
കേരളം മാറണം
ചിന്തകള്‍
എന്‍റെ കേരളം എങ്ങോട്ട്? കേരളത്തിലെ ചെറുപ്പക്കാര്‍ എങ്ങോട്ട്? കുറച്ചെങ്കിലും ഉണ്ടായിരുന്ന കേരളത്തിലെ വ്യവസായം എങ്ങോട്ടു പോയി? സാമ്പത്തികമായ തളര്‍ച്ച കേരളത്തെ എങ്ങോട്ടു നയിക്കും? ദിവസേന കൂടിക്കൂടി വരുന്ന അതിഥി തൊഴിലാളികളുടെയെണ്ണം കേരളത്തെ എവിടെയെത്തിക്കും? നാളികേരത്തിന്‍റെയും, റബ്ബറിന്‍റെയും, സുഗന്ധദ്രവ്യങ്ങളുടെയും വിലക്കുറവും കൃഷിയിലുള്ള കുറവുകളും കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? സഞ്ചരിക്കുവാന്‍ ബുദ്ധിമുട്ടുകളേറിയ വീതികുറഞ്ഞ റോഡുകള്‍ കേരളത്തെ എവിടെയെത്തിക്കും? മറ്റു രാജ്യങ്ങളില്‍ പോയി ജോലിചെയ്ത്, കേരളത്തിലേയ്ക്ക് ഇക്കാലമത്രയും അയച്ചുകൊണ്ടിരിക്കുന്ന വിദേശപണം ., . ഭാവിയില്‍ .എന്തായിത്തീരും?
നമ്മുടെ നേതാക്കന്മാര്‍, നമ്മേ എങ്ങോട്ടാണ് നയിക്കുന്നത്? പ്രബുദ്ധരുടെ നാടെന്ന് ഒരുകാലത്ത് ലോകം വിളിച്ചിരുന്ന, നാം അഭിമാനിച്ചിരുന്ന കേരളം എങ്ങോട്ട്? നമ്മുടെ മക്കളും കൊച്ചുമക്കളും നമ്മുടെ പ്രായമായ അവസ്ഥയില്‍ ഈ നാട്ടില്‍ നമ്മോടൊപ്പം കാണുമോ? അവര്‍ക്ക് അനുയോജ്യമായ, അവരുടെ പ്രതീക്ഷാനുസൃതമായ ഒരു ഭാവി നാം ഇവിടെ സൃഷ്ടിക്കുന്നുണ്ടോ? കേരളം അത്യാസന്നനിലയില്‍ എത്തിയിരിക്കുന്നുവോ? നമ്മേ ആരൂ കരകയറ്റും? ഇപ്പോഴത്തെ നേതൃത്വത്തിന് കാലത്തിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു, മാറുവാന്‍ കഴിയുമോ? അതോ, വീണ്ടും ഒരു ജനാധിപത്യവിപ്ലവം വേണ്ടിവരുമോ, ഈ അവശ്യമാറ്റത്തിന് തിരികൊളുത്താന്‍?
എന്താണ് കേരളത്തില്‍ സംഭവിച്ചത് ?
സ്വാതന്ത്ര്യത്തിനു മുന്‍പ്
കേരളം സ്വാതന്ത്ര്യത്തിനുമുൻപ് (കടപ്പാട് : ഗൂഗിൾ ഇമേജസ്)
ഫലഭൂയിഷ്ടമായ കേരളത്തിന്‍റെ മണ്ണ് പണ്ടുകാലംമുതൽ, നാളികേരത്തിനും, സുഗന്ധവ്യഞ്ജനങ്ങൾക്കും, മറ്റുകൃഷികള്‍ക്കും പ്രശസ്തമായിരുന്നു. ഈ നാടിന്‍റെ “കറുത്ത സ്വര്‍ണ്ണം” എന്നറിയപ്പെട്ടിരുന്ന കുരുമുളക്, ഏലം, ഗ്രാമ്പൂ, കറുവപ്പട്ട, ഇഞ്ചി, ജാതിക്ക തുടങ്ങിയവയുടെ ഖ്യാതി ലോകത്തില്‍ എല്ലായിടത്തുനിന്നും വ്യപാരികളേയും, പിന്നീട് മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളെയും ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു. പണ്ടുകാലം മുതല്‍ കേരളീയർക്കുണ്ടായിരുന്ന സ്വര്‍ണ്ണത്തോടുള്ള കമ്പവും പുരാതനക്ഷേത്രങ്ങളിലെ സ്വര്‍ണ്ണാഭരണങ്ങളാല്‍ നിറഞ്ഞ നിലവറകളും പൊതുവേ കേരളത്തിന് സമൃദ്ധിയുടെ ഒരു പ്രതിശ്ചായ, മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് വിദേശികള്‍ക്ക് നല്കിയിരുന്നു. കേരളം ഭരിച്ചിരുന്ന പല രാജാക്കന്മാരും, പ്രത്യേകിച്ച് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പുരോഗമനപരമായി ചിന്തിക്കുന്നതില്‍ മുന്നിട്ടുനിന്നിരുന്നതിനാല്‍ പല നല്ല സാമൂഹികമാറ്റങ്ങളും കേരളത്തിൽ സംഭവിച്ചിരുന്നത്, ഇന്ത്യയിലെതന്നെ മറ്റുപ്രദേശങ്ങളേക്കാളും ആയാസരഹിതമായിരുന്നു. അക്കാലത്ത്, കേരളത്തിലെ കലാസാംസ്ക്കാരിക നേതൃത്വവും മാറ്റങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ തക്കവിധം അറിവും പ്രാപ്തിയും നേടിയിരുന്നു.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനം കേരളത്തില്‍ ശക്തമായിരുന്നു. ആദ്യമാദ്യം വിദേശികള്‍ കേരളത്തില്‍ വന്നത് വ്യാപാരത്തിനായാണെങ്കിലും, ശേഷം വന്ന ധാരാളം ക്രിസ്ത്യന്‍ മിഷനറിമാര്‍, മലയാളഭാഷയുടെ വളര്‍ച്ചയുള്‍പ്പടെ, വിദ്യാഭ്യാസം, മനുഷ്യസമത്വം, ആതുരസേവനം തുടങ്ങിയ കാര്യങ്ങളിൽ, പുരോഗമനപരമായ ധാരാളം ആശയങ്ങള്‍ക്ക് അടിത്തറപാകുന്നതിനും, കേരളസമൂഹത്തിലെ നല്ലവ്യതിയാനങ്ങള്‍ ത്വരിതമാക്കുവാനും സഹായിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം
