ഫ്ലാറ്റ് മേടിക്കുമ്പോള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സ്വന്തമായി ഒരു ഭവനം … എല്ലാവരുടെയും ഒരു സ്വപ്നം 😀 (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

സ്വന്തമായ ഭവനം, എല്ലാവരുടേയും .ജീവിതത്തിലെ ഒരു പ്രധാന സ്വപ്നമാണ്.

നഗരങ്ങളില്‍ താമസിക്കുന്നവര്‍, മുഖ്യമായും ഇതിനാശ്രയിക്കുന്നത്, ഒരു ഫ്ലാറ്റ് മേടിക്കുകയെന്നതാണ്. മിക്കവരും ഒരു ആയുഷ്ക്കാലം മുഴുവനുണ്ടാക്കിയ സമ്പാദ്യത്തില്‍ ഒരു വലിയഭാഗം ഇതിനുവേണ്ടി ചിലവഴിക്കുകയാണ് പതിവ്. സമാധാനത്തോടെ ശിഷ്ടായുസ്സ് ചിലവഴിക്കാമെന്നോർത്ത് മേടിക്കുന്ന ഈ ഭവനങ്ങള്‍, ശിഷ്ടായുസ്സ് മുഴുവന്‍ ഒരു മനസ്സമാധാനവും തരാതെ, ഭാരമായിത്തീരുന്ന അനുഭവങ്ങള്‍ ധാരാളമാണ്. വളരെ വളരെ ആലോചിച്ച്, എല്ലാവിധ വിവരങ്ങളും ശേഖരിച്ച് ബുദ്ധിയോടെ ചെയ്യേണ്ട ജീവിതത്തിലെ സുപ്രധാന സംഗതികളില്‍ലൊന്നാണിത്. ആയതിലേക്ക്, സഹായകമായ ചില ചിന്തകള്‍ താഴെ കൊടുക്കുന്നു. :

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍   

1. ബില്‍ഡര്‍ :- കെട്ടിടനിര്‍മ്മാണമേഖല മുഴുവന്‍ ധാരാളം ബില്‍ഡേര്‍സിനെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. വേഗത്തില്‍ പണമുണ്ടാക്കുവാനും കള്ളപ്പണം വെളുപ്പിക്കുവാനും അനുയോജ്യമായ ഒരു ബിസിനസ്സായാണ് പലരും ഇതിനെ കാണുന്നത്. വളരെ ചുരുക്കം ചില ബില്‍ഡേഴ്സുമാത്രമേ പൂര്‍ണ്ണമായ ആത്മാര്‍ത്ഥതയോടെയും മനസ്സാക്ഷി കാത്തുസൂക്ഷിച്ചും ഈ രംഗത്തുള്ളുവെന്നതാണ് യഥാര്‍ത്ഥ്യം. വളരെ വിലക്കുറവില്‍ ഫ്ലാറ്റുകള്‍ വിറ്റ്, അത് ഒരിക്കലും പൂര്‍ത്തികരിക്കപ്പെടാതെപോയ അനുഭവങ്ങളും, പൂർത്തീകരിച്ച ഫ്ലാറ്റുകളില്‍ താമസിച്ച്, ഒരു ആയുസ്സു മുഴുവന്‍ ഗുണമേന്‍മ ഇല്ലാത്ത കെട്ടിടംപണി കാരണം, തുടര്‍ന്നു മരാമത്തും മറ്റും ചെയ്ത് ജീവിക്കേണ്ടിവരുന്ന ധാരാളം ഫ്ലാറ്റുകാരുമുണ്ട്.

 ആയതിനാല്‍, ഗുണനിലവാരത്തിന്റെ കാര്യത്തിൽ നല്ല അഭിപ്രായമുള്ളവരുടെ ഫ്ലാറ്റുകള്‍ക്ക് പോകുന്നതാണ് കൂടുതല്‍ ഉത്തമം. അവരുടെ ചതുരശ്രഅടിയുടെ വില, മറ്റുള്ളവരെ അപേക്ഷിച്ച് തീര്‍ച്ചയായും കൂടുതല്‍ ആയിരിക്കും. പക്ഷേ, പില്‍ക്കാലത്തുള്ള തലവേദനകള്‍ വളരെ കുറവായിരിക്കുകയും മൂല്യവർദ്ധനവ് കൂടുതലുമായിരിക്കുകയും ചെയ്യും.

