അച്ഛന്‍ എന്ന യാഥാര്‍ത്ഥ്യവും സങ്കല്‍പ്പങ്ങളും

പത്തൊന്‍പതാം തീയതി ജൂണ്‍ രാവിലെ വാട്സ്ആപ്  തുറന്നപ്പോളാണ് അന്ന് ഫാദേര്‍സ് ഡേ ആണ് എന്നു ഓര്‍മിപ്പിക്കുന്ന പോസ്റ്റുകള്‍ കണ്ടു തുടങ്ങിയത്. ഈ പോസ്റ്റുകള്‍ തങ്ങളുടെ വാട്സ്‌ആപ്പുകളില്‍ കണ്ടിട്ടോ എന്തോ, എന്‍റെ മകനും മകളും വന്ന് ഫാദേഴ്സ് ഡേ ആശംസിച്ചപ്പോള്‍ ഒരു സന്തോഷം തീര്‍ച്ചയായും ഉള്ളില്‍ ഉണ്ടായി.  കൂട്ടത്തില്‍ മകളുടെ കയ്യില്‍ ഇരുന്ന ഒരു വയസ് പ്രായമുള്ള പേരക്കുട്ടിയും ഒരുമ്മ തന്നപ്പോള്‍ ഈ ജീവിതയാത്രയിൽ കുടുംബജീവിതം വഴി ലഭിക്കുന്ന സ്ഥാനങ്ങളേക്കുറിച്ചുള്ള ഒരു പ്രത്യേക ഉള്‍വെളിച്ചം ഉണ്ടായതുപോലെ തോന്നി.

ഇന്ന് എനിക്ക് ഒരു ഫാദേഴ്സ് ഡേ ആശംസിക്കുവാന്‍, എന്‍റെ അച്ഛനോ, മുത്തച്ഛനോ ജീവിച്ചിരിക്കുന്നില്ലല്ലോ എന്ന് ഓര്‍ത്തപ്പോള്‍ ഒരു നഷ്ട ബോധവും ഉള്ളിലേക്ക് കടന്നു വന്നു.

മുത്തച്ഛന്‍മാരുമായി അധികം സമയം എനിക്കു ചെലവഴിക്കുവാന്‍ കഴിയാതിരുന്നകാരണം എന്‍റെ മുത്തച്ഛനുമായുള്ള ഓര്‍ മ്മകള്‍ പരിമിതമാണ്. എന്നാല്‍ അച്ചനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസിലേക്ക് ഒരു തേങ്ങലായി വന്നുകൊണ്ടേ ഇരുന്നു.

