്യ്രത്തോട്, ഇന്നും സ്ത്രീകൾക്ക് യാത്ര ചെയ്യുന്നതിനും ജോലിചെയ്യുന്നതിനുമുള്ള  ഉത്തമമായ സാഹചര്യം സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല.
  3. മാതൃത്വം :- കുട്ടികള്‍ക്ക് ജന്മം നല്‍കുവാനുള്ള ഒന്‍പതുമാസത്തെ ഗര്‍ഭകാലവും, മുലയൂട്ടലും, കുട്ടികള്‍ക്ക് അമ്മമാരോടും  അതുപോലെ അമ്മമാര്‍ക്ക് തിരിച്ചും, അപ്പന്മാരെ അപേക്ഷിച്ച്  കൂടുതല്‍ ശക്തമായ, മാനസീകവും വൈകാരികവുമായ ബന്ധങ്ങള്‍, പ്രകൃതിതന്നെ സൃഷ്ടിച്ചിരിക്കുന്നു. ഈ ഒരു ബന്ധം  കുട്ടികളുടെ ശരീരികവും മാനസീകവുമായ വളര്‍ച്ചയ്ക്ക് ആവശ്യമായിരിക്കുന്ന, ഉപേക്ഷ വിചാരിക്കാനാവാത്ത, ഒരു ജീവിതസത്യമായിരിക്കുന്നതിനാല്‍, ഇന്നും  പുരുഷന്‍മാര്‍ക്ക് പുറംലോകവുമായി ഇടപ്പെടുവാന്‍ ലഭിക്കുന്നതുപോലെയുള്ള സമയവും  സാഹചര്യവും സ്ത്രീകള്‍ക്ക് ലഭിക്കുന്നതില്‍ പരിമിതികള്‍ ഉണ്ട്.
  4. സമൂഹമിപ്പോഴും മാറ്റത്തിന്‍റെ യാത്രയിലാണ്:- ഇന്ത്യയെപ്പോലെ പലവിധ മതസ്ഥരും ഭാഷക്കാരും, ഭൂപ്രകൃതിയുമുള്ള ഒരു ദേശത്തു, സ്ത്രീകളുടെ ജീവിതത്തിലുണ്ടായിയെന്നു ധരിക്കുന്ന മാറ്റങ്ങൾ, ഇന്നും ഒരു ചെറിയ ശതമാനത്തില്‍ മാത്രമേ, പ്രായോഗികമായി പ്രതിഫലിച്ചുകാണുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യ ഈ മാറ്റം, പരിപൂര്‍ണ്ണമായി ഇന്ത്യാമഹാരാജ്യം മുഴുവനും, എല്ലാ കുടുംബങ്ങളിലും, ഒരുപോലെ ആയിത്തീരുവാന്‍, ഇനിയും കുറഞ്ഞത് ഒരു തലമുറ  കൂടിയെങ്കിലും പിന്നിടേണ്ടതായി വരും.
  5. സ്ത്രീയും പുരുഷനും വളര്‍ന്ന കുടുംബങ്ങളും സമൂഹവും :- സ്ത്രീയും പുരുഷനും വളര്‍ന്ന കുടുംബങ്ങളില്‍ ഈ മാറ്റം എത്രത്തോളം പ്രതിഫലിച്ചിട്ടുണ്ടായിരുന്നുയെന്നുള്ളത്, ആ കുടുംബങ്ങളിൽ വളർന്ന കുട്ടികളുടെ പിന്നീടുള്ള കുടുംബജീവിതത്തെ, കാര്യമായി ബാധിക്കാവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ആയതിനനുസരിച്ച്, കുട്ടികള്‍ കുടുംബത്തിൽ കണ്ട പഴയമാതൃകകൾ, പിന്നീട് തങ്ങളുടെ കുടുംബ ജീവിതത്തിലും  പ്രതിഫലിപ്പിക്കുവാന്‍ ഇടയായിത്തീരുന്ന സാഹചര്യമാണിന്നുള്ളത്.
  6. മതം:- ഇന്ത്യാമഹാരാജ്യം സ്ത്രീ സമത്വത്തിനായുള്ള നിയമങ്ങള്‍ കൊണ്ടുവന്നപ്പോഴും ഒട്ടുമിക്കവാറും മതങ്ങളും, വള്ളിപുള്ളി മാറ്റാന്‍  തയ്യാറാകാതെ പുരുഷമേധാവിത്വത്തിനും സ്ത്രീപുരുഷഅസമത്വത്തിനും ഉതകുന്നതരത്തിലുള്ള, സംവിധാനങ്ങള്‍ ഉറച്ചു   പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നുയെന്നുള്ളത്‌, ഒരു യാഥാര്‍ത്ഥ്യമാണ്.
  7. വൈരുദ്ധതയും അവ്യക്തതയും:- നിയമം സ്ത്രീപുരുഷ തുല്യതയെപറ്റി പഠിപ്പിക്കുമ്പോള്‍, പല മതങ്ങളും മതാചാരങ്ങളും, വീടുകളിലും, ആരാധനാലയങ്ങളിലും, സമൂഹത്തിലും ഇതിന് വിരുദ്ധമായിട്ടുള്ള പഠനമാണ് ദിവസേന നടത്തുന്നതെന്നത്,   ഇന്നത്തെ തലമുറയിലും, വളര്‍ന്നു വരുന്ന തലമുറയിലും, ഏതു ശരി  ഏതു തെറ്റ് എന്നുള്ള ശങ്കയ്ക്ക് ഇടയാക്കുന്നു. ആയതിനാൽ, സ്ത്രീയും പുരുഷനും അവരവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും അധികാരവും,  കൂടുതൽ സന്തോഷവും, ലഭിക്കുന്ന രീതികള്‍  ന്യായീകരിച്ച്, മുന്നോട്ട് പോകുവാന്‍ ശ്രമിക്കുന്നത്, ഇന്നത്തെ കുടുംബജീവിതത്തിന്‍റെ സന്തോഷത്തെയും ഭദ്രതയെയും  പ്രത്യേകിച്ച് കുട്ടികളുടെ വളര്‍ച്ചയെയും ബാധിക്കുന്ന ഒരു സാമൂഹിക പ്രശ്നമായി തീര്‍ന്നിരിക്കുന്നു.
