
സീറോയില്‍ നിന്നും സി. ഒ. ഒ. യിലേക്ക് - ഒരു അതിജീവനത്തിന്റെ കഥ
ആറരക്കൊല്ലം .എഞ്ചിനീയറിംഗ്, മാനേജ്മെന്‍റ്, അപ്ലൈഡ് സയന്‍സ് .കോളേജുകൾ .ഉള്‍പ്പെടുന്ന കേരളത്തിലെ തന്നെ ഏറ്റവും പേരെടുത്ത ഒരു വിദ്യാഭ്യാസ ഗ്രൂപ്പിന്‍റെ സി.ഒ.ഒ.
( COO– Chief Operating Officer) പദവിയില്‍നിന്നും, ആ സമയത്തു കൈവരിച്ച, സ്ഥാപനത്തിന്‍റെ അഭിമാനകരമായ വളര്‍ച്ചയുടെ ഭാഗമായിരുന്നശേഷം, രണ്ടായിരത്തിപത്തൊൻപതിൽ (2019) സ്വമനസാവിരമിക്കുമ്പോള്‍, ഞാന്‍ എന്‍റെ എഞ്ചിനീയറിംഗ് പഠനത്തിന് ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊന്നിൽ (1981) ചേര്‍ന്ന കാലം മുതലുള്ള മുപ്പത്തിരണ്ടുകൊല്ലങ്ങൾകൊണ്ട്, എന്‍റെ സീറോയില്‍ (Zero) നിന്നും സി.ഒ.ഒ. (COO)-യിലേക്കുള്ള യാത്രയുടെ ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു.
കടപ്പാട് : സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്, കോട്ടയം
ഒരു ഹീറോ (Hero) യുടെ സീറോ (Zero) യിലേക്കുള്ള പതനം.
കടപ്പാട് : ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര
കേരളത്തില്‍, സ്വന്തം നാടായ മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ നിന്നും അന്നത്തെ പി.ഡി.സി. (PDC- Pre Degree Course), ഉന്നത മാര്‍ക്കോടുകൂടി ജയിച്ച് ഇന്ത്യയിലേതന്നേ മികച്ച, നാഗ്പ്പൂരില്‍ സ്ഥിതിചെയ്യുന്ന വിശ്വേശ്വരയ്യ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ (ഇന്നത്തെ എന്‍.ഐ.റ്റി.) പ്രവേശനം ലഭിച്ചപ്പോള്‍ ആര്‍ക്കും ഒരു അതിശയോക്തിയും തോന്നിയിരുന്നില്ല. കാരണം, വര്‍ഷങ്ങളായി സ്കൂളിലും പിന്നീട് പി.ഡി.സി. യ്ക്കും എക്കാലവും നല്ല മാര്‍ക്കോടെ ആദ്യത്തെ സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരുന്ന, കഠിനാദ്ധ്വാനിയും കൃത്യനിഷ്ഠയും, മിതഭാഷിയും, സല്‍സ്വഭാവിയുമായിരുന്നയൊരാൾക്ക് തീര്‍ച്ചയായും കിട്ടേണ്ടിയിരുന്ന ഒരു കാര്യമായേ എല്ലാവരും ആ മികച്ച വിദ്യാഭ്യാസസ്ഥാപനത്തിലേക്കുള്ള പ്രവേശനത്തെ കണ്ടിരുന്നുള്ളൂ. മറിച്ച്, ഇങ്ങനെ ഒരു നല്ല കോളേജില്‍ പ്രവേശനം കിട്ടിയില്ലായിരുന്നെങ്കിൽ, ഒരു പക്ഷേ എല്ലാവര്‍ക്കും അത് ഒരു അതിശയോക്തിയായിത്തീരുമായിരുന്നേനെ. ഈ കോളേജില്‍ പ്രവേശനം കിട്ടിയശേഷം കാലിക്കറ്റ് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജിലും, മറ്റു കേരളത്തിലെ ഉന്നതമായ സര്‍ക്കാര്‍ കോളേജുകളിലും പ്രവേശനം കിട്ടിയെങ്കിലും, ഇതിനകം ആറുമാസം എഞ്ചിനീയറിംഗ് പഠനം പിന്നിട്ടുകഴിഞ്ഞിരുന്നതിനാല്‍ കോളേജ് മാറുന്നതിനെപ്പറ്റി ചിന്തിച്ചെങ്കിലും, വേണ്ട എന്നു വയ്ക്കുകയാണ് ഉണ്ടായത്.
കടപ്പാട് : വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിട്യൂട് ഓഫ് ടെക്നോളജി നാഗ്പൂർ (വിശാലമായ ക്യാമ്പസ്)
എഞ്ചിനീയറിംഗിന്‍റെ ആദ്യ വർഷാവസാനം, പരീക്ഷാഫലം വന്നപ്പോള്‍ ഒട്ടുമിക്ക വിഷയങ്ങളിലും എന്‍റെ മാര്‍ക്ക് സീറോ (Zero, പൂജ്യം) ആയിരുന്നു. അങ്ങനെ എല്ലാവരുടേയും മുന്‍പില്‍ അതേവരേയും ഹീറോ ആയിരുന്ന ഞാന്‍, ജീവിതത്തില്‍ സീറോകളുടെ (പൂജ്യം മാര്‍ക്കുകളുടെ) കൂമ്പാരത്തില്‍പ്പെട്ട് ഒരു വലിയ സീറോ ആയിത്തീര്‍ന്നു. എന്താണ് എന്‍റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചതെന്നതിരിച്ചറിവ് വരുവാന്, എനിക്കും മറ്റുള്ളവര്‍ക്കും കുറെ സമയം തീര്‍ച്ചയായും എടുത്തു.
ഒരു ഹീറോ എങ്ങനെ സീറോ ആയി ?
ഹീറോ ടു സീറോ (പൂജ്യം) [കടപ്പാട് : ഗൂഗിൾ ഇമേജസ്]
തിരിഞ്ഞു നോക്കുമ്പോള്‍ ഈ പരീക്ഷാഫലത്തിന്‍റെ കാരണങ്ങള്‍ ധാരളമാണ്. അവയില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു :
- കേരളത്തില്‍ പത്താംക്ലാസ്സ് വരെ മലയാളത്തിലും പിന്നീട് പി.ഡി.സി.യ്ക്കു രണ്ടു കൊല്ലം ഇംഗ്ലീഷിലും പഠിച്ചശേഷം, ഹിന്ദിയും ഇംഗ്ലിഷും മാത്രം സംസാരിക്കുന്ന ഒരു സാഹചര്യത്തില്‍ വന്നപ്പോഴുണ്ടായ ബുദ്ധിമുട്ടുകളും മാനസീക ക്ലേശങ്ങളും.
- ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊന്നിൽ (1981), കേരളത്തില്‍ നിന്നും, ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്നും ആദ്യമായി ആയിരത്തി ഇരുന്നൂറിൽ (1200) അധികം കിലോമീറ്റര്‍ ദൂരെ, ട്രെയിനില്‍ നാല്‍പ്പത്തിയെട്ട് മണിക്കൂറുകൊണ്ട് മാത്രം ചെന്നെത്തപ്പെടാവുന്ന അന്യപ്രദേശത്ത് ചെന്നെത്തപ്പെടുമ്പോഴുള്ള മാനസീകവും വൈകാരികവുമായ ബുദ്ധിമുട്ടുകളും അനിശ്ചിതത്വവും (അക്കാലത്ത് ഇന്നത്തെപ്പോലെ വിമാനയാത്ര സുഗമമായിരുന്നില്ല എന്നു മാത്രമല്ല, സാമ്പത്തികമായും മറ്റും തീരെ അപ്രാപ്യമായിരുന്ന കാലം).
- ആദ്യമായി മാതാപിതാക്കളുടെ ചിറകില്‍ നിന്നും, കാവലിലും, കരുതലില്‍ നിന്നും അകന്നുമാറിയതിലുള്ള മാനസീക സംഘര്‍ഷങ്ങള്‍.
- സ്വസ്ഥമായി സ്വന്തം ഭവനത്തിന്‍റെ സന്തോഷങ്ങളില്‍നിന്നും, സൌകര്യങ്ങളില്‍നിന്നും അകലെ, പലതരമായ ഭാഷക്കാരും, പ്രദേശക്കാരും, പല സ്വഭാവക്കാരുമായ എണ്ണമറ്റ കുട്ടികളുമൊത്ത് ഹോസ്റ്റലിലുള്ള ആദ്യ താമസം.
- അതിമിടുക്കന്മാരായ കുട്ടികള്‍ പഠിക്കുന്ന കോളേജിലെ ഹോസ്റ്റലുകളില്‍, വാര്‍ഡന്‍മാരുടെ സാന്നിദ്ധ്യം വെറും നാമമാത്രമായിരുന്നതിനാലുള്ള അരക്ഷിതാവസ്ഥ.
