എന്‍റെ രണ്ടാം വിവാഹം – ഒരു പട്ടാളക്കഥ

എന്‍റെ രണ്ടാം വിവാഹം – ഒരു പട്ടാളക്കഥ

ഒന്നാം വിവാഹം

അങ്ങനെ അവരെല്ലാവരുംചേർന്ന് നിര്‍ബന്ധമായി എന്‍റെ രണ്ടാം വിവാഹം നടത്തി സന്തോഷിച്ചു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്,   നവംബര്‍ ഒന്നാംതീയതി (01 Nov 1990) -യെന്നെഴുതിയ, .ഒരു വെള്ളികൊണ്ടുള്ള ഫലകവും സമ്മാനി .ച്ചു.

എന്നോടുള്ള അവരുടെ ദേഷ്യവും അമര്‍ഷവും അവര്‍ക്ക് അന്നാണ് അവസാനിച്ചത്. എന്‍റെ മനസ്സിന് കുറ്റബോധത്തില്‍നിന്നും ഒരു വിടുതലും ലഭിച്ചു.

എന്‍റെ വിവാഹം   

ലെഫ്റ്റനന്റ് ജോൺ ജേക്കബ്

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറിൽ (1990) ബോംബേ എഞ്ചിനീയറിംഗ് ഗ്രൂപ്പില്‍ (ബോംബേ സാപ്പേര്‍സ്) പൂനയില്‍ ലെഫ്റ്റനന്‍റായി ജോലിനോക്കിയിരുന്ന സമയം. സെപ്റ്റംബറില്‍ ഞാന്‍ ഒരു മാസത്തെ അവധിക്കു നാട്ടില്‍ എത്തി. അന്ന് എനിക്ക് ഇരുപത്തിയാറു (26) വയസ്സ് പ്രായം ഉണ്ട്. എന്‍റെ അച്ഛന്‍ പേപ്പറില്‍ പരസ്യം ചെയ്ത് എനിക്കുവേണ്ടി കിട്ടിയ കല്യാണാലോചനകളില്‍ ചിലതൊക്കെ, ഞാന്‍ വരുമ്പോള്‍ ചര്‍ച്ച ചെയ്യുവാൻവേണ്ടി തയ്യാറാക്കിവെച്ചിരുന്നു. അതില്‍ നിന്നും എനിക്കു കുറച്ചു താത്പര്യം തോന്നിയ ആലോചനകളില്‍, പെണ്‍കുട്ടിയെ പോയിക്കാണുവാന്‍ തീരുമാനിച്ചു. നാലു പെണ്‍കുട്ടികളെ കണ്ടു തീര്‍ത്തപ്പോഴേക്കും മുപ്പതില്‍ ഇരുപതു ദിവസവും കടന്നു പോയിരുന്നു. ഇനി ബാക്കിയുള്ള ഒരു പെണ്‍കുട്ടിയെ മാതാപിതാക്കളോ, ബന്ധുക്കളോ ഇല്ലാതെ, ഞാന്‍ തന്നെ പോയി കണ്ടോളാം എന്ന എന്‍റെ തീരുമാനം ഞാന്‍ എല്ലാവരേയും അറിയിച്ചു. എന്നാല്‍ത്തന്നേയും,  പെണ്‍കുട്ടിയെ കാണേണ്ട ദിവസം അടുത്തപ്പോള്‍, പെണ്‍കുട്ടിയുടെ വീടിന് വളരെ ദൂരെ അല്ലാതെ താമസിക്കുന്ന എനിക്കു വളരെ പ്രിയങ്കരനായ, വകയില്‍ ഒരു അളിയനായി വരുന്ന, കോളേജ് പ്രൊഫസറേയും കൂടെകൂട്ടുവാന്‍ തീരുമാനിച്ചു. ആ പെണ്‍കുട്ടി ബിരുദത്തിന് പഠിച്ചിരുന്ന കോളേജിനു, അധികദൂരം അല്ലാതിരുന്ന കോളേജില്‍ പഠിപ്പിച്ചിരുന്ന കാരണം, പെണ്‍കുട്ടിയേപ്പറ്റി, അവിടെ അദ്ദേഹത്തിന് പരിചയമുള്ള അദ്ധ്യാപകരില്‍ നിന്നും കൂലംകശമായി തെളിവെടുക്കാം എന്ന ഉദ്ദേശവും ആ തീരുമാനത്തെ സ്വാധീനിച്ചു. വീട്ടില്‍ നിന്നും ട്രയിനില്‍ കയറി അളിയന്‍ താമസിക്കുന്ന സ്ഥലത്തു ചെന്നിറങ്ങി. റെയില്‍വേ സ്റ്റേഷനില്‍ നിന്നും നേരെ അളിയന്‍റെ വീട്ടില്‍ ചെന്ന്, പെട്ടെന്ന് തയ്യാറെടുത്ത്, പെണ്‍കുട്ടി പഠിച്ചിരുന്ന കോളേജില്‍ എത്തി. അളിയന് പരിചയമുള്ള ഒരു അദ്ധ്യാപികയോടു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, പെണ്‍കുട്ടിയേപ്പറ്റി ഏതാണ്ട് പച്ചക്കൊടി കിട്ടിയതുമാതിരിയായി. നേരത്തേ പറഞ്ഞുറപ്പിച്ചിരുന്നതുമാതിരി അടുത്ത ദിവസം രാവിലെ പത്തരയായപ്പോഴേക്കും ഞാനും അളിയനും കൂടി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. ഏതാണ്ട് ഒരു മണിക്കൂറോളം ആ ഭവനത്തില്‍ ചെലവഴിക്കുകയും പെണ്‍കുട്ടിയോടു സംസാരിക്കുകയും ചെയ്തശേഷം അവിടെ നിന്നും മടങ്ങി.

