എന്‍റെ വയസ്സുകാലം എങ്ങനെയാകണം ?

അൻപതുവയസ്സ്

അൻപതുകളിലൂട്  എൺപതുകളിലേക്ക്      കടപ്പാട്  : ഗൂഗിൾ ഇമേജസ്

അന്‍പതുവയസ്സ് ഒരു മനുഷ്യജീവിതത്തിന്‍റെ ഒരു പ്രത്യേക ഘട്ടമാണ്.

അതുവരെയും ഇനി ഒത്തിരി ജീവിതം ബാക്കിയുണ്ടെന്ന് ചിന്തിച്ചിരുന്നതിനു പകരം, ഇനിയും അധികം ജീവിതം ബാക്കിയില്ലല്ലോയെന്ന് ചിന്തിക്കുന്ന ഒരു അനുഭവം. കൂടെ പഠിച്ചിരുന്ന, സമപ്രായക്കാരായ പലരും, പലകാരണങ്ങളാല്‍ ജീവിതത്തില്‍നിന്നും കടന്നുപോകുന്ന വാര്‍ത്തകള്‍ ഒരു കഠാര പോലെ ഹൃദയത്തിലേക്ക് തുളച്ചുകയറ്റുന്ന വേദന. അടുത്തത് ഞാനായിരിക്കുമോയെന്ന് സ്വയം ചിന്തിച്ചുതുടങ്ങുന്ന ഘട്ടം. ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്തങ്ങളുടെ കണക്ക് എടുത്തുതുടങ്ങുന്ന സമയം.  വീട്, കുട്ടികളുടെ പഠനം, കുട്ടികളുടെ വിവാഹം. പുതിയ അസുഖങ്ങളുടെ വരവ്, ആരോഗ്യത്തോടെ ജോലിചെയ്യുവാന്‍ പത്തുവര്‍ഷം കൂട്ടിയേയുള്ളൂയെന്ന ചിന്ത, പ്രായമുള്ള മാതാപിതാക്കളുടേയും മറ്റു കാരണവന്‍മാരുടെയും മരണങ്ങള്‍; നമ്മളെ കാരണവരായി കുടുംബത്തിലെ മറ്റു ചെറുപ്രായക്കാര്‍ വീക്ഷിച്ചുതുടങ്ങുമ്പോള്‍ ഉണ്ടാകുന്ന, പഴിചാരുവാന്‍ മറ്റാരുമില്ലാത്ത  അവസ്ഥ. സ്വയം തിരഞ്ഞെടുക്കുവാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യം ലഭിക്കുന്ന ഈ അവസ്ഥയില്‍, ഒരു അഭിപ്രായം ചോദിക്കാന്‍, സഹായമഭ്യര്‍ത്ഥിക്കാന്‍, അന്നേവരെയുണ്ടായിരുന്നവര്‍ ഓരോന്നായി കടന്നുപോകുമ്പോഴുള്ള ഒരു ഏകാന്തത.