കേരളം സ്വാതന്ത്രത്തിനുശേഷം (കടപ്പാട് : ഗൂഗിൾ ഇമേജസ്)
സ്വാതന്ത്ര്യത്തിനുശേഷം വന്ന, കേരളത്തിലെ സാമൂഹികസാംസ്ക്കാരിക നേതൃത്വം കൊണ്ടുവന്ന സാമൂഹികസമത്വത്തിനുതകുന്ന മിച്ചഭൂമി വിതരണം പോലെയുള്ള നിയമങ്ങളും മറ്റും, കേരളത്തെ ഒരു വലിയ മാറ്റത്തിലേക്കും സമത്വത്തിലേക്കും വളര്‍ച്ചയിലേക്കും നയിച്ചു. മിഷനറിമാര്‍ വളര്‍ത്തിയെടുത്ത മലയാളഭാഷയും, ഇംഗ്ലീഷ് പഠിപ്പിക്കലും, വൈദ്യരംഗത്തെ സംഭാവനകളും, കേരളീയര്‍ക്ക് നല്ല ലോകജ്ഞാനത്തോടുകൂടിയും, ശാരീരിക ആരോഗ്യത്തോടുകൂടിയും, ഇന്ത്യയിലെ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് വളരുവാന്‍ സഹായിച്ചു. യുവജനങ്ങള്‍ക്ക് ലഭിച്ച വിദ്യാഭ്യാസവും മിഷണറിമാരുടെ മാര്‍ഗ്ഗദര്‍ശനവും പുറം രാജ്യങ്ങളില്‍ പോയി ജോലിചെയ്യുവാനുള്ള ധൈര്യവും ആത്മവിശ്വാസവും നല്കി. അങ്ങനെ നമ്മുടെ യുവജനങ്ങൾ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പോയി കഷ്ടപ്പെട്ട് ജോലിചെയ്ത് വിദേശനാണ്യം കേരളത്തിലേക്ക് അയച്ചുകൊടുത്തുകൊണ്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ മുഖാന്തിരമുള്ള വളര്‍ച്ച, കേരളീയര്‍ക്ക് ഈ സാഹചര്യങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, കൂടുതല്‍ കൂടുതല്‍ വിദേശപണം കേരളത്തിലേക്ക് ഒഴുകുന്നതിനും സഹായകമായി. ഈ പുറത്തുനിന്നും വന്ന പണത്തിന്‍റെ ബലത്തില്‍ കുടുംബങ്ങള്‍ അനുയോജ്യമായ വിദ്യാഭ്യാസം നേടി, വീണ്ടും വീണ്ടും വിദേശരാജ്യങ്ങളിലേക്ക് പൊയ്ക്കൊണ്ടേയിരുന്നു. തങ്ങളുടെ ഒട്ടുമിക്ക സഹോദരീസഹോദരന്മാരും ഒരുമിച്ച് വിദേശത്ത് ജോലിയിലായതിനാലും, അവരുടെ മക്കള്‍ക്ക് കേരളവുമായുള്ള ബന്ധങ്ങള്‍ ഇല്ലാതായതിനാലും, പ്രായമായ മാതാപിതാക്കള്‍ ഒറ്റയ്ക്ക് കേരളത്തില്‍ കഴിയേണ്ടതായ സാഹചര്യം ഉളവായി. പോയവര്‍ക്ക് തിരിച്ചുവരുവാന്‍ സാധ്യമല്ലാത്ത സാഹചര്യം ജോലിയാലും കുടുംബപരമായും സൃഷ്ടിക്കപ്പെട്ട്, മാതാപിതാക്കളുടെ മരണശേഷം നാട്ടിലെ വസ്തുവും വീടും സമ്പാദ്യങ്ങളും ഒന്നൊന്നായി വിറ്റു, പണം വിദേശത്തേക്കു കൊണ്ടുപോകുന്ന സ്ഥിതിവിശേഷംവരെയെത്തി, ഇന്ന് കാര്യങ്ങളുടെ കിടപ്പ്. വിദേശരാജ്യങ്ങള്‍ ഉന്നതവിദ്യാഭ്യാസം വളരെ ആകര്‍ഷകമാക്കി നമ്മുടെ ചെറുപ്പക്കാരെ വീണ്ടും വിദേശത്തേക്ക് ആകർഷിച്ചുകൊണ്ടേയിരിക്കുന്നു. നമ്മുടെ ഐ.ഐ.റ്റി. കളിലും, ഐ.ഐ.എം. കളിലും മറ്റു പ്രമുഖ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും നമ്മുടെ രാജ്യത്തിന്‍റെ പണത്തില്‍ പഠിച്ചിറങ്ങുന്ന നമ്മുടെ മിടുമിടുക്കന്മാരായ, നമ്മുടെ രാജ്യത്തേ ധീരമായി മുന്‍പോട്ടു നയിക്കേണ്ട യുവാക്കളെ നല്ല പ്രതിഫലവും ധാരാളം ആകര്‍ഷകമായ സൌകര്യങ്ങളും നല്‍കി, മറ്റു രാജ്യങ്ങള്‍ അവരുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുവാന്‍ വേണ്ടി കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.
