
കടൽ പഠിപ്പിച്ച പാഠം
കടൽത്തീരം
കൊല്ലം കടൽത്തീരത്തു കൂടി നടക്കുമ്പോൾ പല ചിന്തകളും എൻറെ ഉള്ളിലേക്ക് തിരകൾ പോലെ കടന്നു വന്നുകൊണ്ടേയിരുന്നു. കൊല്ലം കടൽ വളരെ ആഴം ഏറിയതിനാൽ, കടലിൽ ഇറങ്ങുന്നത് നിഷിദ്ധമാണ്. തിരമാലകൾ കണ്ട്. ആവേശത്തിൽ കടലിൽ ഇറങ്ങിയ പലരെയും കടൽ കൊണ്ടുപോയിട്ടുണ്ട്. കടലിൽ ഇറങ്ങുന്നത് നിഷിദ്ധമാണെന്ന നോട്ടീസ് ബോർഡ് എന്നെ തന്നെ തുറിച്ചു നോക്കുന്നത് ഞാൻ കണ്ടു. ഞാൻ എന്ത് ചെയ്യും എന്ന് വിചാരിച്ചാണോ എന്തോ?. ആ നോട്ടീസ് ബോര്ഡിനെ തന്നെ കടൽ വിഴുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ആണ്.
തിരമാലകൾ
ഇത്രയും വെള്ളം ഒരുമിച്ചു കണ്ടപ്പോൾ ഒരു ഭയാനകമായ ചിന്ത എന്നെ മദിച്ചു.
ഈ വരുന്ന തിരകളിൽ ഒന്ന് നേരെ കരയിലൂടെ, ഒരു അര കിലോമീറ്റർ ഉള്ളിലേക്ക് കടക്കുവാൻ തീരുമാനിച്ചാൽ, ഞാൻ ഈ കാണുന്ന മനുഷ്യർക്കെല്ലാം എന്ത് സംഭവിക്കും?. കരയിൽ ഇരിക്കുന്ന ഈ മീൻ പിടുത്ത ബോട്ടുകൾക്കെല്ലാം എന്ത് സംഭവിക്കും?. ഒന്നിനോടും തന്നെ ബന്ധിക്കാതെ തന്നെ ആണ് ഇതെല്ലാം കരയ്ക്ക് കയറ്റി വച്ചിരിക്കുന്നത്. അതിനപ്പുറം കാണുന്ന കൊച്ചു കൊച്ചു കുടിലുകളിൽ താമസിക്കുന്ന മനുഷ്യരുടെ കാര്യം എന്താകും?. തിരയിൽ ഞാൻ പെട്ടാൽ എൻറെ കഥ എന്താകും?. ഒരു നീന്തൽ കുളത്തിൽ കാലുതെന്നി വീണാൽ തീരാവുന്ന ആയുസ്സേ മനുഷ്യനുള്ളൂ. അപ്പോളാണ് ഈ നോക്കെത്താ ദൂരത്തു കിടക്കുന്ന വെള്ളം. കൂടാതെ, കരയെ കവർന്നെടുക്കാൻ വരുന്ന വലിയ ശക്തിയുള്ള തിരകളും.
കടൽ എന്ന കാമുകൻ
കവിയുടെ വരികളിൽ കരയെ പുണരുന്ന കടലിനെ കുറിച്ച് വർണ്ണിച്ചിരിക്കുന്ന സിനിമാഗാനം, മനസ്സിലേക്കു കടന്നു വന്നു. കുണുങ്ങി കുണുങ്ങി വരുന്ന പെരിയാറിനെ സ്വീകരിക്കാനായി കാത്തിരിക്കുന്ന കാമുകനായ കടലിനെ വിവരിച്ചിരിക്കുന്നതു, മനസ്സിലേക്കു നുഴഞ്ഞു കയറി.
“പെരിയാറെ, പെരിയാറെ, പർവതനിരയുടെ പനിനീരെ.
കുളിരും കൊണ്ടു കുണിങ്ങി നടക്കും,
മലയാളി പെണ്ണാണു നീ,
ഒരു മലയാളി പെണ്ണാണു നീ”
“തെന്നലകൾ തെന്നലകൾ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുക ആണല്ലോ .
