ഭാരതം എന്നു കേട്ടാല്‍.......

ഭാരതമെന്നു കേട്ടാൽ ….. (കടപ്പാട് : ഗൂഗിൾ ഇമേജസ്)

“ ഭാരതമെന്നു കേട്ടാല്‍

അഭിമാന പൂരിതമാകണം അന്തരംഗം,

കേരളമെന്നു കേട്ടാലോ

തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍ “

ശ്രീ വള്ളത്തോള്‍ നാരായണമേനോന്‍റെ ഈ കവിത കേള്‍ക്കാത്തവരായ ഒരു മലയാളിയും ഉണ്ടാകും എന്നു തോന്നുന്നില്ല.

എന്നാല്‍ ഇന്ന് ഞാന്‍ ഇതിനെപ്പ റ്റി ചിന്തിക്കുമ്പോള്‍, രചയിതാവ് ഇക്കാലത്താണ് ജീവിച്ചിരുന്നിരുന്നതെങ്കില്‍,

“ ഭാരതമെന്നു കേട്ടാല്‍

തിളയ്ക്കണം ചോര ഞരമ്പുകളില്‍ “

എന്ന് തിരുത്താതിരിക്കില്ല  എന്നു ചിന്തിച്ചു പോകുന്നു.

രാജ്യതാല്പര്യം

മഹാകവി വള്ളത്തോള്‍ 1958- ല്‍ നിര്യാതനായ കാലത്ത്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി പതിനൊന്നു വര്‍ഷമേ കഴിഞ്ഞിരുന്നുള്ളൂ. രാജ്യസ്നേഹം പരമോന്നതയിൽ നില്‍ക്കുന്ന സമയം. കേരള സംസ്ഥാനം 1956-ല്‍ രൂപം കൊണ്ട സമയത്ത്, മലയാളത്തനിമ ഉത്തേജിപ്പിക്കുന്നതിനുവേണ്ടി, ശ്രീ വള്ളത്തോള്‍ ഇങ്ങനെ എഴുതിയത്, അന്നത്തെ കാലഘട്ടത്തിന്‍റെ ആവശ്യകതയായിരുന്നു. ദേശീയത കുറഞ്ഞു, പ്രദേശികതയും വിഭാഗിയതയും വര്‍ദ്ധിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ മഹാനായ കവി ഇപ്പോള്‍ ജീവിച്ചിരുന്നു എങ്കില്‍ ദേശീയതയ്ക്ക് വേണ്ടി. ഭാരതത്തിനായി ചോര തിളയ്ക്കുവാൻ, ആഹ്വാനം ചെയ്യുവാനുള്ള സാധ്യത വളരെ വലുതാണ്.

വില കൊടുത്തു നേടിയ സ്വാതന്ത്ര്യം

ഭാരതം ഇന്ന് സ്വാതന്ത്ര്യത്തിന്‍റ “അമൃത് മഹോത്സവം“ (എഴുപത്തിയഞ്ചാം  വര്‍ഷം) ആഘോഷിക്കുന്ന ഈ സമയത്ത്, ഭാരതത്തിന്‍റെ ജനസംഖ്യയുടെ 95% (തൊണ്ണൂറ്റിയഞ്ചു ശതമാനം) ആളുകളും സ്വാതന്ത്രത്തിനു ശേഷം ജനിച്ചവരാണ്.

ഇന്നു നമ്മള്‍ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിനുവേണ്ടി നമുക്ക് മുന്‍പ് ജീവിച്ചിരുന്ന ഒരു ജനത അനുഭവിച്ച കഷ്ട്പാടുകളും, നല്‍കിയ വിലയേയുംപറ്റി കേട്ടറിഞ്ഞും, പുസ്തകങ്ങളില്‍ കൂടിയും ഉള്ള ജ്ഞാനമേ ഇന്നത്തെ 95% ആളുകള്‍ക്കും ഉള്ളൂ എന്നതാണ് യാഥാര്‍ഥ്യം.13 ഏപ്രിൽ 1919 : ജാലിയൻവാലാബാഗിൽ ആയിരത്തിൽ അധികംപേർ ബ്രിട്ടീഷുകാരുടെ കൈകളാൽ കൊല്ലപ്പെട്ടു (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

ഒരു കണക്ക് പ്രകാരം മൂന്നര കോടി ഇന്ത്യക്കാര്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് ബ്രിട്ടീഷുകാരുടെ കൈകളാല്‍ കൊല്ലപ്പെടുകയുണ്ടായി എന്നു നാം ഒരിയ്ക്കലും മറക്കാതിരിക്കട്ടെ.