നമ്മള്‍ പ്രതിസന്ധിയില്‍
നാടും കൂടും വിട്ടുപോകുന്ന യുവജനങ്ങൾ 😭 (കടപ്പാട് : ഗൂഗിൾ ഇമേജസ്)
നമ്മുടെ യുവാക്കള്‍ നാടുവിട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ശരിക്കും മിടുക്കരായവര്‍ അതിവേഗത്തിലാണ് വിദേശരാജ്യങ്ങളിലേക്ക് പോകുന്നതും അവിടെ സ്ഥിരതാമസമാക്കുന്നതും. എന്താണ് നമുക്ക് ഇങ്ങനെ നമ്മുടെ യുവജനങ്ങളെ നഷ്ടമാകുന്നത്?
അവരുടെ നിരാശയ്ക്കും പ്രതീക്ഷയില്ലായ്മയ്ക്കും എന്താണ് കാരണം? നമുക്ക് എവിടെയോ തെറ്റിപ്പോയി? എവിടെയാണതു സംഭവിച്ചത്? നമുക്ക് എന്തു ചെയ്യാനാകും? എന്തു ചെയ്യണം നാം?
നമുക്ക് സംഭവിച്ചത്
മറ്റു രാജ്യങ്ങളില്‍ നിന്നും വന്നുകൊണ്ടിരുന്ന പണത്തിന്‍റെ ബലത്തില്‍, നാം ആഡംബരമായി ചെലവഴിച്ചു ജീവിച്ചു. അങ്ങനെ, നമ്മുടെ നാട് വളരുകയാണ് എന്ന് നാം ധരിച്ചു. അധികാരത്തിനുവേണ്ടിയുള്ള ശ്രമത്തിനിടയില്‍ രാഷ്ട്രീയപാർട്ടികൾ അണികളെ വളര്‍ത്തുവാനുള്ള അന്ധമായുള്ള പ്രയത്നത്തില്‍, സ്വജനപക്ഷപാതത്തിന്റേയും, സ്വയം വളരുവാനും സ്വന്തം കുടുംബത്തെ സുഖലോലുപതയിൽ വളർത്തുവാനുമുള്ള മോഹങ്ങളില്‍പ്പെട്ട്, പല നേതാക്കന്മാര്‍ക്കും ദീര്‍ഘവീക്ഷണം നഷ്ടപ്പെട്ട്, താത്ക്കാലികമായ ലാഭത്തിലേക്ക് വീണുപോയി. ആദ്യകാലങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന സാമൂഹികമൂല്യങ്ങള്‍ ഈ യാത്രയില്‍ ധാരാളം പേര്‍ക്ക് നഷ്ടപ്പെട്ടത്, നമ്മുടെ കേരളത്തിന്‍റെ ഇന്നത്തേ അവസ്ഥയ്ക്ക് കാരണമായി ഭവിച്ചു. മാറി മാറി വന്ന കേരളവിരുദ്ധ, കേന്ദ്രഭരണങ്ങളേ, വേണമെങ്കില്‍ കുറ്റപ്പെടുത്താമെങ്കിലും, നമ്മള്‍ ചെയ്ത, പല നല്ല കാര്യങ്ങൾക്കുമിടയിൽ, നമ്മള്‍ അറിയാതെ, പലകാര്യങ്ങളിലും വളരെ തെറ്റിപ്പോയി എന്നതാണ് യഥാര്‍ത്ഥ്യം.
എന്താണ് വേണ്ടത് ?
നമുക്ക് നമ്മുടെ യുവജനങ്ങളെ നഷ്ടപ്പെടാതെ നോക്കിയേ പറ്റു. അവര്‍ക്ക് ആവശ്യമായ ജോലിയും ജവിതസാഹചര്യങ്ങളും നാം ഇവിടെ സൃഷ്ടിച്ചേ മതിയാകൂ. എല്ലാ രാജ്യങ്ങളില്‍ നിന്നും വിദേശികള്‍ പണം കേരളത്തില്‍ നിക്ഷേപിക്കുന്ന, ചെലവാക്കുന്ന സാഹചര്യം സൃഷ്ടിച്ചേ തീരൂ. നമ്മുടെ തന്നെ ആളുകള്‍ക്ക് മദ്യവും, ലോട്ടറിയും വിറ്റ്, സര്‍ക്കാര്‍ നടത്തി കൊണ്ടുപോകുന്നത്, എങ്ങനെ ശരിയാകും? എത്ര നാള്‍ ഇങ്ങനെ മുന്‍പോട്ടു പോകും? നമുക്ക് നമ്മുടെ സമ്പത്ഘടന വളര്‍ത്തിയേ പറ്റു.