 

2. എവിടെ ഫ്ലാറ്റു വാങ്ങണം. :- ഒരു നഗരത്തില്‍ ഫ്ലാറ്റു വാങ്ങുവാന്‍ പറ്റുന്ന സ്ഥലങ്ങള്‍ പലവിധമാണ്. നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളില്‍നിന്നും ദൂരെയാകുന്തോറും സാധാരണയായി വില കുറച്ചുകൂടി കുറയുകയാണ് പതിവ്. പണത്തിന്‍റെ വലിവുണ്ടെങ്കില്‍ നഗരത്തില്‍നിന്നും പുറത്തേക്കുനീങ്ങിയാണെങ്കിലും നല്ല ഗുണമേന്‍മയുള്ള ഫ്ലാറ്റ് വാങ്ങുന്നതാണ് ബുദ്ധി. നഗരം സാധാരണഗതിയില്‍ ഒരു ഇരുപത്തിയഞ്ചു വര്‍ഷത്തിനകം അത്രയുംതന്നെ പുറത്തേക്ക് വളരുന്നതായാണ് കണ്ടുവരുന്നത്. അങ്ങനെ ഇപ്പോള്‍ നഗരമദ്ധ്യത്തില്‍ നിന്നും കുറച്ച്  ദൂരെയാണെങ്കിലും  പത്തുപതിനഞ്ചു വർഷംകൊണ്ടുതന്നേയത്  നഗരത്തിനകത്തായിക്കൊള്ളും. പിന്നീട് വിലയും നന്നായി കൂടുകയും ചെയ്യും.

 

3. ഏതു പ്രദേശത്തു വാങ്ങണം. :-

അപ്പാർട്മെന്റ് നിൽക്കുന്ന സ്ഥലങ്ങളുടെ ചുറ്റുപാടുകൾ  (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുന്ന സാഹചര്യം നമ്മുടെ കെട്ടിടത്തിലെ മറ്റു ഫ്ലാറ്റുകളില്‍ ഏതുതരം ആള്‍ക്കാരാണ് താമസിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. കൂടാതെ കെട്ടിടത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഏതുതരം ആളുകളാണ് വസിക്കുന്നതെന്നതും കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുന്ന കാര്യമാണ്. കുട്ടികള്‍ക്ക് സന്തോഷത്തോടെയും, സുരക്ഷിതമായും കളിക്കുവാനും, ഇടപഴകുവാനും, യാത്രചെയ്യുവാനും അനുയോജ്യമായ വിധത്തിലുള്ള ആളുകള്‍ താമസിക്കുവാനിടയുള്ള ഫ്ലാറ്റുകളും പ്രദേശവും തിരഞ്ഞെടുക്കണം.

4. ഒരേ നിലവാരമുള്ള ആളുകള്‍ :-    സാമൂഹികമായും സാമ്പത്തികമായും  പലനിലവാരത്തില്‍ ജീവിക്കുന്ന ആളുകള്‍ സമൂഹത്തിലുണ്ട്.  അവരുടെ അഭിരുചിയും ജീവിതരീതികളും, ജീവിതനിലവാരവും പലതലങ്ങളിലുള്ളതായിരിക്കും. ഒരേ ജീവിതനിലവാരവും സംസ്ക്കാരവുമുള്ളയാളുകൾ താമസിക്കുന്ന ഫ്ലാറ്റുകള്‍ തിരഞ്ഞെടുക്കുന്നതാണ്, പിന്നീടുള്ള ജീവിതത്തില്‍ കൂടുതല്‍ സ്വസ്ഥമായിരിക്കുവാന്‍ സഹായിക്കുക.

5. വിസ്തീര്‍ണ്ണം :- രണ്ടു കുട്ടികള്‍ ഉള്ള ഒരു കുടുംബത്തിന്, മൂന്ന് കിടപ്പുമുറിയുള്ള ഫ്ലാറ്റാണ് ഉത്തമം. കുട്ടികള്‍ വളരുമ്പോള്‍, അവര്‍ക്ക് സ്വസ്ഥമായി അവരുടെ കാര്യങ്ങള്‍ ചെയ്യുവാനും, ഒരു അതിഥി വരുമ്പോള്‍, മനസമാധാനത്തോടെ ഒരു കിടപ്പുമുറി നല്‍കുവാനും ഇത് സഹായകമാകും. ആയിരത്തിയിരുന്നൂറു ചതുരശ്രയടിമുതൽ (1200) മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റുകള്‍ സാധാരണ ലഭ്യമാണ്.