- പലദേശക്കാരായ മുതിർന്ന വിദ്യാർത്ഥികളുടെ മൃഗീയവും ക്രൂരവുമായ റാഗിംഗ് (ഇന്നത്തെക്കാലത്തേപ്പോലെ, റാഗിംഗ് നിയമവിരുദ്ധമല്ലാരുന്നു).
- റാഗിംഗ് കാരണം ശരീരികമായും മാനസീകമായും ഉറക്കം കിട്ടാത്ത അവസ്ഥയും, എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നുള്ള ഭീതിയും.
- കുറച്ചു തടിയുള്ള പ്രകൃതമായതിനാല്‍, റാഗിംഗ് സംബന്ധമായി എല്ലാവരുടെയും കണ്ണില്‍ പെട്ടെന്നു പെടുകയും, ആരുടേയും കണ്ണില്‍ പെടാതിരിക്കാനും പറ്റാത്ത അവസ്ഥ.
- റാഗിംഗ് ഭയന്ന് അധികസമയവും കോളേജ് കാമ്പസിന് പുറത്തു ചിലവഴിക്കേണ്ടി വന്നതുകൊണ്ട്, പഠിക്കാനുള്ള വിലയേറിയ സമയനഷ്ടങ്ങള്‍.
- കുറച്ചു സമയം കിട്ടുമ്പോഴെല്ലാം, മുതിർന്ന വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് പണികളും വരകളും ഉറക്കമിളച്ചു ചെയ്തുകൊടുക്കേണ്ട സ്ഥിതിവിശേഷം.
- റാഗിംഗിനെപ്പറ്റി കോളേജില്‍ അറിയിച്ചാല്‍ നേരത്തേ പരാതിപ്പെട്ട കുട്ടികള്‍ക്ക് വീണ്ടും കിട്ടിയ ക്രൂരവും കഠിനവുമായ ശാരീരിക മാനസീക പീഠനങ്ങള്‍, എനിക്കും ലഭിക്കുമെന്നുള്ള ഭയം.
- ഇരുനൂറ്റിയമ്പത് (250) ഏക്കര്‍ കാമ്പസില്‍ നടക്കുന്ന, പുകവലിയും, കള്ളുകുടിയും, മയക്കുമരുന്ന് എടുക്കുന്നവരുമായ, പരീക്ഷകള്‍ പലതും ജയിക്കാതെ വര്‍ഷങ്ങളായി ഹോസ്റ്റലിലും, കോളേജിന്‍റെ പരിസരങ്ങളിലും താമസിക്കുന്ന വഷളന്മാരായ മുതിർന്ന വിദ്യാർത്ഥികളുടെ രാപകലില്ലാത്ത സാന്നിദ്ധ്യം കൂടുതല്‍ മാനസീക സംഘര്‍ഷങ്ങള്‍ ഉളവാക്കിയിരുന്നത്.
- കേരളത്തിലെ ഒരു സാധാരണ പട്ടണത്തിലെ കോളേജിലെ, മിടുക്കന്മാരായ ചുരുക്കം ചില കുട്ടികള്‍ക്കിടയില്‍ നിന്നും, ഭാരതം മുഴുവനുള്ള സംസ്ഥാനങ്ങളില്‍നിന്നു വന്നിരിക്കുന്ന, എല്ലാവരും അതിമിടുക്കന്മാരായ കുട്ടികളുടെ ഇടയില്‍ പഠിക്കുമ്പോള്‍ ഉള്ള ഒരു അപകര്‍ഷതാ ബോധം.
- മത്സരബുദ്ധിയോടെയും സ്വാര്‍ഥതയോടെയും ഉള്ള സഹപാഠികളുടെ പഠനവുമായി, ലളിതവും ശുദ്ധ ഹൃദയവുമായി മറ്റൊരു സാഹചര്യത്തില്‍ നിന്നും ആദ്യമായി വന്നതിനാല്‍, പൊരുത്തപ്പെടുവാനുള്ള ബുദ്ധിമുട്ടുകള്‍.
- പല വിദ്യാര്‍ഥികളും പരീക്ഷയുടെ അവസാന ദിവസങ്ങളില്‍ പഠിക്കുന്നവരായിരുന്നപ്പോള്‍, എന്നെ സംബന്ധിച്ചിടത്തോളം ആദ്യം മുതല്‍ ചിട്ടയോടുകൂടി പഠിക്കുന്ന ശീലത്തില്‍ വളര്‍ന്നതിനാല്‍, പരീക്ഷ അടുത്തപ്പോള്‍ തീരെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ.
- സ്വന്തമെന്നുപറയുവാൻ ഒരു ബന്ധക്കാരോ, വേണ്ടപ്പെട്ടവരോ, നാഗ്പൂരില്‍ ഇല്ലാതിരുന്ന കാരണം, ഒരു ആശ്വാസവും സഹായവും ഉപദേശവും തേടുവാനുള്ള സാഹചര്യക്കുറവ്.
- ബഹുസമര്‍ത്ഥരായ അദ്ധ്യാപകരുടെയും (പലരും പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ തന്നെ എഴുതിയവരായിരുന്നു), വളരെ കഠിനമായ പരീക്ഷാഫല പരിശോധനയുള്ള യൂണിവേഴ്സിറ്റിയും കൂടിയായപ്പോള്‍, ശരിയായി നല്ല ഉത്തരമെഴുതാതെ മാര്‍ക്ക് കിട്ടാന്‍ ഒരു സാധ്യതയും ഇല്ലാത്ത സ്ഥിതി വിശേഷം.
- ഉത്തരങ്ങള്‍ എഴുതിക്കൊണ്ടുപോവുകയും പുസ്തകങ്ങള്‍ തുറന്നുവെച്ച് എഴുതുവാന്‍ ശ്രമിച്ച് പിടിക്കപ്പെട്ട്, വര്‍ഷങ്ങളോളം പരീക്ഷ എഴുതുവാന്‍ അനുവദിക്കാത്തതരത്തിലുള്ള ശിക്ഷകളും, യാതൊരുവിധ തെറ്റായമാര്‍ഗവും അവലംബിക്കുന്നതില്‍നിന്നും എന്നെ നിരുത്സാഹപ്പെടുത്തി. കൂടാതെ, ഇതുവരെയും ഈ തെറ്റായ വഴികളൊന്നും ആശ്രയിക്കാതെ തന്നെ, ഉന്നത വിജയങ്ങള്‍ നേടിയത് കാരണം, ആ വഴി തേടുന്നത് സ്വന്തം ആത്മാഭിമാനത്തെ ബാധിക്കുന്നതിനാല്‍, ആ പരീക്ഷണത്തോടും യോചിച്ചുപോകുവാൻ മനസ്സ് അനുവദിച്ചിരുന്നില്ല.
- രാത്രി മുഴുവനുമുള്ള കഠിനമായ റാഗിങ്ങുകൾക്കുശേഷം. നഷ്ടപ്പെട്ടുപോയ അടുത്ത ദിവസങ്ങളിലെ കോളേജിലെ ക്ലാസുകള്‍, പഠനത്തില്‍ കൂടുതല്‍ വിള്ളലുകള്‍ സൃഷ്ടിച്ചു.
- പതുക്കെ പതുക്കെ ഉഴപ്പന്‍മാരായ, മുതിർന്ന വിദ്യാർത്ഥികളുടെ സൌഹൃദത്തില്‍പ്പെട്ടുപോയതും, മനസ്സും ശരീരവും ആഗ്രഹിച്ചിട്ടും അവരുടെ വിളിവരുമ്പോൾ മാറിനിൽക്കുവാൻ പറ്റാത്ത അവസ്ഥ, പഠനത്തെ കൂടുതല്‍ കൂടുതല്‍ വഷളാക്കി.
- പഠനത്തെപ്പറ്റി ചര്‍ച്ചചെയ്യുമ്പോഴും, പഠിക്കുവാന്‍പറ്റുന്നില്ല എന്നുപറയുമ്പോഴും, പഠിക്കുവാന്‍ ശ്രമിക്കുമ്പോഴും, “ഒരു പഠിപ്പിസ്റ്റ്” ആണെന്നും മറ്റും കളിയാക്കി നിരുത്സാഹപ്പെടുത്തുന്നതും, സഹായിക്കുന്നതിനു പകരം, കൂടുതല്‍ കൂടുതല്‍ വഷളത്തരങ്ങളിലേക്കു കൊണ്ടുപോകുവാന്‍ വെമ്പുന്ന, സഹപാഠികളുടെയും, കൂട്ടുകാരുടെയും മുതിർന്ന വിദ്യാർത്ഥികളുടെയും നിതാന്ത പരിശ്രമം.