കേരളത്തിന്, കേരളത്തിലെ ഇന്ന് ബാക്കിയുള്ള പ്രബുദ്ധ ജനതയ്ക്ക് ചെയ്യേണ്ടതായ കാര്യങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു.
- ഉന്നത വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രം :- കേരളത്തേ ഒരു ഉന്നത വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമാക്കി മാറ്റുക. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും യുവജനങ്ങള്‍ പണവുമായിവന്ന് ഇവിടെ ചിലവഴിക്കട്ടെ. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഒരു പരിധിവരേ നമ്മുടെ ഭൂപ്രകൃതിയോടുചേർന്ന്, പച്ചപ്പ് കാത്തുസൂക്ഷിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയും. നമ്മുടെ കാലാവസ്ഥയും എല്ലാവിധത്തിലും, മറ്റു പല രാജ്യങ്ങളേയും അപേക്ഷിച്ച് ഇതിന് അനുയോജ്യമാണ്.
- വിനോദ സഞ്ചാരമേഘല :- പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഭൂപ്രദേശമാണ് കേരളത്തിന്‍റേത്. കടലും, കായലും, മലകളും, നദികളും അങ്ങോളമിങ്ങോളമുള്ള ദേശം. ദുബായിലും മറ്റും കൃത്രിമമായ തടാകത്തില്‍/നദിയില്‍ ജലയാത്ര ചെയ്യിച്ച് ധാരാളം പണം വിദേശയാത്രികരില്‍നിന്നും വരുമാനമുണ്ടാക്കുമ്പോള്‍, പ്രകൃതി കനിഞ്ഞു നല്‍കിയ നമ്മുടെ ഈ കായലുകളേയോ, നദികളെയോ, കടലിനേയോ ശരിയായ വിധത്തില്‍ ഉപയോഗിച്ച്, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള യാത്രികരെ ഇതിലേക്ക് ആകര്‍ഷിക്കുവാന്‍ തക്കവിധം നമുക്ക് ഇത് വളര്‍ത്തുവാന്‍ ഇന്നുവരേയും കഴിഞ്ഞിട്ടില്ല.
ഇടിച്ചുനിരത്തപ്പെടുന്ന അന്തർദേശീയ നിലവാരത്തിലുള്ള വെള്ളത്തിലുള്ള റിസോർട്ട് (കടപ്പാട് : ഗൂഗിൾ ഇമേജസ്)
തായ്‌ലണ്ടിലും ബാലിയിലും മാലദ്വീപിലും പോയി, നമ്മുടെ ഇന്ത്യക്കാര്‍ പോലും വെള്ളത്തിന്‍റെ രസം, താമസം കൊണ്ടും പലതരമായ വിനോദങ്ങള്‍ കൊണ്ടും ആസ്വദിക്കുമ്പോള്‍, നമ്മുടെ നിയമങ്ങളും, ദീര്‍ഘവീക്ഷണമില്ലാത്ത കാഴ്ചപ്പാടുകളും ചേര്‍ന്ന്, ഇന്ന് പായലും, അഴുക്കും നിറഞ്ഞുകിടക്കുന്ന ചാലുകളായി പലതും തീര്‍ന്നിരിക്കുന്നു. നിയമം പാലിക്കേണ്ടതാണെങ്കില്‍ത്തന്നെയും, മനോഹരമായി മാലിയിലേയും, മാലദ്വീപിലേയും പോലെ വെള്ളത്തിൽ പണിതീര്‍ത്ത റിസോട്ടുകള്‍, പഴഞ്ചന്‍ നിയമത്തിന്‍റെ അനുശാസനത്തില്‍ പൊളിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തേ മാറിയ നിയമമനുസരിച്ച് മരടിലെ കെട്ടിടങ്ങൾ പൊളിക്കേണ്ടിവരുമായിരുന്നില്ലയെന്ന യാഥാർഥ്യം നമ്മേ ഇന്നു കൊഞ്ഞനം കാട്ടി ചിരിക്കുന്നു. അവസാനം, വളരെ വർഷങ്ങൾക്കുശേഷം, നമ്മള്‍ ഈ നിയമങ്ങള്‍ എല്ലാം കാലോചിതമായി മാറ്റിവരുമ്പോഴേക്കും വളരെസമയം പിന്നിട്ടിരിക്കും.
ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന അനേകം സ്ഥലങ്ങളും, കെട്ടിടങ്ങളും, വളരെ നാശകരമായ വിധത്തില്‍, വൃത്തികെട്ട സാഹചര്യങ്ങളില്‍ കിടക്കുകയാണ്. എത്രയോ വിനോദസഞ്ചാര സാധ്യതകളാണ് ഇതുമൂലം നഷ്ടപ്പെടുന്നത്.
മതവുമായി ബന്ധപ്പെട്ട ധാരാളം കെട്ടിടങ്ങളും, സ്ഥലങ്ങളും നമ്മള്‍ വിനോദ സഞ്ചാരമേഖലയുമായി ബന്ധിപ്പിക്കാതെ ഒറ്റപ്പെട്ടുകിടക്കുകയാണ്.
