
അമ്മ : കാലാതീതമായ സ്നേഹത്തിന്റെ ഉടമ
‘അമ്മ ……..അമ്മ……… അമ്മ……… ‘
എപ്പോൾ ചെന്നാലും ആ വിടർന്ന കണ്ണുകളോടെ, ലാളനനിറഞ്ഞ പുഞ്ചിരിയോടെ, വിരിഞ്ഞ കൈകളോടെ, ആലിംഗനം ചെയ്യുവാനായി മുന്നോട്ട് നടന്നുവരുന്ന സ്നേഹത്തിന്റെ പ്രതീകം.
മോനേ… മോളേ.. എന്നുള്ളവിളിയിൽ ഒഴുകുന്നതേനിന്റെ മധുരം. ലോകത്തോട് പടവെട്ടി പരാജിതനായി , പരാജിതയായി ,തോറ്റുതുന്നംപാടി തിരിച്ചുചെല്ലുമ്പോഴും സ്നേഹവും വാത്സല്യവും തീർച്ചയായും ലഭിക്കും എന്ന് ഉറപ്പുള്ള, ഈലോകയാത്രയിലെ ഒരേഒരു ഇടം.
നമ്മുടെ ഒരു ഫോൺവിളിയുടെ ശബ്ദത്തിന്റെ മുഴക്കത്തിലെ വ്യത്യാസങ്ങളിലൂടെ , നമ്മുടെമാനസികാവസ്ഥയും, രോഗാവസ്ഥയും, നമ്മുടെ ആന്തരികാവസ്ഥയും, മനസ്സിലാക്കുവാൻ കഴിയുന്നലോകത്തിലെ ഒരേഒരു വ്യക്തി . നമ്മുടെ ജനനം മുതൽ അവസാനം വരെയും സമയത്തിന് അതീതമായി മാറ്റമില്ലാതെ തുടരുന്ന ഒരു അത്ഭുതപ്രതിഭാസം. ഭൂമിയിലെ കാണപ്പെട്ട ദൈവത്തിന്റെ രൂപം.
രാപ്പകൽ എന്ന ചിത്രത്തിൽ മോഹൻസിതാര സംഗീതം നൽകി, മമ്മൂട്ടിയും ശാരദയും ചേർന്ന് അവതരിപ്പിച്ച, മകനും അമ്മയുംതമ്മിലുള്ള ബന്ധത്തെപറ്റിയുള്ള ഗാനം വളെരെ അർത്ഥപൂരിതമാണ് …….
“അമ്മമനസ്സ്…
തങ്കമനസ്സ്…..
മുറ്റത്തേ തുളസിപോലെ
നിൻതിരുമുന്നിൽ
വന്നുനിന്നാൽഞാൻ
അമ്പാടിപൈക്കിടാവ് “
അമ്മയുടെ സ്നേഹത്തെപ്പറ്റി ചെറുപ്പത്തിൽ പൂർണ്ണമായി ബോധമുണ്ടാകാറില്ല. എങ്കിലും, നമ്മൾ ഒരുമാതാവ് അല്ലെങ്കിൽ പിതാവ് ആയി കഴിയുമ്പോൾ ആണ് അതിന്റെ ആഴത്തെപ്പറ്റി ആദ്യമായി ബോധം ഉണ്ടാകുന്നത്.
പിന്നീട്, ജീവിതത്തിന്റെ ഓരോ സാഹചര്യങ്ങളിൽകൂടിയും കടന്നുപോകുമ്പോൾ , ” അമ്മ” എന്നും ആശ്രയത്തിന്റെയും , തണലിന്റെയും വലിയവടവൃക്ഷമായി നമ്മളുടെ മുന്നിൽ, നമ്മുടെ ഉള്ളിൽ, എന്നും വളർന്നുകൊണ്ടിരിക്കുന്നു.
സ്വന്തം ജീവിതത്തിരക്കിലും , ഉത്തരവാദിത്തങ്ങളുടെയും ഇടയിൽ വളർന്നു വരുമ്പോൾ, അകന്നുപോകുന്ന, കുറയുന്ന, സഹോദരി, സഹോദരബന്ധങ്ങൾക്കിടയിൽ, ഒരുകണ്ണിയായി, സ്നേഹം ഊട്ടി ഉറപ്പിക്കുന്ന എണ്ണയാണ് “അമ്മ” . പെട്ടന്നുള്ള വേദനയിലും , ഞെട്ടലുകളിലും നമ്മുടെവായിൽനിന്ന്വരുന്നവിളി ” എന്റെഅമ്മേ” എന്നത്, നമ്മുടെ ജീവിതത്തിലും , രക്തത്തിലും, മനസ്സിലും, “അമ്മ” എത്ര അലിഞ്ഞുചേർന്നിരിക്കുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
ബാല്യംവിട്ടു യൗവ്വനത്തിലേക്ക് കടക്കുമ്പോൾ, പലപ്പോഴും തെറ്റുകളിലേക്ക് വഴുതി വീഴാതെ, നമ്മേ പിന്തിരിപ്പിക്കുന്നത് ‘ എന്റെ ഈപ്രവർത്തി എന്റെ അമ്മയെ എത്രമാത്രം വേദനിപ്പിക്കും‘ എന്ന ചിന്തയാണ് എന്ന്, നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകും.
