
ആനച്ചന്തവും ആനക്കമ്പവും
കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ജനിച്ചു വളര്‍ന്ന നാടായ മാവേലിക്കരയില്‍, അമ്മയുടെ അടുത്ത് താമസിച്ച് രാവിലെ സൈക്കിള്‍ ചവിട്ടുവാന്‍ ഇറങ്ങി, മാവേലിക്കര ശ്രീ കൃഷ്ണസ്വാമി അമ്പലം ചുറ്റി ഒരു വളവു തിരിഞ്ഞപ്പോള്‍, മുന്‍പില്‍ നില്‍ക്കുന്നു ഒരു ആന. ഒരു നിമിഷത്തേക്ക് ഞാന്‍ എന്തു ചെയ്യണം എന്നറിയാതെ അതിനെ തുറിച്ചു നോക്കി നിന്നു. കുറച്ചു നേരം നോക്കിയപ്പോഴാണ് മനസ്സിലാകുന്നത്, അടുത്ത കാലത്ത് അമ്പലം വകയായി അമ്പലത്തിനടുത്തായി സ്ഥാപിച്ച ഒരു ആനയുടെ പ്രതിമ ആണ് അതെന്ന്.
ജീവൻ തുടിക്കുന്ന ആനയുടെ രൂപം .
ഞാന്‍ കുറച്ചു സമയം ആനപ്രതിമയുടെ അടുത്തു നിന്ന് ആ ആനയുടെ രൂപവും ഭാവവും ആസ്വദിച്ചു.
ശരിക്കും ജീവന്‍ തുടിക്കുന്ന ഒരു ആനയുടെ രൂപം. അതിന്‍റെ കണ്ണുകളും, ചെവികളും, തുമ്പിക്കൈയും, വാലും അനങ്ങുന്നില്ല എന്നതൊഴിച്ച്, ജീവനുള്ള ആനയിൽനിന്നും, ആ പ്രതിമയില്‍ ഒരു കുറവും സാധാരണക്കാരനായ എനിക്ക് കാണുവാന്‍ കഴിഞ്ഞില്ല.
ശില്പികളുടെ ഫോട്ടോയും പേരും
അപ്പോള്‍ എന്‍റെ മനസ്സിലേക്ക് കടന്നു വന്നത് ഈ പ്രതിമ ഉണ്ടാക്കിയ ശില്പിയുടെ കരവിരുതാണ്. എല്ലാ ഇത്തരം പ്രതിമകളും ആദ്യം ഉണ്ടാകുന്നത് ആ കലാകാരന്‍റെ മനസ്സിലാണല്ലോ. അതിനു ശേഷം ആണല്ലോ അതിന് മറ്റുള്ളവര്‍ കാണത്തക്കവിധത്തില്‍ രൂപവും ഭാവവും ഉണ്ടാക്കുക. എന്‍റെ കണ്ണുകള്‍ അവിടെ ചുറ്റുമതിലിലുണ്ടായിരുന്ന നോട്ടീസ് ബോര്‍ഡില്‍ ചെന്നു പതിച്ചു. ഇതിന്‍റെ ശില്പികളായ ശ്രീ. വിപിന്‍ രാജ് (ചക്കുമരശ്ശേരി) യുടെയും ശ്രീ. അഭിലാഷ് പീതാംബരന്‍റെയും (കുരുമശ്ശേരി) യുടെയും ഫോട്ടോയും പേരുകളും, അവരെ അഭിനന്ദിച്ചു കൊണ്ടുള്ള വാക്യങ്ങളും ആ ബോര്‍ഡില്‍ നിറഞ്ഞു നില്‍ക്കുന്നത് ഞാന്‍ വീണ്ടും വീണ്ടും വായിച്ചു. ഇങ്ങനെ ജീവന്‍ തുളുമ്പുന്ന ഒരു ആനയെ മാവേലിക്കരയ്ക്കു നല്കിയ ക്ഷേത്രഭാരവാഹികളേയും ഇതിനെ ഇത്രയും ജീവനുള്ളതാക്കിയ ശില്പികളേയും മനസ്സില്‍ അഭിനന്ദിച്ചു. അവരോടൊക്കെ മാവേലിക്കരക്കാരനായ എന്‍റെയും എന്നേപ്പോലെ അനേകം മാവേലിക്കരക്കാരുടെയും നന്ദിയും സ്നേഹവും മൗനമായി, എന്‍റെ മനസ്സിലൂടെ അറിയിച്ചുകൊണ്ട് ഞാന്‍ എന്‍റെ സൈക്കിൾ യാത്ര തുടര്‍ന്നു. അതിനുശേഷം എപ്പോള്‍ മാവേലിക്കരയില്‍ പോയാലും ഒരു നോക്ക് ആ ആനയെ കാണാതെ ഞാന്‍ തിരികെ പോന്നിട്ടില്ല. പ്രത്യേകിച്ച് എന്‍റെ വീട്ടിലേക്കുള്ള സ്ഥിരം വഴിയിലാണ് ഈ ആനയും ശ്രീ കൃഷ്ണസ്വാമി ക്ഷേത്രവും വരുന്നത് എന്നതിനാലും.
