ഓണാട്ടുകരക്കാരന്‍റെ ഓണക്കാല ഓർമ്മകൾ

“മാവേലി നാടു വാണീടും കാലം

മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തങ്ങാർക്കുമൊട്ടില്ല താനും”

“ആധികൾ വ്യാധികളൊന്നുമില്ല

ബാലമരണങ്ങൾ കേൾപ്പാനില്ല.

ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല

നല്ലവരല്ലാതെയില്ല പാരിൽ”

“ഭൂലോകമൊക്കേയുമൊന്നുപോലെ

ആലയമൊക്കെയുമൊന്നുപോലെ

കള്ളവുമില്ല ചതിയുമില്ല

എള്ളോളമില്ല പൊളി വചനം”

“കള്ളപ്പറയും ചെറു നാഴിയും,

കള്ളത്തരങ്ങൾ മറ്റൊന്നുമില്ല

മാവേലി നാടുവാണീടും കാലം

മാനുഷരെല്ലാരുമൊന്നുപോലെ”

വാമനന്റെ മൂന്നാം കാൽപാതം വയ്ക്കുവാനായി മഹാബലി തന്റെ ശിരസ്സു കാണിച്ചുകൊടുക്കുന്നു.

(കടപ്പാട്  : ഗൂഗിൾ ഇമേജസ്)

മഹാബലി തന്‍റെ വാക്കുപാലിക്കുവാനായി വാമനനായി വന്ന മഹാവിഷ്ണുവിന്‍റെ മുന്‍പില്‍, മൂന്നാമത്തെ കാല്‍പാദം വെയ്ക്കുവാനായി തന്‍റെ ശിരസ്സ് കാണിച്ചു കൊടുത്തത് ഓണാട്ടുകരയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. ഓണാട്ടുകരയുടെ തലസ്ഥലമായ മാവേലിക്കരയില്‍ (മാവേലിക്കര എന്നാല്‍ മാവേലിയുടെ സ്ഥലം) ജനിച്ചു വളരുവാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. തിരുവിതാംകൂര്‍ രാജകുടുംബവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍, ഓണാട്ടുകര  വളരെ മുന്‍പന്തിയില്‍ നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. അക്കാലത്ത് തിരുവിതാംകൂറില്‍ തന്നെയും ഒരു സാംസ്കാരിക തലസ്ഥാനമായാണ് ഓണാട്ടുകര നില നിന്നിരുന്നത്. ഈ വലിയ പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമായി ജീവിക്കുവാന്‍ ഇടയാകുന്നത് എല്ലാ മാവേലിക്കരക്കാര്‍ക്കും (ഓണാട്ടുകര ക്കാര്‍ക്കും) ഇന്നും അഭിമാനമാണ്.

 

ഓണാട്ടുകരയുടെ സാംസ്കാരിക പൈതൃകവും പ്രാധാന്യവും

               ഓണാട്ടുകരയുടെ ഭാഗമായിരിക്കുന്ന  ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രവും (AD 823), കണ്ടിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രവും (AD 731), മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും  ആ വലിയ പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും പ്രതീകമായി ഇന്നും മാവേലിക്കരയുടെ നെറുകയില്‍ ശോഭിക്കുന്നു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് അടുത്തായി സ്ഥാപിതമായിരിക്കുന്ന ചമ്രം പണിഞ്ഞിരിക്കുന്ന ശ്രീബുദ്ധ പ്രതിമ ഒന്‍പതാം നൂറ്റാണ്ടിലേതാണെന്ന് (AD 900) വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ AD 934 ല്‍ സ്ഥാപിതമായതാണ്. തിരുവിതാംകൂര്‍ രാജാവുമായി യുദ്ധത്തില്‍ പരാജയപ്പെട്ട ഡെച്ചുകാര്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ ഓര്‍മ്മയ്ക്കായാണ് നാല് ഡെച്ച് പടയാളികള്‍ തോക്ക് പിടിച്ച് ഏറ്റവും അടിയില്‍ നില്‍ക്കുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്തംഭവിളക്ക്, ഡെച്ചുകാര്‍ സമ്മാനിച്ചത്. മഹാത്മാ ഗാന്ധിയും തന്‍റെ ഭാരത യാത്രാ മദ്ധ്യേ ജനുവരി പത്തൊൻപത് 1934 ല്‍, ഓണാട്ടുകരയില്‍ ഉള്‍പ്പെട്ട തട്ടാരമ്പലം സന്ദര്‍ശിച്ചു, പല പ്രമുഖരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു എന്നുള്ളത് അക്കാലത്തെ ഓണാട്ടുകരയുടെ (പില്‍ക്കാലത്ത് മാവേലിക്കര) മഹത്വത്തെയും പ്രാമുഖ്യത്തേയും എടുത്തു കാണിക്കുന്നതാണ്.

ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്‌തംബവിളക്കുകാക്കുന്ന ഡച്ചു  പടയാളി (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്‌തംബവിളക്കുകാക്കുന്ന ഡച്ചു  പടയാളി (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

ഈ ഓണാട്ടുകരയുടെ പാരമ്പര്യത്തെ ഉള്‍ക്കൊണ്ട് ഓണാട്ടുകരക്കാരനായി വളര്‍ന്ന് പ്രശോഭിച്ച ധാരാളം പേരുണ്ട്. ഈ മാവേലിക്കരയും ഓണാട്ടുകരയും ആയി ബന്ധപ്പെട്ടുനിൽക്കുന്നവരിൽ ചിലരാണ്  ശ്രീ രാമയ്യ ദളവ (1705 – 1756, തിരുവിതാംകൂറിന്റെ ദീവാൻ),  ശ്രീ. എ.ആര്‍. രാജരാജ വര്‍മ്മ (1863 – 1981, കവി, മഹാരാജാസ് കോളേജ് പ്രൊഫസർ), ശ്രീ രാജാ രവിവര്‍മ്മ (1848 – 1906, ചിത്രമെഴുത്ത്), ആര്‍ച്ച് ബിഷപ്പ് ഗീ വര്‍ഗ്ഗീസ്മാര്‍ ഇവാനിയോസ് (1882 – 1953, സീറോ  മലങ്കര സഭയുടെ സ്ഥാപകൻ), ശ്രീ. സി. എം. സ്റ്റീഫന്‍ (1918 – 84, രാഷ്ട്രീയം, കേന്ദ്രമന്ത്രി) , ശ്രീ പി സി അലക്സാണ്ടര്‍ (1921 -2011, ഐ എ എസ്, ഗവർണ്ണർ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി), ശ്രീ മാവേലിക്കര കൃഷ്ണന്‍കുട്ടി (1920 – 1988, മൃദംഗം), മാവേലിക്കര പൊന്നമ്മ (1926 – 1995, അഭിനേത്രി), ബിഷപ്പ് മൂർ (1870 – 1944, ആംഗ്ലിക്കൻ സഭയുടെ ബിഷപ്പ്, വിദ്യാഭാസ മേഖല), ലെഫ്റ്റനന്റ് ജനറൽ ഐസക് ജോൺ കോശി (1949  -2020,  ഇന്ത്യൻ ആർമി), ജോസഫ് പീറ്റ് (1801 – 1865, സി എം എസ് മിഷനറി, മലയാള ഭാഷാ പണ്ഡിതൻ)   അങ്ങനെ അങ്ങനെ അനേകര്‍ . പിന്നീട് സ്ഥാപിതമായ മാവേലിക്കര ഗെവണ്‍മെന്‍റ് ഹൈസ്കൂളുകളും, ബി‌എച്ച് സ്കൂളും, ബിഷപ്പ് മൂര്‍ കോളേജും, പില്‍ക്കാലത്ത് ഓണാട്ടുകരയുടെ വളര്‍ച്ചയെ വളരെ അധികം സഹായിച്ചിട്ടുണ്ട്.

 

