വയറും വ്യായാമവും

             ഇന്നും, എന്‍റെ    ചെറുതല്ലാത്ത കുടവയറില്‍ കൈവെച്ച് “കഴിഞ്ഞ പ്രാവശ്യം കണ്ടതിലും തടിവെച്ചു” എന്ന് ചുറ്റുമുള്ള എല്ലാവരും കേള്‍ക്കത്തക്കവിധം ഉച്ചത്തില്‍ പറയുന്ന എന്‍റെ ചില ഉറ്റ ബന്ധുക്കാരുടേയും, ഉറ്റ ചങ്ങാതിമാരുടേയും പറച്ചിലു കേള്‍ക്കുമ്പോള്‍, ഉള്ളില്‍ അതീവ രോഷം നിറയാറുണ്ടെങ്കിലും, ആ ദേഷ്യത്തെ പുറത്തു കാണിക്കാതെ, ചിരിച്ചു തള്ളുകയാണ് എന്‍റെ പതിവ്. ഞാന്‍ നേരത്തെയുള്ള മാസങ്ങളില്‍ എഴുപതു കിലോമീറ്ററോളം ഒറ്റ അടിക്ക് സൈക്കിള്‍ ചവിട്ടിയത്, അറിഞ്ഞേ ഇല്ല എന്ന്, അവര്‍ നടിക്കും. എന്‍റെ ഉറച്ച മസിലുകള്‍ നിറഞ്ഞ കാലുകളും കൈകളും അവര്‍ കണ്ടിട്ടേ ഇല്ല എന്നു നടിച്ച് നമ്മുടെ വയറിനു തന്നെ കുത്തി നോവിക്കും.

എന്നാല്‍ ഈ പറയുന്ന ആളുകളിൽ മിക്കവരും ഒരു വ്യായാമവും ചെയ്യാത്ത, ഒട്ടും ഉറച്ച ശരീരം ഇല്ലാത്ത, പ്രമേഹവും, ഹൃദ്രോഗവും, മറ്റസുഖമുള്ളവരും, എന്നാല്‍ ദൈവകൃപയാല്‍, അവര്‍ക്ക്  പാരമ്പര്യമായി കിട്ടിയ മെലിഞ്ഞ  ശരീരത്തിന്‍റെ ദാർഷ്ട്യത്തിലാണ് മറ്റുള്ളവന്‍റെ വയറ്റില്‍കുത്തുന്നത് എന്നതാണ് യാഥാർഥ്യം.  ഇവര്‍ വളരെ സ്നേഹത്തോടെയാണ് പറയുന്നതെന്ന് തോന്നിക്കുമെങ്കിലും, അവരവരുടെതന്നെ ജീവിതത്തിലെ കുറവുകളും അപകര്‍ഷതാബോധവും മാറ്റുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായല്ലേ മറ്റുള്ളവന്‍റെ മേക്കിട്ട് കേറുന്നത് എന്നു ഞാൻ ചിന്തിച്ചു പോകാറുണ്ട്.

ആഹാരവും ചെറുപ്പകാലവും

എഴുത്തുകാരൻ മൂന്നാം ക്ലാസ്സിൽ (എട്ട് വയസ്സ് പ്രായം) : മുൻപിൽ നിൽക്കുന്നതിൽ ഇടത്തു നിന്നും നാലാമത്

തീരെ കുട്ടിയായിരുന്ന കാലങ്ങളില്‍ എനിക്ക് വണ്ണമുള്ള പ്രകൃതമായിരുന്നില്ല. എന്നാല്‍ നാലു സഹോദരന്മാരില്‍ ഒരാളായിരുന്ന എനിക്ക്, എന്നും ആഹാരത്തിനുവേണ്ടി മറ്റ് സഹോദരന്മാരുമായി മത്സരിക്കേണ്ടി വരിക ദിനചര്യയാണ്. എന്‍റെ അമ്മ ആകട്ടെ യാതൊരു മടിയും കൂടാതെ എല്ലാവരുടെയും വയറുനിറയുന്നതുവരേയും ചൂടോടെ ചപ്പാത്തിയും മറ്റു കറികളും എല്ലാം ഉണ്ടാക്കിത്തരുവാൻ ഒരിയ്ക്കലും മടി കാണിച്ചിരുന്നുമില്ല. എങ്കിലും സഹോദരന്മാര്‍ ഒരുമിച്ച് വരുമ്പോള്‍ നല്ല വിഭവം നോക്കി പെട്ടെന്ന് അതിനെ ആക്രമിക്കുക സ്വാഭാവികം തന്നെ ആണല്ലോ. പല നല്ല വിഭവങ്ങളും തീരുമ്പോള്‍, മറ്റ് അത്ര പ്രിയങ്കരമല്ലാത്ത വിഭവങ്ങളും  ചിലവാക്കുവാന്‍ വേണ്ടി എന്‍റെ സഹോദരന്മാരെ ഉദ്ദേശിച്ച് എന്‍റെ അമ്മ സാധാരണ പറയാറുണ്ട് “അജിമോനെ (എന്നെ വീട്ടില്‍ വിളിച്ചിരുന്നത് അങ്ങനെ ആണ്) നോക്കി പഠിക്ക്.  എന്തു കൊടുത്താലും ഒരു പരാതിയുമില്ല. കഴിച്ചോളും”