 

6. ഏത് നില :- മുകള്‍നിലകളിലേക്ക് പോകുന്തോറും കാറ്റും വെളിച്ചവും കാഴ്ചയും കൂടുമെന്നുപറയുമെങ്കിലും, കൂടുതല്‍ ഉയരത്തില്‍പോയാല്‍, താഴെ സംഭവിക്കുന്ന പലകാര്യങ്ങളും, കുട്ടികളുടെ കളികള്‍, ആളുകളുടെ നടത്തം തുടങ്ങിയവ വ്യക്തമായി കാണുവാന്‍ സാധിക്കുകയില്ല. ഏറ്റവും താഴത്തെനിലകളില്‍ കൊതുകിന്‍റെ ശല്യവും കൂടുതലായിയിരിക്കും. ഏറ്റവും മുകളിലുള്ള നിലയില്‍, മുകളില്‍നിന്നും വെള്ളത്തിന്‍റെ ലീക്ക് ഉണ്ടാകുവാനുള്ളസാധ്യത കൂടുതലാണ്. ആയതിനാല്‍, മറ്റ് പ്രത്യേക കാരണങ്ങളില്ലായെങ്കില്‍ ഒത്തിരിനിലകളുള്ള കെട്ടിടത്തില്‍, ഒരു ഏഴ്, എട്ട് തുടങ്ങിയ നിലകള്‍ തിരഞ്ഞെടുക്കുന്നതിനേപ്പറ്റി ആലോചിക്കുന്നതു നല്ലതാണ്.

 

7. മറ്റ് സൌകര്യങ്ങള്‍ :-

അപ്പാർട്‌മെന്റുകളിലെ മറ്റു സൗകര്യങ്ങൾ    (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

സ്വിമ്മിംഗ് പൂള്‍, ജിം, കളിക്കുന്നതിനുള്ള പലവിധ സൌകര്യങ്ങള്‍, മറ്റ് പൊതുവായ സൌകര്യങ്ങള്‍ കൂടുംതോറും കെട്ടിടത്തിന്‍റെ വിലയും കൂടുകയാണ് പതിവ്. കൂടാതെ താമസം തുടങ്ങിയ ശേഷം അപ്പാര്‍ട്ട്മെന്‍റ് എല്ലാ ദിവസവും നടത്തിക്കൊണ്ട് പോകുവാനായി കൊടുക്കുന്ന, മാസാമാസമുള്ള വരിസംഖ്യയും കൂടുകതന്നെ ചെയ്യും.  പക്ഷേ, അത്യാവശ്യം വലുപ്പമുള്ള ഒരു കമ്മ്യൂണിറ്റി ഹാൾ തീർച്ചയായും ഉപകാരപ്രദമാണ്.  ആയതിനാല്‍ അപ്പാര്‍ട്ട്മെന്‍റ് തിരഞ്ഞെടുക്കുമ്പോള്‍ തങ്ങളുടെ സാമ്പത്തിക ബാധ്യതയെപ്പറ്റിയുള്ള നല്ല ബോധത്തോടു കൂടി വാങ്ങേണ്ടതാണ്.

 

8. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും :-

വെള്ളപ്പൊക്കം  (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

പല ബില്‍ഡേഴ്സും എല്ലാ വര്‍ഷവും ഉയരുന്ന റോഡിന്‍റെ പൊക്കവും, കടലിനോടും, കായലിനോടും നദിയോടും അടുത്തുകിടക്കുന്ന സ്ഥലങ്ങളില്‍ വര്‍ഷാവര്‍ഷം ഉയരുന്ന ജലനിരപ്പുകളും പരിഗണിക്കാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക പതിവാണ്,. തറ, വേണ്ട ഉയരത്തില്‍ കൊണ്ടുവരാതെ പണിയുന്ന കെട്ടിടങ്ങളും അപ്പാര്‍ട്ട്മെന്‍റുകളും പത്തും ഇരുപതും വര്‍ഷം കൊണ്ട് വെള്ളത്തിലെ ഈര്‍പ്പം കാരണം ഉപയോഗശൂന്യമായി തീരാം. സാധാരണ നിലയില്‍ അറുപതും എഴുപത്തഞ്ചും വര്‍ഷം നിലനില്‍ക്കേണ്ട കെട്ടിടങ്ങള്‍ ഇരുപതുവര്‍ഷം കൊണ്ടുതന്നേ വാസയോഗ്യമല്ലാതെമാറും. ആയതിനാല്‍, ഇത് മനസ്സിലാക്കി ചെയ്യുന്ന ബില്‍ഡേഴ്സിനേയോ, ഈ വെള്ളത്തിന്‍റെ പ്രശ്നംവരാത്ത സാമാന്യം ഉയര്‍ന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങളും, താമസത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മണ്ണിടിച്ചിലും ഉണ്ടാകാത്ത സ്ഥലങ്ങളാണെന്ന് ഉറപ്പുവരുത്തുന്നതും ഉത്തമമാണ്.

