വാള്‍മുനയിലൂടെ സായുധസേനയിലേക്ക്

എസ് എസ് ബി (സർവീസസ് സെലക്ഷൻ ബോര്ഡ്) ബാംഗ്ലൂർ (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

ഏപ്രിൽ 1988-ല്‍    എസ്.എസ്.ബി. (സർവീസസ് സെലക്ഷന്‍ ബോര്‍ഡ്) സെന്‍ററിലെ അഞ്ചു ദിവസത്തെ കഠിനമായ മാനസിക പരീക്ഷകളും പ്രയോഗിക ബുദ്ധി പരീക്ഷകളും, പട്ടാളത്തില്‍ പ്രവേശനത്തിനാവശ്യമായ മറ്റ് പരീക്ഷണങ്ങളും ഏറ്റവും അവസാനം മുതിർന്ന സേനാ ഉദ്ദ്യോഗസ്ഥന്മാര്‍ നിറഞ്ഞ ഇന്‍റര്‍വ്യൂവും വിജയകരമായി പാസ്സായി, മെഡിക്കല്‍ പരിശോധനയ്ക്ക് ബാംഗളൂര്‍  പട്ടാള ആശുപത്രിയില്‍ ചെന്നപ്പോള്‍, എന്‍റെ ശരീരഭാരം അനുവദനീയമായതിലും കൂടിയിരുന്ന കാരണം, എന്നെ പട്ടാളത്തില്‍  ചേരുവാന്‍ അയോഗ്യനാക്കിയത് ഇന്നും ഓർമ്മകളിൽ നിറഞ്ഞു നില്‍ക്കുന്നു.

 

എസ്.എസ്.ബി. യ്ക്ക് പോയ സമയം, പട്ടാളത്തില്‍ ചേരുവാന്‍ അത്ര വലിയ താത്പര്യം ഒന്നും ഇല്ലായിരുന്നുവെങ്കിലും എല്ലാവിധ പരീക്ഷകളും പരീക്ഷണങ്ങളും ഇന്‍റര്‍വ്യൂവും വളരെ വിജയകരമായി ചെയ്ത ശേഷം, ഇങ്ങനെ ഒരു കാരണത്താല്‍ പട്ടാളത്തില്‍ ആഫീസറായി ചേരുവാന്‍ കഴിയുകയില്ല എന്ന വിധിപറച്ചില്‍ കേട്ടപ്പോള്‍ വളരെയധികം വേദനയും, നിരാശയും , ഉദാസീനതയും എന്നില്‍ വന്നു ഭവിച്ചു.

സന്തോഷവും അഭിമാനവും , നിരാശയും ഉദാസീനതയും

ഞങ്ങള്‍ നൂറുപേര്‍ ഉണ്ടായിരുന്ന ബാച്ചില്‍ നിന്നും അവസാനം വിജയികളായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരില്‍ ഒരാളായി തീര്‍ന്നതിലുള്ള സന്തോഷം പറഞ്ഞറിയിക്കുവാന്‍ കഴിയാത്തതായിരുന്നു. കൂടെ ബാച്ചില്‍ അഞ്ചു ദിവസം ഉണ്ടായിരുന്ന എല്ലാ കൂട്ടുകാരും വന്ന് എന്നെ അഭിനന്ദിക്കുകയും, ഈ വിവരം വീട്ടില്‍ വിളിച്ചറിയിച്ചപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷവും ആഹ്ളാദവും അത്യധികം ആയിരുന്നു. എന്നാല്‍, ഈ എല്ലാവിധ അഭിനന്ദനവും സന്തോഷവും ആഹ്ളാദവും പട്ടാള ആശുപത്രിയില്‍ അടുത്ത ദിവസം ശരീരത്തിന്‍റെ അധിക തൂക്കം കാരണം ഉണ്ടായ ഈ വിധിയോടെ അര്‍ഥശൂന്യമായി തീര്‍ന്നു. എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും മുകളില്‍ എത്തുന്നതിനു തൊട്ടു  മുന്‍പായി അഗാധമായ ഒരു ഗര്‍ത്തത്തിലേക്ക് വീണ് താഴേക്ക് പോന്ന പോലത്തെ ഒരു മാനസീകാവസ്ഥ എന്നെ പൊതിഞ്ഞു. എല്ലാ ഉത്സാഹവും നഷ്ടപ്പെട്ട്, ഞാന്‍ മാനസിക സംഘർഷങ്ങൾ നിറഞ്ഞ ഒരു മൗനതയിലേക്ക് കടന്നു പോയി.

തടസ്സം

എഴുത്തുകാരൻ എൺപത്തിനാല് കിലോ ഭാരം ഉള്ളപ്പോൾ

അങ്ങനെ എന്‍റെ അമിതമായ വണ്ണം, എന്‍റെയും, ധാരാളം പേര്‍ കൊതിച്ച് ആഗ്രഹിക്കുന്ന ഒരു പട്ടാള ആഫീസറുടെ ജീവിതത്തിന്‍റെയും ഇടയില്‍ തടസ്സമായി നിന്നു.

ശരീരഭാരം എത്രയാകാം

ഭാരം എൺപത്തിനാലിൽ നിന്നും അറുപത്തിനാലിനു താഴെ കുറച്ചുകൊണ്ടുവരുവാൻ നാല്പത്തിരണ്ടുദിവസം അനുവദിച്ചുകൊണ്ടുള്ള പട്ടാള ഉത്തരവ്