എഴുപതുകളും, വലിയവീടുകൾക്കുള്ളിലേ ഏകാന്തജീവിതവും

എണ്പതുകളിലേ ഏകാന്ത ജീവിതം.   കടപ്പാട്  : ഗൂഗിൾ ഇമേജസ്

പ്രായം വീണ്ടും അറുപതുകടന്ന്  എഴുപതുകളികളിലേക്കെത്തുമ്പോഴേക്കും, അതുവീണ്ടും ഒരു പുതിയ അദ്ധ്യായംതന്നെ തുറക്കുന്നു. കൂടുവിട്ട് സ്ഥിരമായി തിരിച്ചുവരുവാന്‍ പറ്റാത്തവിധത്തില്‍, അകലെ അകലെ ആയിരിക്കുന്ന മക്കളും അവരുടെ കുടുംബങ്ങളും.   മക്കളുടേയും കൊച്ചുമക്കളുടേയും സന്തോഷങ്ങളിലും ദു:ഖങ്ങളിലും ദൂരെയിരുന്നു പ്രാര്‍ത്ഥിക്കുവാന്‍ മാത്രം കഴിയുന്ന ഒരു അവസ്ഥ. പല രോഗങ്ങളാലും അധികം യാത്ര ചെയ്യുവാന്‍ കഴിവില്ലാത്ത ഒരു സമയത്തിന്‍റെ  തുടര്‍ച്ച. വലിയ വീടും, ധാരാളം പണവും സൗകര്യങ്ങളുമുണ്ടെങ്കിലും ഒരു അനിശ്ചിതത്വവും, സുരക്ഷിതത്ത്വമില്ലാഴ്മയും, ഏകാന്തതയും നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍, കുടുംബത്തില്‍ ഒരു സഹായിയോടുകൂടിയുള്ള ഒറ്റപ്പെട്ടജീവിതം. എപ്പോള്‍, എങ്ങനെ തന്‍റെ മരണം വരുമെന്നറിയാതെ, വല്ലപ്പോഴും വരുന്ന സന്ദർശകരാലും, ഫോണിലൂടെയുള്ള സംസാരത്താലും, ടെലിവിഷനിലെ സീരിയലിനുമുൻപിലും ഇഴഞ്ഞുനീങ്ങുന്ന ജീവിതത്തിന്‍റെ അത്ര സുഖകരമല്ലാത്ത വേറൊരു അവസ്ഥ. വലിയ വലിയ വീടുകളിലെ, ഓരോ മുറികളിലും നിറഞ്ഞുനില്‍ക്കുന്ന ഏകാന്തത. ഓര്‍മ്മകളില്‍ നേരത്തേ ജീവിതത്തില്‍ നിന്നും കടന്നുപോയ ഭര്‍ത്താവിന്‍റെയോ, ഭാര്യയുടേയോ ചിന്തകൾ മനസ്സില്‍ വേലിയേറ്റം ഉണ്ടാക്കുന്ന അവസ്ഥ. താന്‍ കടന്നുവന്ന വഴിയേപ്പറ്റിയും, താണ്ടിയ ദൂരത്തെപ്പറ്റിയും, ബാല്യ-കൌമാര-യുവത്വത്തിന്‍റെ മറന്നുതുടങ്ങിയ ഓർമ്മകളുടെ കൂമ്പാരത്തില്‍, ജീവിതത്തിന്‍റെ അര്‍ത്ഥം,  ആ പ്രായത്തിലും മനസ്സിലാകാതെ, തന്‍റെ സമയത്തേകാത്ത് മുന്‍പോട്ടു ജീവിച്ചേ മതിയാകൂയെന്നയവസ്ഥ. തന്‍റെ വീടുകളിലെ തനിച്ചുള്ള ജീവിതം തരുന്ന ഏകാന്തത, ജീവിതാവസാനത്തേ ദു:ഖസാന്ദ്രമാക്കുന്ന കാലഘട്ടം. പ്രായമാകുന്നതുവരെ ജീവിച്ചിരിക്കുന്നത്, ഇന്നും ഒരു ഭാഗ്യമായി കരുതുമ്പോഴും, പലരുടേയും വാര്‍ദ്ധക്യകാല ജീവിതം അത്ര സൌഭാഗ്യകരമല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ്, കടന്നുപോകുന്നത്. മക്കളെല്ലാം നാടുവിട്ട്, അമേരിക്കയിലും, കാനഡായിലും, ആസ്ട്രേലിയായിലും, മറ്റിടങ്ങളിലുമായി കഴിയുന്നു. ചിലര്‍ തിരിച്ചുവരുവാന്‍ കഴിയാത്ത സാമ്പത്തികകുടുംബസാഹചര്യങ്ങളില്‍ ഗള്‍ഫിലും മറ്റു പലപ്രദേശങ്ങളിലുമായി ദൂരെ. തങ്ങളെ ഇത്രയുംകാലം, വളര്‍ത്തി വലുതാക്കിയ, പ്രായാധിക്യമെത്തിയ മാതാപിതാക്കളുടെ ഏകാന്തജീവിതത്തേപ്പറ്റിയോർത്ത്  തേങ്ങിക്കരയുന്ന മനസ്സുകൾ.