അനേകര്‍ ചോരയും നീരും കൊടുത്ത് നേടിയതാണ് നമ്മളിന്നു വളരെ ലാഘവത്തോടു കൂടി എടുക്കുന്ന ഈ മഹാ സ്വാതന്ത്ര്യം.

സ്വാതന്ത്ര്യത്തിന്നു ശേഷം ഇന്നേവരെയും

കാശ്മീരിൽ  ശതൃക്കളുടെ വെടിയേറ്റു മരിച്ച മുഷ്‌താഖ്‌ അഹമ്മദ് മീർ എന്ന ഭാരതീയ പടയാളിയുടെ ശരീരത്തിൽ വീണു കരയുന്ന പ്രിയധർമിണി (കടപ്പാട് : ഗൂഗിൾ ഇമേജസ്)

സ്വാതന്ത്ര്യം ലഭിച്ച ശേഷവും നമ്മുടെ ഈ രാജ്യം കയ്യേറാന്‍ നടന്ന ശ്രമങ്ങള്‍ അനവധിയാണ്. ഈ രാജ്യത്തിന്‍റെ ശത്രുക്കള്‍ അതിര്‍ത്തിയില്‍ കൂടി മാത്രമല്ല നമ്മളോട് യുദ്ധം ചെയ്യുന്നത്. അവര്‍ നമ്മുടെ രാജ്യത്തിനകത്ത് വിഭാഗീയതയും അവരുടെ ആജ്ഞാവര്‍ത്തികളെയും നമ്മുടെ ഇടയില്‍ തന്നെ സൃഷ്ടിക്കാന്‍ സദാ ശ്രമിച്ചു കൊണ്ടിരിക്കുന്നു.  രാജ്യത്തിന്‍റെ നിലനില്‍പ്പിനുവേണ്ടി ജീവന്‍ കൊടുത്തും, രാജ്യസേവനത്തിനിടയില്‍ അംഗവൈകല്യം വന്നതുമായി ഒരു ലക്ഷത്തിഎണ്‍പതിനായിരം (ഏക ദേശം രണ്ടു ലക്ഷം) സൈനികര്‍ നമുക്കുണ്ട്. ഇന്നേവരെ തിരിച്ചു വരാതെ, എവിടെ എന്നുപോലും രാജ്യത്തിനും തങ്ങളുടെ കുടുംബങ്ങള്‍ക്കും അറിയാത്ത പന്ത്രണ്ടായിരം (12,000) സൈനികരും അതില്‍ ഉള്‍പ്പെടുന്നു. ഇന്നു നമ്മള്‍ അനുഭവിക്കുന്ന ഈ സന്തോഷവും സമാധാനവും സ്വാത്രന്ത്യവും നില നിര്‍ത്താന്‍ വേണ്ടി അവര്‍ അവരുടെ ജീവിതത്തെ നമുക്ക് നല്കി. ഇവരെ കൂടാതെയാണ് രാജ്യത്തിനകത്തെ വിഘടനവാദികളോടും അരാജകത്വം ഉണ്ടാക്കുന്നവരോടും പൊരുതി ജീവന്‍ നഷ്ടപ്പെട്ട അന്‍പത്തിനായിരത്തിലധികം പോലീസുകാരും അര്‍ദ്ധ സൈനിക വിഭാഗങ്ങളും. ഇവരെ ഓര്‍ത്ത് അഭിമാനിക്കുമെങ്കിലും, വേദനയോടും കണ്ണീരോടും കൂടി ഇന്നും നമ്മുടെ ഇടയില്‍ കഴിയുന്ന അവരുടെ കുടുംബങ്ങളേയും അവരുടെ പിന്‍ തലമുറകളെയും നാം മറക്കാതിരിക്കട്ടെ. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിന്‍റെ വില, നമ്മുടെ വാക്കാലും പ്രവര്‍ത്തിയാലും കരുതലില്ലായ്മയാലും തുശ്ചീകരിക്കുവാൻ ഇടയാകാതിരിക്കട്ടെ.  ഈ തലമുറയ്ക്കും, നമ്മുടെ വരും തലമുറകള്‍ക്കും ഈ രാജ്യത്തിനുവേണ്ടി ജീവിതം കൊടുക്കുവാനുള്ള ആര്‍ജ്ജവം നഷ്ടപ്പെടുവാന്‍ നാം ഒരു നിമിത്തമായി തീരാതിരിക്കട്ടെ. രാജ്യത്തിന് വേണ്ടി ജീവിതം കൊടുക്കുവാന്‍  പുതിയ തലമുറകളെ വളർത്തിയെടുക്കുവാൻ നമുക്ക് കഴിയണം.