ഇത്തരം സാഹചര്യങ്ങളില്‍ പട്ടാള അധികാരികള്‍ സാധാരണ ചെയ്യുന്നതു മാതിരി, എന്‍റെ ശരീര തൂക്കം എണ്‍പത്തി നാലു (84) കിലോയില്‍ നിന്നും അറുപത്തി നാലു (64) കിലോ ആക്കുവാന്‍  ആറ് ആഴ്ച (നാല്‍പ്പത്തി രണ്ടു ദിവസം) അനുവദിച്ചു. വളരെ ഉയര്‍ന്ന ഒരു പട്ടാള ഉദ്ദ്യോഗസ്ഥന്‍ എന്നെ വിളിച്ഛ്, സ്ഫുടമായും, കൃത്യമായും, കര്‍ക്കശമായും എന്നോടു പറഞ്ഞു, “ ഇരുപതു കിലോ ശരീര ഭാരം കുറച്ച് അറുപത്തിനാല് കിലോയ്ക്കു താഴെ ആറാഴ്ച കൊണ്ട് എത്തിക്കുവാന്‍ കഴിഞ്ഞില്ല എങ്കില്‍ തിരിച്ച് ഇങ്ങോട്ട് വരുകയേ വേണ്ട”. ആ പട്ടാള ഉദ്ദ്യോഗസ്ഥന്‍റെ  മുഖത്ത് ഒരു അസ്വാഭാവികതയുടെ ഉറപ്പ് എനിക്ക് കാണുവാന്‍ കഴിഞ്ഞത്, ഇന്നും മനസ്സിലേക്ക് കടന്നു വരുന്നു. മക്കളോടും കൊച്ചുമക്കളോടും പറയുവാന്‍ ഒരു പട്ടാളക്കഥയുടെ അവസാനത്തെ രംഗം ആണോ ഇത് എന്നു ഞാന്‍ മനസ്സില്‍ ചിന്തി ച്ചുപോയി.

 

 

ബാംഗളൂരിൽ നിന്നും ഉള്ള മടക്കയാത്ര

ബാംഗളൂരിൽ നിന്നുമുള്ള എന്‍റെ മടക്കയാത്ര വളരെ മാനസീക സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒന്നായിരുന്നു. എന്‍റെ മനസ്സുനിറയെ എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ധാരാളം ചോദ്യങ്ങളാല്‍ നിറഞ്ഞു നിന്നിരുന്നു.

ഏതാണ് ശരി?  ഏതാണ് തെറ്റ്?

ഏതാണ്‌ ശരി ? ഏതാണ് തെറ്റ് ? (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

എന്‍റെ മനസ്സിലേക്കു കടന്നു വന്ന ചോദ്യങ്ങളിൽ പ്രധാനമായവ ഇങ്ങനെയാണ്:

1. ഞാന്‍ എന്‍റെ ശരീരഭാരം കുറച്ച്, തിരിച്ച് ബാംഗളൂരിൽ പട്ടാള അധികാരികളുടെ അടുക്കല്‍ ചെല്ലുവാന്‍ ശ്രമിക്കണമോ ?

2. നാല്‍പ്പത്തിരണ്ട് ദിവസത്തിനകം, അനുവദനീയമായ അറുപത്തിനാല് കിലോയില്‍ താഴെ കൊണ്ടുവരാനുള്ള കഴിവ് എനിക്കുണ്ടോ ?

3. ഇന്നേവരേക്കും ലോകത്ത് ആരെങ്കിലും നാല്‍പ്പത്തിരണ്ട് ദിവസം കൊണ്ട് ഇരുപതു കിലോ ശരീരഭാരം കുറച്ചിട്ടുണ്ടോ?

4. ഞാന്‍ ശരിക്കു പരിശ്രമിച്ചിട്ടും അവസാനം അത് ഒരു കിലോയുടെ കുറവില്‍, അറുപത്തിയഞ്ച് കിലോയില്‍ വന്നു നിന്നാല്‍, എന്തു സംഭവിക്കും ? എന്തു ചെയ്യും ?

5. ഇരുപത്തിനാല് വയസ്സ് അന്നുള്ള ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഒരു ഗ്രാം പോലും ശരീര ഭാരം കുറയ്ക്കുവാന്‍ ശ്രമിച്ചിട്ടില്ല. കൃത്യമായി പറയുകയാണെങ്കില്‍, അന്നേ വരേയ്ക്കും ഞാന്‍ ഒരു നേരത്തെ ഭക്ഷണം പോലും വേണ്ടാ എന്നു വെച്ചിട്ടില്ല. ഈ എനിക്ക് ഭക്ഷണം മൊത്തമേ വേണ്ടായെന്നു വെയ്ക്കാന്‍ പറ്റുമോ, അതും അറുപത്തി നാലു കിലോയില്‍ താഴെ  കൊണ്ടുവരുവാന്‍ തക്ക വിധത്തില്‍ ?

6. അങ്ങനെ പെട്ടെന്നു കുറയ്ക്കുമ്പോള്‍ അതുകൊണ്ട് ആരോഗ്യത്തിലും ശരീരത്തിലും ദോഷകരമായി എന്തെല്ലാം സംഭവിക്കാം ?

7. ഈ കഷ്ട്ടപ്പാടുകളും ത്യാഗങ്ങളും കഠിനാധ്വാനവും സഹിക്കുവാന്‍ മാത്രം ഈ  പട്ടാള ആഫീസര്‍ ആയുള്ള ജീവിതത്തിന് നല്‍പ്പുണ്ടോ ?

8. ഈ പട്ടാള ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ വെടിഞ്ഞ്, ഇനിയും ഇതിന് പുറകെ സമയം കളയാതെ, വേറെ വല്ല നല്ല ജോലിക്കും ശ്രമിച്ചാല്‍ എന്തായി തീരും ഭാവി ?

9. ഒരു പരിശ്രമവും കൂടാതെ ഞാന്‍ ഇപ്പോള്‍ തന്നെ ഈ പട്ടാള ഉദ്യോഗത്തെ കുറിച്ചുള്ള ചിന്തകളും ആഗ്രഹങ്ങളും ഉപേക്ഷിച്ചാല്‍, മറ്റുള്ളവര്‍ ജീവിത കാലം മുഴുവന്‍ എന്നേപ്പറ്റി എന്തു പറയും? ഭാരം കുറയ്ക്കുവാന്‍ ശ്രമിച്ചു വളരെ ചെറിയ വ്യത്യാസത്തിന് അറുപത്തിനാലു കിലോയില്‍ എത്താതെ പോയാല്‍ ലോകം അതിനെ കുറിച്ച് എന്തു പറയും ?

ഇങ്ങനെ പലവിധമായ ഉത്തരമറിയാത്ത ചോദ്യങ്ങള്‍, മടക്ക യാത്രയില്‍ ഉടനീളം എന്‍റെ ഉറക്കം കെടുത്തിക്കൊണ്ട്, എന്നെ ഞെരുക്കത്തിലും വിഷമത്തിലും ആക്കിക്കൊണ്ടിരുന്നു.

