വിവാഹ നടത്തിപ്പിലെ സുപ്രധാനമായ കാര്യം

വിവാഹമോചനം

വളരെയധികം വിവാഹ മോചനങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്നു നാം ജീവിക്കുന്നത്.  കേരളത്തില്‍ ഒരു മണിക്കൂറില്‍ അഞ്ചും ആറും വിവാഹ മോചനങ്ങള്‍ നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2005-2006 കാലഘട്ടത്തില്‍ എണ്ണായിരത്തി നാന്നൂറ്റി അൻപതിയാര് ( 8456) വിവാഹ മോചനങ്ങള്‍ കേരളത്തില്‍ നടന്നിരുന്ന കാലത്ത് ഇന്ന് അന്‍പതിനായിരത്തിലധികം (50000)  വിവാഹ മോചനങ്ങള്‍ കേരളത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്നു. ജനസംഖ്യാ നിരക്ക് 2001-ല്‍ 3.2 കോടിയില്‍ നിന്നും 2022-ല്‍ 3.6 കോടിയിലേക്ക് ഉയര്‍ന്നപ്പോള്‍, അതായത് 12.5 ശതമാനം വളര്‍ന്നപ്പോള്‍, വിവാഹ മോചനങ്ങള്‍ ഈ കാലയളവില്‍ എണ്ണായിരത്തി നാന്നൂറ്റി അന്പത്തിയാറിൽനിന്നും (8456), അന്‍പതിനായിരത്തിലധികമായി (50000)  ഉയര്‍ന്നു. അതായത്, 632 ശതമാനം (ആറു മടങ്ങ്) വളര്‍ന്നു എന്നത് നമ്മളെ ഓരോരുത്തരേയും ചിന്തിപ്പിക്കേണ്ട വിഷയം തന്നെ. ഇതിനുള്ള കാരണങ്ങള്‍ വിവിധ തരങ്ങളിലും തലത്തിലും ഉള്ളതാണ്. വര്‍ദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങളില്‍ മാറിവരുന്ന കാലഘട്ടത്തിന്‍റെ വലിയ പ്രഭാവം ഉണ്ടങ്കിലും പല കാരണങ്ങളും വിവാഹം കഴിക്കുന്നവരിലും, അവരുടെ മാതാപിതാക്കളിലും “തങ്ങള്‍ക്ക് അറിവില്ല എന്ന അറിവ്” ഇല്ലാത്തതാണ്. പഴയ കാലങ്ങളില്‍ പ്രത്യേകിച്ച് ഒരു കൂട്ടുകുടുംബ വ്യവസ്ഥയില്‍ വിവാഹത്തില്‍ ഏര്‍പ്പെടുന്നവരെപ്പറ്റിയുള്ള മിക്കവാറും എല്ലാ വിധത്തിലുമുള്ള അറിവുകളും പലവിധമായ ശ്രോതസ്സുകളിൽ നിന്നും ലഭിച്ചിരുന്നതു കാരണം, മിക്കവാറും എല്ലാം തന്നെ അറിഞ്ഞ് ഒരു തീരുമാനം എടുക്കുവാന്‍ കഴിഞ്ഞിരുന്നുയെന്നത്, പിന്നീടുള്ള വിവാഹ ജീവിതത്തില്‍ ഒരു സുഗമമായ വഴി തെളിക്കുവാന്‍ ഒരു പരിധിവരെ സഹായിച്ചിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

വിവാഹ മോചനത്തിനുള്ള പ്രധാന കാരണങ്ങള്‍

 

വിവാഹമോചനത്തിനുള്ള  പ്രധാന കാരണങ്ങൾ

വിവാഹ മോചനത്തിനുള്ള കാരണങ്ങളുടെ പട്ടിക ധാരളമാണ്.  എങ്കിലും അവയില്‍ കുറെയേറെ കാരണങ്ങള്‍ വിവാഹം കഴിക്കുന്നവരും, അവരുടെ മാതാപിതാക്കളും, അതിന്‍റെ നടത്തിപ്പുകാരും വേണ്ടവിധത്തില്‍ വിവാഹത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികളെപ്പറ്റിയും, അവരുടെ കുടുംബങ്ങളെപ്പറ്റിയും ശരിക്ക്, സമയവും സാവകാശവും എടുത്ത് അറിവ് സമ്പാദിക്കാതെ തീരുമാനം എടുത്ത് മുന്‍പോട്ടു പോയ കാരണങ്ങളാല്‍, പിന്നീട് വിവാഹ ശേഷം കിട്ടുന്ന ഞെട്ടലുകളില്‍ നിന്നും ഉടലെടുക്കപ്പെടുന്നതാണ്. ഇത്തരത്തില്‍പെടുന്ന വിവാഹമോചന കാരണങ്ങളില്‍ ചിലത് രൂപപ്പെടുന്നത് താഴെ പറയുന്നവ വഴിയാണ് :

