ഞാനും എന്റെ സൈക്കിളുകളും

സൈക്കിൾ ദിവസം 

ലോകമെമ്പാടും ജൂണ്‍ 3-ɔo (മൂന്നാം) തീയതി സൈക്കിൾ ദിവസമായി ആചരിക്കുന്നു. പല സ്ഥലങ്ങളിലും സൈക്കിൾ  റാലികൾ  സംഘടിപ്പിക്കപ്പെടുന്നു. ആരോഗ്യകരമായ  ജീവിതത്തിന്‍റെയും, പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയുടെയും പ്രതീകമായി സൈക്കിൾ  ഇന്ന് നില കൊള്ളുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, മഹാത്മാഗാന്ധിയുടെ സൈക്കിൾ ചവിട്ടുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത്, എല്ലാവരെയും സൈക്കിൾ ചവിട്ടാൻ, ദിനചര്യയുടെ ഒരു ഭാഗമാക്കുവാൻ, ഉത്സാഹിപ്പിക്കുന്നു.                                                                                                             മഹാത്മാ ഗാന്ധി സൈക്കിളിൽ Courtesy : Google Images .

ഞാനും .സൈക്കിളും .  .

എന്‍റെയും ജീവിതം സൈക്കിളുമായി ഇന്നേ വരെയും ബന്ധപ്പെട്ടിരിക്കുന്നു.

എന്‍റെ രണ്ടു കൊല്ലത്തെ കോളേജു ജീവിതത്തിലും, നാലു വര്‍ഷത്തെ  എഞ്ചിനീയറിംഗ് പഠനകാലത്തും, ഒരു കൊല്ലത്തെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പരിശീലനകാലത്തും, അതായത് 7 (ഏഴ്‌) കൊല്ലക്കാലം, സൈക്കിൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. പിന്നീട്, ഒരു വാഹനാപകടത്തിൽ ഇരുപത്തിയഞ്ച് വര്‍ഷങ്ങൾക്കുശേഷം, ഇന്നുവരേക്കും, സൈക്കിൾ, എല്ലാദിവസവുമല്ലെങ്കിലും, സമയവും സാവകാശവും കിട്ടുമ്പോഴെല്ലാം, എനിക്കു ചവുട്ടുവാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. സൈക്കിളുമായി ഓരോ കാലഘട്ടത്തിലും, പ്രത്യേകമായ വൈകാരിക ബന്ധമാണ്, എനിക്ക് ഉണ്ടായിരുന്നത്.  പ്രായത്തിന്‍റെയും, മാറുന്നചുറ്റുപാടുകളുടെയും  അനുസരിച്ച് രൂപപ്പെടുന്ന, ഒരു പ്രത്യേക തരം ബന്ധം.

ചെറുപ്പകാലം

വീട്ടിൽ രണ്ടാമനായ കാരണം, എന്‍റെ മൂന്ന് ചക്ര സൈക്കിൾ, എന്‍റെ ചേട്ടൻ ഉപയോഗിച്ച ശേഷമാണ് എനിക്കു ലഭിച്ചത്. കുഞ്ഞായ കാരണം, പഴകിയ, ചേട്ടൻ ഉപയോഗിച്ച സൈക്കിൾ ഉപയോഗിക്കുന്നതിനു, ഒരു കുറവും അന്ന് തോന്നിയിരുന്നില്ല. പ്രത്യേകിച്ചു,  ഈ മൂന്നു ചക്ര സൈക്കിൾ, വീടിനുള്ളിലും, വീടിനു ചുറ്റും മാത്രം ഉപയോഗിച്ചിരുന്നുള്ളു എന്നതിനാൽ, സൈക്കിളിന്‍റെ പഴക്കത്തെപ്പറ്റി ഒരു ആലോചനപോലും മനസ്സിൽ വന്നിരുന്നില്ല. അക്കാലത്ത് സൈക്കിൾ ഒരു സന്തോഷം ആയിരുന്നു.