  8. മറ്റു സുഹൃത്ത് കുടുംബങ്ങളിലെ രീതികൾ:- സുഹൃത്ത് കുടുംബങ്ങള്‍ ഒരുമിച്ച് വരുമ്പോഴും, പൊതുവേ സമൂഹത്തിലും ഭൂരിഭാഗം ഭാര്യാഭര്‍ത്താക്കന്‍മാര്‍ എങ്ങനെ അന്യോന്യം  പെരുമാറുന്നത്, ആദരിക്കുന്നതെന്നത്; സ്വന്തം വീടുകളിലും  ഭാര്യാഭര്‍ത്താക്കന്മാരെ അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും ,  അന്യോന്യം അങ്ങനെ പ്രവർത്തിക്കണമെന്നുമുള്ള പ്രതീക്ഷ വെച്ചുപുലര്‍ത്തുവാനും, അതിനുവേണ്ടി അന്യോന്യമുള്ള ശ്രമത്തിനും  ഇടയാക്കിത്തീർക്കുന്നത് ഇന്നു ധാരാളം കുടുംബങ്ങളുടെ തകർച്ചക്ക് വഴിയൊരുക്കുന്നുണ്ട്.
  9. അധികാരം, സമ്പത്ത്, തീരുമാനശേഷി :- ആദ്യകാലം മുതല്‍ ഇന്നേവരേയ്ക്കും മനുഷ്യചരിത്രം അധികാരത്തിനും, സമ്പത്തിനും തീരുമാനമെടുക്കാനുമുള്ള  പദവിക്കുവേണ്ടിയുമുള്ള ഒരു മത്സരമായി എന്നും നിലകൊണ്ടിരുന്നു.  ഇന്ന് ധാരാളം പുതിയതലമുറയിലെ കുടുംബങ്ങളിലും പുരുഷന്മാരുടെമാത്രം അധികാരവും അന്തിമതീരുമാനമെടുക്കുവാനുള്ള ഇന്നേവരെയുമുള്ള അവകാശവും   സ്ത്രീകൾ അന്ധമായി അംഗീകരിക്കുവാൻ തയ്യാറാകാത്ത സാഹചര്യമാണ്. എന്നാല്‍, ഇന്ത്യന്‍ സമൂഹത്തില്‍ വളരെ ചെറിയ  ശതമാനത്തില്‍ മാത്രമേ ശരിയായ അര്‍ത്ഥത്തില്‍ ഈ  സമത്വവും അനോന്യമുള്ള അംഗീകരിക്കലും യാഥാർഥ്യമായി തീര്‍ന്നിട്ടുള്ളൂ. ഈ ഒരു  ചിന്താഗതിക്കും മാറ്റത്തിനും ഇടയിൽ ഇന്നുതകരുന്നത് കുടുംബങ്ങളാണ്.
  10. കുടുംബത്തിലെ ജോലികളും ഉത്തരവാദിത്വവും:- മുഴുവന്‍ സമയം വലിയ ഉത്തരവാദിത്തമുള്ള ജോലിയില്‍ സ്ത്രീകള്‍ ഏര്‍പ്പെടുന്ന ഭവനങ്ങളില്‍പോലും, വീട് സംബന്ധിച്ച് മറ്റുസഹായികളില്ലാത്ത സാഹചര്യങ്ങളിലും ഒരു വലിയ ഭൂരിഭാഗം ഭര്‍ത്താക്കന്മാരും; ഇന്ത്യയിലെ സാഹചര്യത്തില്‍ വീട്ടുജോലികളില്‍ ഭാഗമാകുവാൻവേണ്ടി പലവിധമായ  കാരണങ്ങളാല്‍ മാനസികമായി ഒരുക്കപ്പെട്ടിട്ടില്ലയെന്നത്, ഈ  സ്ത്രീപുരുഷസമത്വത്തിനു വേണ്ടിയുള്ള മാറ്റങ്ങളുടെ നടുവില്‍  ആയിരിക്കുന്ന ഈ തലമുറയുടേയും, വളരുന്ന തലമുറയുടേയും  കുടുംബബന്ധങ്ങളെ, ദോഷമായി ബാധിക്കുന്നുണ്ട്.
  11. കുടുംബത്തിൻറെ ഉത്തരവാദിത്വം :- ഈ സ്ത്രീപുരുഷസമത്വത്തിനായുള്ള പ്രയത്നങ്ങളുടെ നടുവിലും, സമൂഹത്തിൻറെ കണ്ണിൽ, കുടുംബത്തിന്റെ ആത്യന്തിക ഉത്തരവാദിത്വം ഒരു വലിയ പരിധിവരേ, ഇന്നും പുരുഷനുതന്നെയാണെന്നുള്ളതാണ് യാഥാർഥ്യം, പ്രത്യേകിച്ച് കുടുംബത്തിൽ പരാജയങ്ങളും അരുതാത്തതും സംഭവിക്കുമ്പോൾ. ആയതിനാൽ, കുടുംബത്തിലെ എല്ലാകാര്യങ്ങളും താൻ അറിയണമെന്നും അന്തിമതീരുമാനം താൻതന്നേ എടുക്കണമെന്നും പുരുഷൻ ചിന്തിക്കുന്നതിനു, ഇതും ഒരു കാരണമാകുന്നുണ്ട്.