1. സാമ്പത്തികമായ വ്യത്യാസങ്ങള്‍

2. വിദ്യാഭ്യാസപരമായ വ്യത്യാസങ്ങള്‍

3. സമൂഹത്തിലെ സ്ഥാനം

4. മത വിശ്വാസങ്ങളിലെയും ആചാരങ്ങളിലേയും വ്യത്യാസങ്ങള്‍

5. കുടുംബത്തിലെ പാരമ്പര്യരോഗങ്ങള്‍

6. ദമ്പതിമാരുടെ ആരോഗ്യം സംബന്ധിച്ചുള്ള വിവരങ്ങള്‍

7. മുന്‍കാല പ്രേമം

8. ലൈഗിക പ്രകൃതം

9. മാതാ-പിതാക്കളുടെ വീട്ടിലെ പെരുമാറ്റം

10. വീട്ടിലെ തീരുമാനങ്ങള്‍ പിതാവാണോ, മാതാവാണോ അതോ, കൂട്ടായാണോ എടുക്കുന്നത് എന്ന മാതൃക മക്കള്‍ പകര്‍ത്തിയത്

11. ദമ്പതിമാര്‍, സ്വന്തം വീട്ടിലെ കുട്ടികളില്‍ ഏതു സ്ഥാനത്ത് നില്ക്കുന്നു (ഒന്നാമന്‍, രണ്ടാമന്‍, ഇത്യാദി) എന്നതും അതിനനുസരിച്ച് രൂപപ്പെടാമെന്നുള്ള ശീലങ്ങളും സ്വഭാവങ്ങളും.

12. മാതാ-പിതാക്കള്‍, കുട്ടികളുടെ കൂടെ, അവരുടെ വളര്‍ച്ചയില്‍ എത്രകാലം ചെലവഴിച്ചിട്ടുണ്ട് എന്നത്, പ്രത്യേകിച്ച് ചെറുപ്പകാലത്ത്.

13. ഹോസ്റ്റലില്‍ മാത്രം വളരുന്ന കുട്ടികളില്‍ രൂപീകൃതമാകുന്ന പെരുമാറ്റ സ്വഭാവ രീതികള്‍.

14. കുടുംബത്തിലെ മറ്റു മുതിര്‍ന്നവരുടെയും കാരണവന്മാരുടെയും കുടുംബ കാര്യങ്ങളിലുള്ള സ്വാധീനം.

15. കുടുംബത്തിലെ അന്യോന്യമുള്ള സ്നേഹവും കരുതലും .

16. വീട്ടിലെ സ്ഥിരമായ പ്രാര്‍ത്ഥനാശീലം .

17. വളരുന്ന കുടുംബങ്ങളില്‍ രൂപപ്പെടുന്ന ജീവിത ആശയങ്ങളും ധാര്‍മിക ബോധവും.

18. അമിതമായ സ്വാതന്ത്ര്യത്തിലും അടച്ചുപൂട്ടി വളര്‍ത്തപ്പെടുമ്പോഴും വരുന്ന സ്വഭാവ സവിശേഷതകള്‍.

19. ജീവിതത്തില്‍ വളര്‍ന്നു വരുന്ന സമയത്ത് സ്വയം അനുഭവിച്ചിട്ടുള്ള തിക്താനുഭവങ്ങളും, കുടുംബത്തിലുണ്ടായിട്ടുള്ള അത്ര സുഖകരമല്ലാത്ത സംഭവ വികാസങ്ങളും.

20. മദ്യപാനവും മറ്റ് ദു:സ്വഭാവങ്ങളും

21. ഏത് രാജ്യത്ത്, ഏത് പ്രദേശത്ത്, ഏത് സമൂഹത്തില്‍, ഏത് വിധ ചിന്തയോട് കൂടിയാണ് വ്യക്തികള്‍ വളര്‍ന്നത് എന്നത്.

22. വീട്ടിലെ ജോലികളും മറ്റ് ഉത്തരവാദിത്വങ്ങളും ആര്, ഏത് പരിധി വരെ ചെയ്തിരുന്നു എന്നത് മക്കള്‍ മാതൃകയായി എടുത്തിട്ടുള്ളത്.