- അക്കാലത്ത് ഒരു വര്‍ഷത്തിന്‍റെ അവസാനം മാത്രം പരീക്ഷ ഉണ്ടായിരുന്നുള്ളൂയെന്ന കാരണത്താല്‍, ഒരു വര്‍ഷക്കാലം മുഴുവന്‍ നഷ്ടപ്പെട്ടശേഷം, ഒരു മാസമോ, പരീക്ഷകള്‍ക്ക് മുന്‍പായോമാത്രം പഠിച്ചു, പത്തും പന്ത്രണ്ടും വിഷയങ്ങള്‍ എഴുതുക, ഈ സാഹചര്യത്തില്‍ വളരെ കഠിനമായ പ്രയത്നമാണ്.
- പലപ്പോഴും ഹോസ്റ്റലില്‍ എല്ലാവരും കൂടിയുള്ള നിര്‍ബന്ധിച്ചുള്ള ചീട്ടുകളിയും, ടി.വി.യില്‍ ഒരുമിച്ചുള്ള നല്ലതും ചീത്തയുമായ സിനിമ കാണലുകളും, ക്രിക്കറ്റ് മത്സരങ്ങളും (അതും അഞ്ചു ദിവസ മത്സരങ്ങള്‍ ) കൂടിയായപ്പോള്‍ പഠനം ഒരു വിഷയമേ ആയിരുന്നില്ല.
- ഇടക്ക് വീട്ടില്‍ പോയിരുന്നു പഠിക്കാമെന്നുവിചാരിച്ചാൽ, ചുരുക്കമായുണ്ടായിരുന്ന ട്രെയിനുകളില്‍ റിസര്‍വേഷന്‍ കിട്ടുവാന്‍ കുറഞ്ഞത് രണ്ടു മാസം മുന്‍പെങ്കിലും ശ്രമിക്കേണ്ടത് ആവശ്യമായതിനാല്‍, അത് അസാദ്ധ്യവും പ്രവചനാതീതവുമാണ്. കൂടാതെ 48 മണിക്കൂറും, 1200 കിലോമീറ്ററും താണ്ടി വീട്ടിലെത്തുകയും, അതുപോലെതന്നെ, തിരികെയുള്ള യാത്രയും ആലോചിക്കുകപോലും വയ്യാത്ത സ്ഥിതി.
- പതിനേഴു വര്‍ഷക്കാലം മാതാപിതാക്കളുടെ കണ്ണില്‍ ജീവിച്ച ശേഷം, അവരുടെ കണ്ണില്‍പ്പെടാത്തതും, എത്തപ്പെടുവാൻ അതീവ ബുദ്ധിമുട്ടുകളുള്ള ദൂരത്തിലായപ്പോൾ, പെട്ടെന്ന് കിട്ടിയ സ്വാതന്ത്ര്യത്തെ കൈകാര്യം ചെയ്യുന്നതിൽ എനിക്കുണ്ടായ വീഴ്ച.
എഴുത്തുകാരൻ എഞ്ചിനീയറിംഗ് പഠനകാലത്ത്
പരീക്ഷയ്ക്ക് തൊട്ടു മുന്‍പും ശേഷവുമുള്ള മാനസികാവസ്ഥ
ഒരുവര്‍ഷം കടന്നുപോയത് അറിഞ്ഞില്ല. പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചപ്പോഴേക്കും കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കി ഉണ്ടായിരുന്നുള്ളൂ. അന്നേവരേയും ബാക്കിയുള്ള, പ്രോജക്റ്റുകളും പ്രാക്ടിക്കലുകളും പൂര്‍ത്തീകരിക്കുവാന്‍തന്നെ, ആ സമയം മതിയാകാത്ത അവസ്ഥ. പരീക്ഷയെപ്പറ്റിയുള്ള ആധി, ദിവസം കഴിയുന്തോറും കൂടിക്കൂടി വന്നു. മുഴുവന്‍ വര്‍ഷവും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെയും സീനിയെഴ്സിന്‍റെയും പ്രലോഭനങ്ങളും ശീലങ്ങളും ഉപേക്ഷിക്കുവാൻകഴിയാതെ പിന്‍തുടര്‍ന്നുകൊണ്ടേയിരുന്നു. പരീക്ഷയ്ക്ക് ഏതാനും ദിവസമുള്ളപ്പോഴാണ് തിരിച്ചറിവുവരുന്നത്. വിജയം തിരിച്ചുപിടിക്കുവാന്‍ കഴിയാത്തവിധം തികച്ചും കൈവിട്ടുപോയിരിക്കുന്നു എന്ന്.
ആത്മഹത്യയല്ലാതെ വേറേ വഴിയൊന്നുമില്ല (കടപ്പാട് : ഗൂഗിൾ ഇമേജസ്)
ജീവിതത്തിലാദ്യമായി ഒരു പരാജയത്തിന്‍റെ പടിവാതിൽക്കലെത്തിനിൽക്കുന്നു. പരീക്ഷാഫലം പുറത്തുവരുമ്പോള്‍ അന്നേവരെ ജീവിതത്തില്‍ കിട്ടിയിരുന്ന ഉയര്‍ന്ന മാര്‍ക്കുകള്‍ പോയിട്ട്, ജയിക്കുവാന്‍ പറ്റുമെന്നുപോലും പ്രതീക്ഷയില്ലാത്ത അവസ്ഥ. ഒരു തിരിച്ചുവരവിനുള്ള സമയം കഴിഞ്ഞുപോയിരിക്കുന്നു. മനസ്സ് സ്തംഭിച്ചു മരവിച്ചുപോയി. എത്ര പ്രതീക്ഷയോടെ ആണ് എന്‍റെ അപ്പനും അമ്മയും ഈ പ്രശസ്തമായ കോളേജില്‍ എന്നേ ചേര്‍ത്തത്. എന്‍റെ നാട്ടിലുള്ള സുഹൃത്തുക്കളും, ബന്ധുമിത്രാദികളും എന്‍റെ നിലയില്ലാത്ത തോല്‍വിയെപ്പറ്റി അറിയുമ്പോള്‍ ഉണ്ടാകാവുന്ന നാണക്കേടിനെപ്പറ്റിയും അപമാനത്തെപ്പറ്റിയും ചിന്തിക്കുവാന്‍ കഴിയാത്തവിധം, തലക്ക് വലിയ ഭാരമായിക്കഴിഞ്ഞിരുന്നു. എനിക്കു എഞ്ചിനീയറിംഗ് പഠിക്കുവാനുള്ള കഴിവില്ലായെന്നുപോ
ലും എന്നെ, എന്‍റെ തലച്ചോറ്തന്നെ, വിടാതെ പിന്‍തുടര്‍ന്നു കുറ്റപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍, മാനസികമായും ശാരീരികമായും തീരെ തളര്‍ന്നു പോയി. ഒരു വശത്ത് പരീക്ഷ ഓടി അരികിലേക്ക് എത്തുന്നു. മറുവശത്ത് മരവിച്ചുനില്‍ക്കുന്ന ശരീരവും മനസ്സും സുനിശ്ചിതമായ പരാജയവും നാണക്കേടും. ഞാന്‍ മൂലം എന്‍റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഉണ്ടാകുവാൻപോകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഓര്‍ത്തപ്പോള്‍, എങ്ങനെയും ചത്താല്‍ മതി, സ്വന്തം ജീവനെടുത്താല്‍ മതി എന്നു ചിന്തിച്ചുതുടങ്ങി. പിന്നീട് ഏത് വിധത്തില്‍ ജീവനെടുക്കാമെന്ന ചിന്ത വിടാതെ പിൻതുടർന്നു. നേരത്തേ ഇതുപോലെ ഹോസ്റ്റലില്‍ ആത്മഹത്യചെയ്ത കുട്ടികളുടെ കഥ മനസ്സിലേക്കുകടന്നുവന്നു. മറ്റെന്തെല്ലാം വഴിയുണ്ടെന്നും ചിന്തിച്ചുതുടങ്ങി. പാലത്തില്‍നിന്ന് നദിയിലേക്ക് ചാടിയാലോ? അതോ എല്ലാവരും അക്കാലത്ത് സ്ഥിരം ചെയ്യുന്നതുപോലെ തീവണ്ടിക്ക് മുന്‍പില്‍ തല വെച്ചാലോ?