ഈ കാലഘട്ടത്തിൽ, കുടുംബ ജീവിതം  തകരാതെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം

സന്തോഷകരമായ കുടുംബജീവിതം ആശംസിക്കുന്നു (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

 

            വര്‍ഷങ്ങളായി സമൂഹത്തില്‍ നിലനിന്നിരുന്ന ഇന്നും മതപരമായി സമൂഹത്തില്‍ നിലനിൽക്കുന്ന, പുരുഷാധിപത്യത്തിന്‍റെ മാതൃകയില്‍ നിന്നും മാറി, സ്ത്രീപുരുഷസമത്വത്തിന്റെ മാതൃകയിലേക്കു മാറുന്ന, ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന, ഇന്നത്തെ കുടുംബബന്ധങ്ങളിലെ സന്തോഷം നഷ്ടപ്പെടാതെയും തകരാതെയും ചെയ്യാതിരിക്കുവാന്‍ എന്താണ് വഴി? അതിലേക്കുള്ള കാര്യങ്ങളില്‍ ചിലത്, താഴെ കൊടുക്കുന്നു :

1. കുട്ടികളെ ഒരുക്കുക :- ഇന്നത്തെ വളര്‍ന്നു വരുന്ന കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ, അതിലേക്ക് ഒരുക്കുവാനുള്ള ഉത്തരവാദിത്വം, മാതാപിതാക്കൾ ബോധപൂർവം ഏറ്റെടുത്ത് നടത്തണം

2. മാതൃക :- സ്വന്തം ഭവനത്തിൽ, മാതാ-പിതാക്കള്‍ മാതൃകകള്‍ സൃഷ്ടിക്കുക.