തീരുമാനം

പതിനെട്ടു മണിക്കൂര്‍ യാത്രയ്ക്കു ശേഷം, ട്രയിന്‍ മാവേലിക്കരയില്‍ (എന്‍റെ സ്വന്തം സ്ഥലം) എത്തിയപ്പോഴേക്കും എനിക്കു വ്യക്തമായ ഉത്തരം കിട്ടിക്കഴിഞ്ഞിരുന്നു.

വീട്ടിലേക്കുള്ള തിരിച്ചു വരവ്

എന്‍റെ നാഗപ്പൂര്‍ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജിലെ പഠന കാലം തൊട്ട് പതിവ് പോലെ എന്‍റെ പിതാവ് വിടര്‍ന്ന കണ്ണുകളോടെ എന്‍റെ കൈ വീശുന്നത് ഏത് കമ്പാര്‍ട്ട്മെന്‍റില്‍ നിന്നും ആണെന്ന് നോക്കി, ഓടി വന്ന് എന്നെ ആലിംഗനം ചെയ്യാനും എന്‍റെ കൈയ്യില്‍ നിന്നും ബാഗുകളെല്ലാം വാങ്ങുവാന്‍ വേണ്ടി പ്ലാറ്റ്ഫോര്‍മില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു (ഇന്ന് അച്ഛന്‍ ജീവിച്ചിരിപ്പില്ല). എന്‍റെ അച്ഛന്‍റെ പ്രീമിയര്‍ പത്മിനി കാറില്‍ പത്തു മിനിറ്റ് കൊണ്ട് ഞങ്ങള്‍ വീട്ടിലെത്തി. ഞങ്ങളുടേത് വളരെ അടുത്ത ബന്ധങ്ങള്‍ പുലര്‍ത്തുന്ന ഒരു  കുടുംബമായതിനാല്‍ എന്‍റെ അമ്മാവന്മാരും ഞങ്ങളുടെ അടുത്ത പല ബന്ധുക്കളും വീട്ടില്‍ ഞങ്ങളെയും കാത്ത് ഇരിപ്പുണ്ടായിരുന്നു.

എടുത്തു വെച്ച ചായയും പലഹാരങ്ങളും കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മയുടെ ചോദ്യം വന്നു “മോനേ, ഇനി എന്താണ് നിൻറെ പരിപാടി? എന്താണ് നിന്‍റെ തീരുമാനം?”.  ഞാന്‍ ചുറ്റും നിന്ന എല്ലാവരുടെയും മുഖത്ത് ഒന്ന് ഓടിച്ചു നോക്കിയ ശേഷം എല്ലാവരും കേള്‍ക്കെ ഉറക്കെ “ഞാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുവാന്‍ തീരുമാനിച്ചു“ എന്ന് അറിയിച്ചു. ചുറ്റും നിന്ന എല്ലാവരുടെയും മുഖത്ത് ഒരു പ്രോത്സാഹിപ്പിക്കുന്ന മുഖഭാവം കണ്ടെങ്കിലും, അവസാന ഫലം എന്തായിത്തീരും എന്നുള്ള ആശങ്ക അവരുടെ മുഖത്ത് ഒളിഞ്ഞു കിടക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.

തീരുമാനത്തിനുള്ള കാരണം

1. വേണ്ട എന്നു വെച്ചാല്‍, ഞാന്‍ ഓട്ടം തുടങ്ങുന്നതിനു മുന്‍പുതന്നെ ഒന്നു ശ്രമിക്കുക പോലും ചെയ്യാതെ തോല്‍വി സമ്മതിച്ചതിനു തുല്യമാകും. “പേടിച്ചോടുന്നവൻ ഒരുനാളും ജയിക്കുകയില്ല. ജയിക്കുന്നവൻ ഒരുനാളും നിതാന്ത പരിശ്രമം കളയുകയില്ല” എന്നുള്ള എവിടെയോ കേട്ടിരുന്ന വാക്കുകള്‍ എന്‍റെ മനസ്സിലേക്ക് കടന്നു വന്നു കൊണ്ടേയിരുന്നു. എല്ലാവരുടെയും മുന്‍പില്‍ ശ്രമിക്കാതെ വിട്ടുകളഞ്ഞാല്‍ അത് എന്‍റെ ആത്മാഭിമാനത്തെയും ബാധിക്കുന്നതായി തീരുമെന്ന് മനസ്സ് എന്നെ കുത്തി കുത്തി നോവിച്ച് കൊണ്ടിരുന്നു.

2. വേറൊരു ചിന്ത എന്‍റെ മനസ്സിലേക്ക് കടന്നു വന്നത്, ഞാന്‍ ശ്രമിക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല എന്ന വിചാരമാണ്. ഞാന്‍ ഭാരം കുറയ്ക്കുന്നതില്‍ വിജയിക്കുകയാണെങ്കില്‍ എനിക്കു മഹത്തായ ഇന്ത്യന്‍ പട്ടാളത്തിന്‍റെ വേഷം വളരെ അന്തസ്സോടും അഭിമാനത്തോടും ധരിച്ച്, ഇന്ത്യന്‍ പ്രസിഡന്‍റ് എന്നെ ആഫീസര്‍ കമ്മീഷന്‍ നല്കി ആദരിക്കും. അഥവാ ഇനി ഞാന്‍ വേണ്ട വിധത്തിലുള്ള ഭാരം കുറയ്ക്കുവാന്‍ കഴിഞ്ഞില്ല എങ്കില്‍ തന്നെയും എന്‍റെ കുറഞ്ഞ ഭാരം എനിക്കു കൂടുതല്‍ ഇണങ്ങിയ നല്ല നല്ല വേഷങ്ങള്‍ ധരിച്ച്, എന്നെ ഒന്നു കൂടി മിടുക്കനും, സുന്ദരനും ആക്കാന്‍ ഉപകരിക്കും. ദൈവത്തിന് എന്നെ പറ്റി ഈ പട്ടാളത്തേക്കാളും വളരെ മെച്ചമായ പദ്ധതി ഉണ്ട് എന്ന് വിശ്വസിച്ച് മുന്നോട്ട് പോകുവാനും തീരുമാനിച്ചു.