ഭാരതത്തിന്‍റെ ഭൂപടം

ഭാരതത്തിന്റെ ഭൂപടം നമ്മുടെ രാജ്യാതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരുടെ തലയോടുതല യോചിപ്പിച്ചു വരയ്ക്കുന്നതാണ് . (കടപ്പാട് : ഗൂഗിൾ ഇമേജസ്)

നാം ഇന്നു അഭിമാനിക്കുന്ന ഈ ഭാരതത്തിന്‍റെ ഭൂപടം വെറും പെന്‍സിലാലും പേനയാലും വരയ്ക്കപ്പെട്ടിരിക്കുന്നതല്ല. അത് നമ്മുടെ രാജ്യാതിർത്തിയിൽ രാപ്പകല്‍ ഇല്ലാതെ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ തലയോടു-തല യോജിപ്പിച്ചു വരക്കുന്നതാണ്. എവിടെ നമ്മുടെ രാജ്യം കാക്കുന്ന സൈനികര്‍ ഇല്ല എന്നു നോക്കി, അഹോരാത്രം കാത്തിരിക്കുകയാണ് നമ്മുടെ ശത്രു രാജ്യങ്ങളും അവരുടെ സേനയും അവര്‍ പരിശീലനം കൊടുത്ത്, നമ്മുടെ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുവാന്‍ വേണ്ടി, തിരിച്ചു രാജ്യത്തിനുള്ളിലേക്കു കടത്തുവാൻ നോക്കുന്ന, തെറ്റായ ചിന്തയ്ക്ക് വഴങ്ങിപ്പോയ നമ്മുടെ തന്നെ ചുരുക്കം ചില സഹോദരന്മാരും, മറ്റു രാജ്യങ്ങളില്‍ നിന്നും നമ്മുടെ ശത്രു രാജ്യങ്ങളോടു ചേര്‍ന്ന് നമ്മളെ നശിപ്പിക്കുവാന്‍ ആഗ്രഹിച്ച്, തക്കം പാർത്തിരിക്കുന്നവരും ഉണ്ട്.

ഭാരതം മരിച്ചിട്ട് നമ്മൾ ജീവിച്ചിട്ട് എന്തുകാര്യം? (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

ഇന്നു നാമും, നമ്മുടെ മക്കളും, കൊച്ചു മക്കളും അനുഭവിക്കുന്ന, ഈ സന്തോഷവും, ഐശ്വര്യങ്ങളും, ജാതി മത ഭേതമില്ലാത്ത സമാനചിന്തകളും, നഷ്ടപ്പെടാതിരിക്കുവാന്‍ നമുക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്. ഒരിക്കല്‍ നമ്മള്‍ക്ക് നഷ്ടപ്പെട്ട്, വീണ്ടും നമ്മള്‍ നേടിയ സ്വാതന്ത്രം നഷ്ടമായാല്‍, അതിനു കൊടുക്കേണ്ടി വരുന്ന വില, ഇതുപോലെ ലോകത്ത് മറ്റു പല രാജ്യങ്ങളിലും സംഭവിച്ചത് നോക്കിയാല്‍ മതിയാകും. ഒരിക്കലും തിരിച്ചു വരുവാന്‍ കഴിയാത്ത വിധമുള്ള നാശങ്ങളും വ്യതിയാനങ്ങളും ആണ്, പല രാജ്യങ്ങളിലും സംഭവിച്ചിട്ടുള്ളത്. നമ്മള്‍ ഇന്ന് അഭിമാനിക്കുന്ന ഈ ജനാധിപത്യം പോലും നഷ്ടപ്പെടുവാനും, അരാചകത്വത്തിന്‍റെയും ക്രൂരതയുടെയും ഒരു ലോകത്തിലേക്കു നമ്മളും, നമ്മുടെ സ്ത്രീകളും, കുട്ടികളും വലിച്ചെറിയപ്പെടുവാന്‍ ഇടയാകാതിരിക്കുവാന്‍, നമ്മള്‍ രാജ്യത്തിന്‍റെ അതിര്‍ത്തികളിലും, രാജ്യത്തിനകത്തും ജാഗ്രത പാലിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്.