മാവേലിക്കരയുടെ മനസപുത്രൻ
പിന്നീട് ഞാൻ ഈ ആനയേപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ ആണ്, എനിക്കു മനസ്സിലായത്, ഇത് മാവേലിക്കരക്കാർക്കും എല്ലാ ആനപ്രേമികൾക്കും പ്രിയങ്കരനായിരുന്ന, ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിന്റെതന്നെ അഭിമാനമായിരുന്ന ഗജകേസരി ഉണ്ണികൃഷ്ണന്റെ ഓര്മയ്ക്കായാണ് ഈ പ്രതിമ സ്ഥാപിക്കപ്പെട്ടതെന്ന്. ഒക്ടോബര് ആയിരത്തിതൊള്ളായിരത്തി പതിനെട്ടിലാണ് (1918) , തൃശ്ശൂർപൂരം ഉൾപ്പെടെയുള്ള പൂരങ്ങളിലും ശബരിമലയിലും നിരവധിതവണ എഴുന്നള്ളിക്കപ്പെട്ടിട്ടുള്ള, തിരുവിതാംകൂർ ദേവസ്വത്തിന്റെ ഏറ്റവും തലയെടുപ്പുള്ള ആനകളിൽ ഒന്നായ ഈ ഗജകേസരി ചരിഞ്ഞത്. കളഭകേസരി, ഗജരത്‌നം എന്നുള്ള പട്ടങ്ങളും ഈ ഗജരാജന് ലഭിച്ചിട്ടുണ്ട്.
മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് എത്ര കണ്ടാലും മതിവരാത്ത, എത്ര നേരം വേണമെങ്കിലും നോക്കി ഇരുന്ന് അതിന്‍റെ സൗന്ദര്യവും, ഗൌരവവും, ലാളിത്യവും ആകൃതിയും നമുക്ക് ആസ്വദിക്കുവാന്‍ കഴിയുന്ന ഒരു ജീവിയാണ് ആന. ചെറുപ്പകാലം മുതല്‍ എനിക്കും മറ്റുള്ളവരെ പോലെ ആനയോട് ഒരു കമ്പം എക്കാലവും ഉണ്ടായിരുന്നു.
ആനയും എന്‍റെ മാവേലിക്കര വീടും
ഈ വീടിന്റെ ഒന്നാം നിലയിൽനിന്നും ആണ് എന്റെ അച്ഛൻ നേരേ ആനപ്പുറത്തേക്ക് കയറിയത്
എന്‍റെ ചെറുപ്പത്തില്‍, ഇപ്പോള്‍ ഉള്ളതിലും അധികം ആനകള്‍ മാവേലി ക്കര ചുറ്റുവട്ടത്തും കേരളക്കരയിലും ഉണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് മൃഗസംരക്ഷണ നിയമങ്ങള്‍ വര്‍ദ്ധിച്ചു വന്നതോടെയോ എന്തോ, നാട്ടിലെ ആനകളുടെ എണ്ണവും കുറഞ്ഞു. എന്‍റെ ചെറുപ്പകാലത്ത് ആനകളെ വീടു വീടാന്തരം പാപ്പാന്‍മാര്‍ ഇടവഴികളിലൂടെയും കൊണ്ടുനടക്കാറുണ്ടായിരുന്നു. പ്രധാനമായ ഉദ്ദേശം, മിക്കവാറും എല്ലാവര്‍ക്കും ആനയെ ഇഷ്ടമായതിനാലും, അവര്‍ ഹൃദയം തുറന്ന് ശര്‍ക്കരയും ഓലയും ആനയ്ക്ക് കൊടുക്കുവാന്‍ എന്നും തയ്യാറായിരുന്നതിനാലും ആനവാലുമോതിരത്തിനു ആനവാലിലെ രോമം വിറ്റും, താല്പര്യമുള്ളവരെ ആനപ്പുറത്തു കയറ്റിയും പാപ്പാന് കുറച്ചു വരുമാനം ലഭിച്ചുകൊണ്ടിരുന്നതിനാലും, ഈ ആനകളുടെ വീടുതോറും ഉള്ള കറക്കം ഒരു സ്ഥിരം കാഴ്ച ആയിരുന്നു. ഒരിക്കല്‍ ഒരു ആന വീട്ടില്‍ വന്നപ്പോള്‍ എന്‍റെ അച്ഛന് ആനപ്പുറത്തു കയറുവാന്‍ ഉള്ള അതിയായ ആഗ്രഹവും, എന്നാല്‍ അദ്ദേഹത്തിന് ആനയുടെ കാലില്‍ ചവിട്ടി, മുതുകില്‍ കാലുവെച്ച് കയറുവാനുള്ള ഭയവും സ്വന്തം നീളക്കുറവും കാരണം, ആനയെ വീടിനോട് ചേര്‍ത്തുനിര്‍ത്തി, ഒന്നാം നിലയില്‍ നിന്നും നേരെ ആനയുടെ മുതുകത്തേക്ക് കയറിയതും ഇന്നും എന്‍റെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
കോന്നി ആനക്കൂട്
ചെറുപ്പത്തില്‍ അച്ഛനോടൊത്തുള്ള യാത്രകളില്‍, കോന്നിയിലെ ആനക്കൂട് സന്ദര്‍ശിക്കുന്നതും സ്ഥിരം പതിവായിരുന്നു.