എന്‍റെ സഹോദരന്മാരെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞിരുന്നതെങ്കിലും ആ വാക്കുകള്‍ വീണ്ടും വീണ്ടും കൊണ്ടത് എന്‍റെ മനസ്സിലും ശരീരത്തിലുമാണ്. ഈ വാക്കുകള്‍ തന്നെ, അമ്മ എന്നെ പറ്റി മറ്റുള്ളവരുടെ മുന്‍പില്‍വെച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍, ഈ ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നത് വളരെ നല്ല കാര്യം ആണെന്ന് എനിക്ക് തോന്നി തുടങ്ങി. എന്‍റെ അച്ഛനും പറയുമായിരുന്നു “അജിയെ കണ്ടു പഠിക്ക്” എന്ന്. എന്‍റെ ആഹാര പ്രിയവും എന്തു കൊടുത്താലും കഴിക്കുന്നതും എന്‍റെ അച്ഛനേയും അമ്മയേയും സന്തോഷിപ്പിക്കുവാന്‍ ഞാന്‍ കാരണം ഇടയാകുന്നുണ്ട് എന്ന സന്തോഷം, എന്നെ തിരിഞ്ഞുകടിക്കാത്ത  എന്തും, ഏതു സമയം കിട്ടിയാലും കഴിക്കുവാന്‍ ഉത്സാഹിപ്പിച്ചു കൊണ്ടിരുന്നു. തീരെ ചെറുപ്പത്തില്‍ ആവശ്യത്തിന് കളികളും, അച്ഛന്‍ നിര്‍ബന്ധിച്ച് പറമ്പിലേയും മറ്റ് പണികളും ചെയ്യിക്കാറുണ്ടായിരുന്നതുകൊണ്ട്, അക്കാലത്ത് അധികം വണ്ണം വെയ്ക്കാറുണ്ടായിരുന്നില്ല. എന്നാല്‍ എന്തും ഏതു സമയത്തും ആരു സ്നേഹപൂര്‍വ്വം തന്നാലും, അവരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി കഴിക്കുന്നത് ശരീര പ്രകൃതിയുടെയും മനസ്സിന്‍റെ ശീലത്തിന്‍റെയും, ഞാന്‍ അറിയാതെ തന്നെ ഒരു ഭാഗമായി തീര്‍ന്നു. ആരെങ്കിലും സ്നേഹപൂര്‍വ്വം തരുന്ന പലഹാരം വേണ്ട എന്നു പറയുന്നത് അവരെ വേദനിപ്പിക്കും എന്ന ഒരു  തോന്നലും മനസ്സില്‍ വളര്‍ന്നു കൊണ്ടേയിരുന്നു.

പഠിത്തത്തിലെ മത്സരം

എഴുത്തുകാരൻ അഞ്ചാം ക്ലാസ്സിൽ (പത്തു  വയസ്സ് പ്രായം) :  ഇടത്തു നിന്നും നാലാമത്

അഞ്ചാം ക്ലാസ്സില്‍ എന്‍റെ അമ്മ അധ്യാപികയായിരുന്ന വിദ്യാലയത്തില്‍ ചേർന്നതോടുകൂടി സംഗതികളുടെ കിടപ്പ് മാറി. കണക്ക് ഉള്‍പ്പടെ ചില വിഷയ ങ്ങളില്‍ മാര്‍ക്ക് വളരെ മോശമായിരുന്നു. അന്നത്തെ സ്കൂളിന്‍റെ പ്രധാന അദ്ധ്യാപകന്‍റെ കൈയ്യില്‍ നിന്നും, സഹ പ്രവര്‍ത്തകയുടെ മകന്‍ എന്ന നിലയില്‍  എനിക്കു പ്രത്യേകം കുറച്ചു അധികം അടികളും കിട്ടിയപ്പോള്‍, ഉള്ളില്‍ എന്‍റെ ആത്മാഭിമാനത്തിന് മുറിവേറ്റു. അതുപോരാഞ്ഞു എനിക്കു നൽകിയ അടികള്‍ക്കുശേഷം അദ്ദേഹം നേരെ അധ്യാപകരുടെ മുറിയില്‍ പോയി, മറ്റുള്ളവര്‍ മുന്‍പാകെ അമ്മയോട് അതേപ്പറ്റി പറയുകയും ചെയ്തപ്പോള്‍, അമ്മ പുറമേ ചിരിച്ചെങ്കിലും ഉള്ളില്‍ വളരെ ദുഖിതയും ചിന്താകുലയും ആയി.

