മതവും ശാസ്ത്രവും

മതങ്ങൾ 

സയൻസ് (കടപ്പാട്  : ഗൂഗിൾ ഇമേജസ്) .

ആദികാലം മുതലുള്ളതാണ് മതങ്ങളും ശാസ്ത്രവും തമ്മിലുള്ള താരതമ്യം.

മതത്തില്‍ പറഞ്ഞിരിക്കുന്നതാണോ പൂര്‍ണ്ണമായും ശരി?  അതോ, ശാസ്ത്രം ഓരോന്നായി നമ്മളുടെ മുന്‍പില്‍ കാണിച്ചു തരുന്നതാണോ ശരി? ശാസ്ത്രം കാണിച്ചു തരുന്ന പുതിയ പുതിയ കാര്യങ്ങള്‍ മത ഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്നതുമായി വ്യത്യാസമില്ലായെന്ന് സ്ഥാപിക്കുവാനുള്ള വ്യഗ്രത മതാചാര്യന്‍മാരില്‍ അങ്ങേയറ്റമുണ്ട്. കാരണം, എല്ലാ മതങ്ങളും പറയുന്നത്, വള്ളിപുള്ളി തെറ്റാതെ തങ്ങളുടെ മത ഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്നതാണ് ആത്യന്തികമായ സത്യമെന്നാണ്.  മതഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്നതിന് എതിരായ ചില സത്യങ്ങള്‍ തുറന്നു കാട്ടിയ ശാസ്ത്രജ്ഞന്‍മാരെ കൊല്ലുക വരെ ചെയ്തിട്ടുള്ള സംഭവങ്ങള്‍ ചരിത്രത്തില്‍ വ്യക്തമായി കുറിച്ചിട്ടുണ്ട്. തങ്ങളുടെ മതവുമായി ചേര്‍ന്നു പോകുന്ന ജനങ്ങളുടെ വിശ്വാസം  നഷ്ട്ടപ്പെട്ട് വിട്ടുപോകാതിരിക്കുവാനും തങ്ങള്‍ അന്നുവരെയും വിശദീകരിച്ചതാണ് സത്യമെന്നു തുടര്‍ന്നും സ്ഥാപിക്കാനാണ്, ഇതൊക്കെയും, ദൈവത്തിന്‍റെ പേരില്‍ ചെയ്തിട്ടുള്ളതും, ഇപ്പോഴും പലയിടത്തും ചെയ്യപ്പെട്ടുകൊണ്ടിക്കുന്നതും.

ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടുണ്ടെങ്കിലും,  ലോകത്തുണ്ടായിരുന്നതും ഇന്നുള്ളതുമായ വലിയ ശാസ്ത്രജ്ഞന്‍മാരോട് ചോദിച്ചാല്‍ വ്യക്തമായി പറയുന്ന ഒരു കാര്യം ഉണ്ട്. “കൂടുതല്‍ കൂടുതല്‍ അറിവ് നേടും തോറും അവര്‍ക്കും ഉള്ളിന്‍റെ ഉള്ളില്‍ ഇതൊക്കെ എങ്ങനെ ഉണ്ടാക്കപ്പെട്ടു, സൃഷ്ട്ടിക്കപ്പെട്ടു എന്നതിനെപ്പറ്റി യാതൊരു വ്യക്തതയും ഇല്ല എന്ന്”. ഏതോ ഒരു ശക്തി തീര്‍ച്ചയായും ഇതിന്‍റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലേ, ഇന്നും പ്രവര്‍ത്തിക്കുന്നില്ലേ എന്നത് ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും അവരുടെ മുന്‍പില്‍ നില്‍ക്കുകയാണ്. നേരത്തെ സൃഷ്ടിച്ച പല സിദ്ധാന്തങ്ങളും പില്‍ക്കാലത്ത് ശാസ്ത്രം തന്നേ മാറ്റി, വേറെ പലവിധത്തിലും എഴുതിയിട്ടുണ്ട് എന്ന സത്യവും, ശാസ്ത്രലോകത്തെ പലപ്പോഴും സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്നുണ്ട്  എന്നതാണ് യാഥാര്‍ഥ്യം.