ആനയും സിലിഗുരിയും
സിലിഗുരി (സുഖ്ന) പട്ടാള ക്യാമ്പിലെ ആനകൾ
പട്ടാളത്തില്‍ ആയിരുന്ന കാലത്ത് ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിഒന്നു (1991) മുതല്‍ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല് (1994) വരെയുള്ള കാലഘട്ടത്തില്‍, ഞാന്‍ പശ്ചിമ ബംഗാളില്‍ നേപ്പാളിനോടും ചൈനയോടും അടുത്തു സ്ഥിതി ചെയ്യുന്ന സിലിഗുരിയിലെ, സുഖന പട്ടാള കേന്ദ്രത്തില്‍ ഉണ്ടായിരുന്ന എൻജിനീയറിങ് റജിമെന്‍റിലാണ് ക്യാപ്റ്റനായി ജോലി ചെയ്തിരുന്നത്. വളരെ വനങ്ങള്‍ നിറഞ്ഞ സ്ഥലങ്ങളുടെ നടുവിലായിരുന്നു അക്കാലത്ത് സുഖന പട്ടാള ക്യാമ്പ്. ഇവിടെ ആനകള്‍ കൂട്ടമായി വരുന്നത് സ്ഥിരം സംഭവമായിരുന്നു. പലപ്പോഴും രാത്രിയില്‍ പട്ടാളജീപ്പിലും ഇരുചക്ര വാഹങ്ങളിലും യാത്ര ചെയ്യുമ്പോള്‍ ആനയുടെ മുന്‍പില്‍ ചെന്നു പെടുക സാധാരണമാണ്. മിക്കപ്പോഴും പത്തും മുപ്പതും നിറഞ്ഞ ആനക്കൂട്ടം രാത്രികാലങ്ങളില്‍ ഞങ്ങള്‍ കുടുംബമായി താമസിക്കുന്ന സ്ഥലങ്ങളില്‍ വന്ന് അധികനേരം തമ്പടിച്ച്, അവിടെയുള്ള വാഴക്കുലകളും, മറ്റു ഭക്ഷ്യയോഗ്യമായതെല്ലാം കഴിച്ച്, നശിപ്പിക്കാവുന്നതെല്ലാം നശിപ്പിച്ച് പോവുക സാധാരണമാണ്.