കോളേജ് ജീവിതകാലം

എന്നാൽ, പത്താം ക്ലാസ്സ് പാസ്സായി, അന്നത്തെ PDC – പ്രീ ഡിഗ്രീ ക്ലാസ്സിലേക്ക് കടന്നപ്പോൾ, പിന്നേയും എന്‍റെ ജ്യേഷ്ഠന്‍റെ, ചവിട്ടി പഴകിയ വലിയ സൈക്കിൾ എനിക്കു കിട്ടിയപ്പോൾ, മനസ്സ് വളരെ വിഷമിക്കുകയും, വലിയ കോപം ജ്വലിക്കുകയും ഉണ്ടായി. ഇതിനു പുറകെ, എന്‍റെ ജ്യേഷ്ഠന്‍, വീട്ടിൽ നിന്നും ദൂരെ പഠിക്കുവാൻ പോയി, അവിടെ പുതിയ സൈക്കിൾ മേടിക്കുകയും, ഇവിടെ വീട്ടിൽ എന്‍റെ അച്ഛൻ, എന്നെക്കാളും രണ്ടു വയസ്സു മാത്രം കുറവുള്ള എന്‍റെ അനുജന്, ഒരു ഇടത്തരം വലിപ്പമുള്ള പുതിയ സൈക്കിൾ വാങ്ങിക്കൊടുക്കുകയും ചെയ്തപ്പോൾ, വീട്ടിൽ എനിക്ക് പൊട്ടിത്തെറിക്കാതിരിക്കുവാൻ കഴിഞ്ഞില്ല.

ഈ അവഗണന, പഴയതു എന്നേക്കൊണ്ട് നിര്‍ബന്ധമായി ഉപയോഗിപ്പിക്കുന്ന അച്ഛന്‍റെയും അമ്മയുടെയും കണ്ണിൽ ചോരയില്ലാത്ത പ്രവര്‍ത്തിയാണ്, എന്ന് ഞാൻ വിശ്വസിച്ചു പോയതിൽ എന്നെ കുറ്റം പറയുവാൻ എങ്ങനെ പറ്റും. അന്ന് തിരിഞ്ഞുനോക്കിയപ്പോൾ, എന്നോടുള്ള ഈ അവഗണന, ഞാൻ ചെറുപ്പം മുതൽ അനുഭവിക്കുന്നതാണ് എന്ന ബോധവും, ചിന്തയും എന്നെ അതികഠിനമായി ഭരിച്ചു കൊണ്ടിരിന്നു.

കുഞ്ഞുനാളിൽ,  എന്‍റെ രണ്ടു വയസ്സു മൂത്ത ജ്യേഷ്ഠന്‍റെ, ചെറുതായ ഉടുപ്പുകളെല്ലാം തന്നെ ഞാനാണ് ഇട്ടിരുന്നത്. ഇതു കൂടാതെ, പഴയ സ്കൂൾ പുസ്തകങ്ങളും, സ്കൂൾ ബാഗുകളും, പഴയ കളിപ്പാട്ടങ്ങളും, എന്നു വേണ്ട, ജ്യേഷ്ഠൻ ഉപയോഗിച്ചിരുന്ന സകലമാന സാധനങ്ങളും, എന്‍റെ പ്രിയപ്പെട്ട അച്ഛനും അമ്മയും, കൃത്യമായി എനിക്കു വേണ്ടി സൂക്ഷിച്ചുവെച്ച് തന്നിരുന്നു. ഇതിനുപരി, എന്‍റെ രണ്ടു വയസ്സു താഴെ പ്രായമുള്ള, എന്‍റെ അനുജന്‍റെ സമയം വരുമ്പോൾ, ഈ പറഞ്ഞ സാധനങ്ങളെല്ലാം തന്നെ, അവന്, പുതിയതുകിട്ടുകയും ചെയ്യും. എന്‍റെ ചേട്ടനും എന്‍റെ അനുജനും പുതിയതും, എനിക്ക് എപ്പോഴും എല്ലാക്കാലത്തും പഴയതും.