പ്രായമായവര്‍ക്കുവേണ്ടിയുള്ള ഭവനങ്ങള്‍ 

പ്രായമായവർക്കുവേണ്ടിയുള്ള ഭവനങ്ങൾ.  കടപ്പാട്  : ഗൂഗിൾ ഇമേജസ്

ഈ ഒരു ദുഖകരവും പ്രയാസകരവുമായ സാഹചര്യത്തില്‍ സാധാരണഗതിയില്‍ സംഭവിക്കുന്നത്, അവരെ പ്രായമായവര്‍ക്കുവേണ്ടിയുള്ള ഭാവനങ്ങളിലേക്ക് മാറ്റുകയാണ്. സമപ്രായക്കാരായ, ചിലപ്പോള്‍ പ്രായം വളരെ ഏറിയവരുമായ പലരേയും അവിടെ കണ്ടുമുട്ടിയേക്കുമെങ്കിലും, ഈ പ്രായത്തിലും ഈ രോഗാവസ്ഥയിലും ഒരു അഗാധമായ, ആത്മാര്‍ത്ഥമായ ബന്ധം,  അവരുമായി ഉണ്ടാക്കിയെടുക്കുക വളരെ ദുഷ്ക്കരമാണ്. ഒരു ഹോസ്റ്റല്‍ പോലെയുള്ള ജീവിതം. സ്വന്തമായ പല ഇഷ്ടങ്ങളും ആഗ്രഹങ്ങളും സന്തോഷങ്ങളും ശിഷ്ടകാലം മുഴുവൻ ത്യചിക്കേണ്ട അവസ്ഥ.  സ്വന്തക്കാരില്‍ നിന്നും, താന്‍ ഇതുവരെ ജീവിച്ച തന്‍റെ സ്വന്തം നാട്ടില്‍നിന്നും അടര്‍ത്തിമാറ്റി, എത്രയും അപരിചിതമായ ഒരു സാഹചര്യത്തിലേക്ക് വലിച്ചെറിയപ്പെട്ടപോലത്തേ അവസ്ഥ. ദൂരെയായിരിക്കുന്ന മക്കളുടെ സന്തോഷത്തിനായും അവരെ ദുഖിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യണ്ടായെന്നവിചാരത്താൽ, എല്ലാ അസൌകര്യങ്ങളും ഉള്ളിലൊതുക്കി, ഇവിടെ എനിക്കു സുഖമാണെന്ന് പറയേണ്ടതായ അവസ്ഥ. സ്വന്തം നാട്ടില്‍, തന്നെ കാണുവാന്‍വരുമായിരുന്ന, നാട്ടുകാരും, മറ്റു ചുറ്റുപാടുമുള്ള ബന്ധക്കാര്‍ക്കും, സുഹൃത്തുക്കള്‍ക്കുപോലും വരുവാൻപറ്റാത്ത ഒരു പുതിയ സ്ഥലത്ത് അകപ്പെട്ടുപോയതിലുള്ള ദുഖം കടിച്ചമര്‍ത്തിയുള്ള ജീവിതം. ഇതില്‍ പ്രധാനമായ ആശ്വാസം മക്കള്‍ക്കാണ്. ആ പ്രായമായവരുടെ ഭവനത്തില്‍, ഒറ്റയ്ക്ക് ഏകാന്തതയില്‍ വലിയ സ്വന്തം വീട്ടില്‍ കഴിയുന്നതിലും കൂടുതല്‍ സുരക്ഷിതത്വം ഉണ്ടല്ലോ,  ഒരുപരിധിവരേ കാര്യങ്ങൾ നോക്കുവാൻ ആരെങ്കിലുമുണ്ടാകുമല്ലോയെന്ന, സമാധാനം.  തിരഞ്ഞെടുക്കുവാൻ മറ്റുവഴികളൊന്നുമില്ലാത്തതിനാൽ, നല്ലവശങ്ങളെയോർത്ത്, സ്വയം ആശ്വസിപ്പിക്കുന്ന മക്കളും  മാതാപിതാക്കളും. “തമ്മില്‍ ഭേദം തൊമ്മന്‍” എന്ന അവസ്ഥ.