തുടക്കം

അമ്മാവന്മാരും അമ്മാവിമാരും മറ്റു കൂടി വന്നിരുന്ന ബന്ധുക്കളും ഭാരം കുറയ്ക്കുവാന്‍ വേണ്ടി പലവിധമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മുന്‍പോട്ട് വെച്ചു. കൂലംകഷമായ ചര്‍ച്ചകള്‍ക്ക് ശേഷം  ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഒരു തീരുമാനമായി.

  1. ഭക്ഷണം സാലഡിലേക്ക് മാറണം.
  2. കുറച്ചു മാത്രം ഊര്‍ജ്ജം നല്‍കുന്ന പഴ വര്‍ഗ്ഗങ്ങള്‍ കഴിക്കുക.
  3. ധാരാളം വെള്ളം കുടിക്കുക.
  4. വ്യായാമം ചെയ്യാവുന്നിടത്തോളം ചെയ്തു കൊണ്ടിരിക്കുക.
  5. മനോധൈര്യവും പ്രതിബദ്ധതയും തീരുമാനത്തിൽ മനസ്സും ശരീരവും പതറാതെ ഉറച്ചു നില്‍ക്കുവാനുള്ള ശക്തിക്കായി പ്രാര്‍ഥിക്കുക.
  6. ഇപ്പോള്‍ തന്നെ തുടങ്ങുക.

വ്യത്യസ്തമായ ചിട്ടകള്‍

ഉച്ച സമയം  ആയപ്പഴേക്കും എനിക്ക് സാലഡുകള്‍ നിറഞ്ഞ ഭക്ഷണം എത്തിയപ്പോള്‍ എന്‍റെ സഹോദരന്‍മാര്‍ക്ക് കോഴി ബിരിയാണിയും മട്ടൺ കട്ട്ലെറ്റും കൂടാതെ ഐസ് ക്രീമും  ഫ്രൂട്ട് സലാഡും. മനസ്സിനേയും ശരീരത്തേയും ലക്ഷ്യം കൈവിടാതെ പിടിച്ചുകെട്ടിയിടുന്നത് ചില്ലറ കാര്യമൊന്നും ആയിരുന്നില്ല. എല്ലാ ദിവസവും, അല്ല എല്ലാ നിമിഷങ്ങളും ലക്ഷ്യത്തിലെത്തുവാന്‍ പ്രധാനമാണെന്ന ചിന്ത എന്നെ ഭരിച്ചു കൊണ്ടിരുന്നു. എല്ലാം ചെയ്തിട്ടും ഒരു ചെറിയ ഭാരവ്യത്യാസം കൊണ്ട് സെലക്ട് ചെയ്യപ്പെടാതെ പോകുവാനുള്ള ഒരു സാഹചര്യത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ നെഞ്ച് ഇടിച്ചുകൊണ്ടിരുന്നു.

വ്യായാമം

ഞാന്‍ രാവിലെ അഞ്ചുമണിക്ക് തന്നെ സൈക്കിള്‍ ചവിട്ടുവാന്‍ തുടങ്ങി. തിരിച്ചു വരുമ്പോഴേക്കും ഒരു പത്തു മണിയെങ്കിലും ആയിട്ടുണ്ടാകും. സലാഡും പഴ വര്‍ഗ്ഗങ്ങളും കഴിച്ച ശേഷം ആ ചുട്ടുപൊള്ളുന്ന ഏപ്രില്‍-മേയ് മാസങ്ങളിലെ ചൂടില്‍ ഞാന്‍ വീണ്ടും നീണ്ട നടത്തത്തിനായ് വീട് വിട്ടിറങ്ങും. ഈ കൊടുംചൂടില്‍ നടക്കുന്നത് ഭാരം കുറയ്ക്കുന്നതിന് കൂടുതല്‍ സഹായിക്കും എന്നുള്ള ചിന്ത ഈ വെയിലിനെ അതിജീവിച്ചു നടക്കുവാന്‍ എന്നെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പലപ്പോഴും പതിനഞ്ചോളം  കിലോമീറ്റര്‍ നടന്ന് തികച്ചും അവശനായി തിരികെവരുന്ന എന്നെ കണ്ട് എന്‍റെ ഈ കഥയൊന്നും അറിയാത്ത നാട്ടുകാര്‍ തുറിച്ചു നോക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. വെറുതെ കട്ടിലില്‍ കിടക്കുമ്പോള്‍ പോലും ഞാന്‍ എന്‍റെ വിരലുകളും കൈകളും കാലുകളും കഴിയുന്നത്രയും  അനക്കികൊണ്ടിരുന്നു. ഒരു പക്ഷേ അങ്ങനെ ചെയ്താല്‍ കുറച്ച് ഗ്രാം ഭാരമെങ്കിലും കുറഞ്ഞു കൊണ്ടിരിക്കും എന്ന ചിന്ത, എന്നെ വിശ്രമിക്കുവാന്‍ അനുവദിക്കാത്ത വിധം എപ്പോഴും ശരീരം അനക്കി കൊണ്ടിരിക്കുവാന്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

കുടുംബത്തിന്‍റെ സഹായം

എന്‍റെ മാതാപിതാക്കളും സഹോദരന്മാരും ബന്ധുമിത്രാതികളും എന്നെ എല്ലാ കാര്യത്തിലും അകമഴിഞ്ഞു സഹായിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും ഇരുന്നു. ഞാന്‍ ഉള്ളപ്പോള്‍ അവര്‍ അവരുടെ രുചികരമായ ഭക്ഷണങ്ങള്‍ പോലും എന്‍റെ മുന്‍പില്‍വെച്ചു കഴിക്കുന്നത് ഒഴിവാക്കിയിരുന്നു.