കേരളത്തിലെ, ഓരോ സ്ഥലത്തിനും, ഒരു ആചാരത്തിന്‍റയും, പാരമ്പര്യത്തിന്‍റേയും, പഴയ സംഭവവികാസങ്ങളുടേയും, സാമൂഹികവും സാംസ്ക്കാരികവുമായ ഇതിഹാസങ്ങളുടേയും കഥ പറയാനുണ്ടാകും എന്നതാണ് യാഥാര്‍ത്ഥ്യം. ഈ കഥയാണ് ലോക വിനോദസഞ്ചാരമേഖലയ്ക്ക് വേണ്ടതും.
നമ്മുടെ പരമ്പരാഗതമായ പല കലാരൂപങ്ങളും ഇന്ന് ആർക്കും വേണ്ടാതെ നാമാവശിഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ടൂറിസം വികസനത്തിന് വളരെ ആവശ്യമായ ഒരു കാര്യമാണ് ഈ പാരമ്പര്യകലാരൂപങ്ങൾ. ഇന്ന്, സംസ്ഥാനതലത്തിലുള്ള സ്കൂൾ കലോത്സവങ്ങളിൽപോലും ഭാഗമാകുവാൻ, പല കലാരൂപങ്ങളിലും വളരെ നാമമാത്രം കുട്ടികളേയുള്ളൂയെന്നത് ദുഃഖകരമാണ്. ടൂറിസം വികസനത്തിൽകൂടി മാത്രമേ ഇതിനു ഭാവിയുള്ളൂ.
3. ഐ. റ്റി. :- ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുമായും (ഐ.റ്റി.) ആധുനികസാങ്കേതികവിദ്യ സംബന്ധിച്ചുള്ള വ്യവസായങ്ങള്‍ക്ക് നമ്മുടെ ടെക്നോ പാർക്കും, സ്മാര്‍ട്ട് സിറ്റിയും ഒരു പരിധി വരെ പ്രചോദനമേകിയിട്ടുണ്ടെങ്കിലും പല സാഹചര്യങ്ങളാലും ഇതിനുള്ള തുടര്‍സാധ്യതകളുമായി താരതമ്യം ചെയ്യുമ്പോള്‍, നാം എങ്ങും എത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വളരെ നന്നായി പണിതീര്‍ത്തിരിക്കുന്ന കുണ്ടറ ടെക്നോ പാര്‍ക്ക് ഇന്നും ഭൂരിഭാഗവും ഉപയോഗത്തിലല്ലാതെ കിടക്കുന്നൂയെന്ന ദു:ഖസത്യവും, നമ്മുടെ മുന്‍പില്‍ നിലനില്‍ക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ഒരാള്‍ക്ക്, അറുപത്തിഏഴ് കിലോമീറ്റര്‍ യാത്രചെയ്യുവാൻ ബുദ്ധിമുട്ടുനിറഞ്ഞ, വാഹനങ്ങള്‍ നിറഞ്ഞ വഴിയില്‍ കൂടി, രണ്ടുമണിക്കൂര്‍ എടുക്കുമെന്നതാകാം കുണ്ടറ ടെക്നോപാര്‍ക്കിന്‍റെ ഒരു ശാപം. നമുക്ക് പ്രകൃതിയെ നഷ്ടപ്പെടുത്താതെ കേരളത്തില്‍ വളര്‍ത്താവുന്ന വ്യവസായങ്ങളില്‍ ഐ.റ്റി. മേഖല പ്രമുഖമാണ്.
4. റോഡുകള്‍ :- നമ്മുടെ നാഷണല്‍, സ്റ്റേറ്റ് ഹൈവേകളുടെ വികസനം മുരടിച്ചു, പല പദ്ധതികളും മുപ്പതും നാല്‍പ്പതും കൊല്ലം മുടങ്ങുന്നതുകണ്ട്, മൌനം പാലിക്കുവാന്‍ ശീലിച്ചവരാണ് നമ്മള്‍. റോഡുകളുടെ സുഗമമായ വളര്‍ച്ചയും അതിലൂടെ സുരക്ഷിതത്വവും വേഗതയിലുള്ള യാത്രകളും നമ്മുടെ പുരോഗതിക്ക് അനിവാര്യമാണ്. നിയമനൂലാമാലകളോടൊപ്പം, സാമ്പത്തികപ്രശ്നങ്ങളും കൂടിയാകുമ്പോൾ നമ്മുടെ റോഡുകളുടെ കാര്യം കഷ്ടം തന്നെ.
5. വൃത്തി :- നമ്മുടെ പ്രധാനമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ, കോവളവും, ഫോർട്ടുകൊച്ചിയും, കൊല്ലം ബീച്ചും, അതുപോലുള്ള മിക്കസ്ഥലങ്ങള്‍പോലും വൃത്തികേടുകളുടെ കൂമ്പാരമാണ്. ഒരുവശത്തുകൂടി നമ്മള്‍ വിനോദസഞ്ചാരമേഖലകള്‍ സൃഷ്ടിക്കുമ്പോള്‍, മറുവശത്തുകൂടി, അതു വൃത്തിയായി സൂക്ഷിക്കുവാനുള്ള കഴിവില്ലായ്മയും കെടുകാര്യസ്ഥതയും കേരളത്തിന്‍റെ ടൂറിസ്സത്തിന്റെയും വളര്‍ച്ചയുടേയും നട്ടെല്ല് ഒടിച്ചുകൊണ്ടിരിക്കുകയാണ്.