പകല്‍ വീടുകള്‍

പകൽ വീടുകൾ.  കടപ്പാട്  : ഗൂഗിൾ ഇമേജസ്

പകല്‍വീടുകള്‍ ഒരുക്കുന്ന സൌകര്യം, ഏകാന്തതയില്‍ സ്വന്തം ഭവനത്തില്‍ കഴിയുന്നതിനും, പ്രായമായവര്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഭവനങ്ങളില്‍ കഴിയുന്നതിനുമിടയ്ക്കുള്ള ഒരു മദ്ധ്യമാര്‍ഗ്ഗമാണ്. സ്വന്തം ഭവനങ്ങളില്‍ ഏകാന്തതയിൽ, താമസിച്ചുകൊണ്ട്, പകല്‍സമയം സമപ്രായക്കാരായ തന്‍റെ വീടിന്‍റെ ചുറ്റുപാടുകളിലുള്ള, പരിചിതരും സുഹൃത്തുക്കളുമായവര്‍ ഒന്നിച്ചു പകല്‍സമയം ചിലവഴിക്കുന്നു. പകലുള്ള ആഹാരവും വിനോദവും വിശ്രമവും പകല്‍വീടുകളില്‍ വേണ്ടപ്പെട്ട ആരെങ്കിലുമോ, ഒരു സന്നദ്ധസംഘടനയോ ഒരുക്കുന്നു. നമുക്കു ചെറുയാത്ര ചെയ്യാവുന്നിടത്തോളം, ഇത് ഒരു പരിധിവരെ നല്ലതാണ്. എങ്കിലും, ശാരീരികമായ ബുദ്ധിമുട്ടുകള്‍ അധികം വരാവുന്ന എഴുപതുകളുടേയോ എണ്‍പതുകളുടേയോ കാലഘട്ടത്തില്‍, ദിവസവും രാവിലെ ഈ പകല്‍വീട്ടിലേക്കുള്ള ഒരുക്കവും യാത്രകളും ഒട്ടും സന്തോഷമോ സമാധാനമോ തരുന്നതല്ല.  മിക്കവർക്കും തന്‍റെ ഭവനത്തില്‍തന്നെ, ഏകാന്തതയില്‍ കഴിയുന്നതാവാം നല്ലതെന്നുതോന്നുന്നതിൽ അതിശയമില്ല.

പ്രായമുള്ളവരുടെ ആഗ്രഹം.

പ്രായമുള്ളവരുടെ ആഗ്രഹം. കടപ്പാട്  : ഗൂഗിൾ ഇമേജസ്

ഈ മുന്‍പറഞ്ഞ മൂന്ന് ഉപായങ്ങളിലും, ചില നല്ലകാര്യങ്ങളും അത്ര സുഖകരമല്ലാത്ത കാര്യങ്ങളും അടങ്ങിയിരിക്കുന്നു. സാമ്പത്തികമായ വലിയബുദ്ധിമുട്ടുകളില്ലായെങ്കിൽ, പ്രായമായ മനുഷ്യര്‍ സാധാരണ ഗതിയില്‍ തീവ്രമായി ആഗ്രഹിക്കുന്നതില്‍ ചിലത് താഴെപ്പറയുന്നവയാണ് :

  1. ഏകാന്തമായി ഒറ്റപ്പെട്ട ജീവിതം പാടില്ല.
  2. തീര്‍ത്തും അപരിചിതരുടെ ഇടയില്‍ ജീവിതം വീണ്ടും തുടങ്ങുന്നത് പ്രയാസകരമാണ്.
  3. തന്‍റെ ബന്ധുക്കളുടേയും താന്‍ വളര്‍ന്ന നാട്ടില്‍ നിന്നും നാട്ടുകാരില്‍ നിന്നും തന്നെ അടര്‍ത്തിമാറ്റരുത്.
  4. തന്‍റെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും തന്നേക്കാണുവാനും കൂടെത്താമസിക്കുവാനുമുള്ള ഒരു സാഹചര്യം ഉണ്ടാകണം.
  5. ഏതെങ്കിലും മക്കള്‍ സ്ഥിരമായി കൂടെ താമസിക്കുവാന്‍ വന്നാല്‍ അതിനു പ്രായോഗികമായ മറ്റു തടസ്സങ്ങൾ ഉണ്ടാകരുത്.
  6. എല്ലാക്കാര്യങ്ങളും നോക്കിനടത്തുവാന്‍ ആരെങ്കിലുമുണ്ടാകണം.
  7. കഴിവതും ഒരേ സമുദായത്തിലും ആചാര-ഭക്ഷണരീതികളിലും ഒരുപരിധിവരെയെങ്കിലും ഒരേപോലെയുള്ളവരുടെ കൂടെയായിരിക്കുന്നത് നല്ലതാണ്.
  8. കഴിവതും അനാവശ്യയാത്രകള്‍ ഒഴിവാക്കി, തന്‍റെ രോഗാവസ്ഥ കൂടുതല്‍ വഷളാക്കുവാന്‍ ഇടയാക്കരുത്.