എന്തായാലും ആദ്യത്തെ ഒരു രണ്ടു പേപ്പര്‍ കൊടുക്കുവാന്‍തന്നെ തീരുമാനിച്ചു. ആ പരീക്ഷകള്‍ കൊടുത്തുകഴിഞ്ഞപ്പോള്‍ കാര്യത്തിനൊരു തീരുമാനമായി. പരാജയവും നാണക്കേടും തീര്‍ച്ചയാണ്, ജീവിതം ഒടുക്കുകയെ വഴിയുള്ളൂ. എല്ലാത്തിനും പരിഹാരം അതുമാത്രം, എന്‍റെ ഉഴപ്പുകൊണ്ടുള്ള പരാജയമായാലും ശരി, എനിക്കു എഞ്ചിനീയറിംഗ് പഠിക്കുവാനുള്ളകഴിവ് ഇല്ലാത്തതായാലും ശരി, എന്‍റെ ജീവിതം കുട്ടിച്ചോറായി, ഇനിയൊരു രക്ഷയുവുമില്ല. മറ്റ് പല സൂപ്പര്‍ സീനിയേഴ്സിനെയുംപോലെ നിത്യശാപമായി ഈ കാമ്പസ്സില്‍ കഴിയുകയെന്നതാണ് എനിക്കും വിധിക്കപ്പെട്ടിരിക്കുന്നത്. വയ്യ……… എനിക്കിത് ഒട്ടും താങ്ങുവാനും സഹിക്കുവാനും വയ്യ. മരണത്തെ പുല്‍കുവാന്‍ തന്നെ തീരുമാനിച്ചു.
വയ്യ, എനിക്കിതൊട്ടും സഹിക്കുവാൻ വയ്യ (കടപ്പാട് : ഗൂഗിൾ ഇമേജസ്)
പരീക്ഷകള്‍ നടക്കുന്ന ദിവസങ്ങളില്‍ ഒരു ദിവസം രാത്രി, ആരും കാണാതെ, ആരോടും ഒരുവാക്ക്പോലും പറയാതെ, ഹോസ്റ്റലില്‍നിന്നും വെറുംകയ്യുമായിറങ്ങി. കുറച്ചു രൂപയുണ്ടായിരുന്നതുമാത്രം കരുതി. നേരെ റയിൽവേസ്റ്റേഷനിലേക്കുതന്നേ. ഏതു വിധത്തില്‍ സ്വയം അവസാനിപ്പിക്കണമെന്ന് ആലോചിച്ച് നാഗപ്പൂര്‍ സ്റ്റേഷനില്‍ കൂടി നടക്കുമ്പോള്‍, എന്നെ സ്നേഹിച്ചുവളര്‍ത്തിയ, ഞാന്‍ വിജയിയായി വരുന്നതുംകാത്തിരിക്കുന്ന എന്‍റെ അമ്മയുടെയും അച്ഛന്‍റെയും, എന്നും എന്നെപ്പറ്റി അഭിമാനിക്കുകമാത്രം ചെയ്തിരുന്ന എന്‍റെ സഹോദരന്മാരുടെയും മുഖം മനസ്സിലേക്ക് ഇരമ്പികയറിക്കൊണ്ടിരുന്നു. എന്‍റെ മരണം അറിയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വിഷമവും കഷ്ടതയും ഒരിയ്ക്കലും തീരാത്ത ദു:ഖവും എന്‍റെ ഹൃദയത്തില്‍കൂടി കടന്നുപോയി. ആ സമയത്ത് കേരളത്തിലേക്കുള്ള നിസാമുദ്ദീന്‍ ട്രെയിനിനുള്ള സമയമായിക്കഴിഞ്ഞിരുന്നു. പൊടുന്നനെയുള്ള ഒരു തീരുമാനത്തില്‍ നാട്ടിലേക്കുള്ള ടിക്കറ്റെടുത്ത് റിസർവേഷനില്ലാത്ത കമ്പാര്‍ട്ട്മെന്‍റില്‍ കയറി. റിസർവേഷനില്ലാത്ത രണ്ടുദിവസത്തെ യാത്ര. ഇരിപ്പിടമില്ലാത്തതിനാല്‍ ഏതെങ്കിലും സീറ്റിന്‍റെ കോണിലും, തറയിലും, ടോയിലറ്റിന്‍റെയും, പുറത്തെ വാതിലിന്‍റെയും, അവിടെയും ഇവിടെയും നിന്നും ഇരുന്നുമുള്ള യാത്ര. ട്രെയിനില്‍നിന്നും പുറത്തേക്ക് ചാടിയാലോ എന്നചിന്ത യാത്രയില്‍ കയറിവന്നെങ്കിലും, ചാകാതെ കാലും കൈയ്യും ഒടിഞ്ഞു ആജീവനാന്തം ജീവശ്ചവമായി കിടക്കേണ്ടിവന്നാലോയെന്നോർത്ത്, അതില്‍നിന്നും പിന്തിരിഞ്ഞു. ആകെ തളര്‍ന്ന് രണ്ടു ദിവസമുള്ള യാത്രയും കഴിഞ്ഞു സ്വന്തം നാടായ മാവേലിക്കരയില്‍ എത്തി, ഒരു ഓട്ടോറിക്ഷ പിടിച്ച് നേരെ വീട്ടിലേക്ക് ചെന്നു. കോളേജില്‍നിന്നും, എന്നേ കാണാതായെന്നുള്ള ഫോൺകോളുകളും, കോളേജിന്‍റെ ടെലഗ്രാമുകളും അപ്പോഴേക്കും എത്തി, ആകെ തളര്‍ന്നിരിക്കുന്ന എന്‍റെ അമ്മയ്ക്കും അച്ഛനും സഹോദരന്മാര്‍ക്കും ഞാന്‍ ജീവനോടെ നടന്നു കയറി വരുന്നത് കണ്ടപ്പോള്‍ സമാധാനത്തിന്‍റെയും ആശ്വാസത്തിന്‍റെയും പൂത്തിരികത്തി. കുളിയും ഭക്ഷണവും കഴിഞ്ഞ് എല്ലാകാര്യങ്ങളും വിശദീകരിച്ചു. എന്നാലും നിനക്ക് ആരോടെങ്കിലും ഒന്നു പറഞ്ഞിട്ടു പോരാരുന്നില്ലേ എന്ന ചോദ്യമല്ലാതെ കൂടുതല്‍, ചോദിച്ച്, കുത്തി വേദനിപ്പിക്കുവാതിരിക്കുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഇനിയും ഞാന്‍ തിരികെ എഞ്ചിനീയറിംഗ് പഠനത്തിനു പോകുന്നില്ലായെന്ന തീരുമാനം അറിയിച്ചപ്പോഴും അവര്‍ യാതൊന്നും പ്രതികരിച്ചില്ല. എന്തായാലും മകന്‍ ജീവനോടെ വീട്ടിലോട്ടുവന്ന സമാധാനത്തില്‍ അവര്‍ ആശ്വസിച്ചു. രണ്ടുമൂന്നു ആഴ്ചക്കാലം നാട്ടില്‍ ഉണ്ടായിരുന്ന സമയംകൊണ്ട് മറ്റ് പരീക്ഷകളെല്ലാം കടന്നുപോയി. സഹപാഠികളോടോ, സുഹൃത്തുക്കളോടോ മുതിർന്ന വിദ്യാർത്ഥികളോടോ പറഞ്ഞാല്‍, ഞാന്‍ ജീവിതത്തില്‍ ഒരിയ്ക്കലും ചെയ്തിട്ടില്ലാത്ത, ഈ ഒന്നും പഠിക്കാതെ എഴുതുകയെന്ന ക്രൂരതയില്‍കൂടി (ശിക്ഷയാണ്) കടന്നുപോകുവാന്‍ നിർബന്ധിതനാകുമെന്നും, മുതിർന്ന വിദ്യാർത്ഥികൾ വീണ്ടും കൂടുതല്‍ ബുദ്ധിമുട്ടിച്ചേക്കാമെന്നുമുള്ള ചിന്തയാണ് ഒന്നും പറയാതെയും എഴുതിവെയ്ക്കാതെയും ഇറങ്ങിപ്പോയതിനുള്ള പ്രധാന കാരണം. ഞാന്‍ പഠിക്കാത്തതിന് മുതിർന്ന വിദ്യാർത്ഥിളേ (സീനിയേഴ്സ് ) പൂര്‍ണ്ണമായും കുറ്റപ്പെടുത്തുവാന്‍ കഴിയില്ല എങ്കിലും, ഒരു വലിയ പരിധിവരെ അവരുടെ പ്രവര്‍ത്തികളും പെരുമാറ്റങ്ങളും എന്‍റെ പഠനത്തെ വ്യക്തിപരമായ നിലയില്‍ മോശമായി ബാധിച്ചു എന്നതാണ് പച്ചയായ സത്യം. സീനിയേഴ്സിനും കുറച്ചു തെറികിട്ടണമെന്നും, ഈ കോളേജിലേ സീനിയേഴ്സിൻറെ പെരുമാറ്റത്തില്‍, ഞാന്‍ കാരണം ഒരു വ്യതിയാനം ഉണ്ടാകണമെന്നുള്ള ചിന്തയും, എന്നെ ഭരിച്ചിരുന്നോയെന്ന്, തിരിഞ്ഞുനോക്കുമ്പോൾ ഇന്നു തോന്നുന്നു.
