
മനുഷ്യ ജന്മം എന്ന അത്ഭുതം
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ എന്‍റെ കിടക്കയിലേക്ക് ഇഴഞ്ഞു വന്ന് എന്നെ ഉണര്‍ത്തുവാന്‍ ശ്രമിക്കുന്ന, എന്‍റെ ഒട്ടും ചെറുതല്ലാത്ത വയറ്റില്‍ പിടിച്ചുനിന്ന്, താളം കൊട്ടി എന്നെ ഉണര്‍ത്തുവാനും, എന്‍റെ ശ്രദ്ധ ആകര്‍ഷിക്കുവാനും ശ്രമിക്കുന്ന എന്‍റെ പേരക്കിടാവിനെ കാണുമ്പോള്‍ ദൈവത്തിന്‍റെ കരവിരുതിനെയും,സൃഷ്ടാവിന്‍റെ മഹത്വത്തെയും ആണ് എനിക്ക് ദിവസവും ഓര്‍മ വരുന്നത്. അവളുടെ നിഷ്കളങ്കമായ ചിരി കാണുമ്പോള്‍, എല്ലാ അനാവശ്യ ചിന്തകളും അലിയിച്ചു മായിച്ചുകളയുന്ന ഒരു മാന്ത്രിക ചെപ്പായി അവള്‍ മാറുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലം എന്‍റെ ജീവിതത്തിലെ തന്നെ ഒരു പ്രത്യേക അനുഭവമായിരുന്നു, എന്‍റെ പേരക്കുട്ടിയുടെ ജനനവും അവളുടെ ഒരു വര്‍ഷമായുള്ള വളര്‍ച്ചയും.
മനുഷ്യന്‍ എന്ന അദ്‌ഭുതത്തേ പറ്റി എന്നേ വളരെ അധികം ചിന്തിപ്പിച്ച സമയങ്ങൾ. മനുഷ്യന്‍റെ ജനനം മനുഷ്യന്‍റെ വളരെ ചെറിയ ഭാഗവും ദൈവത്തിന്‍റെ ഭൂരിഭാഗവും ഉള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമാണ്. ആദ്യമായി ഒരു മുത്തച്ഛന്‍ ആകുമ്പോഴുള്ള ആശങ്കകളും, ആകാംഷകളും, സന്തോഷവും മനസ്സിലൂടെ കടന്നുപോകുന്ന സമയങ്ങൾ. ഞാന്‍ ഒരച്ഛന്‍ ആകുന്ന കാലത്ത്, ഇതിലൂടെ കടന്നു പോയിരുന്നുവെങ്കിലും, ജോലിത്തിരക്കിനിടയിലും ഉത്തരവാദിത്തങ്ങള്‍ പേറാന്‍ മാതാ-പിതാക്കള്‍ ഉണ്ടായിരുന്നതിനാലും ഇങ്ങനെ ഓരോ ദിവസവും ചിന്തിക്കേണ്ടതായി വന്നിരുന്നില്ല.
ഗര്‍ഭകാലം
മനുഷ്യജന്മത്തിന് ഒരു അണ്ഡവും ബീജവും കൊടുക്കുകയെന്നത് ഒഴിച്ച് (അതും സൃഷ്ട്ടാവ് തന്നെങ്കില്‍ മാത്രം) ബാക്കി അതിന്‍റെ സകലമാന പ്രോഗ്രാമുകളിലും, സമയബന്ധിതമായ വളര്‍ച്ചകളിലും, മനുഷ്യന്‍ വളരെ നിസ്സഹായനാണ്. ആകെ മനുഷ്യന് ചെയ്യാനുള്ളത്, കുറച്ചുനല്ല പോഷകാഹാരം കഴിക്കുക എന്നതാണ്. ബാക്കി എല്ലാ കാര്യങ്ങളും സൃഷ്ട്ടാവ് തന്നെ ചെയ്തങ്കിലേ നടക്കുകയുള്ളൂ. ഏതെങ്കിലും ഒന്ന് നടക്കേണ്ട സമയത്ത് നടന്നില്ലങ്കില്‍, അത് മനുഷ്യനു ശരിയാക്കാനുള്ള കഴിവ് ഇന്നും തീരെയില്ല എന്ന സത്യം തിരിച്ചറിയുന്ന സമയങ്ങള്‍. ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞിന്‍റെ വളര്‍ച്ച എങ്ങനെയുണ്ട് എന്ന് വളരെ ചുരുക്കമായി മനസിലാക്കുവാനുള്ള കഴിവേ ഇന്നും ശാസ്ത്രത്തിനുള്ളൂ.