വിഭവ സമൃദ്ധമായ ഓണസദ്യ

ഓണസദ്യ (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

ഓണാട്ടുകരയുടെ ഈ മഹത്തായ പാരമ്പര്യത്തിന്‍റെ തുടര്‍ച്ച എന്നോളം പണ്ടു കാലം മുതലേ വളരെ വിഭവ സമൃദ്ധമായ സദ്യ ഓണക്കാലത്തെ സന്തോഷത്തെ വളരെ അധികം ആസ്വാദ്യകരമാക്കിയിരുന്നു. എന്‍റെ അമ്മയുടെ കുടുംബം എട്ട് സഹോദരി സഹോദരന്മാര്‍ അടങ്ങിയതായതിനാലും എല്ലാവരും ഓണക്കാലത്ത് ചെട്ടികുളങ്ങരെയുള്ള തറവാട്ടില്‍ കുടുംബ സമേതം ഒന്നിച്ചു കൂടിയിരുന്നതിനാലും എന്‍റെ മുത്തശ്ശി ഒരു നല്ല പാചക വിദഗ്ദ്ധ ആയിരുന്നതിനാലും അക്കാലത്ത് ജൈവ കൃഷിയിലൂടെ മാത്രം ഉല്‍പ്പാദിപ്പിച്ചിരുന്ന പച്ചക്കറികളും മറ്റും ഉപയോഗിച്ചുള്ള വിഭവങ്ങളുടെ രുചി ഇന്നും നാവില്‍ നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങള്‍ സ്നേഹപൂര്‍വം സുനേന എന്നു വിളിക്കുന്ന ഞങ്ങളുടെ കുടുംബത്തിന്‍റെ തന്നെ ഭാഗമായ,  സുരേന്ദ്രൻ ചേട്ടന്റെ കൈപ്പുണ്യം എല്ലാ ആഹാരപദാര്‍ഥങ്ങളെയും രുചിയുടെ മൂര്‍ദ്ധന്യത്തില്‍ എത്തിച്ചിരുന്നു. വിരലുകള്‍ നക്കി വടിക്കാതെ ഒരു ഓണസദ്യയും അവസാനിച്ചിരുന്നില്ല.

എഴുത്തുകാരൻ സുരേന്ദ്രൻ ചേട്ടനോടൊപ്പം

വടം വലിയും പുലികളിയും

വടംവലി

എഴുത്തുകാരൻ കടുവകളിയുടെ ഭാഗമായി തോക്കും പിടിച്ച്

വടംവലിയും പുലികളിയും എക്കാലവും ഓണാഘോഷത്തിന്‍റെ ഭാഗമായിരുന്നു. പുലി കളിക്കാര്‍ കൂട്ടം കൂട്ടമായി വീടു വീടാന്തരം അക്കാലങ്ങളില്‍ കേറി-ഇറങ്ങി വന്നു കൊണ്ടേ ഇരുന്നു. പില്‍ക്കാലത്ത് ഞങ്ങളുടെ കുടുംബസംഗമങ്ങളുടെ ഭാഗമായി വടംവലിയും പുലികളികളും വളരെ ആഘോഷമായും ആഹ്ളാദത്തോടെയും നടത്തിയിരുന്നതും ഈ ഓണാക്കാലത്ത് ഓര്‍മകളുടെ തിരമാലകളായി, മനസ്സിലേക്ക് കടന്നു വരികയാണ്.

 

നെഹ്രുട്രോഫി വള്ളംകളി

വള്ളംകളി മത്സരം

ഓണക്കാലം  വള്ളംകളികളുടെ ഒരു കാലഘട്ടം കൂടിയാണ്. എന്‍റെ ചെറുപ്പകാലത്ത് അയല്‍ക്കാരായ കൂട്ടുകാരുമൊത്ത് മാവേലിക്കരയില്‍ നിന്നും ആലപ്പുഴയില്‍ നെഹ്രുട്രോഫി വള്ളംകളി കാണാന്‍ പോയതും, പലരുടേയും നിര്‍ബന്ധം കാരണം പോയവഴിക്കൊരു കള്ളുഷാപ്പില്‍ കേറിയതും മാതാപിതാക്കളെ ഭയന്ന് ഞാന്‍ കള്ളു കുടിക്കാതിരിക്കുവാന്‍ പെട്ട പാടുകളും ഇന്നലെയെന്നോണം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

 