23. ഏത് തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നീട് ഏത് തരം സ്ഥാപനങ്ങളിലും ആണ് ജോലി ചെയ്തുകൊണ്ടിരുന്നതെന്നും, ഇന്ന് ജോലി ചെയ്തുകൊണ്ടിരിക്കുന്നതും.

മുകളില്‍ കൊടുത്തിരിക്കുന്ന പട്ടിക, വിവാഹ മോചനത്തിലേക്ക് നയിക്കപ്പെടാനുള്ള എല്ലാ കാരണങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതല്ല. വിവാഹത്തിന് മുന്‍പ് വിവാഹം കഴിക്കുന്ന ദമ്പതികളും, അവരുടെ മാതാപിതാക്കളും, നടത്തിപ്പുകാരും തീര്‍ച്ചയായും അറിയുവാന്‍ ശ്രമിക്കേണ്ട കാര്യങ്ങളുടെ ഒരു പട്ടിക മാത്രമാണ്. ഇതില്‍ പലതിനേപ്പറ്റിയുമുള്ള വ്യക്തമായ അറിവില്ലായ്മകളാണ് പില്‍ക്കാലത്ത് വിവാഹമോചനത്തില്‍ കലാശിക്കുവാനുള്ള അനേകം കാരണങ്ങളില്‍ ചില പ്രധാനപ്പെട്ടവ.

 

ഈ കാലഘട്ടത്തിലെ ബുദ്ധിമുട്ടുകള്‍

കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് സുഗമമായ ഒരു വിവാഹ ബന്ധത്തില്‍  എത്തിചേരുവാന്‍ ആവശ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം എടുക്കുവാന്‍ കഴിയാത്തതില്‍ ഉള്ള കാരണങ്ങള്‍ അനവധിയാണ്. അവയില്‍ താഴെ പറയുന്നവയും ഉള്‍പ്പെടുന്നു.

1. പണ്ടുകാലത്തെ കൂട്ടു കുടുംബങ്ങള്‍ മാറി ഇപ്പോള്‍ അച്ഛനും അമ്മയും മക്കളും അടങ്ങിയ ചെറിയ കുടുംബങ്ങളായി, അവര്‍ ലോകത്തിന്‍റെ പല ഭാഗത്തായി കിടക്കുന്നു.

2. കാരണവന്മാരുടെയും മറ്റ് മുതിര്‍ന്നവരുടെയും സഹായം ലഭിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കുന്നു.

3. കുടുംബത്തിന്‍റെ ജീവിത രീതികളും മക്കളുടെ പ്രകൃതത്തെയും പറ്റി കൃത്യമായ അറിവില്ലാത്ത കാരണം, അവർക്കുവേണ്ടി മറ്റൊരാളോട് ഉറപ്പോടെ, നല്ല ബന്ധമാണ് എന്നു പറയുവാന്‍, അടുത്ത ബന്ധക്കാര്‍പോലും ശങ്കിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു.

4. ചെറുക്കന്‍റെയും പെണ്‍കുട്ടിയുടെയും കുടുംബങ്ങള്‍ ദൂരെ ദൂരെ ആയതിനാലും, പല സ്ഥലങ്ങളിലും മാറി മാറി താമസിച്ചിട്ടുള്ള തിനാലും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുക അനായാസമായ കാര്യമല്ല.

5. കൂട്ടുകുടുംബങ്ങളില്‍ താമസിക്കാത്ത കാരണവും ദൂരെ ആയിരിക്കുന്നത് കാരണവും മക്കളുടെ വിവാഹത്തില്‍ ഏതെല്ലാം വിധത്തിലുള്ള കാര്യങ്ങള്‍ കുടുംബത്തിലെ കാരണവന്മാരിൽനിന്നും, മുതിര്‍ന്നവരില്‍നിന്നും അറിയണം എന്ന ഗ്രാഹ്യം ഇപ്പോഴത്തെ ഒട്ടുമിക്ക മാതാപിതാക്കള്‍ക്കും ഇല്ല.