എങ്ങനെയും നന്നായി പഠിച്ചേ തീരൂ. എന്‍റെ അമ്മയെ കൂടെ പഠിപ്പിക്കുന്ന മറ്റ് അദ്ധ്യാപകരുടെ മുന്‍പില്‍ ഞാന്‍ പഠനത്തില്‍  മോശം ആയ കാരണം നാണം കെടുത്തുന്നതു ശരിയല്ല എന്ന ചിന്ത  എന്‍റെ പ്രവര്‍ത്തനമണ്ഡലത്തെ മാറ്റി മറിച്ചു. കൂടാതെ, എന്‍റെ അമ്മ, മറ്റ് അദ്ധ്യാപകരുടെ മക്കള്‍ നല്ല മാര്‍ക്കു മേടിക്കുന്നതും തുടരെ തുടരെ അത് പറയുന്നതും, എന്തു വന്നാലും പഠനത്തില്‍ നല്ല മാര്‍ക്കു വാങ്ങിക്കണം എന്ന ചിന്ത മനസില്‍ ഉറപ്പിച്ചു. അതിനു പറ്റിയ വിധത്തില്‍ ജീവിതചര്യയെ മാറ്റി മറിച്ചു. അന്നേവരെ എന്തെങ്കിലുമൊക്കെ കളിക്കുവാന്‍ പൊയ്ക്കൊണ്ടിരുന്ന ഞാന്‍, ഒരു സമയവും ഒരു മിനിറ്റും നഷ്ടമാകാത്ത വിധത്തില്‍, ഏകാഗ്രമായ പഠനത്തില്‍ ലയിച്ചു. കളിക്കുവാന്‍ പോയാല്‍, സ്കൂളില്‍ നിന്നും തിരിച്ച് എത്തിയശേഷം ക്ഷീണം കാരണം പഠിക്കുവാന്‍ കഴിയാതിരുന്നതുകൊണ്ട് എല്ലാവിധ കളികളും അവസാനിച്ചു. പഠിത്തത്തില്‍ അതി മിടുക്കനായി, ക്ലാസ്സിലും വിദ്യാലയത്തില്‍ തന്നെയും ആറാം ക്ലാസുമുതല്‍ ഞാന്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. എല്ലാവരുടെയും അനുമോദനത്തിനും അഭിമാനത്തിനും പാത്രമായിത്തീര്‍ന്നു. എൻറെ അമ്മയും അച്ഛനും അപ്പോഴും എൻറെസഹോദരങ്ങള്‍ കേള്‍ക്കെ പറഞ്ഞു “അജിയെ കണ്ട് പഠിക്ക് എന്ന്“. അങ്ങനെ നന്നായി പഠിക്കുന്നതും , എന്തു കിട്ടിയാലും എപ്പോള്‍ കിട്ടിയാലും നന്നായി കഴിക്കുന്നതും ജീവിതത്തിന്‍റെ ഭാഗമായിത്തീർന്നു. എന്നെയും സഹോദരന്മാരേയും സന്തോഷിപ്പിക്കുവാനായി എന്‍റെ അമ്മ വീട്ടില്‍ രുചികരമായ ആഹാരങ്ങള്‍ ഉണ്ടാക്കിത്തന്നുകൊണ്ടിരുന്നു. മക്കള്‍ക്ക് ആഹാരത്തിനും പഠനത്തിനും ഉള്ള സാഹചര്യങ്ങളില്‍ ഒരു കുറവും വരരുതെന്ന് എന്‍റെ അച്ഛനും വളരെ നിര്‍ബന്ധമായിരുന്നു. അങ്ങനെ എന്‍റെ പഠനത്തിലെ ഉയര്‍ന്ന വിജയങ്ങളോടൊപ്പം എന്‍റെ ശരീരഭാരവും ഉയരങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു.

