എനിക്ക് ജീവിക്കുവാൻ ഒരു ജീവിതം കൂടി തരൂ

നാൽപ്പത്തിയഞ്ച്വയസ്സ് കഴിഞ്ഞിട്ടില്ലാത്ത, സംസാരിക്കുവാൻ ബുദ്ധിമുട്ടുള്ളവളരെ ശോഷിച്ചശരീരം ഉള്ള, ആ മനുഷ്യൻ, വിറയ്ക്കുന്ന കരങ്ങളോടെ ഇങ്ങനെ എഴുതി
എനിക്ക് ജീവിക്കുവാൻ ഒരു ജീവിതം കൂടെ തരൂ”.

ജീവിക്കേണ്ട വിധത്തിൽ ജീവിക്കാത്ത, ഒരു മനുഷ്യന്‍റെ  മനസ്താപത്തിന്‍റെ മുഴുവൻകഥയും ആണ്, ആവാക്കുകളിൽ മുഴങ്ങുന്നത്.

 പറക്കമുറ്റാത്തമക്കൾ- രണ്ടു പെൺകുട്ടികൾ, ദുഃഖഭാരം നിറഞ്ഞുനിൽക്കുന്ന അമ്മയോട് ഒട്ടിനിന്ന്, അച്ഛനെഓർത്തു കണ്ണുനീർവാർത്തു .

വളരെ പേരുകേട്ട ഒരു കുടുംബത്തിലെ ഏറ്റവും ഇളയമകനായാണ് അവൻ ജനിച്ചത്.ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല .
സാമ്പത്തികമായും സാമുദായികമായും ഒരു വലിയസ്ഥാനം ആയിരുന്നു സമൂഹത്തിൽ അവന്‍റെ കുടുംബത്തിന് ഉണ്ടായിരുന്നത്‌. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന അപ്പൻ. എല്ലാവർക്കും വാരിക്കോരി കൊടുക്കുന്ന അമ്മ. പക്‌ഷേ, മകന് എവിടെയോ വഴിതെറ്റി. അതോ, തങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയിൽ, ആ മാതാപിതാക്കൾക്ക് , മകനേ വേണ്ടവിധത്തിൽ നയിക്കുവാൻ കഴിയാതെ പോയതോ?.

ചെറുപ്പകാലത്തു അപ്പൻ അവനു ഒരു നല്ലസ്‌കൂളിൽ പ്രവേശനം വാങ്ങി കൊടുത്തു. മാതാപിതാക്കൾ എത്രനിർബന്ധിച്ചിട്ടും അവൻ പഠിത്തത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചില്ല. ഉഴപ്പിൽ മുങ്ങി ജീവിച്ചു. ചെറുക്ലാസ്സുകളിൽ ഹൃദ്യസ്ഥമാക്കേണ്ട അടിസ്‌ഥാനമർമ്മങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കാതെ, കഴിയാതെ, ഓരോ വർഷം കഴിയുംതോറും അവൻ പഠനത്തിൽ പിൻപോട്ടു പോയിക്കൊണ്ടിരുന്നു .

പലവിധത്തിൽ ഭവനത്തിൽ നിന്നും, കാശു ലഭിക്കുമായിരുന്നതുകൊണ്ടും, വീട്ടിലെ കാർഷികോല്പന്നങ്ങൾ രഹസ്യമായി വിറ്റ് കാശ് ഉണ്ടാക്കുവാൻ തുടങ്ങിയതുകൊണ്ടും, മദ്യപാനത്തിന്‍റെ ശീലവും, ചെറുപ്പത്തിലേ അവനെ വിഴുങ്ങിതുടങ്ങി. കാശുവെച്ചുള്ള ചീട്ടുകളിയിലും, അവൻ വിട്ടുമാറാത്തവണ്ണം അടിമയായിത്തീർന്നു. കാശുതികയാതെ വന്നപ്പോൾ അപ്പന്‍റെയും അമ്മയുടെയും പേഴ്സിൽനിന്നും, കാശുമോഷ്ടിക്കാനും മടിച്ചില്ല. അവനുചുറ്റുംഅവനുപറ്റിയ,   ധാരാളം വഷളന്മാരായ സുഹൃത്തുക്കളെയും അവൻ സമ്പാദിച്ചു.