 

ഭാരം തൂക്കുന്ന മെഷീന്‍

എന്‍റെ അമ്മാവന്‍റെ വീട്ടില്‍ ഇരുന്നിരുന്ന ഭാരം തൂക്കുന്ന മെഷീനും എന്‍റെ വീട്ടിലേക്ക് മാറ്റപ്പെട്ടു. തുടക്കത്തില്‍ ഭാരം കുറയുന്നത് താരതമ്യേന വേഗത്തില്‍ ആയിരുന്നു. ഒരു ഇരുപതു കിലോ കുറച്ചുകിട്ടിയാല്‍ എനിക്ക് ഒരു ലെഫ്റ്റനന്‍റ്, ക്യാപ്റ്റനും, മേജറും, കേണലും ആയി തീരാമെന്ന ചിന്തയും, ഭാരതത്തെ പട്ടാള യൂണിഫോമില്‍ സേവിക്കാം  എന്ന ചിന്തയും, ഇത് എനിക്ക്, എന്‍റെ കുടുംബത്തിലും, സുഹൃത്തുക്കളുടെ ഇടയിലും, സമൂഹത്തിലും, നേടിത്തരാവുന്ന ബഹുമാനത്തെയും ആദരവിനെയും കുറിച്ചുള്ള ചിന്തകളും, എന്നെ ഈ മാനസീകവും ശാരീരികവുമായ  വളരെ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ, ഈ കഠിനമായ സാഹചര്യത്തില്‍ പതറാതെ പിടിച്ച് നില്‍ക്കുവാന്‍ വളരെ സഹായിച്ചുകൊണ്ടിരുന്നു. ഈ ദുരിതങ്ങള്‍ നിറഞ്ഞ  പ്രയത്നങ്ങള്‍ക്ക് ശേഷവും അവസാന ഫലം എന്തായി തീരും എന്ന ചിന്ത, എന്നെയും എല്ലാവരേയും മദിച്ചു കൊണ്ടേയിരുന്നു.

പാപനാശം

പാപനാശം പ്രകൃതി ചികിത്സാകേന്ദ്രം (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

എന്‍റെ അമ്മാവന്‍ തന്‍റെ സുഹൃത്തുക്കളുമായി എന്‍റെ കാര്യങ്ങൾ പങ്കിടുന്ന കൂട്ടത്തില്‍, ഒരു സുഹൃത്ത് തിരുവനന്തപുരത്തിനടുത്ത് വര്‍ക്കലയില്‍ സര്‍ക്കാരിന്‍റെ “പാപനാശം” എന്ന പ്രകൃതി ചികിത്സാകേന്ദ്രം ഉള്ള കാര്യം പറയുവാന്‍ ഇടയായി. പ്രകൃതി ചികിത്സവഴി ഭാരം കുറച്ചിട്ടുള്ള ധാരാളം പേരുടെ കഥകളും അവര്‍ എന്‍റെ അമ്മാവനുമായി പങ്കുവെയ്ക്കുകയും ഉണ്ടായി.

“പാപനാശം“ എന്നതിന്‍റെ അര്‍ത്ഥം, നമ്മള്‍ അന്ന് വരെ ചെയ്തു പോയ എല്ലാ പാപങ്ങള്‍ക്കും  പ്രായശ്ചിത്തം ചെയ്ത്, അതില്‍ നിന്നും മോചനം പ്രാപിക്കുക എന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം കൈയും കണക്കുമില്ലാതെ ഇന്നേവരേയും കഴിച്ചുകൂട്ടിയ എല്ലാ വിധ ആഹാരങ്ങൾക്കും പരിഹാരം തേടി, ചെയ്തു പോയ പ്രവൃത്തിക്ക് പ്രായശ്ചിത്തം ചെയ്യുന്നതിന് തുല്യമായിരുന്നു പാപനാശത്തിലെ എന്‍റെ ജീവിതം. പാപനാശത്തില്‍ നിന്നും കഴിക്കുവാന്‍ തന്നിരുന്ന യാതൊരുവിധ രുചികളും ഇല്ലാത്ത പുഴുങ്ങിയ പച്ചക്കറികളും, ജ്യൂസുകളും പലതരമായ ഇലകളും (കരിക്കിന്‍ വെള്ളം ഒഴികെ), എന്‍റെ ഭാരം കുറയ്ക്കലിന് അനുഗ്രഹമായി തീര്‍ന്നു. ശരീരം പെട്ടന്നു തന്നെ ചുരുങ്ങുവാന്‍ തുടങ്ങി. പക്ഷേ അതോടൊപ്പം പെട്ടന്നുള്ള ഭാരക്കുറയലിന്‍റെ ഫലമായി ശരീരത്തിന്‍റെ പ്രതിരോധശക്തി നഷ്ടപ്പെട്ടു, എനിക്ക് ചിക്കന്‍ പോക്സും പിടികൂടി. അങ്ങനെ നീണ്ട ഒരു താമസത്തിനു തയ്യാറെടുത്തു വന്ന എനിക്കു പതിനഞ്ചാം ദിവസം, തിരികെ വീട്ടിലെത്തി ഒരു മുറിയില്‍ ഒറ്റയ്ക്ക് അടയ്ക്കപ്പെടേണ്ടതായി വന്നു. എന്‍റെ അമ്മ മാത്രം എനിക്ക് വിധിക്കപ്പെട്ട ആഹാരവുമായി വാതിലിനപ്പുറത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.

അക്കാലത്ത് നാട്ടില്‍ ഒരു ചൊല്ലുണ്ടായിരുന്നു. “ചിക്കന്‍ പോക്സ് വരുന്നത് ദേവി പ്രസാദിക്കുന്നവരില്‍ ആണ്“ എന്ന്. ഒരു പക്ഷേ എന്‍റെ നിശ്ചയ ദാര്‍ഢ്യത്തിലും കഠിനമായ പ്രയത്നത്തിലും സന്തോഷിച്ച് മനസ്സലിഞ്ഞ് ദേവി പ്രസാദിച്ചതാകാം. എന്തായാലും എന്‍റെ ശരീര ഭാരം അതിവേഗം കുറഞ്ഞു കൊണ്ടിരുന്നു. പക്ഷേ, സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ സെഞ്ചുറി പോലെ അവസാനം എനിക്ക് പട്ടാള യൂണിഫോം ധരിക്കുവാന്‍ പറ്റുമോ എന്നുള്ള  കാര്യത്തില്‍, നിറയെ അനിശ്ചിതത്വങ്ങളെ ഉണ്ടായിരുന്നുള്ളു.