മാര്‍ത്തോമ്മ സഭയും ശാസ്ത്രജ്ഞരും

ഡോക്ടർ കെ ശിവനെയും യുവ ശാത്രജ്ഞരെയും സ്വാഗതം ചെയ്തുകൊണ്ടുള്ള കവാടം, മാർത്തോമ സഭയുടെ തിരുവല്ലയിലെ (കേരളം) ആസ്ഥാനത്ത്

ഡോക്ടർ കെ ശിവനെയും യുവ ശാത്രജ്ഞരെയും സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകൾ

ഈ ഒരു സാഹചര്യത്തിലാണ്, കേരളത്തില്‍ തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലങ്കര മാര്‍ത്തോമ്മ സഭയുടെ (ക്രിസ്ത്യൻ), പ്രമുഖ ശാസ്ത്രജ്ഞന്‍മാരെയും വളരുന്ന ശാസ്ത്രപ്രതിഭകളെയും ആദരിക്കുവാനായി, രണ്ടായിരത്തിരണ്ടു (2002) മുതല്‍ ഏര്‍പ്പെടുത്തപ്പെട്ടിട്ടുള്ള “മേല്‍പ്പാടം ആറ്റുമാലില്‍ ജോര്‍ജ്ജ്കുട്ടി” മെറിറ്റ് അവാര്‍ഡിന്‍റെയും, യുവശാസ്ത്രജ്ഞര്‍ അവാര്‍ഡിന്‍റെയും പ്രസക്തി. ഈ കഴിഞ്ഞ രണ്ടായിരത്തി ഇരുപത്തിരണ്ട്‍ (2022) സെപ്റ്റംബര്‍ പത്തിന് (10) ന് ഐ. എസ്. ആർ. ഒ  (ISRO) യുടെ ചെയര്‍മാനായിരുന്ന ശ്രീ. കെ. ശിവന്‍ ഉള്‍പ്പടെ ഇന്ത്യയിലെ പതിനഞ്ച് ആഗ്രഗണ്യരായ ശാസ്ത്രജ്ഞന്‍മാരെയും, പതിനാറ് വളര്‍ന്നു വരുന്ന യുവശാസ്ത്രപ്രതിഭകളെയും ആദരിക്കുവാന്‍, ഈ അവാര്‍ഡുകള്‍ വഴി, കഴിഞ്ഞ ഇരുപത് (20) വര്‍ഷമായി മാര്‍ത്തോമ്മാ സഭയ്ക്ക് സാധിച്ചിട്ടുണ്ട്.

ഡോക്ടറ്റർ കെ എ എബ്രഹാമിന് ആദരണീയനായ ഉപരാഷ്ട്രപതി ശ്രീ വെങ്കട്ട നായിഡു അവാർഡ് നൽകി ആദരിക്കുന്നു.  ഇടതുവശത്ത് ഇരിക്കുന്നത് കാലം ചെയ്ത ഡോക്ടർ ക്രിസോസ്തം മാർത്തോമാ വലിയ മെത്രപ്പോലീത്തായും, നില്കുന്നത് കാലം  ചെയ്ത ഡോക്ടർ ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയും

30 ഏപ്രിൽ 2018 രണ്ടായിരത്തി പതിനെട്ട്)  മെറിറ്റ് അവാർഡ് ഡോ.കെ. എ. എബ്രഹാം (ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധന്‍), പത്മശ്രീയ്ക് നൽകിയത് അന്നത്തേ ഭാരതത്തിന്റെ ആദരണീയനായ ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു ആയിരുന്നു എന്നത് ഈ അവാർഡ് ദാനങ്ങളിലെ ഒരു സുവർണ മുഹൂർത്തം തന്നെ ആണ്.