ആറാം മാസത്തിലെ സ്കാനിങ്ങിൽ കാണുന്ന മനുഷ്യ ജീവന്റെ രൂപം
ഒരു ജീവന്‍റെ അംശം ഗര്‍ഭപാത്രത്തിനുള്ളില്‍ തുടിക്കുന്നത് ഡോക്ടറുടെ സ്കാന്‍ സമയത്ത് കാണുന്നത് ഒരു പ്രത്യേക അനുഭവമാണ്. ഈ ജീവന്‍റെ തുടിപ്പില്‍ എന്‍റെയും ജീവന്‍റെ ഒരു ബ്ലൂ പ്രിന്‍റ് ഉണ്ടെന്ന ബോധം മനസ്സിലേക്ക് കയറുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേക തരം വികാരം. ആ ഗര്‍ഭസ്ഥശിശു ഗര്‍ഭപാത്രത്തില്‍ വളരുമ്പോള്‍ ഉള്ളില്‍ നിന്നും ആ കുഞ്ഞിന്‍റെ കൈയ്യും കാലും കൊണ്ടുള്ള തൊഴികള്‍ ഒരമ്മയ്ക്ക് ആത്മനിര്‍വൃതി നല്‍കുന്ന അനുഭവമാണ്. പലപ്പോഴും ആ വയറ്റിൽ കൈവച്ച് പരിചാരകരായ നമുക്കും അത് അനുഭവിക്കുവാൻ കഴിയുന്നത് ഒരു പ്രത്യേക അനുഭൂതി തന്നെ.
മനസ്സിലെ ചിന്തകള്‍
ഒരു കുഞ്ഞിനെ ലഭിക്കണം എന്ന് ആഗ്രഹിച്ചിട്ടും കുഞ്ഞിനെ വര്‍ഷങ്ങളോളം കാത്തിരുന്നിട്ടുമാത്രം ലഭിക്കുകയും പലപ്പോഴും ഒരിക്കലും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ദമ്പതിമാരുടെ വേദന ഈ സമയങ്ങളില്‍ എന്‍റെ മനസില്‍ കൂടി കടന്നു പോയി. പെട്ടെന്ന് ഒരു കുഞ്ഞിനെ ലഭിക്കുന്നത് കുഞ്ഞ് സൃഷ്ട്ടാവിന്‍റെ ഒരു ദാനമാണ് എന്ന ബോധം ഈ ദമ്പതികളില്‍ ഉണ്ടാകാതെ വളരെ ലാഘവത്തോടുകൂടി ഇതിനെ കാണുന്നതിന് ഇടയാക്കാറില്ലേ എന്ന് എന്നെ ചിന്തിപ്പിച്ചു.
ഓരോ സ്കാനിങ്ങിനും എന്‍റെ മകളോടും മരുമകനോടും ഭാര്യയോടും ഒപ്പം പോകുമ്പോള്‍ ഈ ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയെ പറ്റി ഡോക്ടര്‍ എന്തു പറയും എന്ന ചിന്ത പല ദിവസങ്ങള്‍ക്കു മുന്‍പുതന്നെ മദിച്ചു തുടങ്ങും. സ്കാന്‍ സമയത്ത് ഡോക്ടര്‍ പറഞ്ഞ പല വാക്കുകളും പിന്നീട് ദിവസങ്ങളോളം, ആഴ്ചകളോളം മാസങ്ങളോളം മനസില്‍ തങ്ങി കിടക്കും. ചില വാക്കുകള്‍ പ്രസവത്തിനുശേഷം കുട്ടിയെ നേരില്‍ കാണുന്നതുവരേയും,ചിലത് അതിനും അപ്പുറത്തേക്കും നമ്മുടെ ചിന്തയിലേക്ക് കടന്നു വന്നുകൊണ്ടേയിരിക്കും.