3. യാഥാര്‍ത്ഥ്യ ബോധം :- മുതിര്‍ന്ന കുട്ടികളെ (ആണും പെണ്ണും ) ഈ മാറുന്ന കാലഘട്ടത്തിലെ, ഇന്നും മാറാത്ത യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ബോധമുള്ളവരായി വളര്‍ത്തുക, അതിനുവേണ്ടി മാതാപിതാക്കള്‍ അവരെ ഒരുക്കുക.

4. സാമ്പത്തികം :- സാമ്പത്തികമായി കഴിവുണ്ടെങ്കില്‍, തങ്ങളുടെ ജോലിയിലുള്ള തിരക്കുകാരണം, സമയക്കുറവുകാരണം, വീട്ടിലെ ചെയ്യുവാൻ പറ്റാത്ത കാര്യങ്ങള്‍ക്കായി, സ്ത്രീകൾ മറ്റു ജോലിക്കാരുടെയോ, സ്ഥാപങ്ങളുടേയോ സഹായം തേടി, വീട്ടിലെ കാര്യങ്ങള്‍ സുഗമമായി നടക്കുന്നു എന്ന് ഉറപ്പാക്കണം.

5. ഭര്‍ത്താവിന്‍റെ സഹകരണം :- സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കില്‍, ഭർത്താവുകൂടി നോക്കിക്കണ്ട് കാര്യങ്ങള്‍ സുഗമമായി നടത്തുന്നതിൽ പങ്കാളിയാവുകയും ശ്രദ്ധ ചെലുത്തുകയും വേണം.

6. മാതാ-പിതാക്കളുടെ ഉത്തരവാദിത്വം :- ദമ്പതികളുടെ മാതാപിതാക്കൾ, അവര്‍ വളര്‍ന്ന കാലഘട്ടത്തെ മാതൃകയാക്കാതെ, മാറുന്ന സാഹചര്യത്തിനും മാറാത്ത ഇന്നത്തെ യാഥാർഥ്യത്തിനുമനുസരിച്ച്, വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മക്കൾക്കു നല്‍കുവാന്‍ ശ്രദ്ധിക്കണം. തങ്ങള്‍ വളർന്നുവന്ന കാലഘട്ടത്തിലേ മാതൃകകളും, കുട്ടികളുടെ മാറിയ  കാലഘട്ടത്തിലേ മാതൃകകളും, ചേർന്നുള്ള, ഒരു പ്രയോഗികമായ പാതയും ഉപദേശവുമായിരിക്കും, കുട്ടികളുടെ കുടുംബജീവിതത്തിന് നല്ലത്.

7. കൌണ്‍സിലിംഗ് :- പഴയകാലങ്ങളില്‍ കൂട്ടുകുടുംബങ്ങളില്‍ എല്ലാക്കാര്യത്തിലും ഉപദേശിക്കുവാനും, മാര്‍ഗ്ഗദര്‍ശനം നല്‍കുവാനും, മുത്തച്ഛന്‍മാരും, മുത്തശ്ശിമാരും, അമ്മാവന്മാരും അമ്മാവിമാരും, മറ്റു മുതിർന്നവരും ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ കുടുംബങ്ങള്‍ക്ക് ഇത് നഷ്ടപ്പെട്ടിരിക്കുന്നു. പരിചയ സമ്പന്നന്മാരായ കുടുംബ കൌണ്‍സിലേഴ്സ് ഇന്ന് സമൂഹത്തില്‍ ഉണ്ട്. കല്യാണത്തിന് മുന്‍പും തുടര്‍ന്നു കല്യാണത്തിന് ശേഷം ആദ്യത്തെ കുറച്ചു വര്‍ഷങ്ങളെങ്കിലും, ഒരു നല്ല കുടുംബകൌണ്‍സിലരുടെ സഹായം തേടുന്നത് തുടക്കത്തിലേതന്നെ കുടുംബജീവിതത്തെ യാഥാർഥ്യബോധത്തോടെ  ക്രമീകരിക്കുവാനും, ക്രമേണ വലിയ പൊട്ടിത്തെറിയിലേക്ക് മാറുന്നതു കുറേയൊക്കെ പരിഹരിക്കുവാനും തീര്‍ച്ചയായും സഹായകരമാകും.