മാര്‍ത്തോമ്മാ സഭയുടെ ഈ “മേല്‍പ്പാടം ആറ്റുമാലില്‍ ജോര്‍ജ്ജ്കുട്ടി അവാര്‍ഡ്” വഴി ആദരിക്കപ്പെട്ടിട്ടുള്ള ശാസ്ത്രജ്ഞന്‍മാര്‍ എക്കാലവും ഇന്ത്യയെ ലോകത്തിന്‍റെ മുന്‍ നിരയില്‍ നിര്‍ത്തുവാന്‍ സഹായിച്ചിട്ടുള്ള അഗ്രഗണ്യന്‍മാരാണ് എന്നത് വളരെ അഭിമാനകരമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് ഈ ആദരവ് ഒരു സഭയുടെ (മതം) നേതൃത്വത്തില്‍ അതിന്‍റെ ആസ്ഥാനത്തുവെച്ച് നടത്തപ്പെടുന്നു എന്നുള്ളത് തീര്‍ച്ചയായും പുരോഗമനപരമായ ഒരു ചിന്താഗതിയുടെ പ്രകടനമാണ്. ഒരു ലക്ഷം രൂപ (Rs 1,00,000/-)  “മെറിറ്റ് അവാര്‍ഡും”, അന്‍പതിനായിരം രൂപ (Rs 50000/-)  “യംഗ് സൈന്‍റിസ്റ്റ് അവാര്‍ഡും” കൂടാതെ, പ്രശംസാപത്രവും നല്‍കപ്പെടുന്ന, ശാസ്ത്രജ്ഞരെ ഈ ഒരു മുന്തിയ നിലയില്‍ ഒരു സഭയായി ആദരിക്കുന്ന ചടങ്ങ്, മറ്റ് ഏതെങ്കിലും മതത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ടോ എന്ന് എന്‍റെ അറിവില്‍ ഇല്ല.

മേല്‍പ്പാടം ആറ്റുമാലില്‍ ജോര്‍ജ്ജ്കുട്ടി മെറിറ്റ് അവാര്‍ഡ്

ഇതുവരെ ഈ മെറിറ്റ് അവാര്‍ഡ് നേടിയ മുന്‍ നിരയിലുള്ള ശാസ്ത്രജ്ഞന്‍മാര്‍ താഴെ പറയുന്നവരാണ്:

1. 08 നവംബര്‍ 2003 : ഡോ. എം. എസ്. വല്യത്താന്‍ (ഹൃദയ ശസ്ത്രക്രിയ  വിദഗ്ദ്ധന്‍ ), പത്മഭൂഷന്‍

2. 08 നവംബര്‍ 2004 : ഡോ. ജി. മാധവന്‍ നായര്‍ (സ്പേസ് കമ്മീഷന്‍

ചെയര്‍മാന്‍ ), പത്മഭൂഷന്‍

3. 03 ഫെബ്രുവരി 2006 : ഡോ. എം. എസ്. സ്വാമിനാഥന്‍ (ഹരിത

വിപ്ലവത്തിന്‍റെ പിതാവ്), പത്മവിഭൂഷണ്‍

4. 26 ജനുവരി 2007 : ഡോ. ജോര്‍ജ്ജ് ജോസഫ് (സ്പേസ് സയന്‍സ് ആന്‍ഡ്  ടെക്നോളജി ഡയറക്ടർ), പത്മഭൂഷണ്‍

5. 18 ഒക്റ്റോബര്‍ 2008 : ഡോ. വര്‍ഗ്ഗീസ് കുര്യന്‍ (ധവള വിപ്ലവത്തിന്‍റെ

പിതാവ്), പത്മവിഭൂഷണ്‍

6. 29 നവംബര്‍ 2010 : ഡോ. ഇ. ശ്രീധരന്‍ (മെട്രോമാന്‍), പത്മശ്രീ,            പത്മവിഭൂഷണ്‍

7. 22 ഡിസംബര്‍ 2011 : ഡോ. പി. കെ. വാര്യര്‍ (ആര്യവൈദ്യശാല മാനേജിംഗ് ഡയറക്ടർ), പത്മഭൂഷണ്‍

8. 22 ഡിസംബര്‍ 2011 : ഡോ. മാമ്മന്‍ ചാണ്ടി (ടാറ്റ മെഡിക്കല്‍                  സെന്‍റര്‍ ഡയറക്ടർ), പത്മശ്രീ

9. 18 ഫെബ്രുവരി 2013 : ഡോ. കെ.എന്‍.നൈനാന്‍ കോവൂർ

(വി.എസ്.എസ്.സി)

10. 01 ഫെബ്രുവരി 2014 : ഡോ. കെ. രാധാകൃഷ്ണന്‍ (ഐ. എസ്. ആർ. ഒ.