6. ഈ ഒറ്റയ്ക്ക് ഒറ്റയ്ക്ക് താമസിക്കുന്ന കുടുംബങ്ങള്‍ മിക്കവാറും തീരുമാനങ്ങള്‍ ഒറ്റയ്ക്കെടുത്ത് ശീലിച്ചതിനാല്‍, വിവാഹമാലോചിച്ച് പരിചയം ഇല്ലാത്തവരാണെങ്കിലും പലരും സ്വയം തീരുമാനം എടുക്കുവാന്‍ നിര്‍ബന്ധിതരായിത്തീരുന്നു എന്നുമാത്രമല്ല, മറ്റുള്ളവരുടെ സഹായം തേടേണ്ടത് ആവശ്യമാണ് എന്ന ചിന്ത പോലും അവരെ ഭരിക്കാറില്ല.

7. ദൂരെ താമസിക്കുന്ന മുതിര്‍ന്നവരും കാരണവന്‍മാരും ഈ കുടുംബങ്ങള്‍ പഠിത്തത്തിലും സാമ്പത്തികമായും മുന്‍പില്‍ നില്‍ക്കുന്നവരായതിനാല്‍, അവര്‍ മിടുക്കന്മാരാണെന്നും, അവര്‍ക്ക് ഇക്കാര്യത്തിലും എല്ലാ അറിവും കഴിവും ഉണ്ട് എന്ന് ധരിച്ച്, ഇടപെടാതെ മാറി നില്‍ക്കുന്നു.

8. ഇപ്പോഴത്തെ കുടുംബങ്ങളും കുട്ടികളും അവര്‍ക്ക് വിവാഹ കാര്യത്തില്‍ ശരിയായ തീരുമാനം എടുക്കുവാന്‍ കഴിവുണ്ട് എന്ന് സ്വയം വിശ്വസിക്കുന്നു.

9. ഒന്നും രണ്ടും കുട്ടികളേ കുടുംബങ്ങളില്‍ ഉള്ളതുകാരണം, മക്കള്‍ പൂര്‍ണ്ണമായ അറിവില്ലാതെ തിരഞ്ഞെടുക്കുന്ന ആളിന്‍റെ കൂടെ വിവാഹം നടത്തിക്കൊടുക്കുവാൻ മാതാപിതാക്കള്‍ നിര്‍ബന്ധിതരായിത്തീരുന്നു.

10. പെൺകുട്ടികളുൾപ്പെടെയുള്ള യുവജനങ്ങൾ ഇപ്പോള്‍ സാമ്പത്തികമായി സ്വയം വരുമാനം ഉള്ളവരായിത്തീർന്നിരിക്കുന്നതിനാൽ, ഏറ്റവും അനുയോജ്യമായ ഒരാളെ കണ്ടെത്തുന്നതിനു പകരം, അവര്‍ക്ക് മുന്‍പില്‍ വെളിപ്പെട്ടിട്ടുള്ള ചില നല്ല ഗുണങ്ങളുടെ ബലത്തില്‍ മാത്രം, ഒരു വിവാഹത്തില്‍ വേണ്ട മറ്റെല്ലാ കാര്യങ്ങളും അവഗണിച്ച് മുന്‍പോട്ട് പോകുന്നു.

11. മതത്തിലും ആചാരത്തിലും പുതിയ തലമുറ അത്ര താല്‍പര്യം കാണിക്കാത്ത സ്ഥിതിയില്‍, വ്യത്യസ്ഥ മതസ്ഥരുമായുള്ള വിവാഹങ്ങളില്‍ ഉള്ള നന്‍മകളോടൊപ്പം, അതിലുള്ള കുടുംബപരമായും സാമൂഹികമായ ബുദ്ധിമുട്ടുകളെ കണ്ടില്ലായെന്ന് നടിക്കുന്നു.

12. ദൂരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് താമസിക്കുന്ന കുടുംബങ്ങളെ തന്‍റെ സ്വന്തം നാടിനോടും, നാട്ടുകാരോടും ഉള്ള ബന്ധത്തില്‍ നില നിര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്കുള്ള പരാജയവും, പരിമിതികളും.

13. ഇന്‍റര്‍നെറ്റിന്‍റെയും, സമൂഹമാധ്യമങ്ങളുടെയും അതിപ്രസരത്തിന്‍റെ ഈ കാലഘട്ടത്തില്‍, പാശ്ചാത്യരീതികളും വിചാരധാരകളും യുവജനങ്ങളുടെ ഉള്ളിലേക്ക് കടന്നു വന്നിട്ടുള്ളത്.