കോളേജിലെ സംഭവവികാസങ്ങള്‍
എന്നെ പരീക്ഷക്കിടയ്ക്ക് കാണാതായത് വലിയ കോളിളക്കം ഹോസ്റ്റലിലും, കോളേജിലും, പോലീസിലും സൃഷ്ടിച്ചു. ഹോസ്റ്റല്‍ വിട്ട രാത്രിയ്ക്കുശേഷം നേരം പുലര്‍ന്നപ്പോഴേക്കും, ഒരു കുട്ടിയെ കാണ്മാനില്ലയെന്ന വാര്‍ത്ത കാമ്പസിലെല്ലാം അലതല്ലി. വാര്‍ഡന്‍മാരും ഡിപ്പാര്‍ട്ട്മെന്‍റ് അദ്ധ്യാപകരും എല്ലാ ഹോസ്റ്റലുകളിലേക്കും ഒഴുകിത്തുടങ്ങി. പിന്നാലെ പ്രിൻസിപ്പാളിന്റെ ഹോസ്റ്റലില്‍ വന്നു, നേരിട്ടുള്ള അന്വേഷണവും. താമസിയാതെതന്നെ പോലീസില്‍ വിവരവും അറിയിച്ചു. പോലീസും, ഹോസ്റ്റലുകളിലും ഇരുനൂറ്റിയമ്പത് (250) ഏക്കര്‍ വിശാലമായ കാമ്പസിന്‍റെ മുക്കിലും മൂലയിലും, എല്ലാ മരത്തിലും കിണറുകളിലും കുളങ്ങളിലും അന്വേഷണം ത്വരിതമാക്കി. കോളേജ് കാമ്പസിന് തൊട്ടടുത്തുള്ള അംബചാരി തടാകത്തിലും ഉദ്യാനത്തിലും അന്വേഷണം വിപുലമായ രീതിയില്‍ നടന്നുകൊണ്ടിരുന്നു. ഒരു ദിവസം കടന്നുപോയിട്ടും ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ. ഹോസ്പിറ്റലുകളില്‍ കൊണ്ടുവരപ്പെട്ട തിരിച്ചറിയാതെപോയ എല്ലാ മൃതദേഹങ്ങളും കാണുവാനായി, വിവരം ലഭിക്കുന്നതനുസരിച്ച്, എന്നെ അറിയാവുന്ന, എന്നേ പലവിധത്തിലും റാഗിങ്ങ് ചെയ്‌തു കഷ്ടപ്പെടുത്തിയിരുന്ന സീനിയേഴ്സ് പോയിക്കൊണ്ടേയിരുന്നു. എന്നെ അന്നേവരെയും റാഗ് ചെയ്ത സീനിയേഴ്സിൽ പലരും ഞാന്‍ ആത്മഹത്യചെയ്താല്‍ തങ്ങളുടെ ഭാവിക്കുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍ത്ത് ശ്വാസമടക്കിപ്പിടിച്ച് അവരവരുടെ മുറികളില്‍ ഒളിച്ചു. കാമ്പസിലെ റാഗിങ്ങിന്‍റെ തീവ്രതയെപ്പറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍നിന്നുമുള്ള വള്ളിപുള്ളി മാറാത്ത വിവരങ്ങളും വിവരണങ്ങളുംകൂടി ആയപ്പോള്‍, കോളേജും, അദ്ധ്യാപകരും, വാര്‍ഡന്‍മാരും, സീനിയേഴ്സുമുൾപ്പെടെ എല്ലാവരും പ്രതിക്കൂട്ടിലായപോലെയായി. എന്‍റെ തിരോധാനത്തിനുശേഷം, മൂന്നു ദിവസം കഴിഞ്ഞെത്തിയ എന്‍റെ അച്ഛന്‍റെ ടെലഗ്രാമാണ്, ഈ അന്വേഷണത്തിന് തിരശ്ശീലയിട്ടതും, തൂങ്ങിക്കിടന്നേക്കാവുന്ന ശവത്തെ ഭയന്നു, മരങ്ങള്‍ നിറഞ്ഞ കാമ്പസില്‍കൂടി നടക്കുവാനുള്ള സമാധാനം എല്ലാവർക്കും ഉണ്ടായതും.
വീണ്ടും എഞ്ചിനീയറിംഗ് കോളേജ് കാമ്പസില്‍
തിരികെ എഞ്ചിനീയറിംഗ് പഠിത്തം തുടരുവാന്‍ ഇനി ഞാന്‍ പോകുന്നില്ലായെന്നു പറഞ്ഞുവെങ്കിലും, സാവകാശം എന്‍റെ പഠിക്കുവാനുള്ള കഴിവില്ലാത്തതുകൊണ്ടല്ല, ഈ അവസ്ഥയെന്നും പഠിക്കാത്തതുകൊണ്ടും പഠിക്കുവാന്‍വേണ്ട സാഹചര്യത്തിലെ അപര്യാപ്തതകൊണ്ടുമാണെന്ന് ഒരു പരിധിവരെ മനസ്സിലാക്കിത്തരുവാൻ എന്‍റെ മാതാപിതാക്കള്‍ക്കും, കുടുംബത്തിലെ മറ്റു മുതിര്‍ന്ന ബന്ധുമിത്രാദികള്‍ക്കും കഴിഞ്ഞു. കഴിഞ്ഞ പ്രാവശ്യം സംഭവിച്ച വീഴ്ചകള്‍ മാറ്റിയാല്‍ നിന്നെപ്പോലെ മിടുക്കനായ ഒരു പയ്യന്, നന്നായി ചെയ്യാവുന്നതേയുള്ളൂയെന്ന ചിന്ത, മനസ്സിലേക്കും തലയിലേക്കും കടത്തിവിടുവാന്‍ ഒരു പരിധിവരെ അവര്‍ക്ക് സാധിച്ചു.
അങ്ങനെ മൂന്നാഴ്ചയ്ക്കുശേഷം എന്‍റെ അച്ഛന്‍ എന്നെയുംകൂട്ടി ആയിരത്തിഇരുന്നൂര് (1200) കിലോമീറ്ററും നാല്‍പ്പത്തിയെട്ട് (48) മണിക്കൂറും യാത്രചെയ്ത് വീണ്ടും കോളേജ് കാമ്പസില്‍ എത്തി. ആ ദിവസങ്ങളില്‍ സീനിയേഴ്സിന് കോളേജ് അധികൃതരില്‍നിന്നും പരമാവധി ഉപദേശങ്ങളും റാഗിംഗിനെതിരായി ശക്തമായ നിര്‍ദ്ദേശങ്ങളും കിട്ടി. പക്ഷേ ആരോടും പറയാതെ പോയി, കാമ്പസില്‍ ഇത്ര കോലാഹലം ഉണ്ടാക്കിയ എന്നേ, തുടര്‍ന്നു ഹോസ്റ്റലില്‍ ഒരു കൊല്ലത്തേക്ക് പ്രവേശനം എടുക്കുന്നതില്‍നിന്നും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് എത്തി. അങ്ങനെ ഞാന്‍ കോളേജ് കാമ്പസിന്‍റെ രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള ഒരു വാടകവീട്ടിലേക്ക് താമസം മാറ്റി. ഒരു മുറിയും, ചേര്‍ന്നുള്ള കുളിമുറിയുമുള്ള, ഒരു വലിയ വീടിന്‍റെ ഭാഗം. അങ്ങനെ ഹോസ്റ്റലിന്‍റെ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍നിന്നും തികച്ചും ശാന്തവും ഏകാന്തവുമായ ഒരു അന്തരീക്ഷത്തിലേക്ക് താമസം മാറി. കഴിഞ്ഞ ഒരു വര്‍ഷക്കാലം എന്നെ പഠനത്തില്‍ നിന്നും, പഠിത്തത്തില്‍ ശ്രദ്ധ ചെലുത്തുന്നതില്‍ നിന്നും, തടസ്സമായിനിന്ന ശക്തികളും വ്യക്തികളും അഹോരാത്രം ശ്രമിച്ചികൊണ്ടിരുന്നെങ്കിലും എന്‍റെ ശരീരവും മനസ്സും, ഞാന്‍ ഇതിനിടയിലെടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനിന്നു. വീണ്ടും ആ പരാജയത്തിലേക്കു നയിക്കാവുന്ന മാന്ത്രികവലയത്തില്‍പെട്ടു, വീണുപോകാതെ പിടിച്ചുനില്‍ക്കുക അത്ര അനായാസമായ കാര്യമല്ലായിരുന്നു എന്നുമാത്രമല്ല, വളരെ കഠിനവുമായിരുന്നു. എന്തായാലും ഇഞ്ചിഞ്ചായി പരിശ്രമിച്ചും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും, വീണ്ടും തെറ്റുകളിലേക്കും, പരാജയത്തിലേക്കും വീണുപോകാവുന്ന സാഹചര്യങ്ങളേയും വ്യക്തികളെയും ഒഴിവാക്കിയും ചെറുത്തുനിന്നും മുന്‍പോട്ടുപോയി. ഒരു കൊല്ലത്തിനു ശേഷം വീണ്ടും പരീക്ഷ എഴുതിയപ്പോള്‍ എല്ലാത്തിനും ജയിച്ചുവെന്നുമാത്രമല്ല, ഉന്നതമായ മാര്‍ക്കുകളും നേടാനായി.