അച്ഛന്‍

പലപ്പോഴും നമ്മൾ കുട്ടിയായിരിക്കുമ്പോഴും നമ്മുടെ കൌമാരത്തിലും അച്ഛന്‍ ജോലി തിരക്കിലും കുടുംബത്തിന്‍റെ മറ്റ് ഉത്തരവാദിത്തങ്ങളിലും ആയിരിക്കുന്നതുകാരണവും പലപ്പോഴും ശിക്ഷണം അമ്മ അച്ഛന്‍റെ തലയിലേക്ക് കെട്ടി വെയ്ക്കാറുള്ളതിനാലും സ്നേഹക്കുറവും ദേഷ്യക്കൂടുതലും ഉള്ള ഒരു അച്ഛന്‍റെ മുഖമാണ് ചെറുപ്പത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ പെട്ടെന്നു കടന്നു വരുന്നത്. മുലപ്പാലും പിന്നീട് ആഹാരവും തന്ന് നമ്മുടെ കൂടെ എപ്പോഴും ഉള്ളതിനാല്‍, അമ്മയോട് സ്നേഹം കൂടുതല്‍ തോന്നുക വളരെ സാധാരണയായി കുട്ടികളില്‍ സംഭവിക്കുന്നതു തന്നെ എന്നിലും സംഭവിച്ചിരുന്നു എന്നു പറയാതിരിക്കുവാന്‍ വയ്യ. പഠനത്തില്‍ പിന്‍പോട്ടുപോയപ്പോഴും, തെറ്റായ കൂട്ടുകാരുടെകൂടെ നടക്കുന്നു എന്നറിയുമ്പോഴും, സമയത്തു തിരികെ വീട്ടില്‍ എത്താത്തപ്പോഴും, അച്ഛന്‍ വളരെ കര്‍ക്കശ്ശമായി നമ്മോടു സംസാരിക്കുന്നത് ചെറുപ്പത്തില്‍ അച്ഛനു നമ്മോടുള്ള സ്നേഹക്കുറവായി തോന്നുക, മിക്ക കുട്ടികളിലും ഉണ്ടാകുന്നതാണ്.  എന്നാല്‍ നമുക്കു പ്രായമായി നമുക്കു കുട്ടികളുണ്ടായി, ഈ സമയങ്ങളില്‍ കൂടി കടന്നു പോകുമ്പോഴാണ് അച്ഛന് എന്തുകൊണ്ട്  അങ്ങനെ കര്‍ശനമായി സംസാരിക്കേണ്ടതായി വന്നിരുന്നു എന്നു നമുക്കു ബോധം വരിക. നമ്മള്‍ നന്നായി പഠിച്ച്, സല്‍സ്വഭാവികളായി വളർന്ന്‌, നല്ല നിലയില്‍ സമൂഹത്തില്‍ ജീവിക്കണം എന്നുള്ള സ്നേഹത്തില്‍ നിന്നും, നമ്മുടെ നന്മയെ ഓര്‍ത്തും, അച്ഛന്‍ കര്‍ക്കശക്കാരനായി മാറേണ്ടി വന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

കർക്കശക്കാരനായ അച്ഛൻ (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

എന്‍റെ ചെറുപ്പത്തില്‍, വീടിന്‍റെ മുന്‍പില്‍ നല്ല മുഴുത്ത മധുരമുള്ള പേരയ്ക്ക ഉണ്ടാകുന്ന വലിയ പേരയ്ക്കാമരം  നില്‍പ്പുണ്ടായിരുന്നു. ധാരാളം പേരയ്ക്ക അതില്‍ സ്ഥിരമായി ഉണ്ടാകുമായിരുന്നു. പേരമരം മറ്റു പലമരങ്ങളേയും അപേക്ഷിച്ചു, ബലം കുറഞ്ഞതും, ശിഖിരങ്ങൾ വേഗം ഒടിയുന്നതുമാണ്.  ഒരു ദിവസം വൈകുന്നേരം അച്ഛന്‍ പെട്ടെന്നു വീട്ടില്‍ തിരികെ വന്നപ്പോള്‍, ഞാനും എന്‍റെ ഇളയ സഹോദരനും മരത്തിന്‍റെ ഏറ്റവും മുകളില്‍  ചെറിയ ചില്ലകളില്‍ ഇരിക്കുന്നതും, എന്‍റെ മൂത്ത സഹോദരന്‍, പേരമരത്തിന്‍റെ പകുതിയ്ക്ക് നിന്ന്, ഞങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ തരുന്ന കാഴ്ചയാണ് അച്ഛന്‍ കാണുന്നത്. കണ്ടപ്പോള്‍ തന്നെ അച്ഛന്‍റെ നെഞ്ചിടിച്ചിട്ടുണ്ടാകും തീര്‍ച്ച . ഇനിയും എന്തു സംഭവിക്കും എന്ന് ഓര്‍ത്ത് ഞങ്ങളുടെ നെഞ്ച് തീര്‍ച്ചയായും ഇടിച്ചു.  പെട്ടെന്നു തന്നെ ഞങ്ങള്‍ ഓരോരുത്തരായി പേരമരത്തില്‍ നിന്നും ചാടി ഇറങ്ങിക്കൊണ്ടിരുന്നു. ഒരുത്തരേയും വിടാതെ അച്ഛന്‍ ഞങ്ങളെ പൊതിരെ തല്ലി. അടുത്ത ദിവസം രാവിലെ തന്നെ പേരമരത്തിന് ഒരു തീരുമാനമായി. ആ പേര, ഇനി ഒരിയ്ക്കലും വളരാത്ത വിധത്തില്‍ മുറിച്ചുമാറ്റപ്പെട്ടു. ഞങ്ങളെ അത്ര ക്രൂരമായി തല്ലുകയും, ആ നല്ല പേരമരം നിഷ്ഠൂരമായി മുറിച്ചുകളയുകയും ചെയ്ത അച്ഛന്‍റെ സ്നേഹമില്ലായ്മയോട് കോപവും, വിദ്വേഷവും ഞങ്ങള്‍ക്ക് ആ പ്രായത്തില്‍ അന്ന് തോന്നിയത്, വളരെയധികം സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രതിഫലനമായിരുന്നു എന്നു മനസ്സിലാക്കുവാൻ  കാലങ്ങള്‍ പലതും പിന്നിടേണ്ടി വന്നു. വളരെ പ്രതീക്ഷകളോട് എവിടെ നിന്നോ പ്രത്യേകമായി കൊണ്ടുവന്ന് നട്ട്  വെള്ളവും വളവും കരുതലും കൊടുത്ത് വളര്‍ത്തി, ഇത്രത്തോളം വലുതാക്കി, നല്ല ഫലം തരുന്ന മരം, പൂര്‍ണമായും ഞങ്ങളുടെ സുരക്ഷയ്ക്കായി വെട്ടിമാറ്റിയ സ്നേഹത്തെ അന്ന് ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.