14. മാതാപിതാക്കളുടെ, മക്കൾ വഴി തെറ്റി പോകും എന്ന് ഭയന്ന് വേഗത്തില്‍ കല്യാണം കഴിപ്പിക്കുവാനുള്ള ധൃതിയും, ഇക്കാര്യത്തില്‍ പലപ്പോഴും കാരണവന്മാരുടെയും മുതിര്‍ന്നവരുടെയും തുടര്‍ച്ചയായ ഓർമ്മപ്പെടുത്തലുകളും.

15. കുട്ടികളെ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വളര്‍ത്തുമ്പോള്‍ അവര്‍ക്ക് ജീവിതത്തെപ്പറ്റിയും വിവാഹ ജീവിതം വിജയകരമാക്കുവാന്‍ വേണ്ട കാര്യങ്ങളെപ്പറ്റിയും അറിവില്ലാതെ പോകുന്നത്.

16. കുറച്ചു വിദ്യാഭ്യാസം നേടി നല്ല ഒരു ജോലിയും കൈ നിറയെ പൈസയും ആയിക്കഴിയുമ്പോൾ അവര്‍ക്ക് വിവാഹകാര്യം ഉള്‍പ്പടെ എല്ലാ കാര്യത്തിലും അറിവുണ്ട് എന്ന് സ്വയം വിശ്വസിക്കുന്നതും, മറ്റുള്ളവരുടെ അഭിപ്രായവും ഉപദേശവും തേടുവാനും അറിയുവാനും ഉള്ള താല്പര്യമില്ലായ്മയും.

17. ആണ്‍പെണ്‍ ഭേതമില്ലാതെ കുട്ടികളില്‍ വളര്‍ന്നു വരുന്ന സ്വതന്ത്ര ചിന്താഗതിയും സമത്വ ചിന്താഗതികളും, പുതിയ കാലഘട്ടം അതിനു നല്‍കുന്ന പ്രോത്സാഹനവും, ചില വിവാഹജീവിത മേഖലകളില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികള്‍.

18. തങ്ങളുടെ കുറവുകള്‍ മറച്ചു വെക്കുവാന്‍ ചെറുക്കന്‍റെയും പെണ്ണിന്‍റെയും കുടുംബങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍.

 

വിവാഹം കഴിക്കുന്ന പങ്കാളിയെ പറ്റി എല്ലാം അറിയുന്നത് ആവശ്യമാണോ?

 

വിശദമായി പഠിക്കുക

വിവാഹ മോചനങ്ങളുടെ കാരണങ്ങള്‍ വിശദമായി പഠിക്കുമ്പോള്‍, മനസിലാക്കുന്നത്, വിവാഹ ശേഷം അവരുടെ ജീവിതത്തില്‍ വെളിപ്പെടുന്ന, അറിഞ്ഞു വരുന്ന, പങ്കാളിയുടെയും, പങ്കാളിയുടെ കുടുംബത്തിന്‍റെയും എക്കാലവും നിലനിന്നു പോന്നിരുന്ന ചില കാര്യങ്ങളെപ്പറ്റിയുള്ള  അറിവുകളുടെയും  യാഥാർഥ്യങ്ങളുടെയും വെളിച്ചത്തിൽ നിന്നും ഉടലെടുക്കുന്നതാണെന്നുള്ളതാണ്.  ഇത് വ്യക്തി സംബന്ധമാകാം, കുടുംബ സംബന്ധമാകാം, സാമൂഹികമായ കാര്യങ്ങള്‍ ആകാം. പിന്നീട് പലപ്പോഴും ഈ പങ്കാളികള്‍ ഉള്ളിലെങ്കിലും ചിന്തിക്കുന്നത്, കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെ ആണ് എന്ന് നേരത്തെ അറിഞ്ഞിരുന്നു എങ്കില്‍, ഈ വിവാഹത്തില്‍ ഞാന്‍ ഏര്‍പ്പെടുകയേ ഇല്ലായിരുന്നു എന്നാണ്. ഈ സാഹചര്യത്തിലാണ് എല്ലാവിധമായ വിവരങ്ങളും ബുദ്ധിമുട്ടി സംഭരിച്ച്, ഓരോകാര്യത്തേപ്പറ്റിയും സമയമെടുത്ത് വേണ്ടപ്പെട്ടവരോടെല്ലാം ആലോചിച്ചശേഷം, രണ്ടു പങ്കാളികളും അവരുടെ മാതാപിതാക്കളും തീരുമാനം എടുക്കേണ്ടതിന്റെ ആവശ്യകത.

എല്ലാം അറിഞ്ഞെടുക്കുന്ന വിവാഹം വിജയിക്കുമെന്ന് ഉറപ്പുണ്ടോ?