പത്താം ക്ലാസ്സിൽ വരെ, കഷ്ട്ടപ്പെട്ട് മിടുക്കനായി പഠിച്ച് ഉന്നത വിജയം കിട്ടി, അന്നത്തെ PDC – പ്രീ ഡിഗ്രീ ക്ലാസ്സിലേക്ക് പോയപ്പോഴും, എനിക്കുകിട്ടി എന്‍റെ ചേട്ടന്‍റെ പഴയ സൈക്കിൾ. ആ സൈക്കിളിൽ, ഞാൻ കോളേജിലേക്കുള്ള ചെറിയ കുന്നും മലയും ചവിട്ടി, വിദ്യാര്‍ത്ഥിനികൾ ധാരാളമുള്ള കോളേജ് ചുറ്റുപാടിൽ പോകുന്നത്, ഓര്‍ക്കുമ്പോൾ തന്നെ, എന്‍റെ രോഷം പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. കൂടാതെ, എന്‍റെ അനുജൻ പുതിയ സൈക്കിളിൽ ധാര്‍ഷ്ഠൃത്തോടെ പോകുന്നത് കാണുമ്പോൾ എന്‍റെ ഉള്ളിൽ ദു:ഖവും രോഷവും അണപൊട്ടി ഒഴുകി. അച്ഛനോടും അമ്മയോടും “എനിക്കും വേണം പുതിയ നല്ല സൈക്കിൾ” എന്ന ആവശ്യം ഉന്നയിച്ചു. ആവശ്യം നടക്കാതെയും സാധിക്കാതെയും ആയപ്പോൾ, കാലാപക്കൊടി ഉയര്‍ന്നു. അന്നേവരെ, വളരെ നല്ല കുട്ടിയായി, പഠനത്തിലും പെരുമാറ്റത്തിലും, എല്ലാവര്‍ക്കും വീട്ടിലും സ്കൂളിലും മാതൃകയായിരുന്ന ഞാൻ, ഒരു കലാപകാരിയായി പൊട്ടിത്തെറിച്ചു.

അടുക്കളയിലിരുന്ന മൂര്‍ച്ചയേറിയ കത്തി ഞാൻ കൈകളിൽ എടുത്തു. ഈ കലാപം, മുതിര്‍ന്നവരായ അച്ഛനോടും അമ്മയോടും ആഞ്ഞടിക്കുവാൻ കഴിയാത്ത കാരണം, ഞാൻ നേരെ വീടിന്‍റെ പുറകിലുള്ള പറമ്പിലേക്കു പോയി, അവിടെ കൃഷി ചെയ്തിരുന്ന, എല്ലാ ചേമ്പിന്‍റെയും വാഴയുടെയും തണ്ട് വെട്ടി രോഷം തീര്‍ത്തു. എന്‍റെ ഈ അസാധാരണമായ പെരുമാറ്റം കേട്ട്, ഓടിവന്ന എന്‍റെ അമ്മച്ചിയും അമ്മാവന്മാരും കൂടി, എനിക്ക് ഒരു പുതിയ സൈക്കിൾ മേടിച്ചു തരുവാൻ, എന്‍റെ അച്ഛനേയും അമ്മയേയും കൊണ്ട് തീരുമാനമാക്കി. പുതിയ സൈക്കിൾ കിട്ടിയെങ്കിലും തലപോയ ആ ചേനയും വാഴയും, ഞാൻ കോളേജിൽ (പ്രീ ഡിഗ്രീ ക്ലാസ്സിൽ) സൈക്കളിൽ പോയ രണ്ടു വര്‍ഷവും എന്നേനോക്കി കൊഞ്ഞനം കാട്ടിക്കൊണ്ടിരുന്നു. പില്‍ക്കാലത്ത്, സൈക്കോളജിയിൽ ബിരുദാനന്തരബിരുദം എടുത്തപ്പോൾ, മാതാപിതാക്കളുടെ അറിഞ്ഞോ അറിയാതെയോ ഉള്ള വാക്കുകളും പ്രവര്‍ത്തികളും, എങ്ങനെ, അവർ അറിയാതെ തന്നെ, എത്രയോ കുട്ടികളിൽ, അവരുടെ സ്വഭാവത്തെയും പ്രകൃതത്തെയും ബാധിക്കുന്നു എന്നുള്ള പഠനകാലത്ത്, എന്‍റെ ജീവിതത്തിൽ ഉണ്ടായ ഈ സംഭവത്തെ,  അതുമായി യോജിപ്പിച്ചു ചിന്തിക്കുവാൻ കഴിഞ്ഞു.