തിരിച്ചുള്ള യാത്രയില്‍ അതുവരെ കിട്ടിയ വിവരങ്ങളുടേയും, കാഴ്ചകളുടേയും, അനുഭവങ്ങളുടേയും വെളിച്ചത്തില്‍ എന്‍റെ അളിയനും എനിക്കും മൊത്തത്തില്‍ മുന്‍പോട്ടുപോയാല്‍ കുഴപ്പമില്ല എന്ന തോന്നലാണ് ഉണ്ടായത്. തിരികെ ഞാന്‍ സ്വന്തം ഭവനത്തില്‍ എത്തിയശേഷം പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നും താത്പര്യം ആണ് എന്ന്, അറിഞ്ഞ ശേഷം മാത്രം നമ്മുടെ വശത്തു നിന്നും താല്പര്യമാണെന്ന് അറിയിക്കാവൂയെന്ന്, മാതാപിതാക്കളോട് നിര്‍ബന്ധമായി പറഞ്ഞേല്‍പ്പിച്ചു. ഏതായാലും അടുത്ത ദിവസം തന്നെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍ എത്തി. സംസാരത്തില്‍നിന്നും അവര്‍ക്ക് താല്‍പ്പര്യമാണെന്ന് അറിയിച്ചപ്പോള്‍, എന്നോട് കാര്യങ്ങള്‍ പറഞ്ഞ് വിവരം  അറിയിക്കാമെന്ന്  എന്‍റെ മാതാപിതാക്കള്‍ അവരോടു പറഞ്ഞു.

അവരുടെ താല്പ്പര്യം അറിഞ്ഞപ്പോള്‍, കഷ്ടിച്ച് അവധി തീരുവാന്‍ പത്തുദിവസം (10) മാത്രം ബാക്കി. കല്യാണം ഈ പത്തു ദിവസത്തിനകം നടത്താമെങ്കിൽ എനിക്കു സമ്മതമാണെന്ന് അറിയിക്കുവാൻ തീരുമാനിച്ചു. ഇനിയും ഒരു അവധിക്കുവരുകയെന്നത് ആറു മാസമെങ്കിലും കഴിഞ്ഞേ നടക്കുമായിരുന്നുള്ളൂ. അതിനിടയ്ക്ക് ചില പ്രാധാനപ്പെട്ട പട്ടാള കോഴ്സുകള്‍ക്ക് ചേരേണ്ടിവന്നേക്കുമെന്നതിനാലും, ചിലപ്പോള്‍ പൂനയില്‍ നിന്നും ചൈന അതിര്‍ത്തിയിലുള്ള എന്‍റെ റജിമെന്‍റിലേക്കുതന്നെ സ്ഥലംമാറ്റം വരുവാന്‍ സാധ്യത ഉള്ളതിനാലും, വിവാഹം കഴിഞ്ഞു പൂന പോലെയുള്ള ഒരു നഗരത്തില്‍ വരുമ്പോഴുള്ള സന്തോഷവും ഓര്‍ത്തിട്ടാണ് അങ്ങനെ ഒരു നിബന്ധന വെച്ചത്. എന്തായാലും ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും അവര്‍ അതിനു സമ്മതിച്ചു. മൂന്നാമത്തെ ദിവസം കല്യാണ ഉറപ്പും എട്ടാമത്തെ ദിവസം കല്യാണവും (ഒക്ടോബർ എട്ടാം തീയതി, 08 October 1990) കഴിഞ്ഞ്, പത്താമത്തെ ദിവസം ഞാന്‍ എന്‍റെ ഭാര്യയുമായി നാട്ടില്‍ നിന്ന് ട്രയിന്‍ കയറി. അങ്ങനെ എല്ലാം പെട്ടന്നായിരുന്നു.

പൂനയിലേക്കുള്ള ട്രെയിൻ യാത്ര

പട്ടാള ഓഫീസറിന്‍റെ വിവാഹം

ഇന്ത്യന്‍ പട്ടാളത്തിന് വര്‍ഷങ്ങളായി പിന്തുടര്‍ന്നു പോരുന്ന ബ്രിട്ടിഷുകാരുടെ കാലംതൊട്ടുള്ള പലതരമായ രീതികളും ,ചിട്ടകളും, മുറകളുമുണ്ട്. ആ വലിയ പാരമ്പര്യത്തിന്‍റെ ഭാഗമായ പുതിയ ഓഫീസറന്മാരും, അത് അക്ഷരാര്‍ത്ഥo പാലിക്കുക, വളരെ നിര്‍ബന്ധമുള്ള കാര്യമാണ്. വിവാഹം കഴിക്കുന്നതിനുമുന്‍പ്, അതുപോലുള്ള നിര്‍ബന്ധമായി പാലിച്ചിരിക്കേണ്ട ചില നിബന്ധനകള്‍  താഴെ പറയുന്നവയാണ്:

1. ഇരുപത്തിയഞ്ച് (25) വയസ്സിനുശേഷം വിവാഹം കഴിക്കുന്നതാണ് ഉത്തമം. പട്ടാളത്തിന്‍റെ താമസസൌകര്യങ്ങളും മറ്റു കുടുംബ സംബന്ധമായ ആനുകൂല്യങ്ങള്‍ക്കും മറ്റും ഇരുപത്തിയഞ്ചു വയസ്സിനുശേഷമേ അര്‍ഹത ലഭിക്കുകയുള്ളൂ.

2. തങ്ങൾ ആയിരിക്കുന്ന യൂണിറ്റിനെ / ബറ്റാലിയനെ കമാന്‍റ് ചെയ്യുന്ന ആഫീസറിന്‍റെ അനുമതി വിവാഹത്തിനു മുന്‍പ് നേടിയിരിക്കണം.

3. കൂടാതെ, പല ബറ്റാലിയനുകളും ചേര്‍ന്ന ഓരോ പട്ടാള ഗ്രൂപ്പുകള്‍ക്കും വളരെ മുതിര്‍ന്ന ഒരു ജനറല്‍ “കേണല്‍ കമാന്‍ഡന്‍റ് ” ആയി ഉണ്ട്. ഒരു “കേണല്‍ കമാന്‍ഡന്‍റ് “ എന്നു പറയുന്നതു, ഒരു “ഗോഡ് ഫാദര്‍“ മാതിരിയാണ്. സാധാരണ ഗതിയില്‍ സാധ്യമല്ലാത്ത നമ്മുടെ കാര്യങ്ങള്‍, അദ്ദേഹം വിചാരിച്ചാല്‍ സാധ്യമാക്കി ത്തരുവാൻ കഴിയുന്നത്ര, പട്ടാളത്തില്‍ ഉന്നതമായ സ്ഥാനത്തിരിക്കുന്ന ഒരു ജനറലാണ് ഈ കേണല്‍ കമാന്‍ഡന്‍റ്. അദ്ദേഹത്തിന്‍റെയും അനുമതി വിവാഹത്തിനുമുൻപ് നേടുക എന്നത്, വര്‍ഷങ്ങളായി പിന്തുടരുന്ന ഒരു ചിട്ടയും രീതിയുമാണ്.