ലാളിച്ചുവളർത്തിയ ഇളയമകന്‍റെ പോക്കിൽ ആ മാതാപിതാക്കൾ അതിയായി വേദനിച്ചു.
മധുരിച്ചിട്ടു തുപ്പാനുംവയ്യ, കയ്ച്ചിട്ടു ഇറക്കാനുംവയ്യ ” എന്നസ്ഥിതി. ആദ്യമാദ്യം അവർ മകന്‍റെ പോക്ക് മറ്റുള്ളവരിൽനിന്നു മറച്ചുവയ്ക്കുവാൻശ്രമിച്ചു. എന്നാൽ പിന്നീട് പൊതുജനം തന്നെവന്നു മകന്‍റെ പോക്കിനെപറ്റി പറയുവാൻ തുടങ്ങിയപ്പോൾ, ആ മാതാപിതാക്കളുടെ ഇടനെഞ്ചുപൊട്ടി. രാത്രികാലങ്ങളിൽ ആരുംകാണാതെ അവർ മകനേഓർത്തുപൊട്ടിക്കരഞ്ഞു, പ്രാർത്ഥിച്ചു, മകന്‍റെ ഭാവിയെ ഓർത്തു വേദനിച്ചു. പലരുവഴിയായും മകനേ നേർവഴിക്കുകൊണ്ടുവരുവാൻശ്രമിച്ചു എങ്കിലും, “എയ്തുപോയശരംപോലെ” യാതൊരുവിധമാറ്റവുമില്ലാതെ, ഒരു മനസ്താപവുംമില്ലാതെ  അവൻ തന്‍റെ ജീവിതം തുടർന്നു .

SSLC കഷ്ടിച്ചു ജയിച്ചു ഗ്രെസ്മാർക്കോടെ.  അപ്പനും അമ്മയും പ്രതീക്ഷവെടിയാതെ മകനു നല്ല ഒരു കോളേജിൽ പ്രവേശനം നേടിക്കൊടുത്തു. പഠിക്കാനുള്ള അടിസ്ഥാനം ഇല്ലാതെ, ദുസ്വഭാവങ്ങൾക്കു അടിമപ്പെട്ടു, അവൻ അച്ഛനെയും അമ്മയെയും നിന്ദിച്ചു, അവരെയും, അവനേസ്നേഹിച്ചവരെയും വേദനിപ്പിച്ചു, കൂടുതൽ കൂടുതൽ ഗഹനമായ വഴികളിലേക്ക് നീങ്ങി .

ദുഃഖിതനായ അപ്പൻ, തന്‍റെ നല്ല പരിചയക്കാർവഴി മകന്, ദൂരെ ഒരു സ്ഥലത്തു സാമാന്യം നല്ല ഒരു ജോലി ഒരുക്കിക്കൊടുത്തു. ഈ നാട്ടിൽനിന്നും കൂട്ടുകാരിൽനിന്നും മാറി നിൽക്കുമ്പോൾ എങ്കിലും, അവനു ഒരു വ്യതിയാനം വരും എന്ന് ആമാതാപിതാക്കൾ പ്രതീക്ഷിച്ചു. ആ ജോലിയുടെയും,  കുടുംബത്തിന്‍റെ സമൂഹത്തിലെ നല്ല സ്ഥാനത്തിന്‍റെയും  ബലത്തിൽ, ഒരു നല്ല വീട്ടിലെ നല്ല ഒരു പെൺകുട്ടിയെകൊണ്ടു അവന്‍റെ വിവാഹവും നടത്തി . അവൻ തന്‍റെ ദുസ്വഭാവങ്ങളിൽനിന്നും മാറുവാൻ ആഗ്രഹിച്ചു എങ്കിലും, ഒരിക്കലും, തിരികെവരുവാൻ കഴിയാത്ത ആഴങ്ങളിലേക്ക്, അഗാധമായ ഗർത്തങ്ങളിലേക്ക്, അവന്‍റെ ശരീരവും മനസ്സും വീണുപോയിരുന്നു .

മദ്യം അവനെ കാർന്നുതിന്നു തുടങ്ങി. കുടുംബജീവിതത്തിൽ നല്ല രണ്ടുപെൺകുട്ടികളുടെ പിതാവുമായി. ദുർനടപ്പുകാരനായ, മദ്യപാനിയായ ഒരാളെ, ഒരു കമ്പനിക്കും അധികനാൾവഹിക്കുവാൻ കഴിയാത്ത കാരണം, അവന്‍റെ ജോലിയും നഷ്ടപ്പെട്ടു – അവനെ ജോലിയിൽനിന്നും പുറത്താക്കി .