 

9. പണം കൊടുക്കുന്നത് :- പല ബില്‍ഡേഴ്സും സമയബന്ധിതമായി പണം നമ്മളില്‍ നിന്നും വാങ്ങുന്നതരത്തിലുള്ള ഉടമ്പടിയാണ് നമ്മളില്‍നിന്നും ഒപ്പിട്ടു മേടിക്കുന്നത്. ഇത് അപകടകരമാണ്. കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടവും അനുസരിച്ചു പണം കൊടുക്കുന്ന ഉടമ്പടിയാണ് ഉത്തമം. ഏതെങ്കിലും കാരണവശാല്‍ കെട്ടിടംപണി, ഏതെങ്കിലും ഘട്ടത്തില്‍വെച്ചു മുടങ്ങുകയാണെങ്കില്‍, നമ്മള്‍ സാമ്പത്തികമായ കുരുക്കില്‍ / നഷ്ടത്തില്‍പെടുന്നതിന്‍റെ വേദന കുറച്ചു കുറഞ്ഞുനില്ക്കും. ഇടയ്ക്കിടെ കെട്ടിടത്തിന്‍റെ നിര്‍മ്മാണപുരോഗതി നേരില്‍പോയി കാണുന്നതും, അല്ലെങ്കില്‍ ഏതെങ്കിലും സുഹൃത്തുക്കള്‍ വഴി ബോധ്യപ്പെടുന്നതും ഓരോ ഘട്ടത്തിലും പണം കൊടുക്കുന്നതിന് മുന്‍പ് നന്നായിരിക്കും.

 

10. ആദ്യമാദ്യം :- സാധാരണ എല്ലാ ബില്‍ഡേഴ്സും തുടക്കത്തിലുള്ള ചതുരശ്രഅടിയുടെ വില കെട്ടിടത്തിന്‍റെ നിര്‍മ്മാണം പുരോഗമി ക്കുന്നതിനനുസരിച്ച് കൂട്ടികൊണ്ടേ ഇരിക്കും. നല്ല വിശ്വാസയോഗ്യമായ ബില്‍ഡേഴ്സ് ആണെങ്കില്‍ തുടക്കത്തില്‍തന്നെ അപ്പാര്‍ട്ട്മെന്‍റിന് ബുക്ക് ചെയ്യുന്നത് കുറഞ്ഞ വിലയ്ക്ക്, അപ്പാര്‍ട്ട്മെന്‍റ് ലഭിക്കുവാനും, കാറ്റും വെളിച്ചവും ലഭിക്കുന്ന ഉത്തമമായ ഫ്ലാറ്റ് തിരഞ്ഞെടുക്കുവാനും സഹായകമാകും.

 

11. RERA :- ഇപ്പോള്‍ കേരളത്തിലെ കെട്ടിടനിർമ്മാണത്തേ, പ്രത്യേകിച്ചും അപ്പാര്‍ട്ട്മെന്‍റുകളുടെ നിര്‍മ്മാണം “റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ” അധികാര പരിധിയില്‍ ആക്കിയിട്ടുണ്ട്. ബില്‍ഡേഴ്സിന്‍റെ തെറ്റായ രീതികളെ ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍, ഇത്, വഴിതെളിച്ചിട്ടുണ്ടെങ്കിലും, ഇന്നും കബളിപ്പിക്കലിനുള്ള സാധ്യതകള്‍ വളരെ വലുതായിത്തന്നേ നിലനില്‍ക്കുന്നു. ആയതിനാല്‍ ഗുണമേന്‍മയ്ക്ക് പേരുള്ള കെട്ടിടനിര്‍മ്മാതാക്കളുടെ അപ്പാര്‍ട്ട്മെന്‍റുകള്‍ തിരഞ്ഞെടുക്കുന്നത് നന്നാകും.

 

12. സ്ഥലം :- എല്ലാ അപ്പാര്‍ട്ട്മെന്‍റിന്‍റെ ഉടമസ്ഥര്‍ക്കും കെട്ടിടം നില്‍ക്കുന്ന സ്ഥലത്തിന്, തന്‍റെ അപ്പാര്‍ട്ട്മെന്‍റിന്‍റെ വിസ്തീര്‍ണ്ണം അനുസരിച്ച്, ആനുപാതികമായ അവകാശമുണ്ട്. അപ്പാര്‍ട്ട്മെന്‍റ് രജിസ്റ്റര്‍ ചെയ്യുന്നതിനോടൊപ്പം, പിന്നീട്, വില്ലേജ് ഓഫീസില്‍ ചെന്ന്, സ്ഥലത്തിന് സ്വന്തം പേരില്‍ കരമടച്ച്, അവകാശമുറപ്പിക്കേണ്ടതും വളരെ അത്യാവശ്യമായ കാര്യമാണ്.