 

എനിക്ക്        ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറിൽ (1990) ല്‍ ഇരുപത്തിയാറു  (26) വയസ്സുണ്ടായിരുന്നതുകാരണം,  ആദ്യത്തെ സംഗതി ഒരു പ്രശ്നമായിരുന്നില്ല. ഇന്നത്തെപോലെ ഇന്‍റര്‍നെറ്റും ഈ-മെയിലും ഇല്ലാത്ത അക്കാലത്ത്, പോസ്റ്റ്ഓഫീസ് വഴിയുള്ള എഴുത്തുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ. വിവാഹ നിശ്ചയവും വിവാഹവും വളരെ പെട്ടന്ന് ആയതിനാല്‍ എഴുത്തയച്ചെങ്കിലും, എഴുത്തുകിട്ടുന്നതിനു മുന്പുതന്നേ എല്ലാം കഴിഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുമായി തീവണ്ടി കയറേണ്ടിയിരുന്നതിനാല്‍, ഭാര്യയുമായി പൂനെയില്‍ എത്തുന്നുയെന്നും വാഹനവും, താമസസൌകര്യങ്ങളും വേണമെന്ന ടെലഗ്രാമാണ്, ഈ അനുമതി ചോദിച്ചുകൊണ്ടുള്ള എഴുത്തിനേക്കാള്‍ ആദ്യം അവിടെ ലഭിക്കുന്നത്.

ബോംബേ എഞ്ചിനീയര്‍ ഗ്രൂപ്പിന്‍റെ പ്രതികരണം

വാഹനവും താമസ സൌകര്യങ്ങളും അപേക്ഷിച്ചുകൊണ്ടുള്ള എന്‍റെ ടെലഗ്രാം, ഞാനും ഉള്‍പ്പെട്ടിരുന്ന “ഡിപ്പോ ബെറ്റാലിയനില്‍” (Depot Battallion) മുതിർന്ന ക്യാപ്പ്റ്റനായ അഡ്ജന്‍റിന്‍റെ (Adjutant) കൈയ്യില്‍ കിട്ടിയപ്പോള്‍തന്നെ കാര്യങ്ങളുടെ പൊട്ടിത്തെറി തുടങ്ങി. ബെറ്റാലിയനിലെ മറ്റ് മുതിർന്ന ക്യാപ്പ്റ്റന്‍മാരും , മേജര്‍മാരും, എന്‍റെ ഈ അനുവാദമില്ലാത്ത പ്രവര്‍ത്തിയെ നിശിതമായി വിമര്‍ശിച്ചു. വിഷയം എന്‍റെ കമാന്‍റിംഗ് ഓഫീസറിന്‍റെ മുന്പില്‍ ചെന്നപ്പോള്‍ അദ്ദേഹം രോഷാകുലനായി. പട്ടാളത്തിലെ മുറയനുസ്സരിച്ഛ്  കമാന്‍റിംഗ് ഓഫീസര്‍, ഗ്രൂപ്പിന്‍റെ അഡ്ജറ്റന്‍റിനെയും, “കമാന്‍റന്‍റിനേയും” സംഗതികളുടെ കിടപ്പ്  അറിയിച്ചു. തങ്ങളുടെ അടിയിലുള്ള ആഫീസര്‍മാര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പട്ടാളത്തിലെ രീതി  അനുസരിച്ച് യൂണിറ്റിന്‍റെ കമാന്‍റിംഗ് ഓഫീസറിന്‍റെ പരാജയമായാണ് അതിനെ കണക്കാക്കുന്നത്. അന്നേവരേയും പാലിച്ചുവന്നിരുന്ന  ഒരു ചിട്ടയും, രീതിയും, ഞാന്‍ ഭേദിച്ചിരിക്കുന്നു. ഇത് അനുവദിക്കുവാന്‍ പാടില്ല. ഇതിനെ കണ്ടില്ലായെന്നുനടിച്ചാൽ ബാക്കിയുള്ള ജൂനിയര്‍ ഓഫീസറന്മാരും ഇതുതന്നേതുടരും. മാതൃകാപരമായി ശിക്ഷിച്ചേ മതിയാകൂയെന്ന് തീരുമാനമായി.

ഭാര്യയുമായി എന്‍റെ തിരിച്ചുവരവ്

ഇതൊക്കെയാണെങ്കിലും പട്ടാള യൂണിറ്റ് ഒരു കുടുംബം പോലെയാണ്. ഒരു ആഫീസറിന്‍റെ ഭാര്യ കൂടി യൂണിറ്റിലേക്ക് വരികയാണ്. ആ സ്ത്രീ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് മുഴുവനും എന്‍റേതാണ്. പുതിയ വധുവിനേയും വരനേയും എപ്പോഴും സ്വികരിക്കുന്നതുമാതിരിതന്നെ ഞങ്ങളേയും രാത്രി പന്ത്രണ്ടുമണിക്കെത്തിയ ട്രെയിനില്‍ നിന്നും ഇറങ്ങിയ ഉടന്‍തന്നെ പൂമാലയിട്ടു സ്വീകരിച്ചു. യൂണിഫോം ഇട്ടുവന്ന പട്ടാളക്കാര്‍ ചൂട് ചായയും പലഹാരങ്ങളും റയില്‍വേ പ്ലാറ്റ്ഫോമില്‍ ഒരുക്കിവെച്ചിരുന്ന മേശയില്‍ നിന്നും എടുത്ത് ഞങ്ങള്‍ രണ്ടു പേര്‍ക്കും വിളമ്പി. തുടര്‍ന്ന്, അലങ്കരിച്ച പട്ടാള ജീപ്പില്‍ കയറ്റി, ഏറ്റവും മുന്തിയ ഗസ്റ്റ് ഹൌസില്‍, തയ്യാറാക്കിയിരുന്ന മുറിയില്‍ കൊണ്ടാക്കി. ഒരു ദിവസം കൂടി അവധി ഉണ്ടായിരുന്നതുകാരണം, വന്നതിന്‍റെ ഒരു ദിവസം കഴിഞ്ഞാണ് ജോലിക്ക് ഓഫീസില്‍ ഹാജരായത്.