പിന്നീട് ജീവിതത്തിൽ വിവാഹം കഴിച്ചപ്പോൾ, ഞാനായിട്ട്, ഒരു രണ്ടാമനെക്കൂടി സൃഷ്ടിക്കേണ്ട എന്ന ചിന്ത, ഒരു കുഞ്ഞിൽ ഒതുക്കുവാനുള്ള കാരണങ്ങളിൽ ഒന്നായി മാറി. മാത്രമല്ല, അവൾ ആവശ്യപ്പെടുന്നതിനുമുമ്പുതന്നെ, പുതിയ, മൂന്ന് ചക്ര സൈക്കിളും, രണ്ടു ചക്ര സൈക്കിളും, എല്ലാം വാങ്ങിക്കൊടുത്തു, എനിക്കു കിട്ടാഞ്ഞത്, അവൾക്കു കൊടുത്ത് , എന്നിലെ നഷ്ടബോധത്തിന് ഒരു ആശ്വാസവും കണ്ടെത്തി.

എന്‍റെ പുതിയ സൈക്കിളിൽ ഞാൻ കോളേജിലേക്കും, ട്യൂഷൻ ടീച്ചറിന്‍റെ വീടുകളിലേക്കും യാത്ര ചെയ്തുകൊണ്ടിരുന്നു. കൂടാതെ, എന്‍റെ നാട്ടിലെ പ്രാധാന വിനോദം സിനിമ കാണുക എന്നതായിരുന്നതിനാൽ, സിനിമ കൊട്ടകകളിലേക്കും, സൈക്കിൾ യാത്ര സ്ഥിരമായിരുന്നു. എന്തായാലും, എന്‍റെ PDC – പ്രീ ഡിഗ്രീ പഠനം ഗംഭീരമായിരുന്നു. എനിക്ക്, നല്ല മാർക്കോടെ ഇന്ത്യയിലെ തന്നെ വളരെ നല്ല എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനവും ലഭിച്ചു. അങ്ങനെ, സൈക്കിൾ എന്‍റെ കൌമാര ജീവിതത്തിലെ ചെത്ത് വാഹനമായി എനിക്കു മാറി.