കേരളത്തിനു പുറത്തുള്ള ജീവിതം

എഞ്ചിനീയറിംഗിന് പഠനത്തിന് നാഗ്പ്പൂരിലും, പട്ടാളത്തില്‍ ഇന്ത്യയുടെ പലഭാഗങ്ങളിലും സേവനം അനുഷ്ഠിക്കുന്ന കാലത്തും, ഓണം എന്നും ഒരു ആഘോഷം തന്നെ ആയിരുന്നു. മലയാളികളുള്ള ലോകത്തിന്‍റെ ഒരു ഭാഗത്തും ഓണം ആഘോഷിക്കപ്പെടാതിരിക്കുന്നില്ല. തങ്ങളുടെ മക്കളെ കേരളത്തിന്‍റെ സംസ്ക്കാരത്തിലും പാരമ്പര്യത്തിലും വളര്‍ത്തണം എന്നുള്ള വലിയ ആഗ്രഹം കേരളത്തിനുപുറത്തുള്ള മലയാളികളെ, ഓണം വളരെ ഗംഭീരമായി ആഘോഷിക്കുവാന്‍ ഉത്സാഹിപ്പിക്കുന്നു. കേരളത്തിന്‍റെ തനതായ മുണ്ടും ജുബയും അണിഞ്ഞ് ആണുങ്ങളും, കേരളാസാരി (സെറ്റ് സാരി)  അണിഞ്ഞ് സ്ത്രീകളും ഓണത്തിന് ഒത്തുകൂടുക എന്നുള്ളത് ഒരു വലിയ ആത്മാഭിമാനത്തിന്‍റെ ഭാഗം ആയിരുന്നു. ജാതി-മത ഭേദമില്ലാതെയാണ്  എല്ലാ മലയാളികളും ഓണം ആഘോഷിച്ചിരുന്നത്. അത്, എക്കാലവും അങ്ങനെ തന്നെ തുടരുവാന്‍ ഇടയായിത്തീരട്ടെ.

 

പൂക്കളവും തിരുവാതിരയും

തിരുവാതിര (കൈകൊട്ടി കളി) (കടപ്പാട്: സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻസ്, പത്താമുട്ടം, കോട്ടയം)

അത്തപ്പൂ (കടപ്പാട്  : സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻസ്, പത്താമുട്ടം, കോട്ടയം)

പൂക്കളം തീര്‍ക്കലും തിരുവാതിരക്കളിയും ഓണക്കാലത്ത്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരു ആഘോഷമായിരുന്നു. മുണ്ടും നേര്യതും (സെറ്റ് സാരി) അണിഞ്ഞ് പൂക്കളം തീര്‍ത്ത് അതിനു ചുറ്റും തിരുവാതിര (കൈകൊട്ടിക്കളി) കളിക്കുന്ന മലയാളിമങ്കമാരുടെ ഒരു തേജസ്സും ഓജസ്സും ഒരു പ്രത്യേകമായതാണ്.

 

വെള്ളപ്പൊക്കവും കോവിഡ് കാലവും

 

രണ്ടായിരത്തി പതിനെട്ടിലെ വെള്ളപ്പൊക്കവും പത്തൊന്‍പതിലേയും ഇരുപതിലേയും ഇരുപത്തൊന്നിലേയും കോവിഡ് വ്യാധിയും, ഓണാഘോഷങ്ങളേ പൊതുവേ ഇല്ലാതാക്കിത്തീര്‍ത്തിരുന്നു. ഇനിയും ഒരു ഓണം ആഘോഷിക്കുവാന്‍ നാം ഉണ്ടാകുമോ എന്നു പോലും ചിന്തിച്ചിരുന്ന സമയങ്ങള്‍, ഇന്നു നമ്മുടെ പിന്നില്‍ ഉണ്ട്. എന്നാല്‍ സന്തോഷകരവും ആഹ്ളാദകരവുമായ ഒരു ഓണം നമ്മെ വരവേല്‍ക്കുവാന്‍ കാത്തു നില്‍ക്കുകയാണ്.

 

സാജന്‍ അച്ചന്‍റെ പ്രസിദ്ധമായ ഗാനത്തിന്‍റെ വരികള്‍ ഈ അവസരത്തില്‍ പ്രസക്തമാണ്.

“ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല

ഒരു രാവും പുലരാതിരുന്നിട്ടില്ല

ഒരു നോവും കുറയാതിരുന്നിട്ടില്ല”

 

സന്തോഷകരമായും  ആഹ്ളാദകരമായും നമുക്ക് ഒരുമയോടെ  ഈ രണ്ടായിരത്തി ഇരുപത്തി രണ്ടിലെ ഓണത്തേയും  മഹാബലി തമ്പുരാനെയും വരവേൽക്കാം.

 

എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിലെ ഓണാഘോത്തിന് എഴുത്തുകാരനും ഭാര്യയും ഓണത്തിന്റെ  പ്രത്യേക വേഷത്തിൽ : പൂനെ ബി ഇ ജി &  സെന്ററിൽ വച്ച് (ബോംബെ എഞ്ചിനീയറിംഗ് ഗ്രൂപ്പ്)