ഓഫീസിലെ അനുഭവം.

ദൂരെനിന്ന് അഡ്ജുറ്റന്റിന്റെ മുഖം കണ്ടപ്പോള്‍തന്നെ കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി. അഡ്ജുറ്റന്റിന്റെ ആദ്യത്തെ മുറുമുറുത്ത സംസാരങ്ങൾക്കുശേഷം, ഞാന്‍ കാര്യങ്ങളെല്ലാം വിശദമായി ധരിപ്പിച്ചു. എന്തുകൊണ്ട്, ഏതു സാഹചര്യത്താലാണ്, ഇങ്ങനെയൊക്കെ സംഭവിക്കുവാന്‍ ഇടയായതെന്ന് മനസ്സിലാക്കിയെടുക്കുവാൻ, ശാന്തമായി പരിപൂര്‍ണ്ണമായി പരിശ്രമിച്ചു. മുഖത്തെ ദേഷ്യം അപ്പോഴും മാറിയിരുന്നില്ലെങ്കിലും, പിന്നീട് അദ്ദേഹം കമാന്‍റിംഗ് ഓഫീസറെ കണ്ട്, കാര്യങ്ങള്‍ ശരിയായി വിശദീകരിക്കുവാന്‍ എന്‍റെ ശ്രമങ്ങള്‍, ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടാകാം. കുറച്ചു കഴിഞ്ഞപ്പോള്‍ കമാന്‍റിംഗ് ആഫീസര്‍ വിളിക്കുന്നതായ അറിയിപ്പ് എത്തി. അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയൊന്നിലെ (1971) പാകിസ്ഥാന്‍ യുദ്ധത്തില്‍ മൈന്‍ പൊട്ടി വലതുകാല്‍ നഷ്ടപ്പെട്ട തലപ്പാവുകെട്ടിയ  പഞ്ചാബിയായ (സർദാർ / സിഖ്)  പിതാമഹനായ ഒരു ആഫീസര്‍ ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം അദ്ദേഹത്തോടൊപ്പം സേവനമനുഷ്ഠിച്ചിരുന്ന കാരണം, എന്നെപ്പറ്റി അദ്ദേഹത്തിന് അന്നേവരെയുണ്ടായിരുന്ന, നല്ല വിചാരങ്ങള്‍, ഗൌരവത്തോടെയാണെങ്കിലും, ഞാൻ ചെയ്ത തെറ്റിന്‍റെ ഗാഭീര്യം മനസ്സിലാക്കിത്തരുവാന്‍ ശ്രമിച്ചു. ഞാന്‍ അദ്ദേഹത്തോട് വന്ന വീഴ്ചകള്‍ക്ക് ആത്മാര്‍ത്ഥമായി ക്ഷമ ചോദിച്ചു. “ഗ്രൂപ്പ് കമാന്‍റന്‍റ്  ബ്രിഗേഡിയർ സാർ  വളരെ ദേഷ്യത്തിലാണ്,  മാർച്ചപ്പും (March Up) ശിക്ഷയും ഉണ്ടാകും“   എന്ന് എന്നോട് സ്നേഹത്തിന്‍റെ ഭാഷയില്‍ കര്‍ശനമായി അറിയിച്ചു. “ശരി സര്‍” എന്നു പറഞ്ഞ് ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങി.

മാർച്ചപ്പും ശിക്ഷയും

എന്‍റെ മാർച്ചപ്പും ശിക്ഷയും ഉണ്ടാകും എന്നത് “ബോംബേ എഞ്ചിനീയറിംഗ് ഗ്രൂപ്പില്‍” അയ്യായിരത്തോളം വരുന്ന പട്ടാളക്കാര്‍ എല്ലാവരും അറിഞ്ഞു, പ്രത്യേകിച്ച് ആഫീസര്‍മാരുടെ ഇടയില്‍. ഒരു വിധത്തില്‍ ഭാര്യയെ കാര്യങ്ങളുടെ കിടപ്പ് അറിയിച്ചു. ശിക്ഷ എന്തും ആകാം. അത് ഇന്ത്യയുടെ ഏറ്റവും കഠിനമായ, കുടുംബത്തിന്നു താമസിക്കുവാന്‍ സൌകര്യങ്ങളോ അനുവദനീയമോ അല്ലാത്ത ഏതെങ്കിലും സ്ഥലത്തേക്കുള്ള സ്ഥലംമാറ്റം ആകാം. ചിലപ്പോള്‍ “സിയാച്ചിൻ ഗ്ലേസിയേര്‍സ്“     (Siachen Glaziers) ആകാം, അല്ലെങ്കില്‍ ഭാര്യയെ കൂടെ കൊണ്ടുപോകുവാന്‍ കഴിയാത്ത, മൂന്നോ, ആറോ മാസങ്ങളോ, ഒരു വര്‍ഷമോ ഉള്ള വല്ല ട്രയിനിംഗിലേക്കുമാകാം. തന്‍റെ “സര്‍വ്വീസ് റിക്കാര്‍ഡില്‍” ഇതു ചുവന്ന വരയില്‍ എഴുതപ്പെട്ടേക്കാം. എനിക്കു ക്യാപ്റ്റൻ ആയി പ്രൊമോഷൻ നൽകുവാൻ വന്നുകിടക്കുന്ന ഉത്തരവ് റദ്ധാക്കപ്പെട്ടേക്കാം.   അതു കാരണം ഭാവി ജോലിക്കയറ്റത്തിന് തടസ്സങ്ങള്‍ ഉണ്ടാകാം. എന്നുവേണ്ട എല്ലാവിധ സാധ്യതകളും ചിന്തയില്‍ എന്നെ വിടാതെ പിന്തുടര്‍ന്നു. എന്തായാലും എന്‍റെ ഭാര്യ ഒരു കേണലിന്‍റെ മകള്‍ ആയതിനാലും, പട്ടാളത്തിന്‍റെ രീതികള്‍ കണ്ടും കേട്ടും പിതാവിനോടൊപ്പം പട്ടാളക്യാമ്പുകളില്‍ വളര്‍ന്നതായതിനാലും എല്ലാം തഞ്ചമായി എടുത്തതുകൊണ്ട് കുടുംബം കുളംതോണ്ടാതെ രക്ഷപ്പെട്ടു. ഇതിനെപ്പറ്റിയും ഈ രീതികളെപ്പറ്റിയും അറിയാത്ത വേറെ പെണ്‍കുട്ടികള്‍ വല്ലതും ആയിരുന്നെങ്കില്‍ വീട്ടിലെ രംഗവും വഷളായേനേ.