ഒരു ഗര്‍ഭിണിക്ക് ഗര്‍ഭസമയത്ത് ഉണ്ടാകുന്ന ചിന്തകളും വിചാരങ്ങളും വികാരങ്ങളും അനുഭവങ്ങളും ജീവിത ചുറ്റുപാടുകളും അമ്മയിലൂടെ കുട്ടിയുടെ സ്വഭാവത്തിലും പ്രകൃതത്തിലും കടന്നു വരാം എന്നു പഠനം തെളിയിക്കുന്നു. ഒരു ഗര്‍ഭിണിക്ക് ഏതെങ്കിലും രോഗം, അല്ലെങ്കില്‍ അസുഖങ്ങള്‍ വന്നാല്‍ അതിനുള്ള ചികില്‍സകളും ഉള്ളില്‍ വളരുന്ന ജീവനെ എങ്ങനെ സ്വാധീനിക്കും എന്ന ചിന്ത, അതിലൂടെ കടന്നു പോകുമ്പോള്‍ അനുഭവിക്കുന്നവര്‍ക്കും ചുറ്റുപാടും ഉള്ളവര്‍ക്കും മാത്രമേ അതിന്‍റെ ആഴത്തില്‍ മനസ്സിലാകുകയുള്ളൂ. പ്രാര്‍ത്ഥനയില്‍ ഊന്നിപ്പിടിക്കുകയും ദൈവത്തില്‍ വിശ്വസിച്ച് മുന്‍പോട്ടുപോവുകയും ചെയ്യുമ്പോള്‍ മാത്രം അതിജീവിക്കുവാന്‍ കഴിയുന്ന ചിന്തകള്‍. ഗര്‍ഭപാത്രത്തിനുള്ളിലെ കുഞ്ഞിന് എന്തു സംഭവിക്കുന്നു എന്നത് നമുക്ക് പല പരിശോധനകളിലൂടെ ചെറുതായി അനുമാനിക്കുവാനേ കഴിയുകയുള്ളൂ. ദൈവം തന്നേ കാക്കണം മനുഷ്യനു ചെയ്യാവുന്നത് പരിമിതമാണ്.
പ്രസവം
പൂര്‍ണ്ണ ഗര്‍ഭാവസ്ഥയില്‍ ഒരു സ്ത്രീ കടന്നു പോകുന്ന ശാരീരികവും മാനസീകവും വൈകാരികവുമായ ബുദ്ധിമുട്ടുകള്‍, ഈ സമയങ്ങളില്‍ എനിക്കു ജോലിയില്‍ നിന്നും മാറി നില്‍ക്കുവാന്‍ കഴിഞ്ഞ കാരണത്താല്‍, എന്‍റെ മകളുടെ ഗര്‍ഭകാലത്ത് എനിക്ക് ശരിക്കും മനസിലാക്കുവാന്‍ ഇടയായി. എന്നേയും നമ്മെ ഓരോരുത്തരേയും, നമ്മുടെ അമ്മമാര്‍ എങ്ങനെ കരുതിയതുകൊണ്ടാണ് നമ്മള്‍ ഇന്ന് ഇവിടെ വരെ എത്തി നില്‍ക്കുന്നത് എന്ന യഥാര്‍ഥ്യം കണ്‍മുന്‍പില്‍ തുറന്നു കാട്ടുന്ന അനുഭവം. എന്‍റെ മകള്‍ ഉണ്ടായപ്പോഴും എന്‍റെ ഭാര്യയും ഇതിലൂടെയൊക്കെ കടന്നു പോയിട്ടുള്ളതാണ് എന്ന ചിന്തകള്‍ മനസ്സിനെ മഥിച്ചുകൊണ്ടേയിരുന്നു.