 

13. ഏത് പ്രായത്തില്‍ വീട് വാങ്ങണം :- പലപ്പോഴും ചെറുപ്പത്തില്‍ ജോലി സംബന്ധമായി പല സ്ഥലങ്ങളിലും മാറേണ്ടിവരുന്നവര്‍ക്ക് ആത്യന്തികമായി എവിടെ താമസമാക്കണം എന്ന് തീരുമാനിക്കുക അത്ര എളുപ്പമല്ല. വീടിനുവേണ്ടിയോ ഫ്ലാറ്റിനുവേണ്ടിയോ ലോണ്‍ എടുക്കുന്നത്, തങ്ങളുടെ ഇന്‍കം ടാക്സ് ഒരു പരിധിവരെ കുറയ്ക്കുവാന്‍ സഹായിക്കുമെങ്കിലും ഒരു പൂര്‍ണ്ണ ബോധ്യമാകുന്നതുവരെ, സ്ഥിരതാമസത്തിനായുള്ള വീടിനുവേണ്ടി പണം ചിലവഴിക്കുന്നത്, പിന്നീട് പ്രയോജനകരമായി തീർന്നുവെന്നുവരികയില്ല. ആ സാഹചര്യത്തില്‍, ഒരു ഇൻവെസ്റ്മെന്റന്നനിലയിൽ അപ്പാര്‍ട്ട്മെന്‍റ് വാങ്ങാമെങ്കിലും, പലപ്പോഴും പിന്നീട് വില കൂടുവാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍, ഭൂമി വാങ്ങുന്നതാണ്, എന്‍റെ അഭിപ്രായത്തില്‍ കൂടുതല്‍ ഉത്തമം. പിന്നീട് ഈ ഭൂമി വിറ്റ് കിട്ടുന്ന നല്ല വില, ഒരു ഉത്തമമായ സ്ഥലത്തു ശരിയായ ബോധത്തോടുകൂടി, ഒരു അപ്പാര്‍ട്ട്മെന്‍റ് മേടിക്കുന്നതിന് ഉപകരിക്കും.

 

14. വെള്ളം :-

ടാങ്കർ ലോറി വഴിയുള്ള വെള്ളം     (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

കേരളം വെള്ളത്താല്‍ അനുഗ്രഹീതമാണെങ്കിലും ഇത് ബുദ്ധിയായും ശരിയായവിധത്തിലും ഉപയോഗിക്കുന്നതില്‍ പിന്നോട്ടാണ്. കേരളത്തിനുപുറത്തുള്ള നഗരങ്ങളെപ്പോലെ, വെള്ളവും നമ്മുടെ കേരളത്തിലും, പ്രത്യേകിച്ചു കൊച്ചി പോലെയുള്ള നഗരങ്ങളിലും വലിയ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍തന്നെ ഒട്ടുമിക്കവാറും കൊച്ചിയിലെ അപ്പാര്‍ട്ട്മെന്‍റുകള്‍, വലിയ വിലയ്ക്ക് ടാങ്കര്‍ ലോറി വെള്ളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അടുത്തയിടെ വെള്ളത്തിന് സര്‍ക്കാരും വില കൂട്ടിയത്, അപ്പാര്‍ട്ട്മെന്‍റുകളില്‍ താമസിക്കുന്ന ആളുകളുടെ വെള്ളത്തിനുവേണ്ടിയുള്ള അധികചിലവിനേയും കാര്യമായി ബാധിക്കും. ഈ സാഹചര്യത്തില്‍ നാം വാങ്ങുന്ന അപ്പാര്‍ട്ട്മെന്‍റിന്‍റെ വെള്ളത്തിനായുള്ള ശ്രോതസ്സുകള്‍ എങ്ങനെയൊക്കെയാണെന്ന് തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. പല ബില്‍ഡേഴ്സും സ്വന്തമായ കിണറുകളും കുഴൽകിണറുകളും കൂടി വെള്ളത്തിനായി ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കാറുണ്ട്.

 

15. ഫയര്‍ & സേഫ്റ്റി :-

ബഹുനിലക്കെട്ടിടത്തിലെ തീപിടുത്തം      (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

അധികനിലകളുള്ള അപ്പാര്‍ട്ടുമെന്‍റുകളില്‍ തീപിടുത്തം പ്രതിരോധിക്കുവാനുള്ള സംവിധാനങ്ങള്‍ നിയമപരമായി നിര്‍ബന്ധമാണ്. അപ്പാര്‍ട്ടുമെന്‍റിലേക്കുള്ള വഴികളും കോംപ്ലെക്സിനകത്തുള്ള വഴികളും,  അതിനനുസൃതമായി വീതിയിലും മറ്റുതടസ്സങ്ങളുണ്ടാകാത്ത വിധത്തിലുമാണ് ബിൽഡേഴ്‌സ് ഉണ്ടാക്കേണ്ടത്. പല ബില്‍ഡേര്‍സും ഇത്തരം കാര്യങ്ങളില്‍ വളരെ അനാസ്ഥ കാണിക്കുകയും, പിന്നീട് അവിടെ താമസിക്കുന്നവര്‍ക്ക് നിയമപരമായബുദ്ധിമുട്ടുകള്‍ക്കും സാമ്പത്തികമായ വലിയ ചെലവുകള്‍ക്കും ഇടയാക്കിത്തീര്‍ക്കാറുണ്ട്. അപ്പാര്‍ട്ടുമെന്‍റ് മേടിക്കുന്ന വ്യക്തിക്ക്  ഇതില്‍ പ്രത്യേകിച്ച് ഒന്നുംചെയ്യുവാന്‍ കഴിയില്ലെങ്കിലും, നല്ല പേരുകേട്ട ബില്‍ഡേര്‍സ്, ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാറില്ല.