എന്താണ് ഒരു വഴി  ?

എന്താണുവഴി🤔? കടപ്പാട്  : ഗൂഗിൾ ഇമേജസ്

മുകളില്‍പറഞ്ഞ എല്ലാകാര്യങ്ങളും പരിപൂര്‍ണ്ണമായി പരിഹരിക്കപ്പെടുകില്ലെങ്കിലും, ചിലരുടെയെങ്കിലും കാര്യത്തിൽ, പ്രായോഗികമായി പരീക്ഷിക്കാവുന്ന ഒന്നാണ്,  “സഹോദരീസഹോദരന്മാര്‍“, ഒരു ഭവനത്തില്‍ ഒരുമിച്ചുതാമസിക്കുന്നത്.  ചിലസാഹചര്യങ്ങളിലെങ്കിലും ഒരുപരിധിവരെ ഇത് സുഗമമായി നടക്കാവുന്നതാണ് :

  1. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ മരിച്ച, സഹോദരിസഹോദരന്മാരാണ് ഒന്നിച്ചുവരേണ്ടത്.
  2. സ്വന്തമായി സാമ്പത്തിക ഭദ്രത ഉണ്ടാകണം.
  3. എല്ലാവരുടേയും മക്കള്‍ ദൂരെദേശങ്ങളില്‍, തിരിച്ചുവരുവാൻ പറ്റാത്ത സാഹചര്യത്തിലായിരിക്കണം.
  4. ചെറുപ്പകാലത്ത് കുറച്ചുകാലമെങ്കിലും അവർ ഒരുമിച്ചുവളർന്നവരായിരിക്കണം.
  5. എല്ലാവരുംകൂടി ഒരു ഭവനത്തില്‍ താമസിക്കാമെങ്കിലും മനസ്സിന്‍റെ സുരക്ഷിതത്വത്തിനായി, സ്വയം താമസ്സിച്ചില്ലെങ്കിലും സ്വന്തം ഭവനങ്ങള്‍ ഉണ്ടാകണം.
  6. മക്കളും കൊച്ചുമക്കളും വരുമ്പോള്‍ താമസിക്കുവാനുള്ള സാമാന്യസൌകര്യം ഉണ്ടാകണം.
  7. വീട്ടിലെ നടത്തിപ്പുചിലവുകള്‍ എല്ലാവരും ചേർന്നെടുക്കണം.
  8. വിശേഷാവസരങ്ങളിലും മക്കളും, കൊച്ചുമക്കളും, ബന്ധുക്കളും സുഹൃത്തുക്കളും മറ്റും വരുമ്പോള്‍, അതിലേക്കാവശ്യമായ ചിലവുകള്‍ മടികൂടാതെ മുടക്കുവാന്‍ തയ്യാറാകണം.
  9. നോക്കിക്കണ്ട് നടത്തുവാന്‍, വീട്ടില്‍ ജോലിക്കാരുണ്ടാവണം.
  10. പ്രായത്തിന്‍റയും കഴിവിന്‍റെയും അടിസ്ഥാനത്തില്‍ ഒരാള്‍ പ്രധാന ഉത്തരവാദിത്വവും, എന്നാല്‍, എല്ലാവരും ചേര്‍ന്നുള്ള പൊതുവായ ഉത്തരവാദിത്വത്തിലും കാര്യങ്ങള്‍ കൊണ്ടുപോകണം.
  11. മക്കള്‍ തമ്മിൽത്തമ്മിൽ, അന്യോന്യമുള്ള സ്നേഹബന്ധം നഷ്ടപ്പെടാതെ സൂക്ഷിക്കണം.
  12. ഒരേ സ്ഥലത്തും ചുറ്റുപാടുകളിലും താമസിക്കുന്നവരാണ് ഒന്നിച്ചുവരേണ്ടത്.
  13. കൂടിവരുന്നവരില്‍ ഈ കാര്യങ്ങൾക്കുപറ്റിയ ഒരു സ്വന്തം വീട് ഇതിനുവേണ്ടിയുപയോഗിക്കേണം.
  14. എഴുപതുവയസ്സിനു ശേഷം, ഒരുമിച്ചുവരുന്നതാണ് അന്യോന്യമുള്ള പൊരുത്തത്തിന് ഉത്തമം.