കടലിൽ നീ ചെല്ലണം
കാമുകനെ കാണണം
നിൻറെ കല്യാണം അറിയിക്കേണം”
ഇത്ര അക്രമാസക്തമായ കടൽ ആണോ എന്റെ പെരിയാറിന്റെ കാമുകൻ എന്നുള്ള ചിന്ത, എന്നെ ഒരു സംശയത്തിലേക്ക് നയിച്ചു സ്നേഹ സമ്പന്നനായ കാമുകൻ ഭർത്താവായി മാറികഴിഞ്ഞുള്ള രൂപമാണോ ഇത്?.
തിരകൾ നൽകുന്ന ആഹ്‌ളാദം
ഈ ആർത്തടിക്കുന്ന തിരമാലയെയും, കടലിൽ ഇറങ്ങുന്നത് നിരോധിച്ചിരുന്നു എന്നെഴുയിരിക്കുന്ന ബോർഡിനെയും വകവെക്കാതെ, നാല് ചെറുപ്പക്കാർ കടലിലേക്ക് ഓടിയിറങ്ങുന്നതു കണ്ട് എന്റെ നെഞ്ച് ഒന്ന് പിടച്ചു. ഇവരിലൊരാളെ കടല് കൊണ്ടുപോകുന്നത് കാണേണ്ടി വരുമോ എന്ന ചിന്ത ഒരു ഇടിത്തീ പോലെ എന്റെ ഉള്ളിലേക്ക് കടന്നു വന്നു. കൂട്ടത്തിൽ ഒരുവൻ പുറകിൽ നിന്നു കടലിനെ സൂക്ഷിക്കണം എന്ന് പറയുന്നത് കേട്ടപ്പോൾ, എനിക്ക് ആശ്വാസം ആയി. ഒരാളെങ്കിലും സ്വബോധം നഷ്ടപ്പെടാതെ ഉണ്ടല്ലോ എന്നോർത്തപ്പോൾ!
മീൻ പിടിത്ത ബോട്ടുകൾ നിറഞ്ഞു കിടക്കുന്ന കൊല്ലം കടൽതീരം
മൂക്കുവരുടെ ജീവിതം
രാത്രി മുഴുവൻ കടലിനോട് പടവെട്ടി കടലിന്റെ ഗർത്തത്തിൽ നിന്നും കടലിന്റെ സമ്പത്തുമായി കൊച്ചു യന്ത്രബോട്ടുകളിൽ കരയിലേക്ക് വരുന്ന മുക്കുവരെ കണ്ടപ്പോൾ, അരച്ചാണ് വയറിനു വേണ്ടി, എത്ര അപകടം പിടിച്ച ജോലിയാണ് ഈ കടലിന്റെ മക്കൾ ചെയ്യുന്നത് എന്ന് ആലോചിച്ചു പോയി. ഇത്ര അപകടത്തെ നേരിട്ടുകൊണ്ട് ജീവിച്ചിട്ടും, പലപ്പോഴും, പലകാരണത്താലും ഇവർ അത്താഴപ്പഷ്ണിക്കാറാണല്ലോ എന്നുള്ളത്, ഒരു വൈരുധ്യം ആയി എനിക്ക് തോന്നി. ഈ അലക്കുന്ന വലിയ തിരമാലകളോട് പടവെട്ടി, തലമുറകളായി ജീവിച്ചുവരുന്ന ഈ മുക്കുവർ, കൊടിയ വെള്ളപ്പൊക്കകാലത്തു കേരളീയർക്കു അനുഗ്രഹമായി തീർന്ന തിൽ വലിയ അതിശയോക്തി ഇല്ല. വളരെ ലളിതമായി ജീവിക്കുന്ന മനുഷ്യപ്പറ്റിന്റെ പര്യായം ആണിവർ.