മൂന്നാം ദിവസമായപ്പോഴേക്കും ഗ്രൂപ്പ് അഡ്ജുറ്റന്റിന്റെ (ലെഫ്റ്റനന്റ് കേണൽ) ഉത്തരവ് വന്നു. വരുന്ന തിങ്കളാഴ്ച രാവിലെ ഒൻപതുമണിക്ക് കമാന്‍റന്‍റിന്‍റെ ഓഫീസ്സില്‍ “മാർച്ചപ്പ്”. ഒന്നാം നമ്പര്‍ വേഷത്തില്‍, പീകാപ്പും (Pea Cap), കഴുത്തിലണിയുന്ന സ്കാര്‍ഫും (Scarf) ഇട്ട് രാവിലെ എട്ടു നാൽപ്പത്തിയഞ്ചിന് (08.45 AM) എത്തിച്ചേരണമെന്ന്. “ബോംബേ എഞ്ചിനീയറിംഗ് ഗ്രൂപ്പ്” മുഴുവന്‍, വരാന്‍ പോകുന്ന ശിക്ഷയെപ്പറ്റിയുള്ള സംഭാഷണങ്ങളില്‍ നിറഞ്ഞുനിന്നു. എന്താകും? എങ്ങനെയാകും? പോകേണ്ടി വന്നാല്‍ നവവധുവിനെ എവിടെയാക്കി പോകും? എത്ര നാളത്തേക്കാകും? ക്യാപ്റ്റൻ പ്രോമോഷന് എന്തുസംഭവിക്കും? ഉത്തരം കിട്ടാത്ത ചിന്തകള്‍ എന്‍റെ മനസ്സിനേയും മദിച്ചു മറിച്ചുകൊണ്ടേയിരുന്നു.

“ഡി ഡേ” (ആ ദിവസം)

കമാന്റഡന്റിന്റെ ഓഫീസ്

            അങ്ങനെ ആ തിങ്കളാഴ്ച ദിവസം എത്തി. എട്ടേമുക്കാലിനാണ് വിളിച്ചിരുന്നതെങ്കിലും ഞാന്‍ എട്ടേകാലിനു തന്നെ ഗ്രൂപ്പ് അഡ്ജുറ്റന്റിന്റെ   രണ്ടാം നിലയിലുള്ള മുറിയുടെ മുന്‍പില്‍ എത്തി. ദൂരെ വരാന്തയുടെ അങ്ങേ അറ്റത്ത്  കമാന്‍റന്‍റിന്‍റെ മുറിയുടെ മുന്‍പില്‍ യൂണിഫോമിട്ട്  തലപ്പാവും ആയുധങ്ങളുമേന്തിയ പട്ടാളക്കാര്‍ കാവല്‍നില്‍ക്കുന്നത് എനിക്കു കാണാം. ഓരോ മിനിട്ടും ഓരോ ദിവസങ്ങളായി തോന്നിയ നിമിഷങ്ങള്‍. കൃത്യം എട്ട് അന്പതിനു (08.50 AM) ഗ്രൂപ്പ് അഡ്ജുറ്റൻറ് ഓഫീസില്‍ എത്തി. ഏകദേശം നാല്പത്തിയെട്ട് (48) വയസ്സ് പ്രായം. എന്നാല്‍കഴിവത് നന്നായി ഞാന്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. എന്നെ പരുഷമായി ഒന്ന് അടിപടലം നോക്കിയശേഷം അദ്ദേഹം അകത്തേക്കു പോയി. എന്‍റെ ഷൂവിലും ബെല്‍റ്റിലും നോക്കിയാല്‍ മുഖം കാണുന്ന വിധത്തില്‍ അതിനെ മിനുക്കിയിരുന്നു. തോളിലെ രണ്ടു നക്ഷത്രങ്ങള്‍ കണ്ണുമഞ്ചും വിധത്തില്‍ തിളങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം എന്‍റെ സഹായിയായിരുന്ന പട്ടാളക്കാരന് എന്‍റെ യൂണിഫോം ഒരു കുറവും ഇല്ലാത്ത വിധത്തില്‍ ആക്കിതീര്‍ക്കുകയെന്ന ഒരേഒരു ഉത്തരവാദിത്തമേ ഞാന്‍ കൊടുത്തിരുന്നുള്ളൂ. ഇനി അതിനു കുറവു വന്നുവെന്ന കാരണവും കണ്ടെത്തി, ശിക്ഷയുടെ കാഠിന്യം ഞാന്‍ ഇനിയും കൂട്ടേണ്ടല്ലോ.