അച്ഛന്‍റെ സ്വാധീനം

എഴുത്തുകാരൻ പത്താം  ക്ലാസ്സിൽ (പതിനഞ്ചു   വയസ്സ് പ്രായം) :  പുറകിൽ ഇടത്തുനിന്നും രണ്ടാമത്

എന്‍റെ അച്ഛന്‍ കേരള സര്‍ക്കാരില്‍ ഒരു എഞ്ചിനീയര്‍ ആയിരുന്നു. എന്‍റെ മൂത്ത സഹോദരന്, പഠനം മറ്റു എല്ലാ കാര്യങ്ങളുടേയും ഇടയിലെ ഒരു കാര്യം മാത്രം ആയതിനാല്‍, അച്ഛന്‍റെ പിന്‍ഗാമിയായി ഒരു എഞ്ചിനീയര്‍ കുടുംബത്തിലുണ്ടാകണം എന്ന ആഗ്രഹം അച്ഛന്‍ എന്‍റെ മേല്‍ നിര്‍ബന്ധിച്ചു കെട്ടി വെച്ചു. അങ്ങനെ പത്താം ക്ലാസ്സില്‍ വളരെ ഉയര്‍ന്ന വിജയം നേടി, ബയോളജി എടുത്ത്, ഒരു ഡോക്ടര്‍ ആകുവാന്‍ ആഗ്രഹിച്ച്, P.D.C പ്രവേശനത്തിന്‍റെ ഇന്‍റര്‍വ്യൂവിന് പോകുന്ന വഴിക്ക് അച്ഛന്‍റെ ഇംഗിതത്തിന് വഴങ്ങി ഞാന്‍ കണക്ക് വിഷയം എടുത്തു. ഞാന്‍ കണക്കിന് മോശം അല്ലാത്ത കാരണവും എല്ലാ വിധ വ്യായാമവും വെടിഞ്ഞ് പഠനത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലും എനിക്ക് ഇന്ത്യയിലെ തന്നെ ഒരു നല്ല എഞ്ചിനീയറിംഗ് കോളേജില്‍ (റീജിയണൽ എഞ്ചിനീയറിംഗ് കോളേജ്, ഇന്നത്തെ NIT)  പ്രവേശനവും ലഭിച്ചു.

ഞങ്ങള്‍ നാല് ആണ്‍മക്കളേയും പഠനത്തില്‍ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി എന്‍റെ അച്ഛന്‍ (അച്ഛന്‍ ഇന്നില്ല) സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ടായിരുന്നു : “നീയൊക്കെ  നന്നായി പഠിച്ചാല്‍, നിനക്കൊക്കെ ഇമ്പാല (അന്നത്തെ വലിയ കാര്‍) പോലത്തെ ഒരു കാറും കിളി (സുന്ദരി) പോലത്തെ ഒരു പെണ്ണും കിട്ടും. പഠിച്ചില്ലെങ്കില്‍, ഇമ്പാല പോലത്തെ ഒരു പെണ്ണും കിളി (ചെറിയ) പോലത്തെ ഒരു കാറും കിട്ടും“. ഈ ഡയലോഗിന്‍റെ നെഗറ്റീവ് ആയ വിശേഷണങ്ങള്‍ എന്തായാലും ഒരു പരിധിവരെ നന്നായി പഠിക്കുവാന്‍ ഇതു ഞങ്ങള്‍ സഹോദരന്മാരെ സഹായിച്ചു.

ഇതൊക്കെയാണെങ്കിലും എന്‍റെ ജീവിതം, യാതൊരുവിധ വ്യായാമവും ഇല്ലാതെ പഠനത്തിലും വാരിവലിച്ചുള്ള ഭക്ഷണത്തിലും ഒതുങ്ങി.

യൌവനത്തിലെ അവസ്ഥ

എഴുത്തുകാരൻ എഞ്ചിനീയറിംഗ്  കോളേജ് പഠന സമയത്ത്

എഞ്ചിനീയറിംഗ് കോളേജില്‍ പോയപ്പോഴാണ് സ്വന്തം ശരീരഭാരത്തെപ്പറ്റി ഒന്നു ചിന്തിക്കുവാനും എന്തെങ്കിലും ചെയ്യണമെന്നു വിചാരിക്കുവാനും സാവകാശം കിട്ടിയത്. എന്നാല്‍ എഞ്ചിനീയറിംഗ് കോളേജിലെ കഠിനമായ റാഗിംഗുകളുടെയും ഹോസ്റ്റലിലെ എല്ലാവരും ചേര്‍ന്നുള്ള ജീവിതത്തിനും ഇടയില്‍, എന്‍റെ എഞ്ചിനീയറിംഗ് ഒന്നാം കൊല്ലത്തെ പരീക്ഷകളില്‍ പരാജയം ഏറ്റു വാങ്ങിയതോടെ എന്‍റെ കളികളുടേയും വ്യായാമത്തിന്‍റേയും സ്വപ്നം പൊലിഞ്ഞു.