പരാജയത്തില്‍ നിന്നും വിജയത്തിലേക്ക് നയിക്കുവാന്‍ സഹായിച്ച കാര്യങ്ങള്‍
തിരിച്ചുവരവിന്റെ പടികൾ (കടപ്പാട് : ഗൂഗിൾ ഇമേജസ്)
- പഠിക്കാതെ വര്‍ഷങ്ങളായി ഉഴപ്പിനടക്കുന്നവരുടെ സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കി.
- ദു:സ്വഭാവങ്ങളില്‍ നിന്നും, അതിന് അടിമപ്പെട്ടവരുടെയും പ്രലോഭനങ്ങളെ ചെറുക്കാന്‍ തഞ്ചപൂര്‍വ്വം സംസാരിക്കുകയും ചെറുതും വലുതുമായ കള്ളങ്ങള്‍ പറഞ്ഞ് ഒഴിവാകുകയും ചെയ്തു.
- മുഴുവൻ സമയം പഠിത്തത്തില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടയ്ക്കുള്ള വിശ്രമസമയങ്ങളില്‍ അന്നത്തെ പ്രധാനവിനോദമായ സിനിമയ്ക്കും മറ്റും പോയി മനസ്സിനെ സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
- പഠനത്തിലേക്ക് ആവശ്യമായ എല്ലാവിധ പുസ്തകങ്ങളും വാങ്ങുകയോ, ലൈബ്രറിയില്‍ നിന്നും എടുക്കുകയോ ചെയ്തു.
- മിടുക്കന്മാരായ സഹപാഠികളുടെ കൈയ്യില്‍ നിന്നും അവരുടെ നല്ല നോട്ടുകള്‍ പകര്‍ത്തിയെഴുതി പഠിക്കുവാന്‍വേണ്ടി, നോട്ടുകള്‍ ഉണ്ടാക്കി.
- പഴയ പത്തു കൊല്ലത്തിലധികമായുള്ള പരീക്ഷാചോദ്യാവലി ലൈബ്രറിയില്‍ നിന്നും മറ്റു സഹപാഠികളില്‍ നിന്നും ശേഖരിച്ചു.
- പഠനത്തോടൊപ്പം സ്വയം നോട്ടുകള്‍ ഉണ്ടാക്കി.
- എല്ലാവിധ ആശയങ്ങളുടെയും അടിസ്ഥാനമായ തത്വങ്ങൾ മനസ്സിലാക്കുവാൻ ശ്രദ്ധവച്ചു.
- ഓരോ അദ്ധ്യായവും പഠിച്ചു തീരുമ്പോള്‍ത്തന്നെ ആ അദ്ധ്യായത്തില്‍നിന്നും കഴിഞ്ഞ പത്തു കൊല്ലത്തിലധികമായി, ചോദ്യപേപ്പറുകളില്‍ വന്നിരുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പ്രത്യേകം എഴുതി സൂക്ഷിച്ചു. ഇത് പരീക്ഷക്ക് മുന്‍പുള്ള അവസാന സമയങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായിച്ചു.
- പഠനത്തിനിടയില്‍ ചെറിയ ഇടവേളകള്‍ എടുത്ത് മനസ്സിനെ തളരാതെ നിര്‍ത്തിക്കൊണ്ടിരുന്നു.
- മനസ്സ് ഉണര്‍വോടെ നിര്‍ത്തുവാന്‍ ഇടയ്ക്ക് ചായയും മറ്റു ചെറിയ പലഹാരങ്ങളും കഴിക്കുന്നത് സഹായിച്ചു.
- ഇടവേളകള്‍ എടുക്കുമ്പോള്‍ അത് ദീര്‍ഘിച്ചുപോകാതെയും, ഉഴപ്പിലേക്ക് വീണ്ടും പോകാവുന്ന സാഹചര്യങ്ങളെയും വ്യക്തികളെയും അകറ്റി നിര്‍ത്തുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
- തന്നെ ആത്മാര്‍ഥമായി സ്നേഹിക്കുകയും തന്നെ സഹായിക്കണമെന്ന് പൂര്‍ണ്ണമായ താല്പര്യമുള്ളവരുമായിമാത്രമായി സഹവാസം.
- എല്ലാ ക്ലാസ്സുകളും ഒന്നും വിട്ടുകളയാതെ (ചുരുക്കം ചിലത് ഒഴികെ) സന്നിഹിതനായിരിക്കുവാന്‍ ശ്രദ്ധിച്ചു.
- വീട്ടില്‍വച്ച് ചെയ്ത്, സമർപ്പിക്കുവാനുള്ള എല്ലാജോലികളും എല്ലാപ്രോജക്റ്റും പ്രാക്റ്റിക്കലുകളും സമയബന്ധിതമായി ചിട്ടയോടുകൂടി ചെയ്യുവാന്‍ ശ്രദ്ധ വച്ചു.
- ബുദ്ധിമുട്ടുകള്‍ ഉള്ള വിഷയങ്ങളില്‍ മറ്റു സഹപാഠികളുടെയും തങ്ങളുടെ നിലയിലേക്ക് ഇറങ്ങിവന്ന് പറഞ്ഞുതരുവാന്‍ കഴിവും മനസ്സുമുള്ള അദ്ധ്യാപകരുടെയും സഹായം തേടി.
- പ്രയാസമുള്ള വിഷയങ്ങളില്‍ ട്യൂഷനു ശ്രമിച്ചെങ്കിലും അത് സാധ്യമായിത്തീര്‍ന്നില്ല.
- യാത്ര ചെയ്യുമ്പോഴും, എവിടെയെങ്കിലും പോകുമ്പോഴും, ഇടയ്ക്കു സമയം കിട്ടുമ്പോള്‍ പ്രയോജനപ്പെടുത്തുവാനായി ഏതെങ്കിലും ബുക്കുകളോ, നോട്സുകളോ കരുതുകയുണ്ടായി.
- ഓരോ അദ്ധ്യായവും പഠിക്കുമ്പോഴും അതിലെ പ്രധാനമായ വാക്കുകള്‍ മാത്രമായി, പ്രത്യേകം എഴുതി സൂക്ഷിക്കുകയും, ഇടയ്ക്കിടെ അതുമാത്രമായി പഠിച്ച് ഓർമ്മയിൽ സൂക്ഷിക്കുന്നത്, ഉത്തരമെഴുതുന്നതിനുള്ള വിവിധതരമായ ആശയങ്ങൾ മനസ്സിലേക്ക് പെട്ടെന്നു കടന്നു വരുവാന്‍ സഹായിച്ചു.
- എന്‍റെ സുഹൃത്ത് അക്കാലത്ത് പറഞ്ഞുതന്നിരുന്ന “മൈന്‍റ് മാപ്പിംഗ്” ടെക്‌നിക്, വിശാലമായ അദ്ധ്യായങ്ങള്‍ സംഗ്രഹിച്ച്, പടത്തിന്‍റെ അഥവാ ഒരു മാപ്പിന്‍റെ (Map) രൂപത്തില്‍ വരയ്ക്കുവാനും മനസ്സില്‍ സൂക്ഷിക്കുവാനും, പിന്നീട് പരീക്ഷയ്ക്ക് ഓര്‍മ്മിച്ച് എഴുതുവാനും സഹായിച്ചു.
- നന്നായി പഠിക്കുന്ന ദിവസങ്ങളിലും, ചെറുതും വലുതുമായ പരീക്ഷകളിലും നന്നായി ചെയ്യുമ്പോള്‍, ശരീരത്തിനും മനസ്സിനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് സ്വയം പ്രോത്സാഹനം നല്‍കി.
- എല്ലാം നേരത്തേതന്നെ പഠിച്ച് പരീക്ഷയുടെ തലേദിവസം നേരത്തേതന്നെ കിടന്നുറങ്ങുന്നത്, പരീക്ഷാദിവസം പൂര്‍ണ്ണ ജാഗരൂപമായ മനസ്സോടുകൂടി പരീക്ഷ എഴുതുവാന്‍ സഹായിച്ചു.
- പരീക്ഷയ്ക്കു വരുന്ന ചോദ്യപ്പേപ്പറുകളുടെ രീതി നേരത്തേതന്നെ ശരിയായി മനസ്സിലാക്കി, പരീക്ഷാസമയത്ത് ചോദ്യപേപ്പര്‍ കാണുമ്പോൾ, എങ്ങനെയുള്ള ഉത്തരമായിരിക്കും പ്രതീക്ഷിക്കുക, എന്നുള്ള കാര്യങ്ങളിൽ ആകുലത ഒഴിവാക്കി, വ്യക്തത വരുത്തി.