നമുക്കു പരിശ്രമിക്കാം

 

ഇത് ഒരു മാർഗദർശനം മാത്രം. സാഹചര്യങ്ങളുടെ കിടപ്പനുസരിച്ച് വേണ്ട വ്യതിയാനങ്ങൾ വരുത്തുക. പഴയകാലങ്ങളില്‍, കൂട്ടുകുടുംബങ്ങളില്‍ ഇത് നിലനിന്നിരുന്നു. മാറിയ കാലഘട്ടത്തില്‍, അതു അപ്പാടേ അനുകരിക്കുവാന്‍ പരിമിതികളുണ്ട്. എല്ലാ പ്രായമായവരുടെ കാര്യത്തിലും ഈ രീതി പ്രയോഗികമല്ലെങ്കിലും, പല ഭവനങ്ങളിലും ഭാര്യാ-ഭര്‍ത്താക്കന്മാര്‍ മരിച്ചുപോയ സഹോദരീ-സഹോദരന്മാര്‍ ഒരുമിച്ചു ജീവിക്കുന്ന കൂട്ടായ്മ,  ഒരു പരിധിവരെ, പ്രായമായവര്‍ക്കും, അവരുടെ മക്കള്‍ക്കും പ്രയോചനകരമായിത്തീരാം. ഇതിനും പല ദോഷവശങ്ങൾ തീർച്ചയായും ഉണ്ടെങ്കിൽത്തന്നെയും, പ്രായമായി ഇപ്പറഞ്ഞ സാഹചര്യങ്ങളിൽ ഒരുമിച്ചുവരുമ്പോൾ, ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽവന്ന മനസ്സിന്റെ പാകതയുടെ വെളിച്ചത്തിൽ,  ചെറുപ്പത്തിൽ ഒരുമിച്ചുവരുമ്പോൾ ഉണ്ടാകാമായിരുന്ന   ബുദ്ധിമുട്ടുകളേയപേക്ഷിച്ച്,  വളരെക്കുറവായിരിക്കാനാണ് അധികം  സാദ്ധ്യത.  ഇത്, ഇന്നു പല ഭവനങ്ങളിലും പ്രവര്‍ത്തികമാക്കിയിട്ടുണ്ട്. പ്രായമായവരും, പ്രായമുള്ള മാതാപിതാക്കളുള്ള മക്കളും, ഇതിനേപ്പറ്റിയാലോചിച്ച്, അവരവരുടേതായ പ്രത്യേക  സാഹചര്യങ്ങളില്‍, ഇതു പ്രവര്‍ത്തികമാക്കുവാന്‍ കഴിയുമോയെന്ന് ചിന്തിക്കുന്നത് പ്രയോചനകരമാകാം.

സന്തോഷത്തോടെയും സമാധാനത്തോടെയും നമ്മുടെ വൃദ്ധരായ മാതാപിതാക്കളെ നമുക്ക് യാത്രയാക്കാം. ദൂരെയായിരിക്കുന്ന മക്കള്‍ക്ക്, അവരെ അവരാക്കിയ മാതാപിതാക്കളുടെ സുരക്ഷിതത്വവും, സമാധാനവും,  സന്തോഷവും, അവരുടെ പരിമിതികള്‍ക്കുള്ളില്‍നിന്നു പരിരക്ഷിക്കാം. ഇതിനേപ്പറ്റി ചിന്തിക്കുവാനും ആലോചിക്കുവാനും, സാദ്ധ്യതയുള്ള കുടുംബങ്ങളിൽ പ്രാവർത്തികമാക്കുവാനും ഈ ചിന്തകൾ സഹായകമാവട്ടെ.

എഴുത്തുകാരൻ, ഭർത്താക്കന്മാർ മരിച്ചുപോയശേഷം  പതിനഞ്ചും മൂന്നും വർഷമായി ഒരുമിച്ചു താമസിക്കുന്ന ഒരു യഥാർത്ഥ ഭവനത്തിലേ സഹോദരിമാരോടൊപ്പം

സന്തോഷത്തിന്റെ അവസാനംകൊണ്ടല്ല,  പ്രതീക്ഷകളുടെ അവസാനമാണ് നമ്മുടെ വയസ്സുകാലത്തേ  ദുഃഖകരമാകുന്നത്…. കടപ്പാട്  : ജീൻ പോൾ റിച്ച്ടർ, ജർമ്മൻ നോവലിസ്റ്റ്