എഞ്ചിനീയറിംഗ് കോളേജിലെ സൈക്കിൾ ജീവിതം

റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് നാഗ്പ്പൂർ, അന്നും (1981) ഇന്നും, ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട കോളേജുകളിൽ ഒന്നാണ്. വിശാലമായ ഇരുനൂറ്റിഇരുപത്തഞ്ച് (225) ഏക്കർ കാമ്പസ്. മരങ്ങളും പച്ചപ്പുകളും നിറഞ്ഞു കിടക്കുന്ന കാമ്പസ്. കോളേജ്, കാമ്പസിന്‍റെ ഒരുവശത്തും, ഹോസ്റ്റലുകൾ, വിശാലമായ കാമ്പസിന്‍റെ മറുവശത്തുമായി കിടക്കുന്നു. പെണ്ണുങ്ങളുടെ ഹോസ്റ്റൽ, ആണുങ്ങളുടെ ഹോസ്റ്റലിൽ നിന്നും വളരെ ദൂരെ വേറൊരു വശത്താണ്. വിശാലമായ ക്രിക്കറ്റ് മൈതാനവും, മറ്റു കളിസ്ഥലങ്ങളും പല ഭാഗങ്ങളിലായി ചിന്ന ഭിന്നമായി കിടക്കുന്നു. കാമ്പസിൽ നിന്നും പുറത്തുപോകണമെങ്കിൽ, നടന്നു പോവുക അസ്സാദ്ദ്യം. സൈക്കിൾ കൂടിയേ തീരൂ. ആഴ്ചാവസാനങ്ങളിൽ, സിനിമയ്ക്കും മറ്റു കാര്യങ്ങള്‍ക്കും പോകണമെങ്കിൽ, കുറഞ്ഞത് ഹോസ്റ്റലിൽ നിന്നും ഗേറ്റുവരെയെങ്കിലും, സൈക്കിളിൽ പോയെങ്കിൽ മാത്രമേ, അന്നത്തെ ഒരു സൈക്കിള്‍റിക്ഷായോ, ബസ്സോ കിട്ടുമായിരുന്നുള്ളു. അങ്ങനെ ഒരു പുതിയ സൈക്കിൾ അവിടെ നാലു വര്‍ഷക്കാലം എന്‍റെ സന്തതസഹചാരിയായി തീര്‍ന്നു.

ഇന്ത്യൻ മിലിട്ടറി അക്കാദമിയും സൈക്കിളും

എഞ്ചിനീയറിംഗു കഴിഞ്ഞ് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരിശീലത്തിനുചേര്‍ന്നപ്പോൾ, എല്ലാ പരസ്യത്തിലും കാണുന്ന പട്ടാളജീപ്പിനു പകരം, അവിടെയും കിട്ടി ഒരു സൈക്കിൾ. പഴയ, സീനിയേഴ്സ് ഉപയോഗിച്ചു തിരിച്ചു കൊടുത്തിട്ട്, പിന്നീട് നമുക്ക് ഉപയോഗിക്കുവാൻ വേണ്ടി തരുന്ന സൈക്കിൾ. ഇന്ത്യൻ മിലിട്ടറി അക്കാദമി കാമ്പസ്, അത്ര ചില്ലറ കാമ്പസ് ഒന്നുമായിരുന്നില്ല. ഒരു വെറും ആയിരത്തിനാനൂറ് (1400) ഏക്കർ മാത്രം. സൈക്കിൾ  ഇല്ലാതെ  ഒരു രക്ഷയുമില്ല. ഉണ്ടെങ്കിൽ തന്നെ, ക്ലാസ്സുകള്‍ക്കിടയിലുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ, ആഹാരത്തിനു സമയം കണ്ടെത്തി, പലതരമായ വേഷങ്ങളും അണിഞ്ഞ്, വിവിധതരമായ ആയുധങ്ങളുമേന്തി, ഒരിടത്തു നിന്നും മറ്റൊരിടത്ത് എത്തിച്ചേരുക, അത്യന്തം ദുഷ്കരം.

സൈക്കിൾ നല്ലതായി കൊണ്ടുനടക്കുക എന്നത്, നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്. സൈക്കിൾ പഞ്ചറായി, കേടായി, ചെയിൻ ഊരിപ്പോയി, എന്നുള്ള കാരണങ്ങൾ ഒന്നും തന്നെ അവിടെ സ്വീകാര്യമല്ല. എല്ലാത്തിനും ശിക്ഷ തന്നെ. ഇക്കാലത്തെ ഒരു പ്രധാന ശിക്ഷ തന്നെ, സൈക്കിൾ രണ്ടു കൈകളിൽ തലയ്ക്ക് മീതെ പൊക്കി പിടിച്ച് ഫുട്ബോൾ മൈതാനത്തിനുചുറ്റും ഓടുക, റോഡിലൂടെ സൈക്കിളുമായി ഓടുക, സൈക്കിളുമായി സിറ്റപ്പ്സ് (Sit- Ups) ചെയ്യുക എന്നൊക്കെ തന്നെ ആണ്. അങ്ങനെ സൈക്കിൾ എനിക്ക് ഒരു ഭീകരജീവിയായി മാറി.