ആറാം ആഴ്ച (മുപ്പത്തിയഞ്ചാം ദിവസം)

മുപ്പത്തിയഞ്ചാം ദിവസമായപ്പോഴേക്കും എന്‍റെ ശരീരഭാരം എണ്‍പത്തിനാലു കിലോയില്‍ നിന്നും അറുപത്തിയെട്ടു കിലോ ആയെങ്കിലും (നാലു കിലോ കൂടി അടുത്ത ഒരാഴ്ചക്കുള്ളില്‍ (ഏഴു ദിവസം) കുറയ്ക്കണം.) അവസാനം ഞാന്‍ സെലക്ട് ആവുമോ ഇല്ലയോ എന്നുള്ള ചിന്തയും ആധിയും എല്ലാവരിലും ഏറിഏറി വന്നു കൊണ്ടേയിരുന്നു. എന്‍റെ ശരീരം വളരെ ചുരുങ്ങിയിരുന്നു. കൂടാതെ കഴിഞ്ഞ മുപ്പത്തിയഞ്ചു ദിവസത്തെ പട്ടിണി കാരണം ശരീരം വളരെ ക്ഷീണിതനും ആയിരുന്നു. ഒരു കാരണവശാലും ഇത് തുടര്‍ന്നു കൊണ്ടുപോകുവാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷത്തില്‍ ശരീരവും മനസ്സും എത്തിച്ചേർന്നിരുന്നു. പ്രാര്‍ത്ഥനയും പ്രതീക്ഷകളും ഒന്നു മാത്രമാണ് മുന്‍പോട്ടു പോകുവാന്‍ സഹായിച്ചുകൊണ്ടിരുന്നത്. ശരീരത്തിലെ മിക്കവാറും ദുര്‍മേദസ്സ് കുറഞ്ഞ് ഇല്ലാതെ ആയതിനാല്‍, ഭാരം കുറയുന്നതും വളരെ വളരെ മന്ദഗതിയിലായി.

നാല്‍പ്പത്തി ഒന്നാം ദിവസം (മിലിട്ടറി ഹോസ്പിറ്റലില്‍ ചെല്ലേണ്ട ദിവസത്തിന്‍റെ ഒരു ദിവസം മുന്‍പ്)

ബാംഗ്ളൂരിലേക്ക് പോകുവാനുള്ള ട്രെയിന്‍ റിസര്‍വേഷന്‍ നേരത്തേതന്നെ ചെയ്തിരുന്നു. ഞാന്‍ വളരെ ക്ഷീണിതനായതിനാലും സാധാരണ ഭക്ഷണം കഴിച്ചിട്ട്  വളരെ നാളുകളായതിനാലും എന്‍റെ ദന്തവൈദ്യനാകാനായി പഠിച്ചുകൊണ്ടിരുന്ന, എന്‍റെ ഇളയ സഹോദരനെകൂടി എന്‍റെ കൂടെ അയയ്ക്കുവാന്‍ എന്‍റെ കുടുംബം തീരുമാനിച്ചു. ഒരുപക്ഷേ, എനിക്കു അവസാന സെലക്ഷന്‍ കിട്ടിയില്ല എങ്കില്‍ ഞാന്‍ മാനസീകമായി എങ്ങനെ പ്രതികരിച്ചേക്കാം എന്ന ചിന്തയും എന്‍റെ സഹോദരനെക്കൂടി കൂട്ടത്തില്‍ അയക്കുവാനുള്ള കാരണങ്ങളില്‍ ഒന്നായിരുന്നു. എല്ലാവരുടെയും ആകാംക്ഷകളും  ചിന്തകളും ആകാശം മുട്ടെ നിറഞ്ഞു നിന്നു. ഇത്രയും ദിവസങ്ങള്‍ കൊണ്ട് എന്‍റെ നാട്ടില്‍, എന്‍റെ ആര്‍മി സെലക്ഷന്‍റെയും,  ശരീര ഭാരം കുറയ്ക്കുവാന്‍ നാല്പത്തിരണ്ടു (42) ദിവസം അനുവദിച്ചതും, എന്‍റെ ശരീര ഭാരം കുറയ്ക്കുവാനുള്ള പരിശ്രമങ്ങളും, ഭാരം കുറഞ്ഞ കാരണം എന്‍റെ രൂപത്തിലും ഭാവത്തിലും ഉണ്ടായ മാറ്റങ്ങളും, പ്രത്യേകിച്ച് മുഖമാസകലം ഉള്ള ചിക്കന്‍ പോക്സിന്‍റെ അടയാളങ്ങളും ഒരു പാട്ടായിക്കഴിഞ്ഞിരുന്നു. എന്‍റെ ഭാരം പട്ടാളക്കാര്‍ തൂക്കുമ്പോള്‍ അറുപത്തിനാലു (64) കിലോയില്‍ കുറവായിരിക്കുവാന്‍ ആഗ്രഹിച്ച് ധാരാളം പേര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. തലേ ദിവസം വരെയും എന്‍റെ ഭാരം അറുപത്തിയഞ്ചില്‍ താഴാതെ നില്‍ക്കുകയാണ്. ഇനി ഒരേ ഒരു വഴി, എന്‍റെ ഭാരം തൂക്കുന്നതുവരെയുള്ള അടുത്ത ഒരു ദിവസം വെള്ളം കുടിക്കാതിരിക്കുക എന്നുള്ളതാണ്. എന്‍റെ ഡോക്ടര്‍ ആയിരുന്ന അമ്മാവന്‍റെ ഉപദേശപ്രകാരം വെള്ളം കുടിക്കാതിരിക്കുക എന്നു മാത്രമല്ല, ശരീരത്തിലെ തന്നെ വെള്ളം വലിച്ചെടുത്ത് മൂത്രത്തില്‍ കൂടി പുറത്തുവിടുന്നതിനും, അതോടൊപ്പം ശരീരത്തിന്‍റെ ഉന്മേഷം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനുമായി ഒരു പ്രത്യേകഗുളിക കൂടി ഞാന്‍ കഴിച്ചു. ഇത്രയും നീണ്ട പരിശ്രമങ്ങളുടെയും, കഠിനപ്രയത്നങ്ങളുടെയും അവസാനത്തെ ആണിയായിരുന്നു ഇത്.

