
ഈ വഴിയിലൂടെ നാം ഇനിയും കടന്നു പോകില്ല
രണ്ടായിരത്തി ഇരുപത്തിരണ്ട്
തിരിച്ചുപോകുവാൻ പറ്റാത്ത ഒരു ദിശയിലേക്കുമാത്രമുള്ള വഴി.
രണ്ടായിരത്തി ഇരുപത്തിരണ്ട് നമ്മില്‍നിന്നും കടന്നുപോയി .. രണ്ടായിരത്തി ഇരുപത്തിരണ്ടിന്‍റെ വാതിലുകള്‍ എന്നന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു.
ഓര്‍മ്മകളിലൂടെ മാത്രമേ, ഇനി അതിലേക്കു കടക്കുവാന്‍ കഴിയുകയുള്ളൂ. തിരിച്ചുപോകുവാൻ പറ്റാത്ത, ഒരു ദിശയിലേക്ക് മാത്രമുള്ള വഴി. സമയത്തിന്‍റെ വഴി. ശാരീരികമായും മാനസികമായും ഒരു വർഷംകൂടി കടന്നുപോയി. നമ്മളിന്നുനിൽക്കുന്നത്, സമയത്തിന്‍റെ ഒരു പുതിയ സ്ഥലത്താണ്. ഒരു വർഷംകൂടി നാം, നമ്മുടെ ജീവിതാവസാനത്തോട് അടുത്തിരിക്കുന്നു. എന്നവസാനിക്കും എന്നറിയാത്ത, ജീവനറ്റുവീഴുന്ന ആ നിമിഷത്തിന്‍റെ അടുത്തേക്ക്.
കഴിഞ്ഞകാല ജീവിതം
കഴിഞ്ഞകാല ജീവിതം (കടപ്പാട് : ഗൂഗിൾ ഇമേജസ്)
കഴിഞ്ഞകാലങ്ങള്‍ നമുക്ക് സന്തോഷത്തിന്‍റെയും വേദനയുടേതുമായ ധാരാളം ഓര്‍മ്മകള്‍ തന്നു. പരാജയത്തിന്‍റെയും, വിജയത്തിന്‍റെയും അനുഭവങ്ങള്‍. പലപ്പോഴും ഇത്, എന്തിന്, എന്തുകൊണ്ട്, എന്‍റെ ജീവിതത്തില്‍ സംഭവിച്ചു എന്ന്, നാം നമ്മോടുതന്നെ ചോദിക്കുന്ന അനുഭവങ്ങള്‍. ഈ നന്മയ്ക്ക് ഞാന്‍ അർഹനാണോയെന്ന്, നാം തന്നെ അതിശയിച്ചുപോകുന്ന നന്മകളും നമുക്കുണ്ടായിട്ടുണ്ട്. ഇതെങ്ങനെ താണ്ടും എന്നുവിചാരിച്ച് നമ്മള്‍ ഏകാന്തതയില്‍ കരഞ്ഞ ദിവസങ്ങളിൽനിന്നും മാസങ്ങളിൽനിന്നും കരകയറിയ അനുഭവങ്ങളും നമ്മുക്ക് പറയുവാനുണ്ടാകും. ജീവിതം സമ്മിശ്രമാണ്. സുഖവും ദു:ഖവും, വിജയവും പരാജയവും, നിറഞ്ഞതാണ്. ഇതിലേക്കുള്ള തിരിവുകള്‍ ഏതുനിമിഷവും സംഭവിക്കുന്നുയെന്ന് നമുക്ക് പറയുവാന്‍ കഴിയുകയില്ലല്ലോ. പ്രതീക്ഷയല്ലേ എല്ലാം. പ്രത്യാശയല്ലേ എല്ലാം. ഈ പ്രതീക്ഷയും പ്രത്യാശയും ഇല്ലാതെ, ഒരു നിമിഷംപോലും നമുക്ക്, സമാധാനമായി ജീവനോടിരിക്കുവാന്‍ കഴിയില്ല.
എന്താണ് നമ്മള്‍ നേടിയത്
നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും ( കടപ്പാട് : ഗൂഗിൾ ഇമേജസ്)
എന്താണ് കഴിഞ്ഞ ഒരു വര്‍ഷത്തെ നമ്മുടെ ജീവിതത്തിന്‍റെ ആകെ മൂല്യം?. എത്രയോപേര്‍ മരിച്ച്, ഈ ലോകത്തില്‍ നിന്നും നീക്കപ്പെട്ടപ്പോള്‍ ഈ ജീവനുള്ളവരുടെ ദേശത്ത് ജീവിച്ചിരിക്കുന്നുയെന്നതുതന്നേ നമുക്ക് ലാഭമായി കരുതരുതോ? ചിന്തിക്കാനും പ്രവൃത്തിക്കാനും വേണ്ടി ഒരു പുതിയ വര്‍ഷംകൂടി തുറന്നുകിട്ടിയതു ഒരു ഭാഗ്യം തന്നെയല്ലേ? ഇത് ബുദ്ധിയോടെ ഉപയോഗിക്കുവാനുള്ള വലിയ ഉത്തരവാദിത്തം നമുക്കില്ലേ?