അടുക്കളയിലേക്കും ധാന്യപ്പുരയിലേക്കും കയറുന്ന ആനകൾ
പട്ടാളക്യാമ്പിലെ ധാന്യപ്പുരയുടെചുറ്റുമതിലുകള്‍ ആനയുടെ ആകാരത്തില്‍ പൊട്ടി വീണു കിടക്കുന്നത്, ധാന്യപ്പുരയുടെ രണ്ടു വശത്തുമുള്ള ഭിത്തികളിലും സ്ഥിരം കാഴ്ചയാണ്. ഒരു വശത്തു നിന്നും ഭിത്തി ഇടിച്ചു പൊളിച്ച് അകത്തുകടന്ന് വേണ്ടതെല്ലാം കഴിച്ച ശേഷം മറുവശത്തുകൂടി ഭിത്തി പൊളിച്ച് ഇറങ്ങിപോവുകയാണ് പതിവ്. ആനയെ എവിടെ കണ്ടാലും ഉടന്‍ തന്നെ എല്ലാവരെയും അറിയിക്കുവാനായി പട്ടാളത്തിന്‍റെ തന്നെ ഉച്ചഭാഷിണികള്‍ കെട്ടിയ ജീപ്പുകള്‍ ഓരോ യൂണിറ്റിലും തയ്യാറായി എപ്പോഴും കിടക്കുന്നുണ്ടാവും. ആന ചവിട്ടിയുള്ള മരണങ്ങളും അക്കാലത്തു സുഖനയിലും, സിലിഗുരിയിലും സ്ഥിരം വാര്‍ത്തകളായിരുന്നു. ആനകള്‍ ആസ്സാമില്‍ നിന്നും ബീഹാറിലേക്കും, വീണ്ടും തിരിച്ച് ആസ്സാമിലേക്കും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കൂട്ടമായി പോവുക പതിവാണ്. ഈ സുഖനയും സിലിഗുരിയും ഈ ആനക്കൂട്ടത്തിന്‍റെ സ്ഥിരം യാത്രാവഴിയില്‍ പെടുന്ന സ്ഥലങ്ങള്‍ ആയിരുന്നതിനാലായിരുന്നു, ഇവിടെ ആനകള്‍ സ്ഥിരമായി കാണ പ്പെടുവാനുള്ള ഒരു പ്രധാന കാരണം.
തേക്കടി വന്യമൃഗ സംരക്ഷണ കേന്ദ്രം
തേക്കടിയിലെ ആനകൂട്ടം
ഞാന്‍ പല പ്രാവശ്യവും തേക്കടിയില്‍ പോയി സര്‍ക്കാരിന്‍റെ പെരിയാര്‍ ഹൌസിലും അരണ്യ നിവാസിലും ലേക്ക് പാലസിലും മറ്റു ഹോട്ടലുകളിലും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും താമസിച്ചിട്ടുണ്ട്. ഒരു പ്രാവശ്യം പോലും ആനകളെ കാണാതെ തിരിച്ചു വരേണ്ടതായി എനിക്ക് വന്നിട്ടില്ല. അത്രയ്ക്കു ആനകളാല്‍ നിറയപ്പെട്ടതാണ് തേക്കടിയും പെരിയാര്‍ വന്യമൃഗ സംരക്ഷണ മേഖലയും. കൂടാതെ ഈ വന്യമൃഗ സംരക്ഷണ മേഖലയില്‍പ്പെടുന്ന മുല്ലക്കുടിയിലും, മംഗളാദേവി അമ്പലത്തിലും പോകുവാനുള്ള അവസരവും എനിക്ക് ഉണ്ടായിട്ടുണ്ട്. ആനകള്‍ സ്ഥിരം ധാരാളമായി കാണപ്പെടുന്ന സ്ഥലങ്ങള്‍ ആണ് ഇവയെല്ലാം. ലേക്ക് പാലസ് പണ്ടുകാലത്ത് ബ്രിട്ടീഷുകാരും തിരുവിതാംകൂര്‍ രാജകുടുംബവും സ്ഥിരം വന്നു താമസിക്കാറുള്ള പ്രകൃതിരമണീയമായ, തടാകത്തിനകത്ത്, വനത്തില്‍ ഉള്ള ഒരു താമസസ്ഥലമാണ്. ബോട്ടില്‍ മാത്രമേ ഇവിടേക്ക് പോകുവാന്‍ സാധിക്കൂ. ഇവിടെ താമസിച്ചാല്‍ ആനകളെ മാത്രമല്ല, മറ്റു മൃഗങ്ങളേയും (കാട്ടുപോത്ത്, മാന്‍ കൂട്ടം, കാട്ടിലെ പട്ടികള്‍, ഇത്യാദി) കാണുവാന്‍ വളരെ അധികം സാധ്യത ഉള്ള ഒരു ഇടമാണ്. എന്‍റെ ഈ യാത്രയില്‍ ഒരിക്കല്‍ ആനയെ ഞാന്‍ കുളിപ്പിച്ചതും, ആനപ്പുറത്ത് ഞാന്‍ ഇരുന്നു കൊണ്ട്, ആന എന്നേ കുളിപ്പിക്കുകയും ചെയ്തത് എക്കാലവും മറക്കാന്‍ പറ്റാത്ത ഒരു അനുഭവമാണ്.