അച്ഛന്‍റെ നേരത്തേ പറഞ്ഞ ഡയലോഗ് വീണ്ടും വീണ്ടും കുത്തി നോവിച്ചു കൊണ്ടിരുന്നു.

“നീയൊക്കെ  നന്നായി പഠിച്ചാൽ, നിനക്കൊക്കെ ഇമ്പാല പോലത്തെ ഒരു കാറും കിളി പോലത്തെ ഒരു പെണ്ണും കിട്ടും. പഠിച്ചില്ലെങ്കിൽ, ഇമ്പാല പോലത്തെ ഒരു പെണ്ണും കിളി പോലത്തെ ഒരു കാറും കിട്ടും“.

അങ്ങനെ ശങ്കരന്‍ പിന്നേയും തെങ്ങേല്‍ത്തന്നേ.  വീണ്ടും എഞ്ചിനീയറിംഗ് കോളേജുജീവിതം പഠനത്തിലും, മനസ്സിനേയും ശരീരത്തെയും സന്തോഷിപ്പിക്കുവാനായി ഭക്ഷണത്തിലും ഒതുങ്ങി. വ്യായാമം ശൂന്യത്തില്‍ അവസാനിച്ചു (വിശാലമായ എഞ്ചിനീയറിംഗ് കാമ്പസില്‍ കൂടി സൈക്കിൾ ചവിട്ടേണ്ടിവരുന്നതൊഴികെ). ചുരുക്കം ചില സമയം ചുമ്മാതെ കിട്ടിയാല്‍, വ്യായാമത്തിന് പോകുന്നതിനു പകരം പ്രധാനമായ വിനോദം സിനിമ കാണല്‍ ആയിരുന്നു. ഇന്നത്തെ നായികാ നായകന്മാരെപ്പോലെ എല്ലും തൊലിയും ആയിരുന്നില്ല അന്നത്തെ നായികാ നായകന്മാര്‍. മധുവിന്‍റെയും, സുകുമാരന്‍റെയും, സത്യന്‍റേയും, അംജത്‌ഖാന്റെയും, ഷീലയുടേയും, ജയഭാരതിയുടേയും, ജയപ്രദയുടേയും കാലഘട്ടം. ഞാൻ അക്കാലത്തു   ജയപ്രദയുടെ വലിയ ആരാധകനായിരുന്നു. വണ്ണം കുറയ്ക്കണം എന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും നന്നായി പഠിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വണ്ണം അത്ര പോരായ്മയായി തോന്നിയിരുന്നില്ല എന്നതാണ് ഒരു യാത്ഥാര്‍ഥ്യം. എന്തായാലും നല്ല ഉന്നതമായ വിജയം എഞ്ചിനീയറിംഗില്‍ നേടിയതിനോടൊപ്പം എന്‍റെ ശരീരഭാരവും ഉന്നതങ്ങളില്‍ എത്തി.

എഴുത്തുകാരൻ എഞ്ചിനീയറിംഗ്  കോളേജ് പഠന സമയത്ത്, തന്റെ അവസാനവർഷത്തിലെ പ്രോജക്ട് ടീമിനൊപ്പം

എഴുത്തുകാരൻ എഞ്ചിനീയറിംഗ്  കോളേജിലെ ഹോസ്റ്റൽ ഡേ ആഘോഷ   സമയത്ത്

പട്ടാള ജീവിതം

എഞ്ചിനീയറിംഗ് കഴിഞ്ഞ് സിവില്‍ എഞ്ചിനീയറായ ഞാന്‍, വീടുകളും കെട്ടിട ങ്ങളും വരയും പണികളുമായി നടന്ന കാലത്ത്, പല സര്‍ക്കാര്‍ ഓഫീസുകളിലും കേറി ഇറങ്ങുമ്പോഴും പലതരമായ ജോലിക്കാരോടും ഉദ്യോഗസ്ഥരോടും ഇടപ്പെടുമ്പോഴും, പല കാര്യങ്ങള്‍ക്കും ഈ വണ്ണമുള്ളകാരണം ഫലപ്രാപ്തിക്ക് സഹായിക്കുന്നു എന്നുള്ള  ചിന്ത, എന്നെ എന്‍റെ ശരീരഭാരത്തെപ്പറ്റി ആലോചിച്ചു എന്തെങ്കിലും ചെയ്യണം എന്നുള്ള ഒരു വിചാരത്തിലേക്ക് നയിച്ചിരുന്നില്ല.