 

ഭാവി അനിശ്ചിതത്വം നിറഞ്ഞതാണ്

ഈ ജീവിതത്തില്‍ ഒന്നിനേപ്പറ്റിയും നാളെയേപ്പറ്റിപ്പോലും ആര്‍ക്കും നൂറു ശതമാനം ഉറപ്പായി ഒന്നും പറയുവാന്‍ കഴിയുകയില്ല. എന്നാല്‍ എല്ലാവിധ യാഥാർഥ്യങ്ങളും പരമാവധി അറിഞ്ഞ്, ഒരു വിവാഹ തീരുമാനം എടുത്താല്‍, വിവാഹ മോചനത്തിലേക്ക് ഇന്ന് നയിച്ചുകൊണ്ടിരിക്കുന്ന  പല കാരണങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരം ആയിത്തീരാം. ഇതുകൂടാത് മറ്റനവധി കാരണങ്ങളും വിവാഹ ശേഷം ഉടലെടുത്ത് വിവാഹമോചനത്തില്‍ കലാശിക്കാം.

 

വിവാഹത്തിനു മുന്‍പ് യുവതി യുവാക്കളും മാതാപിതാക്കളും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

 

വിവാഹത്തിനുമുൻപ് തീർച്ചയായും ചെയ്തിരിക്കേണ്ട കാര്യങ്ങൾ

 

1. പരമാവധി സത്യാവസ്ഥ കണ്ടെത്തുക.

2. വിവാഹ ബന്ധത്തിലേര്‍പ്പെടുന്നവരും കുടുംബങ്ങളുംതന്നെ നല്ല കാര്യങ്ങള്‍ക്കൊപ്പം, മറ്റ് പോരായ്മകളെപ്പറ്റിയും അന്യോന്യം ബോധവാന്മാരാക്കുക.

3. അന്യോന്യം മറച്ചു വെച്ചേക്കാവുന്ന കാര്യങ്ങള്‍ സ്വയം അന്വേഷിച്ചു കണ്ടെത്തുവാന്‍ പരമാവധി ശ്രമിക്കുക.

4. കുടുംബത്തെ സ്നേഹിക്കുകയും അവരുടെ വേദനയില്‍ ദു:ഖിക്കുകയും ചെയ്യുന്ന കാരണവന്‍മാരുടെയും മുതിര്‍ന്നവരുടെയും സുഹൃത്തുക്കളുടെയും സഹായവും ഉപദേശവും ആവശ്യപ്പെടുക.

5. കഴിവതും ആറുമാസമെങ്കിലും പങ്കാളികളെ, വിവാഹത്തിനുമുന്‍പ് തുറന്ന മനസ്സോടെ ഇടപ്പെടുവാന്‍ (സംസാരിക്കുവാനും നേരില്‍ കാണുവാനും) അനുവദിക്കുക.

6. ധൃതി പിടിച്ച് അടുത്തിടെ പരിചയപ്പെട്ട വ്യക്തികളുമായും അവരുടെ കുടുംബങ്ങളുമായും വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുക.

7. മക്കളെ പഠിത്തത്തിലും ജോലിയിലും നന്നായി ശോഭിക്കുവാന്‍ വര്‍ഷങ്ങളോളം സമയവും പണവും ചെലവഴിക്കുന്നതുമാതിരി, മക്കള്‍ വളരുന്നതിനൊപ്പം, നല്ല വിവാഹജീവിതത്തിന് ആവശ്യമായ ഘടകങ്ങളെപ്പറ്റി മാതാപിതാക്കൾ സ്വയം ബോധവാന്മാർ ആകുകയും മക്കളേ ബോധവൽക്കരിച്ചുകൊണ്ടിരിക്കുകയും, ഒരുക്കുകയും ചെയ്യുക. അവസാന നിമിഷമുള്ള ബോധവല്‍ക്കരണം വേണ്ട ഗുണം ചെയ്യില്ല.

8. വിവാഹം വേണ്ട എന്നു പറയുന്ന യുവതീ യുവാക്കന്മാരുടെ, അവർ അങ്ങനെ നിർബന്ധം പറയുന്നതിൻറെ കാര്യകാരണങ്ങൾ ഗഹനമായി മനസ്സിലാക്കുവാൻ ശ്രമിക്കുക. ഒട്ടുമേ താൽപ്പര്യം ഇല്ലാത്തവരെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കരുത്. ചിലപ്പോൾ അവർക്ക് ഏറ്റവും അടുത്തവരോടുപോലും  വെളിപ്പെടുത്തുവാൻ കഴിയാത്തവിധത്തിലുള്ള, ഭാവിയിൽ വിവാഹ ജീവിതത്തെ ഹനിക്കുവാൻതക്കവിധമുള്ള കാരണങ്ങൾ ഉണ്ടാകാം.