- എത്രമാര്‍ക്കുള്ള ചോദ്യങ്ങള്‍ ആയിരിക്കുമെന്നും ഓരോന്നിനും മാര്‍ക്ക് അനുസരിച്ച് എത്രമാത്രം എഴുതണമെന്നും, എത്രമാത്രമേ എഴുതാവൂമെന്നുമുള്ള കാര്യങ്ങളില്‍ കൃത്യതവരുത്തിയത്, പരീക്ഷാസമയം ശരിയായി വിനിയോഗിക്കുവാന്‍ സഹായിച്ചു.
- ചോദ്യപേപ്പര്‍ കിട്ടുമ്പോള്‍ത്തന്നേ എടുത്തുചാടി, ആദ്യത്തെ ചോദ്യത്തിന്‍റെ ഉത്തരമെഴുതുവാൻ ശ്രമിക്കാതെ, കൊടുത്തിരിക്കുന്ന എല്ലാവിധ നിര്‍ദ്ദേശങ്ങളിലൂടെയും, മൊത്തത്തില്‍ ചോദ്യപേപ്പറിന്‍റെ അവസാനംവരേയും കണ്ണോടിക്കുന്നത്, ശരിയായ വിധത്തില്‍, ചോദ്യങ്ങളെ അവലോകനം ചെയ്ത് ഉത്തരം എഴുതുവാന്‍ സഹായിക്കുന്നതിനോടൊപ്പം, ചോദ്യപ്പേപ്പറിന്‍റെ കിടപ്പനുസരിച്ച് സമയത്തെ ക്രമീകരിക്കുവാനും സഹായിച്ചു.
- ശരിയായി ഉത്തരം അറിയാവുന്ന ചോദ്യങ്ങള്‍ ആദ്യമേ തന്നെ എഴുതുന്നത്, പരീക്ഷ എഴുതുന്ന സമയത്ത് ആത്മവിശ്വസം വളര്‍ത്തുവാന്‍ സഹായിച്ചു.
- അറിയാത്ത ചോദ്യങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തി, മറക്കാതെ ഏറ്റവും അവസാനം, അറിയാവുന്നത്രയും എഴുതുവാന്‍ പൂര്‍ണ്ണമായും ശ്രമിച്ചു. ഇതുകാരണം, അല്ലറ ചില്ലറ മാര്‍ക്കുകള്‍കൂടി കിട്ടുവാന്‍ ഇടയാവുകയും, പലപ്പോഴും ഉത്തരപ്പേപ്പർ പരിശോധന വളരെ കഠിനമല്ലെങ്കില്‍, ആദ്യമാദ്യമെഴുതിയ നല്ല ഉത്തരങ്ങള്‍ കണ്ടിട്ട്, അത്ര പൂര്‍ണ്ണമല്ലാത്ത ഉത്തരങ്ങള്‍ക്കും വലിയ കുഴപ്പമില്ലാത്ത മാര്‍ക്കുകിട്ടുവാന്‍ സഹായകമായിട്ടുണ്ട്.
- ഉത്തരത്തിലെ പ്രധാനമായ വാക്കുകളും, പരിശോധിക്കുന്ന അദ്ധ്യാപകര്‍ നോക്കുമ്പോൾത്തന്നെ, ഉത്തരത്തെപ്പറ്റി അനായാസകരമായി ബോധ്യം കൊടുക്കാവുന്നതുമായ പ്രധാന ആശയങ്ങളും അടിവരയിടുന്നത്, അദ്ധ്യാപകർക്ക് ബുദ്ധിമുട്ടുകൂടാതെ കാര്യങ്ങള്‍ കണ്ടെത്തി, മാര്‍ക്ക് ഇടാതെ പോകുവാനുള്ള സാധ്യത ഒഴിവാക്കുവാന്‍ സഹായിച്ചു.
- കഴിവതും ഒരു പത്തുമിനിട്ടുമുൻപേ ഉത്തരപ്പേപ്പര്‍ പൂര്‍ണ്ണമാക്കി, മുഴുവന്‍ ഉത്തരപേപ്പറില്‍കൂടി ധൃതഗതിയില്‍ കണ്ണോടിക്കുന്നത്, ചില വലിയ കാതലായ തെറ്റുകള്‍ ഉണ്ടായേക്കാവുന്നത് തിരുത്തുവാന്‍ വളരെ ഉപകരിച്ചു.
- തന്നാല്‍ കഴിവത് ഉത്തരമെഴുതി പുറത്തുവന്നുകഴിഞ്ഞാല്‍ അതിനെപ്പറ്റി എല്ലാവരോടും ചര്‍ച്ച ചെയ്ത്, ചെയ്തു പോയ തെറ്റായ ഉത്തരത്തെപ്പറ്റി വിഷമിച്ച്, തുടർന്നുവരുന്ന പരീക്ഷയ്ക്ക് പഠിക്കുവാനുള്ള ഉന്മേഷം നഷ്ടപ്പെടുത്താതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചത്, അനാവശ്യമായി സമയം കളയാതിരിക്കുവാന്‍ സഹായിച്ചു.
- രാവിലെയും വൈകുന്നേരവും കുളിക്കുന്നത് ശരീരത്തെയും മനസ്സിനേയും ഉത്സാഹത്തോടെ നിർത്തുവാൻ ഉപകരിച്ചു.
- ദിവസേന രാവിലെയും വൈകിട്ടുമുള്ള പ്രാര്‍ത്ഥനകളും, എപ്പോഴൊക്കെ മനസ്സു പതറുന്നു, കൈവിട്ടു പോകുന്നുയെന്ന, അവസരങ്ങളിലുള്ള പ്രാര്‍ത്ഥനകളും, ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്‍പോട്ടു പോകുവാന്‍ സഹായിച്ചുകൊണ്ടിരുന്നു.
- കോളേജ് കാമ്പസിനു പുറത്ത് സ്നേഹവും കരുതലുമുള്ള നല്ലവരും സ്വന്തം നാട്ടുകാരുമായ രണ്ടു കുടുംബങ്ങളുമായി പരിചയപ്പെടുന്നതിനിടയായതും, ഇടയ്ക്കിടക്ക് അവിടേയ്ക്കുള്ള സന്ദര്‍ശനങ്ങളും, എന്തെങ്കിലും കൈകാര്യം ചെയ്യുവാൻകഴിയാത്ത സാഹചര്യങ്ങളെ തരണം ചെയ്യുവാന്‍, ആവശ്യമെങ്കില്‍ അവരുടെ സഹായം തേടാമെന്നചിന്തയും, സ്വന്തം മനസ്സിന്‍റെ അരക്ഷിതാവസ്ഥയെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ സഹായകരമായിരുന്നു.
- നമ്മേ സ്നേഹിക്കുന്ന, സ്നേഹനിധികളായ മാതാപിതാക്കളുടെ വാക്കുകള്‍ കേള്‍ക്കുന്നതും, നല്ലവരായ ആളുകളുടെ സംസര്‍ഗ്ഗത്തില്‍ ജീവിച്ച്, ചീത്തയായ ആളുകളുടെ സംസര്‍ഗ്ഗം ഒഴിവാക്കിയത്, എന്‍റെ തിരിച്ചുവരവിന്, ഇടയാക്കിയതില്‍ വലിയ ഭാഗധേയം വഹിച്ചു.
ഈവക കാര്യങ്ങള്‍ ഞാന്‍ ജീവിതത്തില്‍ പുതിയതായി ചെയ്തുതുടങ്ങിയത് ആയിരുന്നില്ല. എല്ലാക്കാലത്തും ചെയ്തിരുന്നതും എന്നാല്‍ ഇടക്കാലത്ത്, അതായത് എഞ്ചിനീയറിംഗിന്‍റെ ആദ്യ വര്‍ഷക്കാലം ചെയ്യാന്‍ കഴിയാതെ പോയതുകാരണം പരാജയത്തിലേക്ക്, തലകുത്തി വീഴുവാനുണ്ടായ കാരണങ്ങളുടെ ഒരു തിരുത്തല്‍ മാത്രമായിരുന്നു ഇത്. ഫലം, അത്ഭുതകരമായവിധത്തില്‍ വിജയത്തിന്‍റെ പാതയിലേക്കുള്ള തിരിച്ചുവരവായിരുന്നു. എന്‍റെ തിരിച്ചുവരവില്‍ എന്‍റെ മാതാപിതാക്കളോടും സഹോദരന്മാരോടുമൊപ്പം, എന്നെ സ്നേഹിക്കുന്ന നല്ലവരായ ബന്ധുക്കളും സുഹൃത്തുക്കളും, സന്തോഷിക്കുകയും ആശ്വസിക്കുകയും ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ ഹോസ്റ്റലിലാണ് താമസിച്ചതെങ്കിലും, നല്ല മാര്‍ക്കുകള്‍ നേടി ഉന്നതമായ ഒരു വിജയം എഞ്ചിനീയറിംഗില്‍ കൈവരിക്കുവാൻ ദൈവകൃപയാൽ സാധിച്ചു.