അങ്ങനെ ഇരിക്കെയാണ് ഞാന്‍ മറ്റ് ജോലി തിരച്ചിലുകള്‍ക്കിടയില്‍ അയച്ച SSB (പട്ടാളത്തിലേക്കുള്ള സെലക്ഷന്‍ കേന്ദ്രം) ഇന്‍റര്‍വ്യൂവിന്‍റെ വിളി വരുന്നതും, അവിടെ പോയപ്പോള്‍ എല്ലാം ജയിച്ച ശേഷം ഇരുപതു കിലോ ഭാരം കൂടുതലായ കാരണം എന്നെ അത് കുറയ്ക്കുവാനായി നാല്‍പ്പത്തി രണ്ടു ദിവസത്തെ (ആറ് ആഴ്ച) സമയം തന്ന് തിരിച്ച് അയക്കുന്നതും. എന്തായാലും അത് ജീവിതത്തിലെ ഒരു പുതിയ തുടക്കം ആയിരുന്നു. അന്നേ വരെ ഒരു നേരത്തെ പോലും ആഹാരം വെടിഞ്ഞിട്ടില്ലാതിരുന്ന ഞാന്‍, പട്ടിണി കിടന്നും അഹോരാത്രം വ്യായാമം ചെയ്തും, നാല്‍പ്പത്തി രണ്ടു ദിവസം കൊണ്ട്, ഇരുപത്തിയൊന്നു കിലോ കുറച്ച് (എൺപത്തിനാലിൽ നിന്നും അറുപത്തിമൂന്നുകിലോ) പട്ടാള ഓഫീസറായി തീര്‍ന്നത് എന്‍റെ കുടുംബങ്ങളിലും എന്‍റെ നാട്ടിലും ഇപ്പോഴും പല സന്ദര്‍ഭങ്ങളിലും ഓര്‍ക്കാറുള്ള ഒരു സംഭവമാണ്.

എഴുത്തുകാരൻ ഇരുപത്തിയഞ്ചാം വയസ്സിൽ, പട്ടാളത്തിൽ ചേരുന്നതിനായി വണ്ണം കുറക്കുന്നതിന് മുൻപും, വണ്ണം കുറച്ച ശേഷവും

എഴുത്തുകാരൻ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിൽ വിവാഹ സമയത്ത്

പിന്നീടുള്ള എന്‍റെ ഇരുപത്തി രണ്ട് കൊല്ലത്തെ പട്ടാള ജീവിതം വയറും വ്യായാമവും തമ്മിലുള്ള അക്ഷരാര്‍ത്ഥത്തിലുള്ള ഒരു യുദ്ധമായിരുന്നു. പട്ടാളത്തില്‍ എല്ലാ വര്‍ഷവും മെഡിക്കല്‍ പരിശോധന കൃത്യമായി നടത്തേണ്ടതുള്ളതിനാല്‍ ഭാരം കൂടാതെ നോക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. വളരുന്ന കാലത്തും ചെറുപ്പ കാലത്തും ശരീരത്തിന് നന്നായി ഭക്ഷണം എല്ലാ സമയത്തും കിട്ടിക്കൊണ്ടിരുന്ന ശീലം, ഒന്നു വരുതിയിലാക്കാൻ ഈ ഇരുപത്തി രണ്ട് കൊല്ലവും പിടിപ്പതു പാടുപെട്ടു. പ്രത്യേകിച്ച് രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍, പ്രയാസകരമായ സാഹചര്യങ്ങളിലല്ലാത്ത സ്ഥലങ്ങളിലും സ്ഥാനങ്ങളിലും ജോലി ചെയ്യേണ്ടി വന്ന അവസരങ്ങളില്‍ (അവിടെ വ്യായാമത്തിനെക്കാളും പ്രാധാന്യം ആഫീസിലെ ജോലികള്‍ ഭംഗിയായി പോവുക എന്നതായിരുന്നതിനാല്‍).