സുഖമായി ഉറങ്ങുന്ന നായകൾ
കരയിൽ വച്ചിരിക്കുന്ന ഓരോ ബോട്ടിന്റെയും അടിയിൽ, സുഖമായി കിടന്നുറങ്ങുന്ന നായകൾ. ഈ അലക്കുന്ന തിരമാലകൾ ഒന്നും അവരെ അലട്ടുന്നില്ല. ഒരു പക്ഷേ ഈ തിരമാലകളുടെ താളത്തെപ്പറ്റി, മുക്കുവർ കഴിഞ്ഞാൽ ഏറ്റവും അധികപരിചിതർ ഈ നായ്ക്കൾക്കക്ക് ആയിരിക്കും. ഈ തിരമാലകളുടെ താളം, ഈ നായ്ക്കൾക്കളുടെ ജീവിതതാളം ആയിരിക്കും. ഒരുപക്ഷെ ഒരു വലിയ സുനാമിക്ക് വേണ്ടി ഈ തിരമാലകൾ ഒന്ന് താളം തെറ്റിക്കുവാൻ ശ്രെമിച്ചാൽ, ആദ്യം ഈ മുക്കുവരെ അറിയിക്കുന്നത് ഈ മൃഗങ്ങളുടെ ഓലിയിടൽ ആയിരിക്കും.
പുലിമുട്ട്
കടൽത്തീരത്തിന്റെ അങ്ങേ അറ്റത്തു രണ്ടു കിലോമീറ്ററോളം കടലിന്റെ ഉള്ളിൽ കടലിന്റെ നെഞ്ചിലേക്ക് കെട്ടിയിരിക്കുന്ന പുലിമുട്ടിലൂടെയുള്ള യാത്ര ഒരു അനുഭവം തന്നെ ആണ്. ചുറ്റും കടൽ അതിനു നടുവിൽ ഇരുപത്തി അഞ്ചടി വീതിയിൽ പുലിമുട്ട്. പുലിമുട്ടിനെ ഒന്നുകൂടെ കടലിൽ നിന്നു രക്ഷിക്കാനായി കോൺക്രീറ്റും വലിയ പാറകളും കൊണ്ട് രണ്ടുവശത്തും നിറച്ചിരിക്കുന്നു. പുലിമുട്ടിലൂടെ രണ്ടുകിലോമീറ്റർ നടന്നു, അതിന്റെ അറ്റത്തു എത്തി, കടലിലേക്ക് നോക്കിനിൽക്കുന്നത് ഒരു അനുഭൂതി തന്നെ ആണ്. നമ്മൾ ആര് എന്ന് നമ്മളോട് തന്നെ ചോദിക്കുന്ന ഒരു അനുഭവം. വലിയ വലിയ തിരമാലകൾ പുലിമുട്ടിനെ തകർക്കാൻ കരയിലേക്ക് കയറാൻ അശ്രാന്തപരിശ്രമത്തിലാണ്. മുക്കുവർ പുലിമുട്ടിൻറെ മറപറ്റി, കൊല്ലം തുറമുഖത്തിന്റെ സുരക്ഷിതത്വത്തിലേക്ക് വേഗതയിൽ കയറിപോകുന്നത് മറക്കാൻ പറ്റാത്ത കാഴ്ചയാണ്. ഈ പുലിമുട്ട് ഇങ്ങനെ ഒരു സംരക്ഷണം ഒരുക്കിയില്ലായിരുന്നെങ്കിൽ ഈ മുക്കുവരുടെ ജീവിതം ഇതിലും കഠിനം ആയിത്തീരുമായിരുന്നു.
ആരാണ് ഞാൻ?
ആരാണ് ഞാൻ? എന്താണ് എന്റെ ജീവിതത്തിന്റെ അർത്ഥം? എത്രയോ പേർ എനിക്ക് മുന്നേ ഇവിടെ ജീവിച്ചു മരിച്ചു. എനിക്ക് ശേഷവും എത്രയോ പേർ ഇവിടെ ജനിക്കുവാനും ജീവിക്കുവാനും ഇരിക്കുന്നു. ഈ ഭൂമി കറങ്ങുന്ന വേഗതയിൽ ഒരു ചെറിയ വ്യതിയാനം വന്നാൽ, ഈ വലിയ വെള്ളം ഭൂമിയെ ഒന്ന് ചുറ്റി കറങ്ങിയാൽ, തീരാവുന്നതേ ഒള്ളു കരയിലെ ജീവിതം. ഈ ഭൂമി തന്നെ എന്താണ്? ഇത് എങ്ങും തൊടാതെ നിൽക്കുന്നു. ഇതിലും വലിയ ഗ്രഹങ്ങൾ ഉള്ള സൗരയൂഥത്തിന്റെ ഒരു ഭാഗം. ഈ സൗരയൂഥമോ, ഒരു മിൽക്കിവേ ഗ്യലക്സിയുടെ ഒരു ഭാഗം. ഇതുകൊണ്ടും അവസാനിക്കുന്നില്ല. ഈ മിൽകിവേ പോലെ കോടാനുകോടി ഗ്യാലക്സികൾ ഈ യൂണിവേഴ്സിൽ ഉണ്ട്. അപ്പോൾ….. ഈ വലിയ മനുഷ്യനായ ഞാൻ………. ഞാൻ……. ഞാൻ …….. എന്ന……. ഞാൻ………..ഒന്നുമല്ല എന്ന വലിയ യാഥാർഥ്യം, പച്ചയായി കണ്മുന്നിൽ തുറന്നുകിടക്കുന്നു. ഈ ചെറിയവനിൽ ചെറിയവാനായ, കൃമികളിൽ കൃമിയായ, മനുഷ്യന്റെ അഹംഭാവം തുറന്നു കാണിക്കുന്ന ജീവിതനുഭവം.