6. നിയമവ്യവസ്ഥ :- ഇപ്പോഴത്തെ ചെറിയ വളര്‍ച്ചകള്‍ക്കിടയിലും നമ്മുടെ ക്രമസമാധാനനില, ശരിക്കും കൈകാര്യം ചെയ്യുന്നതില്‍ വളരെ വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും, വിനോദസഞ്ചാരികള്‍ക്കും, പലപ്പോഴും വളരെ ദു:ഖകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടതായിവരുന്നത്, കേരളത്തിലേക്കുള്ള വിനോദസഞ്ചാരത്തേ പിന്നോട്ടടിക്കുകയാണ്. നമ്മുടെ ചെറിയ കൊച്ചി, ഇന്ന് അറിയപ്പെടുന്നതുപോലും “ക്രൈം കാപ്പിറ്റല്‍“ എന്നാണ് എന്നത്, ദു:ഖകരമാണ്.
7. മദ്യം :- മദ്യപാനം തെറ്റാണെന്നും, മദ്യം നിര്‍ത്തണമെന്നും, എന്നാല്‍ മദ്യപാനം ടൂറിസ്സത്തിനത്യാവശ്യമാണെന്നുമുള്ള വാദമുഖങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്നവരാണ് കേരളീയര്‍. ഇതിനിടയില്‍, ഇന്ത്യയിലെങ്ങുമില്ലാത്ത വിധത്തില്‍, മദ്യത്തിൻറെ ഉപയോഗത്തില്‍, മുന്‍പിട്ടുനില്‍ക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ടൂറിസ്സം വളരണമെങ്കില്‍ മദ്യം ഒഴിച്ചുകൂടാന്‍ വയ്യാത്തകാര്യമാണെന്ന് നമുക്ക് അംഗീകരിക്കാതെ പറ്റില്ല. നമ്മുടെയും മദ്യനയം, മാറുന്നകാലഘട്ടത്തിനനുസരിച്ച് മാറാതെ വയ്യ. ബാംഗളൂരിലും മറ്റുമുള്ള “ബ്രൂവറികളും” മറ്റും, ഇത്രയും മദ്യപാനമുള്ള കേരളത്തില്‍, അനുവദിച്ചിട്ടില്ലായെന്നത് വിരോധാഭാസമാണ്. നികുതി വെട്ടിക്കുന്നതിനും, വിഷമദ്യത്തിനുമെതിരായി നിയമങ്ങളും, മദ്യപാനത്തിനെതിരായി ബോധവല്‍ക്കരണ ക്ലാസ്സുകളും ആവശ്യമെന്നതുപോലെതന്നെ, പുറത്തുനിന്നും ആളുകള്‍ കേരളത്തില്‍ വന്നു പഠിക്കുവാനും, ബിസിനസ്സ് നടത്തുവാനും, വിനോദയാത്രയ്ക്ക് വരുവാനും മദ്യത്തിന്‍റെ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയേ മതിയാവൂ. ജനത്തേ ഇങ്ങനെ, ബിവറേജുകളുടെ മുന്‍പില്‍ ക്യൂ നിൽപ്പിക്കുന്നത് വലിയ കഷ്ടം തന്നെ.!
8. നൈപുണ്യ വികസനം :- മാറുന്ന കാലഘട്ടത്തിനനുസൃതമായി നൈപുണ്യ വികസനം ആവശ്യമായിരിക്കുന്ന ഈ സമയത്ത്, വളരെ പ്രയത്നവും, പണവും സര്‍ക്കാര്‍ മുടക്കുന്നെങ്കില്‍ത്തന്നേയും ഭരണത്തിന്‍റെ പല നൂലാമാലകളിലും കുടുങ്ങി, ആദ്യ ആവേശമെല്ലാം തണുത്ത അവസ്ഥയിലാണിന്ന് പല സംവിധാനങ്ങളും. ചുവപ്പുനാടയിലും, ഉദ്യോഗസ്ഥകടിഞ്ഞാണുകളിലും സങ്കുചിതമായ രാഷ്ട്രീയലാഭേച്ഛയിലും കുടുങ്ങി, ഇതിനെ തകര്‍ക്കുന്ന സാഹചര്യം ഒഴിവാക്കിയേ മതിയാവൂ.
9. ഭരണകൂടവും ഉദ്യോഗസ്ഥരും :- രാജഭരണവും, ബ്രിട്ടീഷുകാരുടെ ഭരണവും മാറിയെങ്കിലും, ഭരണകൂടവും ഉദ്യോഗസ്ഥരും അവരുടെ പകരക്കാരായി എത്തിയ പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. “പൊതു പ്രവര്‍ത്തകന്‍”, “സര്‍ക്കാരിന്‍റെ സേവകന്‍“ എന്നീ വാക്കുകളുടെ അർദ്ധത്തിനൊത്തവിധമല്ല ഇപ്പോഴും കാര്യങ്ങളുടെ പോക്ക്. സേവകരാണെന്ന ബോധത്തോടുകൂടി സേവനനിരതരാകുവാന്‍ കഴിയണം.