അവസാന ദിവസം

ബാംഗ്ലൂരിലെ പട്ടാള ആശുപത്രി (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

രാവിലെ എഴുമണിക്ക് തന്നെ ഐലന്‍റ് എക്സ്പ്രസ്സ് ബാംഗളൂരിൽ എത്തിച്ചേർന്നു. അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി, കുളിച്ചു വൃത്തിയായി ഒന്‍പതു മണിക്കുതന്നെ, എല്ലാവിധ പേപ്പറുകളുമായി ഞാനും സഹോദരനും മിലിട്ടറി ഹോസ്പിറ്റലില്‍ എത്തി. എന്‍റെ പേപ്പറുകള്‍ പരിശോധിച്ചശേഷം അവരുടെ മുഖഭാവം മാറി, രോഷത്തോടുകൂടി പറഞ്ഞു “നിങ്ങള്‍ ഈ പേപ്പറില്‍ കാണുന്ന ആളല്ല. ആള്‍ -മാറാട്ടത്തിന് നിങ്ങളുടെ മേല്‍ കേസെടുക്കുവാന്‍ പോവുകയാണ്”. ഒരു കണക്കില്‍ പറയുകയാണെങ്കില്‍ ഓഫീസേര്‍സ് പറയുന്നത് വളരെ ശരിയാണ്. ഞാന്‍ എണ്‍പത്തിനാലു കിലോ ഉണ്ടായിരുന്നപ്പോഴത്തെ ഫോട്ടോയും ഇപ്പോള്‍ ഭാരം കുറഞ്ഞപ്പോള്‍ ഉള്ള ശരീരവും, ചിക്കന്‍ പോക്സിന്‍റെ നിറയെ പാടുകളുള്ള മുഖവും തമ്മില്‍ യാതൊരു സാദൃശ്യവും ഇല്ല. വളരെ ബുദ്ധിമുട്ടി ഞങ്ങള്‍ എല്ലാക്കാര്യങ്ങളും അവരോട് വിശദീകരിച്ചു. എന്‍റെ എസ്.എസ്.എല്‍.സി. ബുക്കിലുള്ള തിരിച്ചറിയല്‍ അടയാളങ്ങളുമായി,  പരിശോധിക്കുവാന്‍ താണ് അപേക്ഷിച്ചു. സംഭവം അറിഞ്ഞു മുതിര്‍ന്ന ആഫീസേര്‍സ് അപ്പോഴേക്കും അവിടെ എത്തിച്ചേർന്നിരുന്നു. അവരോടു ഞങ്ങള്‍ കാര്യങ്ങള്‍ എല്ലാം  വിശദീകരിച്ചു. അവസാനം അവര്‍ എന്‍റെ ഭാരം തൂക്കി നോക്കുവാന്‍ തീരുമാനിച്ചു. വളരെ ചിന്തയോടെയും ആകുലതയോടെയും ഞാന്‍ ആ  ഭാരം തൂക്കുന്ന മെഷീന്‍റെ മുകളിലേക്കു കയറി നിന്നു. മെഷീന്‍റെ സൂചി അങ്ങോട്ടും ഇങ്ങോട്ടും കുറച്ച് ആടിയ ശേഷം അത് അവസാനം അറുപത്തിമൂന്നില്‍ വന്നു നിന്നു. ചുറ്റും കൂടിനിന്നിരുന്നവര്‍ എല്ലാവരും ഉച്ചത്തില്‍ കൈയ്യടിച്ചു  എന്നെ അഭിനന്ദിച്ചു.  “അഭിനന്ദനങ്ങള്‍ , നിങ്ങള്‍ സെലക്ട് ആയിരിക്കുന്നു. ഞങ്ങളോടൊപ്പം യൂണിഫോമിലേക്ക് സ്വാഗതം”.

അവസാന സെലക്ഷനുശേഷം

ശരീരഭാരം എൺപത്തിനാലിൽനിന്നും കുറച്ചു അറുപത്തിമൂന്നാക്കുന്നതിനു മുൻപും പിന്നീടും

എന്‍റെ കൂടെ ഉണ്ടായിരുന്ന എന്‍റെ ഇളയസഹോദരന്‍ സന്തോഷത്താല്‍ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.  ഞങ്ങള്‍ എല്ലാവിധ പേപ്പറുകളും അവിടെ നിന്നു വാങ്ങി പുറത്തു വന്നയുടന്‍, വീട്ടിലേക്ക് ഫോണ്‍ വിളിച്ച് അച്ഛനേയും അമ്മയേയും ഈ സന്തോഷവാര്‍ത്ത അറിയിച്ചു. അടുത്ത ദിവസം തിരികെ നാട്ടില്‍ (മാവേലിക്കര) എത്തിയപ്പോള്‍ മാവേലിക്കര റെയില്‍വേ പ്ലാറ്റ്ഫോമില്‍ത്തന്നെ എന്‍റെ അച്ഛനും, കുടുംബത്തിലെ എല്ലാ വേണ്ടപ്പെട്ടവരും, അയല്‍ക്കാരും, സുഹൃത്തുക്കളും, ധാരാളം പരിചയക്കാരും എന്നെ സ്വീകരിക്കുവാനും അഭിനന്ദിക്കുവാനും അക്ഷമരായി നില്‍ക്കുന്നുണ്ടായിരുന്നു. പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പുതന്നെ എനിക്കു കിട്ടിയ ഈ സ്വീകരണം, ഒരു യുദ്ധം ജയിച്ചു വരുന്ന വീരയോദ്ധാവിനു കിട്ടുന്നതു പോലെ ആയിരുന്നു.  എന്‍റെ ഈ ജീവിതകഥ, അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ വളരെ പ്രസിദ്ധമായിരുന്നു. ഇന്നും ഞങ്ങളുടെ കുടുംബങ്ങളിലും സുഹൃത്തുക്കളുടെ ഇടയിലും ഈ ഓർമ്മകൾ വളരെ സ്നേഹത്തോടെയും അഭിമാനത്തോടെയും പങ്കുവെയ്ക്കപ്പെടാറുണ്ട്.