ലൈറ്റ് ഹൗസ്
ഇതിന്റെ എല്ലാം നടുവിൽ നിശബ്ദനായി നിന്ന് പ്രകാശം പരത്തുന്ന ലൈറ്റ് ഹൗസ്. ഇപ്പോളാണ് ഈ ലൈറ്റ് ഹൗസിന്റെ മഹത്വം മനസിലാക്കി വരുന്നത്. ഈ ലൈറ്റ്ഹൗസ് ഇല്ലായിരുന്നെങ്കിൽ, എത്രയോ കപ്പലുകൾ വഴി തെറ്റി ,ഈ കരയിലും പാറയിലും ഇടിച്ചു തകർന്നേനെ. കടലിൽ പോയ മുക്കുവർക്ക് വഴിതെറ്റാതെ കരയിൽ തിരിച്ചെത്താൻ ഇത് എല്ലാകാലവും ഒരു വഴികാട്ടിയായിരുന്നു.
കടൽ പഠിപ്പിച്ച പാഠം
മനുഷ്യജീവിതവും ഇതുപോലെ, ഈ ലൈറ്റ്ഹൗസ് പോലെ അല്ലേ ആകേണ്ടത്.? ഇത്രയും അനിശ്ചിതവവും ആശാന്തിയും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തിൽ നമ്മളും, ഒരു വിളക്കായി, വഴികാട്ടിയായി, നിൽക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?. മറ്റുള്ളവരുടെ ജീവിതം, നാം കാരണം ഒന്നുകൂടി ആശ്വാസമാക്കുവാൻ, സന്തോഷഭരിതമാക്കുവാൻ, നമ്മുടെ സാമിപ്യം സഹായിച്ചിട്ടുണ്ടോ, സഹായിക്കുന്നുണ്ടോ?
സ്വയം ചിന്ദിക്കുവാൻ, ഇതാ ഒരു അവസരം കൂടി….. നാളെ ഇല്ലാതാകേണ്ട നമ്മൾക്ക്, മറ്റുള്ളവന്റെ ജീവിതത്തിൽ ഒരു ഉപ്പായി തീരുവാൻ സാധിക്കട്ടെ. ജീവിതത്തിനു ഒരു അർത്ഥവും മാനവും നമ്മിലൂടെ ലഭിച്ചിടട്ടെ. തന്മയത്വത്തോടുകൂടി സൃഷ്ടിക്കപ്പെട്ട ഈ കടലും ഭൂമിയും സൗരയൂഥവും ഗ്യലക്സിയും നശിക്കുന്നതിനു മുന്പായി എനിക്ക് ഈ ഭൂമിയിൽ ജീവിച്ചിരിക്കുവാൻ ഈ പ്രബഞ്ചത്തിന്റെ സൃഷ്ടാവ് തന്ന അനുഗ്രഹം എത്ര വലുതാണ്. അതു വ്യഥാവിലാകാതിരിക്കട്ടെ.
“പ്രപഞ്ച സൃഷ്ടാവേ അങ്ങേക്ക് പ്രണാമം ”
എഴുത്തുകാരൻ ഭാര്യക്കൊപ്പം കൊല്ലം കടൽപുറത്ത്