ആയിരത്തിനാനൂറ് (1400) ഏക്കറിൽ  കൂടിയുള്ള ഈ സൈക്കിൾ യാത്രകളും, സൈക്കിൾ ഉപയോഗിച്ചുള്ള ശിക്ഷണ രീതികളും, വെറും സാധാരണക്കാരിൽ സാധാരണക്കാരായ ചെറുപ്പക്കാരെ, ശാരീരികമായും മാനസികമായും ഏതു പ്രതിസന്ധികളെയും നേരിടുവാനുള്ളപരിശീലന ത്തിന്‍റെ, വലിയ സഹായി ആയി മാറി. എന്‍റെ PDC – പ്രീ ഡിഗ്രീ ക്ലാസ്സിലേയും, പിന്നീട് എഞ്ചിനീയറിംഗ് കാമ്പസിലേയും, സൈക്കിൾ യാത്രകൾ, എന്‍റെ മിലിട്ടറി പരിശീലനത്തിൽ തീര്‍ച്ചയായും വളരെ ഉപകരിച്ചു.

മിലിട്ടറി അക്കാദമിയിലെ ശിക്ഷകളിലെ ഒരു പ്രധാന ആയുധം Courtesy: Google Images

ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും സൈക്കിളിൽ 

ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പരിശീലത്തിനു ശേഷം എനിക്ക് സൈക്കിൾ ഉപയോഗിക്കേണ്ടതായി വന്നിരുന്നില്ല. അതിനുള്ള പ്രധാനമായ  കാരണങ്ങൾ മറ്റു പട്ടാള വാഹനങ്ങൾ ഉള്ളതിനാലും, എനിക്ക് സ്വന്തമായി വാഹനങ്ങൾ ഉണ്ടായിരുന്നതിനാലും, എനിക്ക് പറ്റിയ ഒരു മാരകമായ അപകടത്തിൽ എന്‍റെ എല്ലുകള്‍ക്ക് കാര്യമായ ഒടിവുകൾ സംഭവിച്ചതിനാലും, ഞാൻ പിന്നീട് ഒരു സൈക്കിൾ ചവിട്ടുവാൻ ശ്രമിച്ചിരുന്നില്ല. കാലിൽ ഉണ്ടായ ഒടിവ്, സുഖമായെങ്കിലും, ദോഷമായി ബാധിച്ചെങ്കിലോ എന്നചിന്ത, എന്നേ, സൈക്കിൾ ചവിട്ടുന്നതിൽനിന്നും വളരെക്കാലം പിന്‍തിരിപ്പിച്ചു നിര്‍ത്തി.

ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, പട്ടാളത്തിൽ നിന്നും വോളന്‍ററി റിട്ടയര്‍മെന്‍റ് എടുത്ത ശേഷം, എന്നിലെ സൈക്കിൾ പ്രേമം വീണ്ടും ഉയര്‍ത്തെഴുന്നേറ്റു. ഇരുപത്തിയഞ്ചു (25) വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ടും കല്‍പ്പിച്ച്, ഞാൻ ഒരു വളരെ വില കൂടിയ സൈക്കിൾ തന്നെ അങ്ങ് വാങ്ങിച്ചു. പത്തു ഗിയർ ഉള്ള മുന്തിയ ഒരു സൈക്കിൾ. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശ്രമമായതിനാൽ, എന്‍റെ ഈ സൈക്കിൾ പ്രേമം പരാജയപ്പെടുമോ?, എന്‍റെ ഈ വില കൂടിയ സൈക്കിൾ, പല വീടുകളിലും കാണുന്നതുപോലെ തുണി ഉണങ്ങുവാൻ തൂക്കി ഇടാനുള്ള ഒരു വിലകൂടിയ സ്റ്റാന്‍റായി മാറുമോ?, എന്ന് എനിക്ക് വളരെ സന്ദേഹം ഇല്ലാതിരുന്നില്ല. പ്രത്യേകിച്ച്, “ഈ പ്രായത്തിൽ ഇതിന്‍റെ ഒക്കെ ആവശ്യം ഉണ്ടോ? “ എന്ന ഭാര്യയുടെ  ചോദ്യവും ഒരു വാൾ പോലെ എന്‍റെ തലയുടെ മുകളിൽ തൂങ്ങിക്കിടന്നിരുന്നു .