ചെയര്‍മാന്‍ ), പത്മഭൂഷണ്‍

11. 28 ഫെബ്രുവരി 2015 : ഡോ. പോള്‍ സെബാസ്റ്റ്യന്‍ (റീജിയണല്‍          ക്യാന്‍സര്‍ സെന്‍റര്‍ ഡയറക്ടർ)

12. 26 നവംബര്‍ 2016 : ഡോ. ദേവി പ്രസാദ് ഷെട്ടി (നാരായണ ഹൃദയാലയ ചെയർമാൻ), പത്മശ്രീ, പത്മവിഭൂഷണ്‍

13. 30 ഏപ്രില്‍ 2018 : ഡോ.കെ. എ. എബ്രഹാം (ഹൃദയശസ്ത്രക്രിയാ    വിദഗ്ദ്ധന്‍), പത്മശ്രീ

14. 07 ഫെബ്രുവരി 2019 : ഡോ.വി.എസ്. അരുണാചലം (       സൈന്‍റിഫിക്ക് അഡ്വൈസര്‍), പത്മഭൂഷണ്‍, പത്മവിഭൂഷണ്‍

15. 10 സെപ്റ്റംബര്‍ 2022 : ഡോ.കെ. ശിവന്‍ (ഐ.എസ്.ആർ.ഒ. ചെയര്‍മാന്‍ )

മേല്‍പ്പാടം ആറ്റുമാലില്‍ യംഗ് സൈന്‍റിസ്റ്റ് അവാര്‍ഡ്

ഇവരെ കൂടാതെ ഐ‌.ഐ‌.ടി (IIT), ഐ‌.ഐ‌.എസ്‌.സി (IISc), നെസ്റ്റ് (NEST), സി‌.ഐ‌.എഫ്‌.ടി (CIFT), റീജിയണല്‍ ക്യാന്‍സര്‍ സെന്‍റര്‍, ഭാഭാ അറ്റോമിക്ക് റിസേര്‍ച്ച് സെന്‍റര്‍ ഇത്യാതി സ്ഥാപനങ്ങളില്‍ നിന്നുമുള്ള, വളര്‍ന്നു വരുന്ന പതിനാറ് യുവശാസ്ത്രജ്ഞന്‍മാരെയും “യംഗ് സൈന്‍റിസ്റ്റ് അവാര്‍ഡ്” നല്കി ആദരിച്ചിട്ടുണ്ട് എന്നത് സ്തുത്യര്‍ഹമായ ഒരു കാര്യമാണ്.