അവൻ സ്വന്തനാട്ടിൽ വൃദ്ധരായമാതാപിതാക്കളുടെ ഇടയിലേക്കു  മടങ്ങിവന്നു. പ്രിയമകന്‍റെ ദുർനടപ്പും, മദ്യാസക്‌തിയും കണ്ടു, ഹൃദയംതകർന്നു, ജീവിതത്തിന്‍റെ തന്നെ അർഥം നഷ്ടപ്പെട്ട്, മാതാപിതാക്കൾ ജീവിതത്തിൽനിന്നും കടന്നുപോയി .
കാക്കയ്ക്കുംതൻകുഞ്ഞുപൊൻകുഞ്ഞു ” എന്നു പറയുന്നതുപോലെ, അവർ മരിക്കുന്നതിന്മുൻപു, ആ തറവാടും അതിനോട് ചേർന്നുള്ളസ്വത്തുക്കളും മകന്‍റെപേരിൽ എഴുതിവെച്ചാണ് കടന്നുപോയത്.

നാട്ടുകാരുടെയും, മറ്റു വീട്ടുകാരുടെയും കുത്തി, കുത്തിയുള്ള നോട്ടത്തിന്‍റെയും, സംസാരത്തിന്‍റെയും നടുവിൽ, അവൻ കൂടുതൽ കൂടുതൽ അപകർഷതാ ബോധത്തിലും, രാത്രിപകലില്ലാതെ മദ്യപാനത്തിലും, ജീവിച്ചു. മദ്യപിച്ചു, മദ്യപിച്ചു, പറമ്പുകൾ വിറ്റുകുടിച്ചു. വീടുമാത്രം ശേഷിച്ചു.

ഒരുനാൾ രക്തം ശർദിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ, ഡോക്ടർ പറഞ്ഞു, കരളു തീരെ ഇല്ല, ഇനിയും അധികനാൾ ജീവിതം ഉണ്ടാകില്ല. അതിനെ വകവെയ്ക്കാതെ അവൻതന്‍റെകുടി തുടർന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ്, സംസാരിക്കുവാൻ ബുദ്ധിമുട്ടുള്ള, വളരെ ശോഷിച്ചശരീരമുള്ള ആമനുഷ്യൻ ഇങ്ങനെ എഴുതി “എനിക്ക് ജീവിക്കുവാൻ ഒരുജീവിതംകൂടിതരൂ”.

ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത രണ്ടു കുഞ്ഞു പെൺകുട്ടികളെയും തന്‍റെ, നല്ലവളായ ഭാര്യയെയും തീരാദുഖത്തിലാക്കി അവൻ ജീവിതത്തിൽനിന്നും കടന്നുപോയി.

പള്ളിയിലെ അച്ഛൻ എല്ലാവരുടേയും മരണത്തിൽ നല്ലതുപറയുന്നത് പോലെ, അവനെപറ്റിയും വളരെ നല്ലതുമാത്രം സംസാരിച്ചു. എങ്കിലും, നാട്ടുകാരുടെയും, വീട്ടുകാരുടെയും മനസ്സിൽ ഒരു മുടിയനായ പുത്രന്‍റെ, തന്‍റെ ജീവിതത്തെ സ്വയംനഷ്ടപ്പെടുത്തിയ ഒരുവനെപറ്റിയുള്ള പുച്ഛവും, അവജ്ഞതയും, നിറഞ്ഞുനിന്നു. അവന്‍റെ കൂടെ ഇരുന്നു കുടിച്ചും, കൂത്താടിയും അവനെ തെറ്റുകളിൽനിന്നും പിന്തിരിപ്പിക്കാതെ, തെറ്റുകളിൽനിന്നും, തെറ്റുകളുടെ നെറുകയിലേക്ക്, കയറിപോകുവാൻ സഹായിച്ചകൂട്ടുകാർ, ദൂരെമാറിനിന്ന്, തങ്ങളുടെ നഷ്ടംപങ്കിട്ടു. വൈകുന്നേരം അവർവീണ്ടും ഒത്തുകൂടി, മറ്റുള്ളവരെ തെറ്റുകളിൽനിന്നും തെറ്റുകളുടെനെറുകയിലേക്ക് കയറിപോകുവാൻ അന്യോന്യം ഉത്സാഹിപ്പിച്ചു.