രണ്ടും കല്‍പ്പിച്ച് ഞാൻ മേടിക്കാൻ തന്നെ നിശ്ചയിച്ചു, മുന്നോട്ടു പോയി. ആദ്യമൊക്കെ കുറച്ചു പൊരുത്തപ്പെടുവാൻ ബുദ്ധിമുട്ട് വന്നെങ്കിലും, കുറച്ചു ദിവസങ്ങൾ പോയപ്പോൾ കിട്ടിയ, നല്ല ശുദ്ധവായുവും, കാഴ്ചകളും, വ്യായാമവും, സന്തോഷവും എന്നെ അതിയായി ഉത്സാഹിപ്പിച്ചു കൊണ്ടിരുന്നു. കുറച്ചു ദിവസങ്ങൾ ചവിട്ടിയപ്പോൾ തന്നേ, എന്നിലെ പഴയ സൈക്കിളുകാരൻ ജട കുടഞ്ഞ് എഴുന്നേറ്റു.

ഒരു മണിക്കൂർ സമയം വളരെ അനായാസമായി ചവിട്ടുവാൻ ഇന്നും കഴിയുന്നു എന്നുള്ളത്, ഈ അമ്പത്തിയെട്ടാം (58) വയസ്സിലും,  ആവശ്യത്തിലും അധികം വണ്ണമുള്ള  ഈ  അവസ്ഥയിലും,  വളരെ സന്തോഷം നല്‍കുന്നു. കുറച്ചുമാസങ്ങൾക്കുമുമ്പ് എഴുപതു (70 Km) കിലോമീറ്റർ ചവിട്ടുവാൻ ശ്രമിച്ചതും വിജയകരമായിരുന്നു, എങ്കിലും, ഇത് എത്ര നാൾ തുടരുവാൻ കഴിയും എന്നത്, ഒരു ചോദ്യ ചിഹ്നമാണ്. അങ്ങനെ സൈക്കിൾ യാത്ര, ഇന്ന് എനിക്ക് സന്തോഷം നല്‍കുന്ന ഒരു വിനോദമായി മാറി.

എഴുത്തുകാരൻ, എഴുപതു കിലോമീറ്റർ ചവിട്ടിയതിനു ശേഷം

നമ്മുക്ക് ചവിട്ടാം

എന്‍റെ ജീവിതത്തിൽ സൈക്കിൾ കാലഘട്ടത്തിനും സാഹചര്യത്തിനും അനുസരിച്ച് പലവിധമായ വൈകാരികമായ ഘട്ടങ്ങളിൽ കൂടി കടന്നു പോയി.

  •  വളരെ ചെറുപ്പത്തിൽ സൈക്കിൾ ഒരു സന്തോഷമായിരുന്നു.
  • കൌമാര പ്രായത്തിൽ സൈക്കിൾ ഒരു ചെത്തു വാഹനമായി മാറി.
  •   എഞ്ചിനീയറിംഗ് കോളേജിൽ സൈക്കിൾ ഒരു സന്തത സഹചാരിയായി മാറി.
  •  ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ സൈക്കിൾ ഒരു ഭീകര ജീവിയായി മാറി.
  •  ഈ അമ്പത്തിയെട്ടാം (58) വയസ്സിൽ, സൈക്കിൾ സവാരി, സന്തോഷം നല്‍കുന്ന ഒരു വിനോദമായി മാറി.