ഈ അവാര്‍ഡുകളുടെ കാരണഭൂതന്‍

ശ്രീ എ വി ജോൺസ്

മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ (മെത്രാപ്പോലീത്ത) വിശിഷ്ടാതിഥികൾ നിറഞ്ഞ സദസ്സിൽവെച്ചു നല്‍കുന്ന ഈ പ്രശസ്തമായ അവാര്‍ഡ്, മാര്‍ത്തോമ്മാ സഭവഴി സാധ്യമാക്കിയത് മേൽപ്പാടം ആറ്റുമാലിൽ ശ്രീ. എ. വി. ജോണ്‍സ് ആണ്. ഔദ്യോഗിക ജീവിതത്തിന്‍റെ ഭൂരിഭാഗവും സിംഗപ്പൂരില്‍ ചെലവഴിച്ച് വിരമിച്ചശേഷം, തിരുവല്ലയില്‍ താമസമാക്കി, തന്‍റെ സമ്പാദ്യത്തിന്‍റെ ഭൂരിഭാഗവും സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയുന്ന, ആവശ്യങ്ങളില്‍ ഇരിക്കുന്നവരെ സഹായിക്കുവാന്‍ വേണ്ടിയാണ് വിനിയോഗിച്ചു കൊണ്ടിരിക്കുന്നത്. ശാസ്ത്രവും ശാസ്ത്രജ്ഞന്‍മാരെയും പ്രോത്സാഹിപ്പിക്കുകയെന്നത്‌, അദ്ദേഹത്തിന്‍റെ ചിരകാല സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. അത് സാധ്യമാക്കുവാനായി ആദ്ദേഹം തന്‍റെ സമ്പാദ്യത്തിന്‍റെ ഒരു വലിയ ഭാഗം ഒരു എന്‍ഡോവ്മെന്‍റായി, ഈ അവാര്‍ഡുകള്‍ എക്കാലവും കൊടുക്കുവാനായി മാര്‍ത്തോമ്മാ സഭയെ ഏൽപ്പിക്കുകയാണ് ഉണ്ടായത്. അദ്ദേഹം കൊടുത്തിരിക്കുന്ന ഈ എന്‍ഡോവ്മെന്‍റില്‍ നിന്നും, ഓരോ വര്‍ഷവും കിട്ടുന്ന പലിശയില്‍ നിന്നുമാണ്, എല്ലാക്കാലവും ഈ അവാര്‍ഡുകള്‍ ഉത്തമന്മാരായിട്ടുള്ളവർക്ക് നല്കുവാന്‍ തക്കവണ്ണം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഇരുപത് (20) വര്‍ഷക്കാലം ഇത് ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു. വരുന്ന എല്ലാ വര്‍ഷങ്ങളിലും ഇത് കൊടുക്കുവാന്‍ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു. തന്‍റെ സമ്പാദ്യത്തില്‍ വലിയ ഭാഗം ഇതിനായി മാറ്റിവച്ച ശ്രീ. എ. വി. ജോണ്‍സിന്‍റെ   വലിയ മനസ്സിനേയും, ദീർഘവീക്ഷണത്തേയും എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.

മതവും ശാസ്ത്രവും

മതത്തെയും ശാസ്ത്രത്തെയും ഒരുമിച്ച് കൊണ്ടുപോകുവാന്‍ മാര്‍ത്തോമ്മാ സഭ നടത്തുന്ന ശ്രമങ്ങള്‍ സ്ലാഖനീയമാണ്. ഒരു സാധാരണക്കാരന് മനസ്സിലാക്കുവാനും ജീവിതത്തിന്‍റെ പ്രതികൂല ഘട്ടങ്ങളില്‍ പതറാതെ, തകരാതെ പിടിച്ചു നിൽക്കുവാനും മതം സഹായിക്കുന്നുണ്ട് എന്നതിനോടൊപ്പം, മാറുന്ന ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ വെളിച്ചത്തില്‍, അതിന് അതിന്‍റെതായ അംഗീകാരവും, പ്രാധാന്യവും കൊടുക്കുക എന്നത് മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന് വളരെ ആവശ്യമാണ്. മതവും ശാസ്ത്രവും ചേര്‍ന്ന് മനുഷ്യരെ പുതിയ നന്മകളിലേക്ക് നയിക്കട്ടെ. ഇന്നും നമ്മുടെ ഓരോരുത്തരുടെയും   ഉള്ളിലും, സമൂഹത്തിലുമുള്ള ഇരുട്ടിനെ കാലോചിതമായി മാറ്റി, ഒരു ചേതനാത്മകമായ യുവതലമുറയെ വാര്‍ത്തെടുക്കുവാന്‍ എല്ലാ മതങ്ങള്‍ക്കും കഴിയട്ടെ. അതിന്, ഇതുപോലെയുള്ള അവാര്‍ഡുകള്‍  പ്രയോജനകരമായി തീരട്ടെ…..

“മതം ഇല്ലാത്ത ശാസ്ത്രം മുടന്തനാണ്

സയൻസ് ഇല്ലാത്ത മതം അന്ധനാണ്”

കടപ്പാട് : ആൽബർട്ട് ഐൻസ്റ്റെയിൻ

എഴുത്തുകാരൻ ശ്രീ എ വി ജോൺസിനോടൊപ്പം