നമ്മള്‍ എന്താണ് ചെയ്യേണ്ടത്?

ഈ കാലഘട്ടത്തില്‍ ഒരു ഭാരതീയ പൌരന്‍ എന്ന നിലയില്‍ നാം എന്താണ് ചെയ്യേണ്ടത് എന്ന് നമ്മളില്‍ പലരും ചിന്തിക്കുന്നുണ്ടാകും.  ഞാന്‍ പോലീസിലോ, അര്‍ദ്ധ സൈനികവിഭാഗങ്ങളിലോ അല്ലല്ലോ എന്നു വിചാരിച്ചു പോകാം. എന്നാല്‍ സാധാരണക്കാരില്‍ സാധാരണക്കാരായ നമ്മളെക്കൊണ്ടുപോലും ഇതിനായി പലകാര്യങ്ങളും ചെയ്യുവാൻ കഴിയും.

1. സ്വയം ഉത്തമ മാതൃകകളാകുക

എന്റെ പതാക  എന്റെ അഭിമാനം (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

നമ്മള്‍ ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും പറയുമ്പോഴും ഓരോ വിചാരധാരകളില്‍ ചെന്നു പെടുമ്പോഴും ഇത് നമ്മുടെ മാതൃരാജ്യത്തെ, നമ്മുടെ ഭാരതത്തെ എങ്ങനെ ബാധിക്കാം എന്നതിനെപ്പറ്റിയുള്ള പൂര്‍ണ്ണ ബോധത്തോടെ, ശരിയായതു മാത്രം പ്രവർത്തിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. നമ്മുടെ കുടുംബങ്ങളില്‍ത്തന്നെ തെറ്റായ വിചാരധാരകളിലും, പ്രവര്‍ത്തികളിലും ആരെങ്കിലും അകപ്പെട്ടുപോയിട്ടുണ്ടെങ്കിൽ, അവരെ ശരിയായ വഴിയിലേക്കു നയിക്കുവാന്‍ എല്ലാവിധ പരിശ്രമങ്ങളും നടത്തുക.

 

2. നമ്മുടെ കുടുംബങ്ങൾ

നമ്മുടെ കുട്ടികളില്‍ നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സ്വതന്ത്രത്തിന്‍റെ വില എന്താണ് എന്ന ബോധം പകര്‍ന്നു കൊടുക്കുക. രാജ്യത്തിൻറെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചും  നമ്മുടെ ആർഷഭാരത സംസ്കാരത്തെക്കുറിച്ചും അറിവും ബോധവും അഭിമാനവും ഉള്ളവരായി വളർത്തുക. ഉത്തമ പൌരന്മാരായി, രാജ്യസ്നേഹവും, സാഹോദര്യസ്നേഹവും ഉള്ളവരായി വളരുവാന്‍ ഉത്സാഹിപ്പിക്കുക.

3. സമൂഹത്തില്‍ ജാഗ്രത പാലിക്കുക

നമ്മുടെ ചുറ്റുപാടുകളില്‍ എന്തെങ്കിലും രാജ്യദ്രോഹപരമായ കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്നു കാണുമ്പോള്‍, അതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുവാൻ നമ്മളാല്‍ കഴിയുന്നത് ചെയ്യുക. വേണ്ടി വന്നാല്‍, നിയമപാലകരോടു സംഭവവികാസങ്ങളെ കുറിച്ചുള്ള വിവരം നല്‍കുക.