എന്‍റെ എഞ്ചിനീയറിംഗ് കോളേജ് പഠനകാലത്ത്, ട്രയിനില്‍ രണ്ടു ദിവസത്തെ യാത്രയ്ക്ക് ശേഷം ഞാന്‍ തിരികെ എത്തുമ്പോൾ  എന്നേ കാണുവാൻ പ്ലാറ്റ് ഫോമില്‍ നിന്നുകൊണ്ട് ട്രയിനിലെ ഓരോ കംപാര്‍ട്ട്മെന്‍റുകളിലും സ്നേഹത്തോടും ആകാംക്ഷയോടും നോക്കുന്ന, എന്‍റെ കംപാര്‍ട്ടുമെന്‍റ്  കാണുമ്പോള്‍, വേഗം നടന്ന് അതിനടുത്തുവന്ന്, എന്‍റെ കൈയ്യില്‍ നിന്നും ബാഗുകള്‍ വാങ്ങുന്ന എന്‍റെ അച്ഛന്‍റെ മുഖം, ഇന്നും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.

പില്‍ക്കാലത്ത്, ഒരു അപകടത്തിനു ശേഷം ഹോസ്പിറ്റലില്‍ ആയിരുന്ന എന്നെ കാണുവാന്‍, രണ്ടു ദിവസം യാത്ര ചെയ്ത് എത്തിയപ്പോള്‍, അച്ഛന്‍റെ കണ്ണില്‍ നിന്നു നിര്‍ത്താതെ ഒഴുകി വീണുകൊണ്ടിരുന്ന ആ കണ്ണുനീര്‍, ഒരിക്കലും ജീവിതത്തില്‍ മറക്കുവാന്‍ കഴിയുകയില്ല.

മരിക്കുന്നതിനു മുന്‍പ് പത്തു വര്‍ഷത്തോളം രോഗാവസ്ഥയില്‍ കിടക്കുമ്പോഴും, ഓരോ പ്രാവിശ്യവും കയറിച്ചെല്ലുമ്പോള്‍, പല്ലുകള്‍ കൊഴിഞ്ഞു തുടങ്ങിയ വാ തുറന്നു ചിരിക്കുവാന്‍ ശ്രമിക്കുന്നത് , എന്‍റെ കൈകള്‍ വലിച്ച് അടുപ്പിച്ച് വളരെ നേരം തലോടി, കട്ടിലില്‍ ഇരിക്കുന്ന അച്ഛന്‍,  ഇന്നും കണ്ണിന്‍ മുന്‍പില്‍ നിറഞ്ഞു നില്‍ക്കുന്നു.