പിറക്കാന്‍ പോകുന്ന ശിശുവിനെപ്പറ്റിയുള്ള ചിന്തകള്‍ പല ശിശുക്കള്‍ക്കും ഉണ്ടായിട്ടുള്ള കുറവുകള്‍ വീണ്ടും വീണ്ടും പല തരത്തില്‍ മനസ്സില്‍ വേലിയേറ്റം ഉണ്ടാക്കിക്കൊണ്ടിരുന്നു. ദൈവം നമ്മുടെ കൂടെയുണ്ട് എന്ന വിശ്വാസവും എല്ലാം നന്നായി തീരും എന്ന പ്രതീക്ഷകളും പ്രാര്‍ത്ഥനകളും മാത്രമാണ് ഈ ചിന്തകളില്‍ നിന്നും മോചനം കിട്ടുവാനുള്ള ഏകവഴി.
പ്രസവത്തിനുവേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം, കാത്തിരിപ്പിന്റെ ഓരോ നിമിഷവും വലിയ ദിവസങ്ങള്‍ ആയി തോന്നി തുടങ്ങും. പിന്നീട്, പ്രസവസമയത്ത് ഉണ്ടാകുന്ന പ്രസവവേദനയെപറ്റിയുള്ള വിവരണങ്ങളും നേഴ്സ്സുമാരുടെയും ഡോക്ടര്‍മാരുടെയും സേവനത്തിലൂടെ ഒരു സുഖപ്രസവത്തിലേക്ക് കടന്നു പോകുമ്പോള്‍ ഒരു തികച്ചും നോര്‍മല്‍ ആയ ഒരു കുട്ടിയെ കിട്ടുമ്പോള്‍, ഈ ദിവസങ്ങളില്‍ എടുത്ത എല്ലാ വിധ പ്രയത്നങ്ങളും, പ്രയാസങ്ങളും, വേദനകളും, എല്ലാം നന്മയ്ക്കായി, സന്തോഷത്തിനായി തീര്‍ന്നു എന്നു കാണുമ്പോള്‍ അതു മനസിനു നല്‍കുന്ന കുളിര്‍മ വര്‍ണനാതീതമാണ്.
ആ കുഞ്ഞു ജീവനെ നമ്മുടെ കൈയ്യിലേക്ക് ആ നേഴ്സ് വച്ച് തരുമ്പോള്‍ കിട്ടുന്ന ആത്മനിര്‍വൃതി പറഞ്ഞറിയിക്കാനാവാത്തതാണ്. അങ്ങനെ ഞാനും ഒരു മുത്തച്ഛനായി തീരുവാനുള്ള ഭാഗ്യവും കൃപയും സര്‍വ്വേശ്വരന്‍ എനിക്കും നല്‍കി.