 

16. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ :-

മരടിലെ പൊളിക്കപ്പെട്ട  കെട്ടിടങ്ങളിലൊന്ന് 😢 (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

വെള്ളത്തിനടുത്തായി നിര്‍മ്മിക്കപ്പെടുന്ന കെട്ടിടങ്ങൾക്ക് പല വ്യവസ്ഥകളും പ്രത്യേകം പാലിക്കണമെന്ന് നിബന്ധനകളുണ്ട്. പല നിയമങ്ങളും കാലഹരണപ്പെട്ടതാണെങ്കിലും നിയമം നിയമം തന്നെ. മരടിലെ കെട്ടിടം പൊളിച്ചപ്പോള്‍, ഒരു ആയുസ്സിലെ സമ്പാദ്യവും സ്വപ്നങ്ങളും മുഴുവന്‍ പൊട്ടിച്ചിതറിപ്പോയ ആളുകളുടെ കാര്യം നമുക്കു മറക്കുവാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ കെട്ടിടം വാങ്ങിക്കുന്ന വ്യക്തിക്ക് കാര്യമായിയൊന്നും ചെയ്യുവാൻ കഴിയില്ലയെങ്കിലും, അതിനെപ്പറ്റി ബോധവാന്‍മാരായിരിക്കുന്നതും, വേണ്ടിവന്നാല്‍ പണം മുടക്കുന്നതിനു മുന്‍പായി, സ്വന്തമായി നിയമോപദേശം തേടുന്നതും തീര്‍ച്ചയായും നന്മയ്ക്കായിത്തീരും.

 

17. പാര്‍ക്കിംഗ് :- മിക്ക അപ്പാര്‍ട്ടുമെന്‍റുകള്‍ക്കും ഉള്ള ഒരു പ്രധാന പ്രശ്നം പാര്‍ക്കിംഗിന്‍റേതാണ്.  ഒട്ടുമേതന്നെ അതിഥികള്‍ക്കു വേണ്ടിയുള്ള വാഹന പാര്‍ക്കിംഗ് സൌകര്യം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വളരെ അകലത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത്, ബുദ്ധിമുട്ടി നടന്നു വരേണ്ടതായി വരാറുണ്ട്. പലപ്പോഴും നമ്മള്‍ വീടു മേടിക്കുമ്പോള്‍ ഒരു പാര്‍ക്കിംഗ് മതി എന്നു വിചാരിക്കുമെങ്കിലും, പിന്നീട് മിക്ക ഭവനങ്ങളിലും ഒരു വാഹനം കൂടി വേണം എന്ന സ്ഥിതി വിശേഷം ഉണ്ടാകാറുണ്ട്.  ആയതിനാല്‍ ആദ്യം തന്നെ, ലഭിക്കുമെങ്കില്‍, സാമ്പത്തികമായി സാധിക്കുമെങ്കില്‍, രണ്ടു പാര്‍ക്കിംഗിന് പോകുന്നത് നല്ലതായിരിക്കും. പലപ്പോഴും അതിഥികള്‍ വരുമ്പോള്‍ നമ്മുടെ രണ്ടു കാര്‍പാര്‍ക്കിംഗിലെ, ഒരു കാര്‍ നേരത്തേ തന്നെ മാറ്റിയിട്ട്, അത് അതിഥിയുടെ കാറിനായി ഉപയോഗിക്കുവാനും കഴിയും.

 

18. ലിഫ്റ്റ് :- അധികം നിലകളുള്ള കെട്ടിടങ്ങളില്‍ നിയമപരമായിതന്നെ എത്ര ലിഫ്റ്റ് വേണമെന്ന നിബന്ധനകള്‍ ഉണ്ടാകും. തീർച്ചയായും വലിയ വീട്ടുസാധനങ്ങളും സ്‌ട്രെച്ചറും  കൊണ്ടുപോകുവാൻ പറ്റിയ സർവീസ് ലിഫ്റ്റും പാസ്സന്ജർ ലിഫ്റ്റുകൂടാത് അത്യാവശ്യമാണ്. നമ്മള്‍ അപ്പാര്‍ട്ടുമെന്‍റ് മേടിക്കുമ്പോള്‍ ഇതിലും വ്യക്തതകൾ വരുത്തുവാൻ ശ്രമിക്കുക.