കൃത്യം എട്ട് അൻപത്തിയഞ്ചിന്   (08.55) ഓഫീസില്‍ നിന്നും പുറത്തുവന്ന ഗ്രൂപ്പ്  അഡ്ജുറ്റൻറ് “വരൂ” എന്ന് ഉറക്കെ ആജ്ഞാപിച്ച് വരാന്തയില്‍ കൂടി നേരെ കമാന്‍റന്‍റിന്‍റെ മുറിയുടെ അടുത്തേക്ക് ഉറച്ച കാലുകള്‍ നീട്ടിവെച്ച് നടന്നു. കമാന്‍റന്‍റിന്‍റെ മുറിയുടെ വാതിൽക്കൽ തോക്കുമായി കാവല്‍നിന്നിരുന്ന പട്ടാളക്കാർ ഗ്രൂപ്പ് അഡ്ജുറ്റന്റിനെ കണ്ടപ്പോള്‍, ബഹുമാനപൂര്‍വ്വം സല്യൂട്ട് ചെയ്തു. ശേഷം, വാതിലുകള്‍ അദ്ദേഹത്തിനായി തുറന്നു കൊടുത്തു. അദ്ദേഹം ഉള്ളില്‍ കയറിയയുടൻ വാതിലുകള്‍ വീണ്ടും അടഞ്ഞു. അവിടെ നിന്ന ഓരോ നിമിഷവും ഓരോ വര്‍ഷം പോലെ തോന്നിയിരുന്നു. ഹൃദയമിടുപ്പ് അതിന്‍റെ ഉയരങ്ങളില്‍ എത്തി.

കൃത്യം ഒൻപതു മണിക്ക് (09.00) അവിടെയുണ്ടായിരുന്ന ക്ലോക്കില്‍ ഒൻപതു മണി (09.00)  ഉച്ചത്തില്‍ അടിച്ചു. പെട്ടെന്നുതന്നെ കമാന്‍റന്‍റിന്‍റെ മുറിയുടെ വാതലുകള്‍ തുറക്കപ്പെട്ടു. ഉള്ളില്‍ നിന്നും “ സാവധാന്‍” (Attention) എന്ന മാര്‍ച്ചപ്പിനുള്ള ഗ്രൂപ്പ്    അഡ്ജുറ്റന്റിന്റെ   ശബ്ദം ഉയര്‍ന്നു കേട്ടു. ഞാന്‍ പെട്ടെന്നുതന്നെ മാര്‍ച്ചപ്പിനു തയ്യാറെടുത്ത് “സാവധാനിലേക്ക്” (Attention) മാറി. രണ്ടു കാലുകളും കൈകളും ചേര്‍ത്തുവെച്ച്, “പീ കാപ്പ്” തൊപ്പിയും സ്കാര്‍ഫും ധരിച്ച തല ഉയര്‍ത്തിപ്പിടിച്ച് മിഴികള്‍ പോലും അനക്കാതെ മുറിയുടെ ഉള്ളിലേക്ക് നോക്കി “സാവധാനില്‍” നിന്നു. നേരെ മുന്‍പില്‍ അങ്ങ് ദൂരെ നിന്നും മാര്‍ച്ചപ്പിനുള്ള ആജ്ഞകള്‍ തരുന്ന ഗ്രൂപ്പ് അഡ്ജുറ്റന്റിനെ എനിക്കു കാണാം. കമാന്‍റന്‍റിന്‍റെ മുറി ഞാന്‍ ആദ്യമായാണ് കാണുന്നത്. വളരെ വിശാലമായ ഒരു മുറി തന്നെ. പട്ടാളത്തിന്‍റെ പലവിധമായ യുദ്ധവിജയത്തിന്‍റെ  ഫോട്ടോകളും, നേരത്തെ ഉണ്ടായിരുന്ന കമാന്‍റന്‍റുമാരുടെയും കേണല്‍ കമാന്‍റന്‍റുമാരുടേയും വലിയ  ഛായാചിത്രങ്ങളും ചുമരുകളെ അലങ്കരിച്ചിരുന്നു.

പെട്ടന്നുതന്നെ വീണ്ടും ഉച്ചത്തിലുള്ള ആജ്ഞ കേട്ടു. “ തേജ് ചല്‍ ” (മുന്‍പോട്ട് മാര്‍ച്ച് ചെയ്യൂ). മുന്‍പോട്ട് മാര്‍ച്ച് ചെയ്ത് മുറിയുടെ പകുതി ആയപ്പോള്‍ വീണ്ടും ആജ്ഞ വന്നു. “ ദൈനെ മോട് ”(വലത്തേക്ക് തിരിയുക). വലത്തേക്ക് ഞാന്‍ തിരിഞ്ഞു. അപ്പോള്‍ ആണ് ആ വിശാലമായ മുറിയുടെ അങ്ങേ അറ്റത്ത് ദൂരെ വലിയ ഒരു മേശയുടെ പുറകില്‍ കറങ്ങുന്ന ഒരു വലിയ കസേരയില്‍ ഇരുന്ന്, എന്നേത്തന്നേ നോക്കി, വളരെ ഗൌരവത്തോടും, കോപാകുലമായ മുഖത്തോടും കൂടി, സിംഹം ഒരു മാന്‍പേടയെ വേട്ടയാടുന്നതുമായി ഉപമിക്കാവുന്ന വിധത്തിലിരിക്കുന്ന കമാന്‍റന്‍റിനെ ഞാന്‍ കാണുന്നത്. ഉയരവും ദൃഡവുമായ ശരീരമുള്ള, മുടി പറ്റെ വെട്ടിയ, അൻപത്തിനാല് (54) വയസ്സുള്ള ബ്രിഗേഡിയര്‍ സാര്‍. ഞാന്‍ മാര്‍ച്ച് ചെയ്ത് അദ്ദേഹത്തിന്‍റെ അടുത്തു ചെന്നപ്പോളാണ്, മുഖത്ത് കണ്ണാടി വെച്ചിട്ടുണ്ടെങ്കിലും ആ കണ്ണാടിയുടെ മുകളില്‍കൂടി തന്‍റെ നെറ്റിയും പുരികങ്ങളും ചുളുക്കി തന്നെയും കാത്തിരിക്കുന്ന കമാന്‍റന്‍റിനെ ശരിക്കും കാണുന്നത്. എല്ലാം കൂടെ ആയപ്പോഴേക്കും മാര്‍ച്ചിനിടെ വീണു പോകാതിരിക്കുവാന്‍ എനിക്കു വളരെ പരിശ്രമിക്കേണ്ടി വന്നു. ആ രാവിലത്തെ സമയത്തും ഞാന്‍ വിയര്‍ത്ത് ഒഴുകിക്കൊണ്ടിരുന്നു. വെറും രണ്ടു കൊല്ലം സര്‍വ്വീസുള്ള ഒരു ഇരുപത്തിയാറുകാരനായ (26) ലെഫ്റ്റനന്‍റ്,  മുപ്പത്തിനാലു (34)  വർഷം വിശിഷ്ട സേവനം ചെയ്ത അൻപത്തിനാലുകാരനായ (54) ബ്രിഗേഡിയറുടെ മുന്‍പില്‍, അതും ഗ്രൂപ്പ് കമാന്‍റന്‍റിന്‍റെ മുന്‍പില്‍. “ധം” (നില്‍ക്കൂ) എന്ന ആജ്ഞ കേട്ടതോടുകൂടി ഞാന്‍ അദ്ദേഹത്തിന്‍റെ മേശയുടെ മുന്‍പില്‍ നിന്നും വലിയ അകലമില്ലാത്ത വിധത്തില്‍ “സാവധാനില്‍” (Attention) നിന്നു. അദ്ദേഹത്തിന് എന്തും ചോദിക്കാം! എന്തു ശിക്ഷയും വിധിക്കാം! എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍! ബ്രിഗേഡിയര്‍ സാറിന്‍റെ ഉച്ചത്തിലുള്ള ഉറച്ച ശബ്ദം ഞാന്‍ കേട്ടു.