വർഷങ്ങൾക്കുമുൻപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ “ശമ്പളം” വളരെ കുറവായിരുന്നതിനാല്‍, “കിമ്പളം” കൂടാതെ അവര്‍ക്ക് കുടുംബത്തെ ശരിയായവിധത്തില്‍ പുലര്‍ത്തുവാനോ, സമൂഹത്തില്‍ ഒരു ജീവിതനിലവാരം നിലനിര്‍ത്തുവാനോ സാധിച്ചിരുന്നില്ലായെന്നത് ഒരു സത്യമാണ്. എന്നാല്‍ ഇന്ന്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വളരെ നല്ല ജീവിതനിലവാരം പുലര്‍ത്തുവാന്‍ പറ്റിയ ശമ്പളമാണ് ലഭിക്കുന്നത്. വീണ്ടും അഴിമതിക്ക് പോകുന്നതും, അഴിമതിയുടെ പേരില്‍ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതും വളരെ കഷ്ടം തന്നെ. മാറണം ഈ മനസ്ഥിതി.
10. സമരം :- കേരളത്തിന്‍റെ ഒരു പര്യായമായി അറിയപ്പെട്ടിരുന്ന ശബ്ദമാണ് “സമരം”. എന്തിനും ഏതിനും സമരം. ജനങ്ങള്‍ക്കും ബിസിനസ്സു കാര്‍ക്കും എന്തുനഷ്ടമുണ്ടായാലും തങ്ങളുടെ സമരമാണ് പ്രധാനമെന്ന മനോഭാവം. പ്രതിഷേധിക്കുന്നതിനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന തരുന്നുണ്ടെങ്കിലും, അതു മറ്റുള്ളവന്‍റെ സ്വാതന്ത്ര്യത്തേയും ഉപജീവനത്തേയും ഹനിച്ചാകരുതെന്ന ബോധമില്ലാത്ത പെരുമാറ്റമാണ് കേരളത്തിന്‍റെ മറ്റൊരു ശാപം. നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ശക്തമായ ഇടപെടല്‍മൂലം, ഇപ്പോള്‍ കുറച്ചൊക്കെ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നത് നല്ലതുതന്നേ.
11. പബ്ലിക് പ്രൈവറ്റ് പാട്ണർഷിപ്പ് മോഡല്‍ (പി.പി.പി. മോഡല്‍) :- സര്‍ക്കാരും, പ്രൈവറ്റും ചേര്‍ന്നുള്ള പല പ്രോജക്റ്റുകളും വളരെ നന്നായി പോകുന്നുണ്ട്. സര്‍ക്കാര്‍ അനാവശ്യമായി എല്ലാകാര്യങ്ങളിലും ഇടപെട്ട് നടത്തേണ്ടതില്ല. പ്രധാനമായും സംസ്ഥാനത്ത് വളര്‍ച്ചയ്ക്ക് ആവശ്യമായ “ഇന്‍ഫ്രാ സ്ട്രക്ച്ചര്‍“ വളര്‍ത്തുന്നതിലായിരിക്കണം സര്‍ക്കാരിന്‍റെ ശ്രദ്ധ. അതു സൃഷ്ടിക്കുവാന്‍ സർക്കാരിനുമാത്രമേ കഴിയൂ. അതുണ്ടായിക്കഴിഞ്ഞാൽ ബാക്കികാര്യങ്ങള്‍ ജനങ്ങളുടെ ഉത്സാഹത്തിലും, പുതിയ പുതിയ വിചാരധാരയിലുംകൂടി തന്നത്താനെ ഉരുത്തിരിഞ്ഞോളും.
12. കഴിവിനെ ബഹുമാനിക്കുക :- കഴിവുള്ളവരെ ബഹുമാനിക്കുവാനും, അവര്‍ക്ക് യോഗ്യമായ സ്ഥാനങ്ങള്‍ ലഭിക്കുവാനും ഇടയാകണം. പിന്‍വാതില്‍ നിയമനങ്ങളിലൂടെയും സ്വജനപക്ഷപാതത്തിലൂടെയും നമ്മുടെ കഴിവുള്ള യുവജനങ്ങളെ ഈ നാട് ഉപേക്ഷിച്ച് അന്യനാടുകളിലേക്ക് ചേക്കേറുവാന്‍ ഇടയാക്കരുത്. കഴിവുള്ള യുവജനങ്ങളെ ഈ ദേശത്തിന് നഷ്ടപ്പെടുത്തുന്നതിനോടൊപ്പം, കഴിവുകെട്ടവരെ നാളത്തേ കേരളം കെട്ടിപ്പടുക്കുവാൻ ഏല്പിക്കേണ്ടിവരുന്നതിന്റെ ഫലം വിനാശകരമായിരിക്കും. ഈ തലമുറയോടും വരും തലമുറകളോടും ഒരു ദേശത്തോട് തന്നെയും ചെയ്യുന്ന വലിയ അപരാധമാണിത്.