എഴുത്തുകാരൻ മേജർ ആയിരുന്ന ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതിൽ ഡൽഹിയിൽ വച്ചു, തന്റെ മകളോടൊപ്പം

അക്കാലത്തെ ധാരളം പട്ടാള ആഫീസര്‍മാരില്‍ GM (ജനറല്‍ മോട്ടര്‍സ്) ഡയറ്റ് എന്ന ഭക്ഷണ രീതി ആശുപത്രിയിലെ ഭാര പരിശോധനയ്ക്ക് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ, പെട്ടന്ന് ഭാരം കുറയ്ക്കുവാന്‍ വേണ്ടി പ്രയോജനപ്പെടുത്തിയിരുന്നു. രണ്ടു മാസത്തെ GM ഡയറ്റു കൊണ്ട് ഭാരം ധാരാളം കുറയുമെങ്കിലും ആശുപത്രിയിലെ ശരീര തൂക്കം പരിശോധന കഴിഞ്ഞാല്‍ ഉടന്‍തന്നെ ഉള്ള രണ്ട് ആഴ്ചയ്ക്കകം, പോയ ഭാരവും അതുപോലെ തിരികെ വരുന്നത് സാധാരണമാണ്.

ഇരുപത്തി രണ്ട് കൊല്ലത്തെ പട്ടാളജീവിതത്തിനു ശേഷം ലെഫ്റ്റനന്‍റ് കേണല്‍ ആയി വോളന്‍ററി റിട്ടയര്‍മെന്‍റ് എടുത്തപ്പോള്‍, ഈ എല്ലാ വര്‍ഷത്തെയും ഭാരം തൂക്കലില്‍ നിന്നും ഒഴിവാകാം എന്നുള്ള വിചാരം വളരെ ആശ്വാസകരമായിരുന്നു.

എഴുത്തുകാരൻ രണ്ടായിരത്തി ഒൻപതിൽ ലെഫ്റ്റനന്റ് കേണൽ ആയി കൊച്ചിയിൽ ആയിരുന്ന സമയം, തന്റെ സഹോദരൻമാരുടെ മക്കളോടൊപ്പം

തുടര്‍ന്നുള്ള   കോര്‍പ്പറേറ്റു ജീവിതം

പട്ടാളത്തില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പായി ഐ.ഐ.എം. ബാംഗളൂരില്‍ പോയി പഠിച്ചപ്പോള്‍ ആണ്, നല്ല കമ്പനികളില്‍ നല്ല ശമ്പളത്തോടു കൂടി നല്ല സ്ഥാനത്ത് ജോലി കിട്ടണമെന്നുണ്ടെങ്കിലും, പിന്നീട് ഉദ്യോഗകയറ്റം കിട്ടണമെങ്കിലും  സഹപാഠികളും സഹപ്രവര്‍ത്തകരും തമ്മില്‍ ഭയങ്കരമായ മത്സരമാണെന്ന് ( പുറമേ അങ്ങോട്ടും ഇങ്ങോട്ടും കാണിക്കത്തില്ലെങ്കിലും ) ബോധം തെളിയുന്നത്. അതോടെ പിന്നേയും വയറും വ്യായാമവുമായുള്ള യുദ്ധം തുടരേണ്ടതായി വന്നു.

എന്തായാലും ഐ.ഐ.എം. പഠനത്തിലും ഒരു പരിധി വരെ ശരീരഭാരം മിതമായി നിര്‍ത്തുന്നതിലും മികവു കാട്ടി. പല സഹപാഠികള്‍ക്കും ജോലി ലഭിക്കാതെ പോയ സാഹചര്യത്തിലും എനിക്കു നല്ല ജോലി ലഭിക്കുവാനുള്ള ദൈവകൃപയുണ്ടായി.

എഴുത്തുകാരൻ രണ്ടായിരത്തി പതിനാലിൽ സെയിന്റ്‌ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന്റെ  സി ഒ ഒ ആയിരുന്ന സമയത്ത്

ഈ യുദ്ധം എന്നവസാനിക്കും

പട്ടാളത്തില്‍ നിന്നും ഇറങ്ങി പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ ശേഷവും ഈ വയറും വ്യായാമവും തമ്മിലുള്ള യുദ്ധം, നില നില്‍പ്പിനായി തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഈ സാഹചര്യത്തിലാണ് പരസ്യമായി എത്ര കഴിച്ചാലും വണ്ണം വെയ്ക്കാത്ത പല ഭാഗ്യവാന്മാരെയും കാണുമ്പോള്‍ ദേഷ്യവും അരിശവും വരുന്നത്. അവര്‍ എന്തു കഴിച്ചാലും നല്ല മെലിഞ്ഞ് സുന്ദരന്മാരായിരിക്കും. എന്നിട്ട് നമ്മുടെ മെക്കട്ട് കയറും. വയറില്‍ കുത്തിപ്പിടിച്ച്, എല്ലാവരും കേൾക്കെ ഉച്ചത്തിൽ  ഒരു ഡയലോഗ് കാച്ചും. “കഴിഞ്ഞ പ്രാവശ്യം കണ്ടതിലും തടി വെച്ചു ”.