കുടുംബം ആണ് സമൂഹത്തിന്റെ അടിത്തറ . ആ അടിത്തറയുടെ മൂലക്കല്ലാകുന്നു “അമ്മ“. കല്ലും മണലും കൊണ്ട് നിർമ്മിക്കപ്പെട്ട ഒരുവീട് , ഒരു സ്നേഹനിർഭരമായകുടുംബം ആക്കുവാൻ, അമ്മയ്ക്കേ കഴിയുകയുള്ളു .
ജീവന്റെ ഉറവിടം, വറ്റാത്ത സ്നേഹത്തിന്റെ ഉറവ, നമ്മുടെ അങ്ങേ അറ്റത്തെകുറവുകളും തെറ്റുകളുംക്ഷമിക്കുവാൻ കഴിവുള്ളമനസ്സിന്റെ ഉടമ. യാതൊരുമടിയും അറപ്പും കാണിക്കാതെ, നമ്മേ രോഗാവസ്ഥയിലും കഴുകിവൃത്തിയാക്കുവാൻ, നമ്മേശുശ്രുഷിക്കുവാൻ, പുഞ്ചിരിയോടെ എന്നുംതയ്യാറുള്ള നമ്മുടെ കാവൽമാലാഖയാണ് “അമ്മ“
എന്റെ ” അമ്മേ” , ഈ നിസ്വാർത്ഥമായസ്നേഹത്തിന് ഒരുവിലയിടുവാൻ ആർക്കുമേ സാധ്യമല്ല . ഈ പരിശുദ്ധമായ സ്നേഹമായ അമ്മേ, ഞാൻ അവിടുത്തെ സാംഷ്ടാംഗം നമിക്കുന്നു. നിന്നുടെമുഖം, ഓർമ്മകൾ, എന്റെ അന്ത്യശ്വാസംവരെയും എന്നിൽ നിറഞ്ഞുനിൽക്കും . ലോകസൃഷ്ടാവേ, നിന്റെ സ്നേഹം പകർന്നു നൽകുവാൻ ഒരു അമ്മയെ ഞങ്ങളുടെ ജീവിതത്തിൽ തന്ന അങ്ങയെ ഞങ്ങൾന മിക്കുന്നു.
ഗർഭപാത്രംകടമെടുക്കുകയും, ഗർഭംധരിച്ചു തങ്ങളുടേതായ ഒരു കുഞ്ഞു ഉണ്ടാകണം എന്ന് ആഗ്രഹിക്കാത്ത ദമ്പതിമാരുടെ എണ്ണംകൂടി വരുന്ന ഈ കാലത്ത്, ഈ ഊഷ്മളതയുടെയും , സ്നേഹത്തിന്റെയും വിവരിക്കാൻ കഴിയാത്ത സുരക്ഷിതത്വത്തിന്റെയും ഉറവിടമായി, ഇന്ന് നമ്മൾ നമ്മുടെ അവകാശമായി, വളരെ ലാഘവത്തോടുകൂടി എടുക്കുന്ന ഈ ” അമ്മ” എന്ന പ്രതിഭാസത്തിനു വരുംകാലതലമുറയിൽ എന്ത്സംഭവിക്കും എന്നത്ചിന്തിപ്പിക്കുന്ന വേദനയാണ് .കാലത്തിന്റെ ഒഴുക്കിൽ, നമുക്ക് ഇന്ന് നഷ്ടപ്പെട്ടുപോയി എന്ന് നാം വിലപിക്കുന്ന പലവിധമായ കാര്യങ്ങളുടെ ഇടയിൽ, ഈ അമ്മയെന്ന വിവരിക്കുവാൻ കഴിയാത്ത വൈകാരികബന്ധവും ഉൾപ്പെടുമോ?
എന്നാൽ ഈതലമുറ അനുഗ്രഹീതമാണ് . “അമ്മ” എന്ന അചഞ്ചലസ്നേഹം ഈതലമുറയ്ക്ക് നഷ്ടമായിട്ടില്ല .
സമയം മുൻപോട്ടുപോകുന്നത് അനുസരിച്ചു, എല്ലാം മാറുമെന്ന് നമ്മൾ പഠിക്കുന്ന ഈ ലോകത്ത്, ഒരിക്കലുംമാറാത്ത ,കാലത്തിനതീതമായ സ്നേഹത്തിന്റെ ഉടമയാണ് ” അമ്മ….. അമ്മ…..അമ്മ..”
സ്വാർത്ഥതയുടെയും, കച്ചവടതാല്പര്യങ്ങളുടെയും അതിപ്രസരംകൂടിവരുന്ന ഈകാലത്ത്,വരും തലമുറയ്ക്ക് ഈ “അമ്മ” എന്നപ്രതിഭാസം നഷ്ടമാകാതിരിപ്പാൻ, ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
” അമ്മേ” കാൽതൊട്ടുഞാൻഅവിടുത്തെ സാംഷ്ടാംഗംനമിക്കുന്നു“.