ജനിച്ചുവീണ പിഞ്ചു കുഞ്ഞുമായി
പ്രസവശേഷമുള്ള കുഞ്ഞ്
ഒരു ചെറിയ ജീവന്‍റെ അംശമായി ഒന്നിനും ഒരു കെല്‍പ്പുമില്ലാതെ കിടക്കുന്ന ആ പിഞ്ചു കുഞ്ഞിനെ കാണുമ്പോള്‍ മനുഷ്യന്‍ എത്ര നിസ്സഹായനായാണ് ജനിക്കുന്നത് എന്ന ബോധം നമ്മെ തുറിച്ചു നോക്കും. മൃഗങ്ങളുടെ കാര്യം ഈ അവസ്ഥയില്‍ നിന്നും എത്രയോ ഭേദമാണ്. പല മൃഗങ്ങൾക്കും ജനിക്കുമ്പോള്‍ തന്നെ അതിന് അതിന്‍റേതായ പല കാര്യങ്ങളും സ്വന്തമായി ചെയ്യുവാന്‍ സാധിക്കുന്നു. മനുഷ്യകുഞ്ഞിനെ ആരെങ്കിലും വര്‍ഷങ്ങളോളം പൂര്‍ണമായും സഹായിച്ചില്ലങ്കില്‍ അത് ഇല്ലാതെ പോകുവാന്‍ സമയമെടുക്കുകയില്ല. നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരുടെ വലിയ കരുതലിന്‍റെയും സ്നേഹത്തിന്‍റേയും ഫലമായാണ് ഇന്ന് – – – ഞാന്‍ – – -നാം – – ആയിരിക്കുന്നത് എന്നത് എത്ര വലിയ യാഥാര്‍ഥ്യമാണ്. പക്ഷേ വളര്‍ന്ന് വലുതായി കഴിയുമ്പോള്‍ ഇവയെല്ലാം മറന്ന് പെറ്റ തള്ളയെപ്പോലും തല്ലാനും കൊല്ലാനും വയസ്സുകാലത്ത് ഒന്നു നോക്കുകപോലും ചെയ്യാത്ത മക്കള്‍ ഈ ലോകത്തില്‍ ഇന്ന് ഉണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വളരെ വേദനാജനകമാണ്.
കുഞ്ഞിന്‍റെ വളര്‍ച്ച
കഴിഞ്ഞ ഒരു വര്‍ഷക്കാലം എന്‍റെ പേരക്കുഞ്ഞിന്‍റെ വളര്‍ച്ച ഓരോ ദിവസവും കാണുവാനും, ദൈവം എന്ന മഹാസൃഷ്ട്ടിയുടെ കരവിരുതുകള്‍ അവളില്‍ വരുത്തുന്ന വ്യതിയാനങ്ങള്‍ കണ്ട് സന്തോഷിക്കുവാനും അത്ഭുതപ്പെടുവാനും എനിക്കിടയായി.
കഴിഞ്ഞ ഒരു വര്‍ഷക്കാലം എടുക്കുകയാണെങ്കില്‍ എന്‍റെ ഭവനത്തിലുള്ള ആരെക്കാളും കൂടുതല്‍ വ്യതിയാനങ്ങളും വളര്‍ച്ചയും ഉണ്ടായത് ഈ കുഞ്ഞിനാണ്. ഒരു ചെറിയ ജീവന്‍റെ അംശത്തില്‍ നിന്നും പതുക്കെ കൈയ്യും കാലുകളും അനക്കി അനക്കി, തിരിയാനും മറിയാനും ആദ്യം ശ്രമിച്ചു. ഒരു കൊല്ലം കൊണ്ട് അവള്‍ വീടുമുഴുവനും വളരെ വേഗം ഇഴഞ്ഞു നടക്കുന്ന അവസ്ഥയിലേക്കു മാറിയിരിക്കുന്നു. അവൾ ഇപ്പോൾ, പിടിച്ചു നിൽക്കുവാനും, പിടിച്ചു പിടിച്ചു നടക്കുവാനും, ആളുകളെ കാണുമ്പോള്‍ പരിചയമുള്ളവരെ തിരിച്ചറിയുവാനും; നമ്മള്‍ പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങള്‍ അതു തിരിച്ചു പറയുവാനും, ചെയ്യുവാനും ശ്രമിക്കും.