പലപ്പോഴും ഞാന്‍ ദൈവത്തോട് ചോദിച്ചു പോയിട്ടുണ്ട് “എന്നെ, എന്തേ ഇങ്ങനെ സൃഷ്ടിച്ചു.  ഈ വായു ഭക്ഷിച്ചാലും വണ്ണം വെക്കുന്ന വിധത്തില്‍.  എന്‍റെ ശരീരത്തെ ഇത്രയും എഫിഷ്യന്‍റ് ആയി സൃഷ്ട്ടിച്ചതെന്തിന്?. അവരുടെ കൂട്ട് എത്ര കഴിച്ചാലും വണ്ണം വെയ്ക്കാത്ത ഒരു ശരീരം എനിക്ക് എന്തേ തരാഞ്ഞത്“. ഈ വയറും വ്യായാമവും തമ്മിലുള്ള യുദ്ധം നയിച്ച് ഇന്നേക്ക് അമ്പത്തിയെട്ട് വയസ്സ് ആയിരിക്കുന്നു. എന്‍റെ ദൈവമേ അടുത്ത ജന്മമെങ്കിലും എന്നെ എത്ര കഴിച്ചാലും വണ്ണം വെയ്ക്കാത്ത സുന്ദരമായ ഒരു ശരീരത്തിന്‍റെ ഉടമയായി സൃഷ്ടിക്കേണമേ“.

ആഗ്രഹം

എഴുത്തുകാരന്റെ ദൈവത്തോടുള്ള പ്രാർത്ഥന

വണ്ണം വെയ്ക്കാത്ത ശരീരം അടുത്ത ജന്മത്തില്‍ തരണമെന്നുള്ള  ആഗ്രഹത്തിന് പുറമേ, എന്‍റെ മനസ്സില്‍ കൂടി മറ്റ് ചില ആഗ്രഹങ്ങളും കടന്നു പോകുന്നുണ്ട് :

  • വൈദ്യശാസ്ത്രം വളര്‍ന്ന് വണ്ണം ഉള്ളവരില്‍ നിന്നും വണ്ണമില്ലാത്തവരിലേക്ക് അത് കൈമാറ്റം ചെയ്യുവാനുള്ള കണ്ടുപിടുത്തം എത്രയും പെട്ടെന്ന് ഉണ്ടാകണമേ.
  • വൈദ്യശാസ്ത്രം പഴയ പല കണ്ടുപിടുത്തങ്ങളും പില്‍ക്കാലത്ത് തിരുത്തിയതുപോലെ, തടിയും ആരോഗ്യത്തിന്‍റെ ഒരു ഒത്ത ലക്ഷണമായി പ്രഖ്യാപിക്കുന്ന കാലം വരേണമേ.
  • മെലിഞ്ഞിരിക്കുന്നത് സൌന്ദര്യത്തിന്‍റെ ഒരു ലക്ഷണമാണന്നുള്ളത് മാറി, വണ്ണമുള്ളതാണ് സൗന്ദര്യത്തിൻറെ ഉത്തമ ലക്ഷണം എന്നു ചിന്തിക്കുന്ന സമയം എത്രയും വേഗം തരേണമേ.ഈ വയറും വ്യായാമവും ആയുള്ള യുദ്ധം തുടരട്ടെ.

തല്‍ക്കാലം ഉടനെ ഒന്നും ഇതിന് സാധ്യത ഇല്ലാത്ത സാഹചര്യത്തില്‍, വയറും വ്യായാമവുമായുള്ള യുദ്ധം തുടരുവാനുള്ള ശക്തി അടിയനും എന്നേപ്പോലുള്ള അനേകര്‍ക്കും തരേണമേ എന്ന് സര്‍വ്വശക്തനോട് താണ് അപേക്ഷി ക്കുന്നു.

ഈ വയറും വ്യായാമവുമായുള്ള യുദ്ധം തുടരട്ടെ !!!!!!!!!

എഴുത്തുകാരൻ ഇപ്പോൾ (രണ്ടായിരത്തി ഇരുപത്തി രണ്ടിൽ)