“John, Why did you get married without my permission? (“ജോണ്‍, എന്‍റെ അനുമതി കൂടാതെ നിങ്ങള്‍ എന്തുകൊണ്ട് വിവാഹം കഴിച്ചു?”).

എന്തു പറയണമെന്നും എവിടെനിന്ന് തുടങ്ങണമെന്നും അറിയാതെ ഞാന്‍ കുഴപ്പി. പെട്ടന്ന് മനസ്സില്‍ തോന്നിയ വാക്കുകള്‍ ഞാന്‍ അതേ സ്വരത്തില്‍ തിരിച്ച് പറഞ്ഞു.

“ I am very sorry Sir, I will not repeat it Sir ”(ഞാന്‍ ക്ഷമ ചോദിക്കുന്നു സര്‍, ഇനി ഞാന്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയില്ല  സാർ).

എന്‍റെ വിശാലമായ വിശദീകരണവും അതിനെ ചോദ്യം ചെയ്ത് തിരിച്ചുള്ള ചോദ്യങ്ങള്‍ക്കും വേണ്ടി തയ്യാറെടുത്ത് നിന്നിരുന്ന കമാന്‍റന്‍റിന് എന്‍റെ ഇത്തരത്തിലുള്ള (രണ്ടർത്ഥത്തിലുള്ള) പെട്ടെന്നുള്ള മറുപടി കേട്ട് മുഖത്തെ ഗൌരവമെല്ലാം നഷ്ടപ്പെട്ട് പൊട്ടിച്ചിരി വന്നു പോയി. ഇത് കേട്ട് അല്പം മാത്രം ദൂരെ സാവധാനില്‍ നിന്നിരുന്ന ഗ്രൂപ്പ് അഡ്ജുറ്റന്റും ചിരിയടക്കാന്‍ വളരെ പരിശ്രമിച്ചു.

ചിരിയമര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ട്  പല്ലുകള്‍ ചേര്‍ത്തു പിടിക്കാന്‍ പരിശ്രമിച്ചുകൊണ്ട് കമാന്‍റന്‍റ് ഉറക്കെ പട്ടാളഭാഷയില്‍ പറഞ്ഞു “Idiot. Take him out” (വിഡ്ഢി,  ഇയാളെ പുറത്തു കൊണ്ടുപോകൂ).

ഞാന്‍ വീണ്ടും പുറത്തേക്ക്  മാര്‍ച്ച് ചെയ്യപ്പെട്ടു. പുറത്തിറങ്ങി ഞാന്‍ കമാന്‍റന്‍റിന്‍റെ മുറിക്ക് പുറത്തു, ഇനിയെന്തുസംഭവിക്കുമെന്നറിയാത്,  കാത്തുനിന്നു.  അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ കമാന്‍റന്‍റിന്‍റെ ആ വലിയ വാതില്‍ വീണ്ടും തുറക്കപ്പെട്ടു. അതില്‍ നിന്നും ഗ്രൂപ്പ് അഡ്ജുറ്റന്‍റ് പുറത്തേക്കു വന്നു. ചിരിക്കുന്ന മുഖത്ത്, ഗൌരവം കാത്തു സൂക്ഷിക്കുവാന്‍ പരിശ്രമിച്ച് പരാജയപ്പെടുന്ന മുഖത്തോടുകൂടി ഉച്ചത്തില്‍ പറഞ്ഞു. “Get lost fast. I do not want to see you here again.” (“വേഗം സ്ഥലം വിട്ടോ, ഇവിടെയെങ്ങും കണ്ടേക്കരുത്”). നല്ലൊരു സല്യൂട്ട് അദ്ദേഹത്തിനു നല്കി, ഞാന്‍ വേഗം തന്നെ അവിടെ നിന്നും സ്ഥലം കാലിയാക്കി രക്ഷപ്പെട്ടു.

എനിക്ക് എന്തു സംഭവിക്കുന്നു എന്നറിയാന്‍ കൌതുകത്തോടെ കാത്തിരുന്ന പട്ടാളക്കാര്‍ക്ക്, പ്രത്യേകിച്ച് ആഫീസേര്‍സിനും കുടുംബങ്ങൾക്കുമിടയിൽ, അന്ന് ഈ സംഭവം  കുടുകുടെ ചിരികളോടുകൂടിയുള്ള സംസാരവിഷയമായിത്തീർന്നു.  കുറച്ചു നാളത്തേക്ക് എന്‍റെ ഈ മറുപടി കാമ്പസ്സില്‍ അങ്ങോളമിങ്ങോളം തമാശ രൂപത്തില്‍, ഏതിന്‍റെയും മറുപടിയായി അലതല്ലിക്കൊണ്ടിരുന്നു. അങ്ങനെ മലപോലെ വന്നത് എലി പോലെ പോയി. എന്തായാലും എൻറെ പിതാമഹനായ കമാൻഡിങ് ഓഫീസർ എന്നേ ക്യാപ്റ്റൻ ആക്കി ജോലിക്കയറ്റ ഉത്തരവും നടപ്പാക്കി.