മരണത്തിനു ഏതാനും ദിവസങ്ങൾമുൻപുള്ള അവന്‍റെ ആ പശ്ചാത്താപംകൊണ്ട് എന്ത് പ്രയോജനം  അവനുണ്ടായി? എന്തെല്ലാംസാദ്ധ്യതകൾ ഉള്ള ഒരു ജീവിതമായിരുന്നു അവന്‍റെ. നല്ലമാതാപിതാക്കൾ . അവരുടെ സമൂഹത്തിലെ മാന്യമായസ്ഥാനം, സാമ്പത്തികമായ ഉന്നതസ്ഥാനം, പക്ഷെ എന്ത് പ്രയോജനം?. ഈ ലേഖനം വായിക്കുമ്പോൾ നമ്മളുടെമനസ്സിൽ കൂടി പല കുടുംബങ്ങളുടെയും, പലരുടെയും മുഖങ്ങൾ കടന്നു പോയിട്ടുണ്ടാകും, വർഷങ്ങൾക്കുശേഷം ഈലേഖനം വായിക്കുന്ന മറ്റൊരാളുടെ മനസ്സിലേക്ക് നമ്മുടെ മുഖവും കടന്നു വരാതിരിക്കട്ടെ.


ഈ ജീവിതം ഒരു ONE WAY TRACK  മാതിരിയാണ്. വീണ്ടും തുടക്കത്തിലേക്ക് മടങ്ങിവന്നു, യാത്ര വീണ്ടും തുടരുവാൻ നമ്മുക്കു കഴിയില്ല. ജീവിതത്തിന്‍റെ ഓരോ ദിവസവും, ഓരോ നിമിഷവും നമ്മുടെ ദിശ “Compass” നാംനിരീക്ഷിച്ചുകൊണ്ടേ ഇരിക്കണം. തെറ്റായദിശ എത്രയും പെട്ടന്ന് മനസ്സിലാക്കി ശരിയാക്കുവാൻ നമ്മുക്ക്കഴിയണം അല്ലെങ്കിൽ, ഈജീവിതം തന്നെ, നാം അറിയാതെ നമുക്ക് നഷ്ടപ്പെടും .

നമ്മുടെ മാതാപിതാക്കളും, ഗുരുക്കന്മാരും, സ്നേഹം നിറഞ്ഞ ബന്ധുക്കളും, സ്നേഹിതന്മാരും,  പലവിധത്തിൽ നമ്മുടെ ദിശതെറ്റിയിട്ടുണ്ടിൽ നമ്മോടു സൂചനകൾ തരാറുണ്ട്. അപ്പോൾ അവരോടു ദേഷ്യം തോന്നാതെ, അവരോടു കയർക്കാതെ, അത്മനസ്സിലാക്കി, ശരിയിലേക്കുചരിക്കുവാൻ നമ്മുക്ക് കഴിയണം. രാവിലെയും വൈകിട്ടുമുള്ള പ്രാർത്ഥനയും, എല്ലാ ആഴ്ച്ചയിലും ആരാധനാലയത്തിൽപോയി പ്രാർത്ഥിക്കുന്നതും, നമുക്ക് നമ്മുടെമേൽ തെറ്റിലേക്ക്‌ പോകാതെ കടിഞ്ഞാണിടുവാൻ സഹായിക്കും. 

ഈ ജീവിതയാത്രയിൽ നമ്മൾഓരോരുത്തരും ഇപ്പോൾ എവിടെയാണ്? ജീവിതത്തിന്‍റെ അവസാന നിമിഷത്തിൽ, പോയവഴികളെയും, ചെയ്തുപോയ പ്രവർത്തികളെയും  ഓർത്തു ഇവനെപ്പോലെ  പശ്ചാത്തപിക്കുവാൻനമ്മുക്ക്ഇടയാകുമോ? കുറച്ചുനേരം കണ്ണ് അടച്ചു സ്വയം ഇതിനേപ്പറ്റി  ചിന്തിക്കുന്നത് നന്നായിരിക്കും………………………..

നമ്മൾ തന്നെയാണ് നമ്മുടെ impression ഉണ്ടാക്കുന്നത്. നമ്മുടെ ചിന്തകളും, വഴികളും പ്രവർത്തികളും നമുക്ക് എന്നും ഒരു ആഭരണമായിരിപ്പാൻ, ഒരുഅലങ്കാരമായി, മറ്റുള്ളവർക്ക്നമ്മൾ  ഒരു മാതൃകയായിരിപ്പാൻ തക്കവണ്ണം ജീവിക്കുവാൻ നമ്മൾക്ക് ഓരോരുത്തർക്കും ഇടയായിത്തീരണം. 

 

“ Lives of great men all remind us

 We can make our lives sublime

 And departing, Leave behind us

      Foot prints on the sands of time .”