രണ്ടായിരത്തി ഇരുപത്തിനാല്
അടുത്ത പുതുവർഷം നാം കാണുമോ (കടപ്പാട് : ഗൂഗിൾ ഇമേജസ്)
അടുത്ത പുതുവര്‍ഷത്തെ നാം കാണുമോ? അടുത്ത പുതുവര്‍ഷo നാം കാണില്ല എന്ന് ഒരു നിമിഷം നമുക്ക് ചിന്തിച്ചാലോ? അങ്ങനെയെങ്കിൽ നാം എങ്ങനെ ജീവിക്കുവാനാണാഗ്രഹിക്കുക? നാം എങ്ങനെ നമ്മുടെ മരണശേഷം അറിയപ്പെടണം? എന്തൊക്കെയാണ് നാം ഈ ചുരുങ്ങിയ സമയത്ത് ചെയ്യേണ്ടത്? നമ്മളേ അവസാനയാത്രയയക്കുവാന്‍ നമുക്കുചുറ്റും കൂടിയിരിക്കുന്നവര്‍ നമ്മേപ്പറ്റി എന്തു ചിന്തിക്കണം ? അവര്‍ നമ്മേപ്പറ്റി എന്തുകാര്യം അവസാനയാത്രയയപ്പിൽ സംസാരിക്കണം? നമ്മുടെ മാതാപിതാക്കള്‍, സഹോദരീസഹോദരന്മാര്‍, ഭാര്യ, ഭർത്താവ്, മക്കള്‍, കൊച്ചുമക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍, കൂടെ പഠിച്ചവര്‍, നമ്മെ പഠിപ്പിച്ചവര്‍, കൂടെ ജോലി ചെയ്തവര്‍, നാം ആയിരിക്കുന്ന നമ്മുടെ സമൂഹം, അങ്ങനെ ജീവിച്ചിരുന്നപ്പോള്‍ നമ്മള്‍ ഈ ലോകം പങ്കിട്ട അനേകര്‍. ആര് നമുക്കുവേണ്ടി കരയും ? ആര് നമ്മേപ്പറ്റി കണ്ണുനീര്‍വാര്‍ക്കും? ആര് നമ്മുടെ വിടവാങ്ങലില്‍ ആ നല്ല ജീവിതത്തെപറ്റിയും ജീവിതമാതൃകകളേപ്പറ്റിയും സംസാരിക്കും? അവരുടെ ആഗ്രഹങ്ങളും വിചാരങ്ങളും താല്പര്യങ്ങളും വികാരങ്ങളും പ്രശ്നങ്ങളും പ്രയാസങ്ങളും കൂടിയറിഞ്ഞ് നാം ജീവിച്ചിട്ടുണ്ടോ? അതോ ഞാൻ ഞാൻ ഞാനെന്ന ശരിക്കുവേണ്ടിയാണോ നാം ജീവിച്ചത്? നമ്മുടെ ഇപ്പോഴത്തെ ജീവിതം അതിനുത്തമമാണോ?
നമുക്ക് തീരുമാനങ്ങള്‍ എടുക്കാം
ഒന്നുമെഴുതാത്ത മുന്നൂറ്റിയറുപത്തഞ്ച് പേജിന്റെ ബുക്ക് (കടപ്പാട് : ഗൂഗിൾ ഇമേജസ്)
നമുക്കുലഭിച്ചിരിക്കുന്നയീസമയം, തക്കത്തിനുപയോഗിക്കുവാൻ നമ്മുക്ക് തീരുമാനിക്കാം. നമ്മുടെ കുടുംബത്തിനും, സമൂഹത്തിനും, നമ്മളുമായി ഇടപഴകുന്നവരുടെയും ജീവിതം ഒന്നുകൂടി സന്തോഷപൂരിതമാക്കുവാന്‍, നാം ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് ജീവിതപ്രയാസങ്ങളും കഠിനതകളും കുറച്ചുകൂടി ആശ്വാസകരമാക്കുവാന്‍ സാധിക്കത്തക്കവിധത്തില്‍ നമുക്കുചിന്തിക്കാം. അതിനനുയോജ്യമായ തീരുമാനങ്ങളെടുക്കാം, പ്രവൃത്തിക്കാം. തളരാതെ, നിരാശരാകാതെ, പുതിയ പ്രതീക്ഷകളോടെയും പ്രത്യാശയോടെയും നമ്മുക്ക് കര്‍മ്മനിരതരാകാം.
“ഈ രണ്ടായിരത്തി ഇരുപത്തിമൂന്ന്, നമുക്ക് സമ്മാനിച്ചിരിക്കുന്ന മുന്നൂറ്റിയറുപത്തഞ്ച് പേജിന്‍റെ ഒന്നുമേയെഴുതിയിട്ടില്ലാത്ത ബുക്കില്‍, നമുക്ക് നന്നായിയെഴുതാം”.
എല്ലാവര്‍ക്കും അനുഗ്രഹപൂര്‍ണ്ണമായ ഒരു പുതുവത്സരം നേരുന്നു.
പുതുവത്സരാശംസകൾ നേരുന്നു (കടപ്പാട് : ഗൂഗിൾ ഇമേജസ്)