രണ്ടാം വിവാഹം

രണ്ടാം വിവാഹം

അതുകൊണ്ട് എന്‍റെ ശിക്ഷ അവസാനിക്കും എന്ന് ഞാനും എന്‍റെ നവവധുവായ ഭാര്യയും ധരിച്ചുവെങ്കിലും അപ്പോഴേക്കും എന്‍റെ യൂണിറ്റിന്‍റെ അഡ്ജുറ്റന്‍റ് വഴി, എന്‍റെ യൂണിറ്റിന്‍റെ കമാന്‍റിംഗ് ആഫീസറുടെ ഉത്തരവ് വന്നു.  നാട്ടില്‍ വച്ചു നടത്തിയ വിവാഹം ഞങ്ങള്‍ അംഗീകരിക്കുകയില്ല. വീണ്ടും നിങ്ങളെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കല്യാണം കഴിപ്പിക്കും. വരുന്ന ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് (07.00 PM) കമാന്‍റിംഗ് ആഫീസറിന്‍റെ വസതിയിലാണ് മുഹൂര്‍ത്തം. രണ്ടു പേരും വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആറു മുപ്പതിന് (06.30 PM) എത്തിക്കൊള്ളണം. ഞങ്ങള്‍ ആറു മണി ആയപ്പോള്‍ തന്നെ കമാന്‍റിംഗ് ആഫീസറിന്‍റെ ഭവനത്തില്‍ എത്തി.  അവിടെ ഒരു വിവാഹ നടത്തിപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും അവര്‍ ഒരുക്കിയിരുന്നു. ഞങ്ങളുടെ “ക്വാര്‍ട്ടര്‍ മാസ്റ്റര്‍ “ (Quarter Master) ആയിരുന്ന പ്രായമുള്ള ഒരു ആഫീസര്‍, പൂജാരിയായി  എല്ലാ കർമ്മങ്ങളും ചടങ്ങുകളും  നടത്തി. വിവാഹ സമയത്ത് ഒരു പൂജാരി ചെയ്യിക്കേണ്ട എല്ലാ ചടങ്ങുകളും ഞങ്ങളെക്കൊണ്ടും ചെയ്യിച്ചു. യൂണിറ്റിലെ എല്ലാ ആഫീസേര്‍സും അവരുടെ മക്കള്‍ അടങ്ങിയ കുടുംബാംഗങ്ങളെല്ലാം, ആവേശത്തോടുകൂടിയും ആരവത്തോടുകൂടിയും ആര്‍പ്പോടെ രസിച്ചു. ഏറ്റവും അവസാനം എല്ലാ പുതിയ ദമ്പതിമാര്‍ക്കും നല്‍കുന്നതു മാതിരി, ഒരു വെള്ളികൊണ്ടുള്ള ഫലകവും സമ്മാനിച്ചു. പക്ഷേ ഒരു വ്യത്യാസം മാത്രം. എന്‍റെ ആദ്യത്തെ വിവാഹദിവസത്തിനു പകരം അവര്‍ നടത്തിയ ആ വിവാഹദിവസത്തിന്‍റെ തീയതി ആയിരുന്നു അതില്‍ കൊത്തിവെച്ചിരുന്നത് എന്നു മാത്രം.

ക്ഷണക്കത്ത്  : ഒന്നാം  വിവാഹം വിവാഹ ദിവസം : 08 October 1990

വെള്ളി ഫലകം : രണ്ടാം വിവാഹം : വിവാഹ ദിവസം : 01  November  1990

അങ്ങനെ അവരെല്ലാവരും ചേർന്ന് നിര്‍ബന്ധമായി എന്‍റെ രണ്ടാം വിവാഹം നടത്തി സന്തോഷിച്ചു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്, നവംബർ ഒന്നാംതീയതി (01 Nov 1990) -യെന്നെഴുതിയ, ഒരു വെള്ളികൊണ്ടുള്ള ഫലകവും സമ്മാനിച്ചു. എന്നോടുള്ള അവരുടെ ദേഷ്യവും അമർഷവും അവർക്ക് അന്നാണ് അവസാനിച്ചത്. എന്‍റെ മനസ്സിന് കുറ്റബോധത്തിൽനിന്നും ഒരു വിടുതലും ലഭിച്ചു. വെള്ളികൊണ്ടുള്ള ഫലകത്തിൽ, എനിക്ക് പ്രൊമോഷൻ കിട്ടിയിരുന്നതിനാൽ, ലെഫ്റ്റന്റിനുപകരം,  ക്യാപ്റ്റൻ എന്ന റാങ്ക് ആണ്  ഉപയോഗിച്ചിരുന്നതെന്നുള്ളത് ആശ്വാസം നൽകുന്നു. അങ്ങനെ ലെഫ്റ്റനന്റായും ക്യാപ്റ്റനായും ഞാൻ കല്യാണം കഴിച്ചു.

രണ്ടാം വിവാഹത്തിനുശേഷം കമാൻഡിങ്ങ് ഓഫീസറുടെ കൂടെ

സന്തോഷകരമായ ഓർമ്മ

ഇന്നു, മുപ്പത്തിരണ്ടു വർഷങ്ങൾക്കുശേഷം  തിരിഞ്ഞുനോക്കുമ്പോൾ, എക്കാലവും നിറഞ്ഞുനിൽക്കുന്ന സന്തോഷകരമായ ഓർമ്മയായി ഈ സംഭവം നിലകൊള്ളുന്നു.

കമാൻഡന്റിന്റെ കൂടെ : എന്റെ ബോംബേ എഞ്ചിനീയറിംഗ് ഗ്രൂപ്പ്  പൂനെയിൽ നിന്നുമുള്ള യാത്രയയപ്പ് സമയത്ത്

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറിൽ ഇരുപത്തിയാറാം വയസ്സിൽ ലെഫ്റ്റനന്റ് ജോൺ ജേക്കബ്