4. സമുദായത്തില്‍ ജാഗ്രത പാലിക്കുക

നമ്മുടെ ഭാരതമാണ് നമ്മുടെ എല്ലാം എല്ലാം.  ഭാരതം ഇല്ലാതായല്‍ ഈ കാണുന്ന മിക്ക സ്വതന്ത്രചിന്തകളും, സ്വാതന്ത്ര്യവും ഇല്ലാതാകും. പുറം ദേശത്തുനിന്നുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ, കമ്പനികൾക്കോ, സമൂഹത്തിനോ വഴങ്ങി, നമ്മള്‍ നമ്മുടെ മനസ്സിനെയോ ശരീരത്തിനേയോ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കരുത്. നമ്മുടെ സമൂഹത്തില്‍പ്പെട്ട ആരെങ്കിലും അങ്ങനെ പെട്ടുപോയാല്‍ തന്നെ, നമ്മള്‍ അവരെ വീണ്ടെടുക്കുവാന്‍വേണ്ടി, വേണ്ടതു ചെയ്യണം. നമ്മുടെ നിശബ്ദതയും നിഷ്കളങ്കതയും നിഷ്ക്രിയത്വവും, നമുക്കും സമൂഹത്തിനും, ദേശത്തിനും ദോഷവും ശാപവുമായി തീരുകയേ ഉള്ളു. മൗനം ഭേദിച്ച് സംസാരിക്കണ്ടപ്പോള്‍ നമ്മള്‍ സംസാരിക്കുക തന്നെ വേണം. അല്ലെങ്കില്‍, കാര്യങ്ങള്‍ വലിയ തിന്മയിലേക്ക് പിടിവിട്ട് പോകാം.

5. നിയമ പാലകരുമായി സഹകരിക്കുക

രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിനും കാവലിനും വേണ്ടി നിയുക്തമായിരിക്കുന്ന എല്ലാവിധ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിക്കുകയും, വേണ്ട വിധത്തില്‍ അവര്‍ അറിയേണ്ട കാര്യങ്ങള്‍ അവരേ  അറിയിക്കുകയും ചെയ്യുക.

6. നിയമപാലകരെയും അവരുടെ കുടുംബങ്ങളേയും ബഹുമാനിക്കുക

നാലു ആതങ്കവാദികളെ കൊല്ലുകയും  രണ്ട് സഹപ്രവർത്തകരെ രക്ഷിക്കുകയും ചെയ്യുന്നതിനിടയിൽ കാശ്മീരിൽ കൊല്ലപ്പെട്ട പാരാ സ്പെഷ്യൽ ഫോഴ്‌സസിലെ മേജർ മോഹിത്. അദ്ദേഹത്തിന്റെ സഹധർമിണി മേജർ ഋഷിമ ശർമ്മ പ്രസിഡന്റ് പ്രതിഭ പാട്ടീലിൽനിന്നും അശോക് ചക്ര  സ്വീകരിക്കുന്നു. (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

നേരത്തെ വിവരിച്ച പോലെ നമ്മുടെ പോലീസും, അര്‍ദ്ധ സൈനിക  വിഭാഗങ്ങളും, അതിർത്തികാക്കുന്ന സായുധസേനയും വളരെ ദുഷ്കരമായ, സാഹചര്യങ്ങളില്‍ ആണ് ഈ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നവരെ നേരിടുന്നത്. നമ്മുടെ സ്നേഹവും ആദരവും കരുതലുമാണ് അവര്‍ക്കും അവരുടെ കുടുംബാങ്ങങ്ങള്‍ക്കും, സ്വജീവന്‍ പണയപ്പെടുത്തിയും നമ്മുടെ രക്ഷക്കായി  പ്രവർത്തിക്കുവാനുമുള്ള മനോബലവും ഊര്‍ജ്ജവും നല്‍കുന്നത്. രാജ്യദ്രോഹശക്തികള്‍ ഈ മനോബലം തകര്‍ക്കുവാന്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും ഈ സേനാഗങ്ങളെ കൂടുതല്‍ ബലപ്പെടുത്തുന്നവിധത്തില്‍ വേണം നമ്മള്‍ കാര്യങ്ങള്‍ ചെയ്യേണ്ടത്. നമ്മുടെ നിലനില്‍പ്പിന്‍റെ അവസാന ആയുധമാണ് നമ്മുടെ അതിര്‍ത്തി കാക്കുന്ന സായുധസേന. ഇന്നലത്തേയും ഇന്നത്തേയും സായുധസേനങ്ങങ്ങളെ രാജ്യവും രാജ്യവാസികളും എങ്ങനെയാണ് കരുതുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും  ഭാവിയില്‍ നമ്മുടെ രാജ്യം  കാക്കുവാന്‍ ദേശാഭിമാനികളായ വീര-ശൂരന്മാരായ  ചെറുപ്പക്കാര്‍ സേനയിലേക്ക് വരുന്നത്.