സ്നേഹിതരെ, മറ്റു രാജ്യങ്ങളിലെ പോലെ, ഇന്ത്യയും ഒരു സൈക്കിൾ ഫ്രണ്ട്‌ലി രാജ്യമാകുവാൻ കഴിഞ്ഞിരുന്നെങ്കിൽ,  എത്ര നന്നായിരുന്നു എന്ന് ചിന്തിച്ച് പോകുന്നു. മറ്റു പല രാജ്യങ്ങളിലും, സൈക്കിളിൽ പോകുന്നവർക്കുവേണ്ടി, പ്രത്യേകം പാതകൾ ഉണ്ട്. ഇന്ത്യയിൽ, ചുരുക്കം സ്ഥലം ഒഴികെ, മറ്റൊരിടത്തും തന്നെ ഇത് കാണുന്നില്ല. പലപ്പോഴും, നമ്മുടെ ചുറ്റുപാടുമുള്ള വഴികൾ, കുണ്ടുംകുഴികളുമായും, വെള്ളം നിറഞ്ഞും കിടക്കുന്ന അവസ്ഥയിലുമാണ്. രാവിലെ വാഹന ഗതാഗതം തുടങ്ങി കഴിഞ്ഞാൽ, പ്രത്യേകിച്ച് രാവിലെ എട്ട് മണിക്ക് ശേഷം, സൈക്കിൾ ചവിട്ടുക വളരെ അസാധ്യമായ സാഹചര്യമാണ്, നമ്മുക്ക് ചുറ്റും മിക്കയിടത്തും.

രണ്ടായിരത്തിപതിനേഴിലെ (2017)  കണക്കുപ്രകാരം, ഇന്ത്യയിൽ  മൂവായിരത്തിഅഞ്ഞൂറ്  (3500) പേര്,   സൈക്കിൾ അപകടത്തിൽ മരിക്കുകയുണ്ടായി. രണ്ടായിരത്തിഇരുപത്തിലെ (2020) കണക്കു പ്രകാരം, നാലുലക്ഷത്തിഇരുപത്തയ്യായിരം (4,25,00) പേർക്ക് സൈക്കിൾ സംബന്ധമായ പരുക്കുകൾ ഏറ്റിരുന്നു .

ഇതിനൊരു മാറ്റം വരട്ടെ. അതിവേഗ പാതകൾ, നമുക്ക് ഉണ്ടാകേണ്ടതുമാതിരി തന്നെ, അധിക വേഗത ഇല്ലാത്, സുരക്ഷിതമായി, എല്ലാസമയത്തും, യാത്രചെയ്യുവാൻ പറ്റിയ സൈക്കിൾ പാതകളും, നമുക്കുണ്ടാകേണ്ടത്, ഈ കാലഘട്ടത്തിൻറെ ആവശ്യമാണ്. നമ്മുടെ ഭരണാധികാരികൾ അതിനുവേണ്ടി പ്രവര്‍ത്തിക്കട്ടെ. ആരോഗ്യകരമായ, പരിസ്ഥിതി  ഫ്രണ്ട്ലിയായ, ഒരു നല്ല നാളേയ്ക്കായി നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രയത്നിക്കാം. സുരക്ഷിതമായ സൈക്കിൾ ദിനങ്ങൾ നമ്മുക്കും ഉണ്ടാകും എന്ന് നമ്മുക്ക് പ്രത്യാശിക്കാം. നമുക്ക് സൈക്കിൾ ചവിട്ട് തുടരാം.

എഴുത്തുകാരൻ, ഫിറ്റ് ഇന്ത്യ മൂവ് മെന്റിന്റെ ഭാഗമായുള്ള പോസ്റ്ററിൽ

എഴുത്തുകാരൻ, സൈക്ലോത്തോണിൽ