9. കുട്ടികളെ വിദഗ്ദ്ധരായ വിവാഹ കൌണ്‍സിലറിനെ കാണുവാന്‍ സഹായിക്കുക. അവരില്‍ കൂടി വിവാഹ ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ന്നു കൊടുക്കുക.

10. വിവാഹ തീരുമാനത്തിനു മുന്‍പ് പങ്കാളികള്‍ ഒരുമിച്ച് വിദഗ്ദ്ധരായ വിവാഹ കൌണ്‍സിലേഴ്സിനെ കാണുന്നത്, ബോധവല്‍ക്കരണത്തോടൊപ്പം, പില്‍ക്കാലത്ത് വിവാഹത്തെ ദോഷകരമായി ബാധിക്കാവുന്ന കാര്യങ്ങളെപ്പറ്റി ഇരുവര്‍ക്കും പറഞ്ഞു മനസ്സിലാക്കുവാനും സഹായിക്കും.

11. മക്കൾക്കു വിവാഹം ആലോചിക്കുമ്പോൾ തോന്നുന്ന സംശയങ്ങൾ ദൂരീകരിക്കുവാൻ മാതാപിതാക്കളും നല്ല വിവാഹ കൗൺസലേഴ്‌സിനെ കണ്ട് മാർഗദർശനവും ഉപദേശവും നേടുന്നതും നല്ല ഒരു തീരുമാനത്തിൽ എത്തിച്ചേരുവാൻ സഹായിക്കും.

12. ഇപ്പോളത്തെ ആൺകുട്ടികൾ പലപ്പോഴും ബിരുദാന്തരബിരുദവും കഴിഞ്ഞു സാമ്പത്തികമായി ഒരു ഭദ്രത വരുവാൻ മുപ്പതുവയസ്സോളം എടുക്കുക സാധാരണമാണ്. പെൺകുട്ടികളും പലപ്പോഴും ബിരുദാന്തരബിരുദത്തിനുശേഷം ഒരു ജോലിയിൽ കയറുമ്പോൾതന്നേ വിവാഹം കഴിപ്പിക്കുമ്പോൾ, അവർക്കും വിവാഹത്തിനായി മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒന്നു തയാറെടുക്കുവാൻ സാവകാശം കിട്ടാതെവരാറുണ്ട്. ധൃതിപിടിച്ചു കുട്ടികൾക്കു സാവകാശം കൊടുക്കാതെയുള്ള വിവാഹങ്ങൾ, ശരിയായവിധത്തിൽ ആലോചിക്കാത് തെറ്റായിത്തീരുവാൻ കാരണമായി ഭവിക്കാറുണ്ട്.

13. നേരത്തേതന്നെ എല്ലാം തീരുമാനിച്ച് ഉറപ്പിക്കാതെ, വിവാഹ ബന്ധങ്ങളെ തുറന്ന മനസ്സോടെ സമീപിക്കുകയും സമയമെടുത്ത് കാര്യങ്ങളെല്ലാം അറിഞ്ഞ് അപഗ്രഥിച്ചു മുന്‍പോട്ട് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് ഉചിതം.

14. ഈ ഒരു ബോധവല്‌ക്കരണത്തിൽക്കൂടി കടന്നു പോകുമ്പോള്‍, പല വിവാഹ ആലോചനകളും വേണ്ടാ എന്നു വെയ്ക്കുന്നത് നന്മയ്ക്കായി തീരുവാനാണ് സാധ്യത. അങ്ങനെ വേണ്ടായെന്നുവയ്ക്കുന്ന വിവാഹ ബന്ധങ്ങളെ പറ്റി പിന്നീട് ചിന്തിച്ച് മനസ്സിനെ വിഷമിപ്പിക്കാതിരിക്കുക.

 

വ്യക്തികളിലെ സമാനതകളാണോ, ഒരു വിവാഹ ജീവിതത്തിന്‍റെ വിജയത്തിന് കാരണം?