ഒരു ചിന്ത കൂടി      

നമ്മള്‍ ഇപ്പോള്‍ കുടുംബജീവിതത്തിലെ സ്ത്രീപുരുഷസമത്വത്തേപ്പറ്റി സംസാരിക്കുന്നെങ്കിലും, ഈ കുടുംബജീവിതത്തിലെ സ്ത്രീപുരുഷസമത്വം പൂര്‍ണ്ണമായി ഒരു പരിധിവരെ  പാലിക്കപ്പെടുന്ന അമേരിക്കയിലും, യൂറോപ്പിലും, വിവാഹമോചനക്കേസുകളുടെ എണ്ണം, ഇന്ത്യയിൽ ഉള്ളതിനേക്കാളും  വളരെ വളരെ കൂടുതലാണെന്നത് വേദനാജനകമായ ഒരു യാഥാർഥ്യമാണ്.   അങ്ങനെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ അനുഭവിക്കുന്ന മാനസീകവും  ശരീരികവുമായ അരക്ഷിതത്വം,   കുടുംബബന്ധങ്ങളിൽ എല്ലാകാര്യങ്ങളിലുമുള്ള ഈ നൂറുശതമാനം സ്ത്രീപുരുഷസമത്വത്തെപ്പറ്റി ധാരാളം ചോദ്യചിഹ്നങ്ങള്‍  ഉളവാക്കുന്നുണ്ട്. ഏതു സ്ഥപനത്തിലായാലും, ഏതു സമൂഹത്തിലായാലും അവസാനതീരുമാനം എല്ലാവശങ്ങളും കേട്ട്, അപഗ്രഥിച്ച് ആലോചിച്ച് ഉത്തമതീരുമാനം എടുക്കുവാന്‍ ഒരാളുണ്ടായേ മതിയാകൂ. കുടുംബത്തിൽ അങ്ങനെയൊരാളില്ലെങ്കിൽ, ശരിയായ അന്തിമതീരുമാനങ്ങളിലെത്തുവാനും,  തീരുമാനം ശരിയായ വിധത്തില്‍ പ്രാവര്‍ത്തികമാക്കുവാനും സാധ്യമല്ലാത്ത ഒരു സാഹചര്യം ഉണ്ടാകുന്നതിനിടയാകുന്നത്,  കുടുംബത്തിന്‍റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും തടസ്സമായി തീരുവാന്‍ ഇടയാകില്ലേയെന്ന ചിന്തയും ഇന്നുനിലനിൽക്കുന്നു. ഭാര്യയും ഭർത്താവും അന്യോന്യം ചർച്ചചെയ്ത് ഒരു യോചിച്ച തീരുമാനത്തിലെത്തുന്നതാണ് ഉത്തമം. ആരുപറഞ്ഞത് എന്നതിനേക്കാളും കൂടുതൽ, ഏതാണ് കുടുംബജീവിതത്തിന് ഏറ്റവും ഉത്തമെന്നതായിരിക്കണം അന്തിമ തീരുമാനത്തിനാധാരം.  അതിനു വിട്ടുവീഴ്ചകൾ അന്യോന്യം ചെയ്യണം. ഈ മാറുന്ന കാലഘട്ടത്തിലും നമ്മുടെ കുടുംബങ്ങൾ തകരാതെ, നമുക്ക് നല്ല ഒരു നാളെയേ കുട്ടികൾക്കായി പണിയാം.

“നിങ്ങൾ എന്താണുചെയ്യുന്നതെന്നും, അതുനിങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും നിങ്ങൾക്കറിയാമെങ്കിൽ, ജീവിതം രസകരമാണ് “.

 സന്തോഷകരമായ ഒരു കുടുംബജീവിതം എല്ലാവർക്കും നേരുന്നു.