പരിവര്‍ത്തനം

പരിവർത്തനം (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

ഇന്നു ഞാന്‍ എന്‍റെ ജീവിതത്തിലെ, ഈ യഥാര്‍ത്ഥ സംഭവത്തിലേക്ക് / അനുഭവത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, അങ്ങനെ ഒരു പരിവര്‍ത്തനം ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് സാദ്ധ്യമായതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ് :

  1. കൈയില്‍ കിട്ടിയ ഒരു അവസരം.
  2. അതു സാധ്യമാക്കുവാന്‍ സ്വയം എടുത്ത തീരുമാനം.
  3. അന്തിമഫലം എന്തായാലും അതു ദൈവഹിതം എന്നു നിശ്ചയിച്ചു മുന്‍പോട്ടു പോകാനുള്ള മനസ്സ്.
  4. ഏക മനസ്സോടെയും, ദൃഢതയോടെയുമുള്ള നിതാന്ത പരിശ്രമം
  5. ഒരു സമയത്ത് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുക
  6. സ്നേഹമുള്ളവരുടെയും, നമ്മെ ഉത്സാഹിപ്പിക്കുന്നവരും, നല്ല പ്രതീക്ഷകളും ആത്മവിശ്വാസവും തരുന്നവരുടെയും, സാന്നിധ്യത്തില്‍ ജീവിക്കുക.
  7. രാവിലെയും വൈകിട്ടുമുള്ള പ്രാര്‍ത്ഥന. പ്രത്യേകിച്ചു ഏറ്റവും ദുഷ്കരമെന്നും മനസ്സും ശരീരവും പതറുമെന്നും തോന്നുന്ന അവസരങ്ങളില്‍.
  8. ശുഭ പ്രതീക്ഷകളും വിശ്വാസവും.
  9. എല്ലാ വിധമായ സാഹചര്യങ്ങളിലും ശാന്തത പാലിക്കുക.
  10. എന്നേക്കാളും പ്രായവും അറിവും ജീവിത അനുഭവങ്ങളും ഉള്ള നമ്മേ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളുകളുടെ ഉപദേശവും സഹായവും തേടുക.
  11. തടസ്സങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ നമ്മുടെ അന്തിമ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
  12. നമ്മുടെ അന്തിമ ലക്ഷ്യം നേടി കഴിയുമ്പോള്‍ നമുക്ക് കിട്ടാന്‍ പോകുന്ന, സന്തോഷത്തെയും, പ്രതിഫലത്തെയും, നമുക്ക് സമൂഹത്തില്‍ ലഭിക്കാവുന്ന അഭിമാനത്തെയും ആദരവിനെയും നമ്മുടെ മനസ്സില്‍ നേരത്തേതന്നെ കാണുവാന്‍ കഴിയുക.
  13. വര്‍ത്തമാനകാലത്തെ സന്തോഷത്തിലും കഷ്ടപ്പാടിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ ഭാവിയിൽ നമ്മുക്ക് ലഭിക്കാവുന്ന നന്മകളിലും പ്രതിഫലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
  14. പ്രകൃതിയുടെ നിയമത്തെ, പ്രവൃത്തിക്കാന്‍ അനുവദിക്കുക.

നമ്മള്‍ ദൃഢ നിശ്ചയത്തോടും പതറാത്ത മനസ്സോടും കൂടി നല്ല നല്ല കാര്യങ്ങള്‍ നേടുവാന്‍വേണ്ടി, കഠിന പ്രയത്നം ചെയ്യുന്നത് മറ്റുള്ളവര്‍ കാണുമ്പോള്‍, നമ്മുടെ ചുറ്റുമുള്ളവരും, ഈ ലോകവും, ഈ പ്രകൃതി തന്നെയും, അത് സാധ്യമാക്കിത്തരുവാൻവേണ്ടി നമ്മെ സഹായിക്കുവാന്‍ നമ്മോട് ഒപ്പം ചേരും.

പ്രിയ സുഹൃത്തുക്കളേ, നമ്മുക്ക് വേണ്ടത്  തിരഞ്ഞെടുക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം ദൈവം നമ്മുക്ക് തന്നിട്ടുണ്ട്. നമ്മള്‍ ആരായിരുന്നാലും, എവിടെ ആയിരുന്നാലും, നമ്മള്‍ ഏക മനസ്സോടെ ഒരു കാര്യം നേടുവാന്‍ ആഗ്രഹിച്ചാല്‍ അതിനു വേണ്ടി പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും അത് സാധ്യമായി തീരും. ഈ ലോകവും, പ്രകൃതിയും, പ്രപഞ്ചവും, ദൈവവും, നമ്മേ എങ്ങനെ അതിലേക്ക് നയിച്ച്, ഏതെല്ലാം വിധത്തിൽ നമ്മെ സഹായിക്കാം എന്നതിന് അവസരം പാര്‍ത്ത് ഇരിക്കുകയാണ്. എന്നാല്‍ ആ ആദ്യത്തെ മുൻപോട്ടുള്ള പടി (STEP) എടുക്കുവാനുള്ള ഉത്തരവാദിത്തം നമ്മുടേതാണ്. നമ്മുക്ക് നമ്മുടെ തടസ്സങ്ങളെ മറികടക്കാം. നമ്മുക്ക് നമ്മെ തന്നെ പരിവര്‍ത്തനം ചെയ്യാം.  നമ്മുടെ പരിവര്‍ത്തനത്തിലും ചെറുതും വലുതുമായ നേട്ടങ്ങളിലും നമ്മോടൊപ്പം ഈ ലോകവും ആഹ്ളാദിക്കട്ടെ.

“ നിങ്ങള്‍ എന്തെങ്കിലും അതി തീവ്രമായി ആഗ്രഹിക്കുമ്പോള്‍, ഈ പ്രപഞ്ചം അതു സാധ്യമാക്കുവാന്‍ നമ്മെ എല്ലാ വിധത്തിലും സഹായിക്കും.”. -:  പൗലോ കൊയ്‌ലോ

എഴുത്തുകാരൻ ഓഫിസർ  (ലെഫ്റ്റനന്റ്) ആയതിനുശേഷം യൂണിഫോമിൽ

എഴുത്തുകാരൻ തന്റെ ആദ്യത്തെ ബറ്റാലിയന്റെ ഓഫീസറന്മാരുടെ കൂടെ – പുറകിലത്തെ നിരയിൽ ഇടത്തുനിന്ന് നാലാമത്