 

മുത്തച്ഛന്‍

എന്‍റെ രണ്ടു മുത്തച്ഛന്‍മാരും (അമ്മയുടെ അച്ഛന്‍ തഹല്‍സീല്‍ദാരും, അച്ഛന്‍റെ അച്ഛന്‍ ധാരാളം കൃഷി സ്ഥലമുള്ള കൃഷിക്കാരനും) രണ്ടു വ്യത്യസ്ഥമായ മുഖങ്ങളായാണ് എനിക്കുതോന്നിയിരുന്നത്. അവര്‍ ജീവിച്ചിരുന്ന, ഉപജീവനത്തിനു വേണ്ടി സ്വീകരിച്ചിരുന്ന വഴികള്‍ വ്യത്യസ്ഥമായതിനാലാവണം, എനിക്ക് അങ്ങനെ തോന്നിയിരിക്കുക. രണ്ടു മുത്തച്ഛന്‍മാര്‍ക്കും ധാരാളം മക്കളും (എട്ടുപേര്‍ വീതം) കൊച്ചുമക്കളും ഉണ്ടായിരുന്നതിനാലാവും; രണ്ടോ നാലോ പേരക്കുട്ടികള്‍ മാത്രം ഉള്ള, ഇന്നത്തേ മുത്തച്ഛന്‍മാര്‍ കൊടുക്കുന്ന, ആ പ്രത്യേക വാത്സല്യം എനിക്കു മാത്രമല്ല, എന്‍റെ തലമുറയിലെ ധാരാളം പേർക്കും കിട്ടിയിരുന്നതായി എനിക്കു തോന്നുന്നില്ല.

ഇന്നത്തെ പേരക്കുട്ടികള്‍ ഏറ്റവും കൂടുതല്‍ താലോലിക്കപ്പെടുന്നത്, മുത്തച്ഛന്‍മാരാലും  മുത്തശ്ശിമാരാലും ആണ്. ഇന്നത്തെ അച്ഛന്‍മാരും അമ്മമാരും ദിനരാത്രം ജോലി ചെയ്യുന്ന അവസ്ഥയില്‍ ആയിരിക്കുന്നതിനാലും, പേരക്കുട്ടികളുടെ എണ്ണം വളരെ ചുരുക്കമായതിനാലും, മിക്ക ഭവനങ്ങളിലും മുത്തച്ഛന്‍റെ സ്നേഹത്തില്‍ പൊതിഞ്ഞു വളരുവാന്‍, ധാരാളം കുട്ടികള്‍ക്കും  ഇന്ന് കഴിയാറുണ്ട്.

എഴുത്തുകാരൻ തന്റെ പേരക്കുട്ടിയോടോപ്പം

ഇതിന്‍റെ കൂടെ വരുന്ന മറ്റൊരു അപ്പനാണ് “തലതൊട്ടപ്പൻ”; പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെ ഇടയില്‍.

തലതൊട്ടപ്പന്‍ 

ക്രിസ്ത്യാനികളുടെ ഇടയില്‍, മാമോദീസ്സാ സമയത്ത് പ്രത്യേകിച്ച് ആണ്‍ കുട്ടികളുടെ കാര്യത്തില്‍ വേണ്ടപ്പെട്ട ഒരാള്‍ തലതൊട്ടപ്പന്‍ ആകുക സാധാരണമാണ്. ഈ തലതൊട്ടപ്പന്‍, ആ കുട്ടിയുടെ കാര്യങ്ങളില്‍, വളര്‍ച്ചയില്‍, ആ കുട്ടി നന്നായി സമൂഹത്തില്‍ ജീവിക്കുന്നതില്‍, പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്ന്, മാമോദീസ സമയത്ത് ഈ തലതൊട്ടപ്പന്‍മാരെ പള്ളിയിലെ അച്ചന്‍ ഉദ്ബോധിപ്പിക്കാറുണ്ട്. ഞാനും, എന്‍റെ കുടുംബത്തിലെ നന്നായി ശോഭിച്ചുകൊണ്ടിരിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ തലതൊട്ടപ്പനാണ് എന്നത് വളരെ ആത്മ സംതൃപ്തി ഉളവാക്കുന്നതാണ്.  എന്നാല്‍, എന്‍റെ തലതൊട്ടപ്പന്‍ പ്രായാധിക്യം കാരണം  ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മരിച്ചു പോയതിനാല്‍ ഈ കരുതല്‍ എനിക്കു അധികകാലം ലഭിക്കുവാന്‍ ഇടയായില്ല.