 

ഒരുപോലെയും വ്യത്യസ്തതകളും

പലപ്പോഴും ഒരേ പെരുമാറ്റ, ഭക്ഷണ, സാമൂഹിക രീതികള്‍ ദമ്പതിമാരെ നല്ല ഒരു വിവാഹ ജീവിതത്തിന് ഒരു പരിധിവരെ സഹായിക്കുമെങ്കിലും എല്ലാ കാര്യത്തിലും രണ്ടു പേരും ഒരു പോലെ ആയിരിക്കേണ്ടത് ഒരു നല്ല വിവാഹ ജീവിതത്തിന് വളരെ അത്യാവശ്യം ആണ് എന്ന് പറയുവാന്‍ ആകില്ല. എല്ലാം അന്വേഷിച്ഛ് ആലോചിച്ചുനടത്തിയ വിവാഹശേഷം തെളിഞ്ഞുവരുന്ന കുറവുകളെ അന്യോന്യം മനസ്സിലാക്കി, നല്ല കാര്യങ്ങള്‍ രണ്ടു വ്യക്തികളില്‍ നിന്നും സ്വീകരിച്ചുകൊണ്ട് മുന്‍പോട്ട്  പോവുകയാണ് പ്രധാനം. അതിനുള്ള മനസ്സ് ഉണ്ടാകേണ്ടതാണ്, വിവാഹ ജീവിതത്തിന്‍റെ ഒരുക്കങ്ങളിൽനിന്നും കുട്ടികൾ  കുടുംബങ്ങളിൽ  വളർന്നുവരുമ്പോൾത്തന്നേയുള്ള   ബോധവൽക്കരണങ്ങളിൽനിന്നും യുവാക്കള്‍ക്കും യുവതികള്‍ക്കും ലഭിക്കേണ്ടത്. വിവാഹശേഷം, ഓരോ പുതിയ യാഥാർഥ്യങ്ങളും അറിഞ്ഞു ഞെട്ടുമ്പോൾ, ദമ്പതികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഉണ്ടാകുന്ന വ്യഥയും അലോസരവും ഒഴിവാക്കുന്നതാണ്  നന്മയും ഉത്തമവും.

നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ

 

സന്തോഷകരമായ കുടുംബജീവിതം ഉണ്ടാകട്ടേ

വിവാഹ ശേഷം താന്‍ എടുത്ത തീരുമാനം തെറ്റിപ്പോയി എന്ന് ദമ്പതികള്‍ക്കും മാതാപിതാക്കള്‍ക്കും ഉണ്ടാകാത്ത വിധത്തില്‍ വിവാഹത്തിനു മുന്‍പുള്ള ആലോചനാസമയത്ത്തന്നെ കാര്യങ്ങള്‍ വേണ്ടവിധത്തിൽ ക്രമീകരിക്കുക. വിവാഹ ശേഷമുള്ള അനുയോജ്യമല്ലാത്ത കണ്ടത്തലുകൾ കഴിവതും ഇല്ലാതാക്കുവാന്‍ പാകത്തില്‍, ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക. അതിനുവേണ്ട വിധത്തിലുള്ള എല്ലാ സഹായങ്ങളും തേടുക. അറിയേണ്ടതായ എല്ലാ കാര്യങ്ങളും അറിഞ്ഞ് വേണ്ടതിലധികം സമയം എടുത്തുമാത്രം വിവാഹത്തെപ്പറ്റി അന്തിമ തീരുമാനം എടുക്കുക. കുട്ടികളെ അവരുടെ വളര്‍ച്ചയോടൊപ്പം നല്ലൊരു വിവാഹ ജീവിതത്തില്‍ ആവശ്യമായ നല്ല ഗുണങ്ങളോടെ വളര്‍ത്തുക, ഒരുക്കുക.

 

സന്തോഷകരമായ കുടുംബജീവിതം ഉണ്ടാകട്ടേ

വിവാഹം ഓരോ വ്യക്തിക്കും ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്. നമ്മുടെ യുവ തലമുറയും അവരുടെ മാതാപിതാക്കളും ഒരുമിച്ച് ഒരു നല്ല വിവാഹ ജീവിതം മക്കള്‍ക്ക് ഉണ്ടാകുവാന്‍ വേണ്ടി ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുവാന്‍ ഇടയാകട്ടെ. എല്ലാവര്‍ക്കും അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബ ജീവിതം നേരുന്നു.

“ശരിയായ ദിശയാണ് വേഗതയേക്കാൾ പ്രധാനം എന്ന് മറക്കാതിരിക്കുക”.

 

ദിശയാണ്  വേഗതയേക്കാളും പ്രധാനം