ഭാരതീയ സേനയെ ധീരതയോടെ നയിച്ച മഹാനായ ഒരു യുദ്ധ നേതാവ് ഫീൽഡ് മാർഷൽ സാം മനേക്ഷ്വ (1914 – 2008)(കടപ്പാട്  : ഗൂഗിൾ ഇമേജസ്)

അമ്മേ…………   ഭാരതമാതാവേ

(കടപ്പാട്  : ഗൂഗിൾ ഇമേജസ്)

നമ്മുടെ അമ്മയുടെ സ്ഥാനത്താണ് നമ്മുടെ ഭാരതം. ഈ ഭാരത മാതാവാണ്, ഈ പുണ്യ ഭൂമിയാണ് നമ്മുടെ പിതാക്കന്മാരെ താങ്ങിയത്, നമ്മെ ഇപ്പോള്‍ നടത്തുന്നത്, നമ്മുടെ വരും തലമുറകള്‍ക്ക് സുരക്ഷിതത്വം നൽകേണ്ടത്. വിനാശകരമായ വിഭാഗീയ, ദേശദ്രോഹ ചിന്തകള്‍ക്കും, വിചാരധാരകൾക്കും നമ്മളും നമ്മുടെ വരും തലമുറകളും അടിമപ്പെടാതെ ഇരിക്കട്ടെ. വന്നു പോയിട്ടുള്ള വീഴ്ചകളെയും  മൂല്യച്യുതികളെയും തിരുത്തി, നല്ല ഒരു ഭാവി നമുക്ക് കെട്ടിപ്പണിയാം. എല്ലാത്തിനും ഉപരിയായി, നമുക്ക് നമ്മുടെ മാതൃഭൂമിയെ, ഭാരതത്തെ കാണുവാനും കാക്കുവാന്‍ കഴിയണം.

ജോൺ എഫ് കെന്നഡി പറഞ്ഞതുപോലെ “എന്താണ് രാജ്യത്തിന് എനിക്കുവേണ്ടി ചെയ്യുവാൻ കഴിയുക എന്നല്ല നാം ചോദിക്കേണ്ടത്, മറിച്ച്, നാം ചോദിക്കേണ്ടത് എൻറെ രാജ്യത്തിനുവേണ്ടി  എനിക്ക് എന്തു ചെയ്യുവാൻ കഴിയും എന്നാണ്”.

ശ്രീ മഹാകവി വള്ളത്തോളിന്‍റെ ബഹുമാനപുരസ്കാരമായ ഓര്‍മ്മകളോടെ അദ്ദേഹത്തിന്‍റെ വരികളെ ഞാന്‍ ഒന്നു മാറ്റിയെഴുതട്ടെ. മാറിയ ഈ കാലഘട്ടത്തിന് അത് ആവശ്യമാണ് എന്ന് അദ്ദേഹവും വിശ്വസിക്കുന്നു എന്ന് ഞാന്‍ കരുതുന്നു ……………………………

“ കേരളമെന്നു കേട്ടാല്‍

അഭിമാനപൂരിതമാകണം അന്തരംഗം,

ഭാരതമെന്നു കേട്ടാലോ

തിളയ്ക്കണം ചോര ഞരമ്പുകളില്‍ “

ഭാരത മാതാവിന് പ്രണാമം ! വന്ദേ മാതരം !  ജയ് ഹിന്ദ് !

എന്റെ ഭാരതം ! എന്റെ പതാക !(കടപ്പാട്  : ഗൂഗിൾ ഇമേജസ്)

എഴുത്തുകാരൻ കോട്ടയത്തു സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പിന്റെ സി ഒ ഒ ആയിരുന്നപ്പോൾ ദേശീയ പതാക ഉയർത്തിയശേഷം സലൂട്ട് ചെയ്യുന്നു. (കടപ്പാട്  : സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻസ്, പത്താമുട്ടം, കോട്ടയം)

ദേശീയപതാക ഉയർത്തിയശേഷം എഴുത്തുകാരൻ കൂടിവന്നവരേ അഭിസംബോധന ചെയ്യുന്നു (കടപ്പാട്  : സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻസ്, പത്താമുട്ടം, കോട്ടയം)