എഴുത്തുകാരൻ (തലതൊട്ടപ്പൻ)), താൻ തലതൊട്ട മക്കളോടൊപ്പം

പട്ടാളത്തിലെ അച്ഛനും മുത്തച്ഛനും

എഴുത്തുകാരൻ (പുറകിൽ ഇടത്തുനിന്നും നാലാമത്), തന്റെ ആദ്യത്തെ മിലിറ്ററി യൂണിറ്റിന്റെ പിതാവിനൊപ്പം (മുൻപിൽ ഇടത്തുനിന്നും നാലാമത്)

എന്‍റെ പട്ടാളപരിശീലനം കഴിഞ്ഞ് ഞാന്‍ എന്‍റെ ബെറ്റാലിയനില്‍ ചെന്നപ്പോള്‍, എനിക്ക് അവിടെയും കിട്ടി ഒരു അച്ഛനെയും മുത്തച്ഛനെയും. പട്ടാള യൂണിറ്റിലെ കമാന്‍ഡിംഗ് ഓഫീസറെ ആ യൂണിറ്റിലുള്ളവര്‍  ഒരു പിതാവിനെപ്പോലെയാണ് കരുതുന്നത്.  നമ്മെ സ്നേഹിക്കാനും, കരുതാനും, ശാസിക്കാനും, നമ്മുടെ  സന്തോഷത്തിലും ദുഖത്തിലും നമ്മോടൊപ്പം നില്‍ക്കുന്ന പിതാവാണ്, കമാന്‍ഡിംഗ് ഓഫീസര്‍. സ്വന്തം കുടുംബത്തില്‍ നിന്നും ബന്ധു മിത്രാദികളില്‍ നിന്നും വളരെ ദൂരെ മാറി അതിര്‍ത്തികളില്‍ ശത്രു സൈന്യത്തോട് നേരോടെ നേരെ നില്‍ക്കുമ്പോള്‍, ഈ പിതാവിന്‍റെ കരുതലിലാണ് എന്ന ബോധമാണ്, നമുക്ക് ധാരാളം വിഷമതകളെ ധൈര്യമായി അതിജീവിക്കുവാനുള്ള ഉത്തേജനമായി തീരുന്നത്.

ഇതുകൂടാതെ, പട്ടാളത്തില്‍ അതതു വിഭാഗങ്ങള്‍ക്ക് ഒരു ഗോഡ് ഫാദറും ഉണ്ട്.  അദ്ദേഹം അറിയപ്പെടുന്നത് കേണല്‍ കമാന്‍റന്‍റ് എന്നാണ്. വളരെയധികം സേവനമുള്ള മുതിര്‍ന്ന ഒരു ഓഫീസര്‍ ആയിരിക്കും ഈ കേണല്‍ കമാന്‍ഡന്‍റ്. നമുക്ക്, നമ്മുടെ സാധാരണ മാര്‍ഗങ്ങളില്‍ കൂടി പരിഹരിക്കപ്പെടാത്ത കാര്യങ്ങള്‍ക്ക്, ഈ ഗോഡ് ഫാദറെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്. പലപ്പോഴും അത്തരം കാര്യങ്ങള്‍ സാധിച്ചു കിട്ടുകയും ചെയ്യും. എന്‍റെ പട്ടാളസേവനകാലത്ത് ഈ കേണല്‍ കമാന്‍ഡന്‍റിനേ സമീപിച്ചതും, ബുദ്ധിമുട്ടായിട്ടും ആ കാര്യം ഒരു പരിധിവരെ  സാധിച്ചതും, എന്‍റെ ഓര്‍മകളിൽക്കൂടി  കടന്നു പോകുന്നു.