തുടര്‍ന്നുള്ള ജീവിതം
പിന്നീടുള്ള ജീവിതത്തിലും എനിക്ക് പലതരമായ പരാജയങ്ങളെയും നേരിടേണ്ടി വന്നപ്പോള്‍, ഞാന്‍ ജീവിതത്തില്‍ നേരിട്ട ഈ വലിയ വീഴ്ചയും അതില്‍ നിന്നും കരകയറുവാന്‍വേണ്ടി ചെയ്ത എല്ലാകാര്യങ്ങളും, മറ്റു പരാചയങ്ങളേയും തകർച്ചകളേയും ദുഖങ്ങളേയും, ഓരോ അവസരങ്ങളാക്കിമാറ്റി, നല്ല വിജയത്തില്‍ ഒരു പരിധിവരെ എത്തിക്കുവാന്‍ ദൈവകൃപയാല്‍ സഹായകമായി തീര്‍ന്നു.
സിവിൽ എഞ്ചിനീയറിംഗിന് ശേഷം മൂന്നു വര്‍ഷക്കാലം കെട്ടിടംപണി സംബന്ധമായ ബിസ്സിനസ്സിൽ ഏര്‍പ്പെട്ടശേഷമാണ് ഞാന്‍ ഇരുപത്തിരണ്ടു വര്‍ഷക്കാലം പട്ടാളത്തില്‍ സേവനം ചെയ്ത്, ലെഫ്റ്റനന്‍റ് കേണല്‍ ആയി സ്വമേധയാ വിരമിച്ചത്. ഈ കാലയളവില്‍ മാനേജ്മെന്‍റിലും സൈക്കോളജിയിലും മൂന്ന് ബിരുദാനന്ദര ബിരുദം നേടി. കൂടാതെ ഐ.ഐ.എം ബംഗളൂരുവില്‍ നിന്നും എക്സിക്യൂട്ടീവ് ബിസ്സിനസ്സ് മാനേജ്മെന്റും ചെയ്തു.
സഹപാഠികളോടൊപ്പം ഐ ഐ എം ബാംഗ്ലൂരിൽ
മൂന്നു കൊല്ലം ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊബൈല്‍ ടവര്‍ ഓപറേഷന്‍ കമ്പനിയില്‍ പല സ്ഥാനങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് കേരളത്തിലേതന്നെ ഏറ്റവും പേരെടുത്ത എഞ്ചിനീയറിംഗ് കോളേജും അടങ്ങിയ ഒരു വിദ്യാഭ്യാസ ഗ്രൂപ്പിന്‍റെ സി.ഒ.ഒ (COO –Chief Operating Officer) ആയി ആയിരത്തിത്തൊള്ളായിരത്തി പതിമൂന്നിൽ (2013) ചേരുന്നത്. ആറരക്കൊല്ലം ആ വിദ്യാഭ്യാസ ഗ്രൂപ്പിന്‍റെ അഭിമാനകരമായ വളര്‍ച്ചയുടെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു.
മുപ്പത്തിരണ്ടുകൊല്ലങ്ങൾകൊണ്ട് എന്‍റെ എഞ്ചിനിയറിങ്ങിലെ സീറോ (Zero) കളില്‍ നിന്നും എഞ്ചിനീയറിംഗ് കോളേജിന്‍റെ സി.ഒ.ഒ. (COO) ലേക്കുള്ള യാത്ര വളരെ ആത്മസംതൃപ്തി പകരുന്ന ഒന്നാണ്.
കടപ്പാട് : സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്, കോട്ടയം
ഒരു പരാജയവും സ്ഥിരമല്ല
ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ കാല്‍തെറ്റി പരാജയത്തിന്റെയും ദു:ഖത്തിന്‍റെയും പടുകുഴിയിലേക്ക് വീണു പോയേക്കാം. ഇനിയെന്തെന്ന് നമ്മള്‍ ചിന്തിച്ച് ജീവിതത്തെതന്നെ അവസാനിപ്പിക്കുന്നതിനേപ്പറ്റി ആലോചിച്ചുപോയേക്കാം, ആ അവസ്ഥയില്‍, പലവിധമായ കാരണങ്ങളാലും, ഇന്ന് ആയിരിക്കുന്ന, പല വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഉണ്ടാകാം. ഭയപ്പെടരുത്. തിരിച്ചു വരവ് തീര്‍ച്ചയായും സാധ്യമാണ്. എവിടെയാണ് തെറ്റുപറ്റിയതെന്ന് ആത്മാര്‍ത്ഥമായി വിശകലനം ചെയ്തും മറ്റുള്ളവരില്‍നിന്നും മനസ്സിലാക്കുക. തെറ്റുകള്‍ തിരുത്തുവാനുള്ള, വിജത്തിലേക്കുതിരിച്ചുവരുവാനുള്ള വഴികള്‍ ഏതൊക്കെയെന്ന് സ്വയം വിശകലനം ചെയ്യുകയും, മറ്റുള്ളവരില്‍നിന്നും മനസ്സിലാക്കുകയും ചെയ്യുക. സ്വയം തീരുമാനം എടുക്കുക. പടിപടിയായി തിരിച്ചുള്ള പടവുകള്‍ ഒന്നൊന്നായി കയറുക. വേഗതയേക്കാളും കൂടുതല്‍ ശ്രദ്ധ വേണ്ടത്, ശരിയായ ദിശയിലൂടെയും വഴിയിലൂടെയുമാണെന്ന് ഉറപ്പുവരുത്തുന്നതാണ്.
ദൈവവിശ്വാസവും പ്രാര്‍ത്ഥനയും, സ്നേഹനിധികളായ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശങ്ങളും സഹായങ്ങളും അഭ്യര്‍ഥിക്കുക, സഹായം തേടുക. വിജയം നിങ്ങള്‍ക്ക് തിരികെ ലഭിക്കും. പരാജയങ്ങളുടെ നടുവില്‍ കിടക്കുന്ന ആര്‍ക്കും, തങ്ങളുടെ ജീവിതത്തെ വിജയങ്ങളിലേക്ക് നയിക്കാം. നമ്മൾക്ക് പരാജയങ്ങളെ അതിജീവിക്കാം.
“പരാജയം സമ്മതിച്ച് പിന്മാറിയാലേ, നമ്മള്‍ പരാജിതരാകുന്നുള്ളു. നമ്മള്‍ പരാജയത്തില്‍നിന്നും പാഠങ്ങള്‍ പഠിച്ച്, വിജയത്തിലേക്കുള്ള ശ്രമം തുടരുമ്പോള്‍, നമ്മള്‍ തീര്‍ച്ചയായും വിജയികളായിമാറും”. എല്ലാവർക്കും വിജയകരമായ ജീവിതം ആശംസിക്കുന്നു.
2017 : നാഷണൽ എക്സിബിഷൻ “സൃഷ്ടി” സമ്മാനദാനം (കടപ്പാട് : സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്, കോട്ടയം)
ഗ്രാജുവേഷൻ ദിവസം വിലക്കു കൊളുത്തി ഉത്‌ഘാടനം ചെയ്യുന്ന വി ഗാർഡ് ചെയർമാൻ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (കടപ്പാട് : സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്, കോട്ടയം)
ഐ എസ് ർ ഒ മുൻ ചെയർമാൻ ശ്രീ മാധവൻ നായർ സമ്മാനദാനം നിർവഹിക്കുന്നു. (കടപ്പാട് : സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്, കോട്ടയം)
കാലംചെയ്ത മാർത്തോമ്മാ വലിയമെത്രാപ്പോലീത്ത ഒരു തമാശ പങ്കുവയ്ക്കുന്നു. സമീപത്ത് ടി ജെ ജോഷ്വ അച്ചൻ (കടപ്പാട് : സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്, കോട്ടയം)
സെയിന്റ്ഗിറ്റ്സ് ഓഡിറ്റോറിയത്തിന്റെ ദൃശ്യം (കടപ്പാട് : സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്, കോട്ടയം)
ശ്രീ ടി പി ശ്രീനിവാസൻ (Ex ഡിപ്ലോമാറ്റ്) “വാക്കിങ്ങ് വിത്ത് ലീഡർ” പരിപാടിക്ക് എത്തിയപ്പോൾ (കടപ്പാട് : സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്, കോട്ടയം)
2014 : മറ്റം സെയിന്റ് ജോൺസ് ഹൈ സ്കൂളിന്റെ (മാവേലിക്കര) പൂർവവിദ്യാർഥി അനുമോദനം