13. അറിവും,കഴിവും, ജീവിതമൂല്യവും ഉള്ളവര്‍ നയിക്കട്ടെ :- നമ്മുടെ ഇതുവരെയുള്ള രാഷ്ട്രീയ രീതിയനുസരിച്ച്, ആര്‍ക്കും ഏത് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും തലപ്പത്തും മന്ത്രി സ്ഥാനത്തും സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനത്തും വരാമെന്ന സാഹചര്യമാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ പിന്‍ബലവും പിന്‍തുണയും അനിവാര്യമെങ്കിലും ഓരോ ഉന്നതസ്ഥാനത്തും വരുന്ന മന്ത്രിമാരും, സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്ത് വരുന്നവരും അതാതുമേഖലകളിൽ അറിവും കഴിവുമുള്ളവരായിരിക്കണമെന്നുമുള്ള ഒരു ഭേദഗതി കൊണ്ടുവരുന്നത്, കാര്യങ്ങള്‍ ശരിയായി അപഗ്രഥിച്ച്, വേണ്ടവിധത്തില്‍ മുൻപോട്ടുകൊണ്ടുപോകുവാൻ സഹായിക്കും. അങ്ങനെയുള്ളവരെ രാഷ്ട്രീയത്തിലേക്കും, ഭരണത്തിലേക്കും കൊണ്ടുവരുവാൻതക്കവിധത്തിൽ വേണ്ട ഭരണഘടനാവ്യതിയാനങ്ങള്‍ കേന്ദ്ര-സംസ്ഥാന തലങ്ങളിലുണ്ടാകണം.. ഇത് സ്പെഷ്യലിസ്റ്റുകളുടെ ലോകമാണ്. വളരെ സങ്കീര്‍ണ്ണമാണ് ഇന്നത്തെ പ്രതിഭാസങ്ങള്‍. ശരിക്കും അറിവും കഴിവും, അനുഭവവും ജീവിതമൂല്യവും ഉള്ളവർക്കുമാത്രമേ, നമ്മുടെ ഈ വീഴ്ചയില്‍ നിന്നും കേരളത്തെ കരകയറ്റുവാന്‍ കഴിയുകയുള്ളൂ.
മാറണം നമ്മള്‍ ! മാറ്റിയേ പറ്റൂ !
(കടപ്പാട് : ഗൂഗിൾ ഇമേജസ്)
നമ്മുടെ നാടുവിട്ടുപോകുന്ന യുവജനങ്ങളുടെ പ്രധാന പരാതികൾ, തങ്ങൾ അടയ്ക്കുന്ന നികുതിയിൽനിന്നും, സന്തോഷകരമായും സമാധാനപരമായും ജീവിക്കുവാൻ പറ്റിയ സാഹചര്യത്തിനാവശ്യമായ കാര്യങ്ങൾ സൃഷ്ടിക്കുവാൻ നമ്മുടെ സർക്കാരുകൾക്ക് സാധിക്കുന്നില്ലയെന്നതാണ്. പ്രശ്നങ്ങൾ അനേകം – റോഡുകൾ, അഴിമതി, വൃത്തി, ക്രമാസമാധാനനില, ഭാരത്തിന്റെയും കേരളത്തിന്റെയും രാഷ്ട്രീയഭാവിയെപ്പറ്റിയുള്ള ചിന്തകൾ, വിശ്വസനീയവും ശുദ്ധവും നല്ലതുമായ ഭക്ഷണസാധനങ്ങളുടെ അഭാവം, ബിസിനസ്സ് ചെയ്യുവാനുള്ള നൂലാമാലകൾ. ജോലി, വിനോദം, വിശ്രമം, കുടുംബത്തോടൊപ്പം ചെലവഴിക്കുവാൻ കിട്ടുന്നസമയം തുടങ്ങിയ കാര്യങ്ങളിൽ (വർക്ക് ലൈഫ് ബാലൻസ്) ഒരു സന്തുലനാവസ്ഥയില്ലയെന്നതും അവരുടെ ദുഖങ്ങളിൽ പെടുന്നു. അങ്ങനെ പട്ടിക അനേകം. മൊത്തത്തിൽ ഒരു മനഃസമാധാനമില്ലായ്മയും അനിശ്ചിതാവസ്ഥയും, ഒന്നിനും ഒരുറപ്പും ഇല്ലാത്ത അവസ്ഥ. .
കേരളം ഇന്ന് തികച്ചും ഒരു പ്രതിസന്ധിയിലാണ്. നമുക്ക് മാറിചിന്തിച്ചേ മതിയാവൂ. നമ്മള്‍ ഇന്നേവരേയും ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍തന്നെ, വീണ്ടും ചെയ്തുകൊണ്ടിരുന്നാല്‍, നാം വ്യത്യസ്ഥമായ ഫലം പ്രതീക്ഷിക്കരുത്. നമുക്ക് മാറാം. നമ്മുടെ കുടുംബങ്ങളേയും മാറി ചിന്തിപ്പിക്കുവാന്‍ സഹായിക്കാം. നമ്മുടെ നേതാക്കന്മാരെ മാറി ചിന്തിക്കുവാന്‍ നമുക്ക് നിര്‍ബന്ധിതരാക്കാം. നമ്മുടെ യുവജനങ്ങളിനിയും “ദൈവത്തിന്‍റെ ഈ സ്വന്തം നാട്” വിട്ടുപോകുവാന്‍ ഇടയാക്കരുത്. വിട്ടുപോയവരെ തിരിച്ചുവരുവാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍, നമുക്ക് മാറ്റങ്ങളിലൂടെ വളർച്ചയിലേക്കും പുരോഗതിയിലേക്കും നീങ്ങാം. ഒരുമിച്ച്, ഒരു നല്ല നാളെയേ, “പ്രബുദ്ധകേരളത്തേ” നമുക്ക് കെട്ടിപ്പണിയാം.
നമ്മളു കാണുവാൻ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ തുടക്കം നമ്മിൽനിന്നുതന്നേ ആകണം : മഹാത്മാ ഗാന്ധി (കടപ്പാട് : ഗൂഗിൾ ഇമേജസ്)