 

19. ഫര്‍ണിഷിംഗ് :-

പൈപ്പുകളും കുളിമുറി / കിച്ചൻ ഫിറ്റിങ്ങ്സും  മറ്റു ഫർണിഷിങ്ങുകളും      (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

അപ്പാര്‍ട്ടുമെന്‍റ് മേടിക്കുമ്പോള്‍ മിക്കവാറും ബില്‍ഡേര്‍സ് ഫര്‍ണിഷിംഗ് ഉള്‍പ്പെടുത്താറില്ല. അതായത്, ലൈറ്റ്, ഫാന്‍, അലമാരകള്‍, അടുക്കളയിലെ ആവശ്യമായ സൌകര്യങ്ങള്‍ എന്നിവ. പൈപ്പുകളും, കുളിമുറിയിലേക്ക്  ആവശ്യമുള്ള സാധനങ്ങളും, ടൈലുകളും മറ്റും ബിൽഡറുതന്നെയാണ് ചെയ്യാറുള്ളത്. ഏതു കമ്പനിയുടെ, ഏതുതരം സാധനങ്ങളാണ്, പൈപ്പിനായും തറയിലെ ടൈല്‍സിനായും മറ്റും ഉപയോഗിക്കുന്നതെന്ന്  നേരത്തേ മനസ്സിലാക്കി, വേണമെങ്കില്‍ കുറച്ചു പണം കൂടി കൊടുത്ത് നമുക്ക് വേണ്ട കമ്പനിയുടെ  സാധനങ്ങളും ഡിസൈനുകളും ആദ്യംതന്നെ അപ്പാര്‍ട്ട്മെന്‍റില്‍ ഉപയോഗിക്കുന്നത്, പിന്നീടുള്ള കൂടിയ ചിലവും പൊളിച്ചുപണികളും ഒഴിവാക്കാന്‍ സഹായിച്ചേക്കും. അപ്പാർട്മെന്റിനകത്ത് ഏതെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിലും നേരത്തേതന്നേ ബിൽഡറിനോട് ആവശ്യപ്പെട്ട് ചെയ്യിക്കുന്നതും നല്ലതുതന്നേ. ഫര്‍നിഷിംഗിനായി അപ്പാര്‍ട്ട്മെന്‍റിന്‍റെ വിലയുടെ 15 മുതല്‍ 30 ശതമാനം വരെ ചിലവ്, അപ്പാര്‍ട്ട്മെന്‍റ് കിട്ടിയശേഷം സാധാരണ വേണ്ടതായിവരും. ഈ പണം സാവകാശം മതിയെങ്കിലും നാം നമ്മുടെ തയ്യാറെടുപ്പില്‍ ഇത്  കരുതിയിരിക്കണം. ഇലക്ട്രിക്കലിന്‍റെയും എയര്‍ കണ്ടീഷന്‍ മുതലായവയുടേയും അധികം പോയിന്‍റുകള്‍ വേണമെങ്കില്‍, പണി നടക്കുമ്പോള്‍തന്നെ ഭിത്തിയും  മറ്റും തേക്കുന്നതിനുമുന്‍പായി ചെയ്യുന്നത് പിന്നീട് അധികചിലവ് ഒഴിവാക്കുവാൻ നന്നായിരിക്കും.

 

20. അഴുക്കും മാലിന്യങ്ങളും :-

സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്   (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

നമ്മുടെ അപ്പാര്‍ട്ട്മെന്‍റില്‍നിന്നും അടുക്കളയിലേയും കുളിമുറിയിലേയും ശുചീമുറിയിലേയും അഴുക്കുകള്‍, വേണ്ട വിധത്തില്‍ ശുദ്ധീകരിച്ചശേഷം മാത്രമേ പൊതു കനാലുകളിലേക്ക് ഒഴുക്കാവൂയെന്ന് ശക്തമായ നിയമമുണ്ട്. അപ്പാര്‍ട്ട്മെന്‍റുകളുടെയെണ്ണം കൂടുംതോറും ഈ നിയമങ്ങളും കൂടുതല്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, അപ്പാര്‍ട്ട്മെന്‍റ് കോംപ്ലെക്സിന് ചുറ്റുപാടും താമസിക്കുന്ന ആളുകളുടെ വലിയ എതിര്‍പ്പിനെയും, പലപ്പോഴും ഇതുകാരണം നേരിടേണ്ടതായി വരാറുണ്ട്. നല്ല ബില്‍ഡേഴ്സ് മാത്രമേ, വേണ്ട രീതിയിലുള്ള, ആവശ്യത്തിന് വലിയ, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ (STP) ഉണ്ടാക്കാറുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെപ്പറ്റിയും നാo ബോധവാന്‍മാരായിരിക്കുന്നത് നല്ലതാണ്.