എഴുത്തുകാരനേ ആന കുളിപ്പിക്കുന്നു
തൃശൂര്‍ പൂരം
തൃശൂർ പൂരത്തിലെ അണിഞ്ഞൊരുങ്ങിയ ആനകൾ
ആനകളെപ്പറ്റി പറയുമ്പോള്‍ തൃശൂര്‍ പൂരത്തെപ്പറ്റി പറയാതിരിക്കുക വയ്യ. നെറ്റിപ്പട്ടംകെട്ടി അണിഞ്ഞ് ഒരുങ്ങി നില്‍ക്കുന്ന ആനകളും, ആനകളുടെ മുകളില്‍ വര്‍ണ്ണാഭമായ കുടകളും, ആലവട്ടവും വെഞ്ചാമരവും ഏന്തി ഇരിക്കുന്ന ആളുകളും തുടര്‍ന്നുള്ള കുടമാറ്റവും, പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത ഒരു അനുഭൂതിയാണ് കാഴ്ചക്കാരിലേക്കും ഭക്തജനങ്ങളിലേക്കും നല്‍കുന്നത്.
ആനച്ചന്തം
പണ്ടുകാലം മുതല്‍, ആന കേരളത്തിന്‍റെ ചരിത്രവുമായി ഇടപഴകി എക്കാലവും ജീവിച്ച ഒരു വന്യജീവിയാണ്. രാജഭരണകാലവും അമ്പല ഉത്സവങ്ങളും ആനകള്‍ക്ക് അതിന്‍റേതായ പ്രാധാന്യം എന്നും നല്കിയിരുന്നു. ഇത്രയും വലിയ ഒരു ആനയെ, പാപ്പാന്റെ ചെറിയ വടിയുടെ വരുതിക്കുള്ളില്‍ നിര്‍ത്തുവാന്‍ വേണ്ടി എത്രമാത്രം ശിക്ഷണം വേണ്ടി വരുന്നതാണ് എന്ന ചിന്ത, ഇക്കാലത്ത് മൃഗസ്നേഹികളെ വാചാലരാക്കുന്ന ഒരു വിഷയമാണ്. പലപ്പോഴും മദംപൊട്ടിയും വലിയ ശബ്ദത്താല്‍ അരോചകപ്പെട്ടും പലയിടങ്ങളിലും ആള്‍ക്കൂട്ടത്തിലേക്ക് ഓടിക്കയറി പല മരണങ്ങള്‍ക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കുന്ന സംഭവങ്ങള്‍, ആന വിഷയത്തില്‍ പല നിയന്ത്രണങ്ങളും കൊണ്ടുവരുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു പക്ഷേ വരും തലമുറകളുടെ കാലത്ത്, ഇന്ന് നമ്മുടെ സർക്കസ്സ് കമ്പനികള്‍ക്കും, സർക്കസ്സിലെ വിവിധ മൃഗങ്ങള്‍ക്കും സംഭവിച്ചതുപോലെ, ഈ ആനകളെ, നമ്മള്‍ ഇന്നു സുലഭമായി നാട്ടില്‍ കണ്ടുവരുന്നതു മാറി, തികച്ചും കാട്ടില്‍ മാത്രം കാണപ്പെടുന്ന ഒരു ജീവിയായി മാറുമോ എന്നു ഞാന്‍ ചിന്തിച്ച് പോവുകയാണ്. എന്തായാലും, ഈ തലമുറയ്ക്ക് ആനച്ചന്തം ആസ്വദിക്കാനുള്ള അവസരം ധാരാളം ഉണ്ട്. ആനകളെ നമുക്ക് കരുതാം. ആനച്ചന്തം നമുക്ക് ആസ്വദിക്കാം.
“ ആനയ്ക്കൊത്തിരി വയറുണ്ടേ
നീളന്‍ തുമ്പിക്കൈയ്യുണ്ടേ
തുമ്പപ്പൂവിന്‍ നിറമുള്ള
കൂര്‍ത്ത കൊമ്പുകള്‍ രണ്ടുണ്ടേ;
പുറകുവശത്തൊരു വാലുണ്ടേ
വീശി നടക്കാന്‍ ചെവിയുണ്ടേ
അടിവെച്ചങ്ങനെ ഗമയില്‍ പോകാന്‍
തടിച്ച കാലുകള്‍ നാലുണ്ടേ;
കറുകറുത്തൊരു നിറമാണേലും
വെളുവെളുത്തൊരു മനസ്സുണ്ടേ
അടിവെച്ചങ്ങനെ ഗമയില്‍ പോകാന്‍
തടിച്ച കാലുകള്‍ നാലുണ്ടേ”.
എഴുത്തുകാരനും ഭാര്യയും ഒരു കൊമ്പനാനയോടൊപ്പം