ദൈവത്തിന്‍റെ കരവിരുത്, പ്രോഗ്രാമിംഗ്, എത്രയോ വലുതാണ്, മഹത്തരമാണ്. ഈ മാറുന്ന അവസ്ഥകളിലൂടെ പോകാതെ, അവള്‍ ഒരു മാംസ പിണ്ഡമായിക്കിടന്നിരുന്നെങ്കില്‍, മനുഷ്യന് കാര്യമായി ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. ദൈവം പ്രവര്‍ത്തിച്ചെങ്കിലെ ഈ ഓരോ വളര്‍ച്ചയും അതിന്‍റേതായ സമയത്തു പ്രവര്‍ത്തിക്കുകയുള്ളൂ. ഇതൊക്കെയാണ് യാഥാര്‍ഥ്യമെങ്കിലും, ഇതെല്ലാം മറന്ന്, മനുഷ്യന്‍റെ ചിന്തയും അഹങ്കാരവും, അവനാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നതെന്നും അവനാണ് ഏറ്റവും വലിയവന്‍ എന്നുമുള്ള മിഥ്യാ ബോധം, ഈ ലോകത്തെ വളരെ തിന്മകളിലേക്കും, സാമൂഹികമായ ദോഷങ്ങളിലേക്കും, വിനാശങ്ങളിലേക്കും തള്ളി വിട്ടു കൊണ്ടിരിക്കുകയാണ്.
വളരുന്ന കുഞ്ഞ് എട്ടാം മാസത്തിൽ
ഉത്തരവാദിത്വം
ദൈവം അതിന്‍റെ പൂര്‍ണതയില്‍പ്രോഗ്രാം ചെയ്താണ് ഓരോ മനുഷ്യനേയും ഈ ഭൂമിയില്‍ അയച്ചിരിക്കുന്നത്. മാതാ-പിതാക്കളും മുത്തച്ഛന്‍മാരും മുത്തശ്ശിമാരും , മറ്റു ബന്ധുമിത്രാധികളുടെയും, സുഹൃത്തുക്കളുടെയും ഉത്തരവാദിത്വമാണ് ഒരു നല്ല ജീവിത സാഹചര്യം ഈ വളരുന്ന കുട്ടിക്ക് ഉണ്ടാക്കി കൊടുക്കുക എന്നത്. ഇന്ന് ഒരു വയസ്സുള്ള ഈ കുഞ്ഞ് വളര്‍ന്ന് വലുതായി എങ്ങനെ ആയിത്തീരും എന്നത്, ഈ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതില്‍ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ഉത്തരവാദിത്വങ്ങള്‍ വളരെ വലുതാണ്. ഇവര്‍ തങ്ങള്‍ക്ക് എല്ലാം അറിയാം എന്ന് ഭാവിക്കാതെ, പ്രായമുള്ളവരില്‍ നിന്നും, മറ്റു സ്പെഷ്യലിസ്റ്റുകളില്‍ നിന്നും, എങ്ങനെ കുട്ടികളെ വളര്‍ത്തണം , നയിക്കണം എന്ന ബോധം നേടിക്കൊണ്ടേ ഇരിക്കണം. അല്ലങ്കില്‍ നാം അറിയാതെ തന്നെ, നമ്മുടെ അറിവില്ലായ്മയാല്‍ പറയുന്ന ഓരോ വാക്കുകളും ചെയ്യുന്ന ഒരോ പ്രവര്‍ത്തികളും പില്‍ക്കാലത്ത് കുട്ടിയെ തെറ്റുകളിലേക്കും അപൂര്‍ണ്ണതയിലേക്കും നടത്തുവാന്‍ ഇടയാക്കും.
ഈ മനുഷ്യജീവിതം, ദൈവം നല്‍കിയിരിക്കുന്ന വലിയ അവസരമാണ്. നമുക്ക് ഉണര്‍ന്ന് ജാഗ്രതയോടെ പ്രവര്‍ത്തിക്കാം. കടന്നു പോകുമ്പോള്‍, നാം ഇവിടെ ജീവിച്ചിരുന്നതു കാരണം ഒരു ജീവിതമെങ്കിലും കുറച്ചെങ്കിലും സുന്ദരമാക്കുവാന്‍ കഴിഞ്ഞു എന്നുള്ള സന്തോഷത്തോടു കൂടി കടന്നു പോകുവാന്‍ നമുക്ക് ഇടയാകണം. അതിനു ഇടയാകട്ടെ,.