 

21. കാറ്റും വെളിച്ചവും : സാധാരണ വീടുകളേക്കാളും കൂടുതൽ കാറ്റും വെളിച്ചവും ഫ്ലാറ്റുകളിൽ, പ്രത്യേകിച്ച് രണ്ടാംനിലയ്ക്കു മുകളിലുള്ള ഫ്ലാറ്റുകളിൽ ഉണ്ടാകാറുണ്ടെങ്കിലും, പല ഫ്ളാറ്റുകളിലും അതിന്റെ സ്ഥാനംകൊണ്ടും അപാർട്മെന്റിന്റെ ഡിസൈൻകൊണ്ടും വളരെയിടുങ്ങി കാറ്റും വെളിച്ചവും വളരെ കുറവായ വിധത്തിലും ഉണ്ടാകാറുണ്ട്. ആയതിനാൽ, തങ്ങൾ തിരഞ്ഞെടുക്കുന്ന ഫ്ലാറ്റ്, ഈ കാര്യത്തിൽ എങ്ങനെയാണെന്ന്, തീർച്ചയായും അന്വേഷിച്ചിരിക്കേണ്ടതും, അറിഞ്ഞിരിക്കേണ്ടതുമാണ്.

 

22. എന്‍റെ ഫ്ലാറ്റ് ചെറുതായിപ്പോയി:– സാധാരണ, വർഷങ്ങൾ കഴിയുമ്പോൾ ഫ്ലാറ്റ് മേടിച്ചു താമസിക്കുന്നവര്‍ക്ക് തോന്നുന്ന ഒരു വിഷമമാണ് തന്‍റെ ഫ്ലാറ്റ് ചെറുതായിപോയി, കുറച്ചു കൂടി വലിയ, നല്ല സൌകര്യങ്ങളുള്ള ഫ്ലാറ്റ് ആയിരുന്നുയെങ്കിൽ നന്നായിരുന്നുയെന്ന്. പിന്നീട്, താമസിക്കുന്ന ഫ്ലാറ്റ് വിറ്റ്, കൂടെ, കൂടുതൽ പണവും മുടക്കി, തനിക്ക് മനസ്സിനിണങ്ങിയ ഒരു ഫ്ലാറ്റിലേക്ക് മാറുവാൻ, പലകാരണങ്ങളാലും ഒട്ടുമിക്കവാറും ആളുകൾക്ക് കഴിയാറില്ല. ആയതിനാൽ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമേ മേടിക്കുവാൻ സാധിക്കുകയുള്ളെങ്കിൽത്തന്നെയും സാഹചര്യത്തിനനുസരിച്ച് സമയമെടുത്ത് മേടിക്കുന്നതിൽ തെറ്റില്ല.

 

23. അഞ്ചുപേരോടെങ്കിലും ചോദിക്കുക :

അറിവുള്ളവരോട് ചോദിക്കുവാൻ മടിക്കരുതേ 🙏    (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

തങ്ങൾ ഫ്ലാറ്റുമേടിക്കുവാൻ ഉദ്ദേശിക്കുന്ന ബിൽഡറെപ്പറ്റി, ബിൽഡർ നേരത്തേയുണ്ടാക്കിയ അപ്പാർട്ടുമെന്റുകളിൽ താമസിക്കുന്ന, കുറഞ്ഞത് അഞ്ച് ഉടമസ്ഥരോട് തീർച്ചയായും ചോതിച്ചിരിക്കണമെന്നാണ് എനിക്ക്‌ എന്റെ അറിവിൽനിന്നും അനുഭവങ്ങളിൽനിന്നും നിർബന്ധമായും പറയുവാനുള്ളത്. അവരിൽനിന്നും ബിൽഡേഴ്സിനെപ്പറ്റിയുള്ള നല്ലതും ചീത്തയുമായ വ്യക്തമായ അഭിപ്രായങ്ങൾ ലഭ്യമാകുവാനിടയാകും. .ശരിയായതീരുമാനമെടുക്കുവാൻ ഇത് സഹായകമാകും.

 

വെട്ടിലും അബദ്ധങ്ങളിലും പെടാതെ സൂക്ഷിക്കുക

 

മുകളില്‍ പറഞ്ഞിരിക്കുന്നത് അപ്പാര്‍ട്ട്മെന്‍റ് വാങ്ങുന്നതിന് മുന്‍പ് നമ്മള്‍ തീര്‍ച്ചയായും ചിന്തിക്കുകയും ബോധ്യപ്പെടുകയും ചെയ്തിരിക്കേണ്ട വളരെ അധികം കാര്യങ്ങളില്‍ ചിലതാണ്. നമ്മള്‍ കബളിപ്പിക്കപ്പെടാതെയും, നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നഷ്ടപ്പെടാതെയും, വാങ്ങിയ അപ്പാര്‍ട്ട്മെന്‍റില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന്‍ ഇടയായിത്തീരട്ടേയെന്നാശംസിക്കുന്നു.