ഈ സമയത്ത് എന്‍റെ മനസ്സിലേക്കു കടന്നു വരുന്ന വേറെ ഒരു പിതാവാണ് രാഷ്ട്രപിതാവ്.

രാഷ്ട്രപിതാവ്

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി, സ്വന്തം സമയവും കഴിവുകളും ഒരു രാജ്യത്തിന്‍റെ  സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പാടുപെട്ടതിന്‍റെ പരിണിത ഫലം കൂടിയാണ്, ഇന്ന് നമ്മള്‍ വളരെ  ലാഘവത്തോടു കൂടി എടുക്കുന്ന, നമ്മുടെ ഈ സ്വാതന്ത്ര്യം. ആ പിതാവിന്‍റെയും, പിതാവിന്‍റെ കൂടെ ഈ രാജ്യത്തിന് വേണ്ടി സ്വയം ത്യജിച്ച നമ്മുടെ പൂര്‍വ്വ പിതാക്കളേയും നമ്മുക്ക് ഈ  അവസരത്തില്‍ ഓര്‍ക്കുന്നത് ഉത്തമമെന്ന് വിചാരിക്കുന്നു.

രാഷ്ട്രപിതാവ് (കടപ്പാട്  : ഗൂഗിൾ ഇമേജസ്)

അച്ഛനെ മറക്കാതിരിക്കട്ടെ

അമ്മയോളം സ്നേഹം പ്രകടിപ്പിക്കുവാന്‍ അച്ഛനു സാവകാശവും സമയവും ലഭിക്കാത്തതിനാല്‍, അവരുടെ, ഉള്ളിലുള്ള സ്നേഹത്തെ, ആ വലിയ കരുതലിനെ, നാം മറക്കുന്നവരാകാതിരിക്കട്ടെ .  അച്ഛനും അമ്മയും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഈ രണ്ടുപേരും ഉണ്ടെങ്കിലേ, ഈ രണ്ടു പേരും നമ്മെ ഒരേപോലെ കരുതിയെങ്കിൽ മാത്രമേ, ഒരു കുഞ്ഞിന് വളര്‍ന്ന് എത്തേണ്ടയിടത്ത്, എത്തുവാന്‍ സാധിക്കുകയുള്ളൂ. ഇന്ന് നമ്മിൽ മിക്കവരും നാം ആയിരിക്കുന്നത്, അമ്മയോടൊപ്പം അച്ഛന്‍റയും സ്നേഹത്തിന്‍റെ പ്രതിഫലനം ഒന്നുകൊണ്ട് മാത്രമാണ്.  എന്‍റെ അച്ഛന്‍റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഞാന്‍ മുട്ടുകുത്തി നമസ്കരിക്കുന്നു. സന്തോഷം നിറഞ്ഞ “ ഫാദേഴ്സ് ഡേ അച്ഛാ”.

 

സൂര്യനായി തഴുകി ഉറക്കമുണര്‍ത്തുമെന്‍

അച്ഛനെയാണെനിക്കിഷ്ട്ടം

ഞാനൊന്നു കരയുമ്പോള്‍ അറിയാതെ ഉരുകുമെന്‍

അച്ഛനെയാണെനിക്കിഷ്ട്ടം

കല്ലെടുക്കും കണിത്തുമ്പിയെ പോലെ

ഒരുപാടു നോവുകൾക്കിടയിലും

പുഞ്ചിരിചിറകു വിടർത്തുമെൻ അച്ഛൻ

അച്ഛനെയാണെനിക്കിഷ്ട്ടം

കടപ്പാട് }  പാടിയത് : കെ. എസ്. ചിത്ര;  സിനിമ : സത്യം ശിവം സുന്ദരം

എഴുത്തുകാരൻ തന്റെ അച്ഛന്റെ മടിയിൽ