
കൊട്ടാരത്തിലെ ക്രിസ്തുമസ്
ആദ്യ ക്രിസ്തുമസ് കാലിത്തൊഴുത്തിലായിരുന്നു. ആരും അധികം കടന്നു ചെല്ലുവാന്‍ ആഗ്രഹിക്കാത്ത സ്ഥലം. അക്കാലത്ത് സമൂഹത്തില്‍ താഴെക്കിടയിലുള്ള ആട്ടിടയന്‍മാരുടെ ഇടയില്‍ ആയിരുന്നു ആദ്യത്തെ ക്രിസ്തുമസ് .
തങ്ങളെ രക്ഷിക്കുവാന്‍ ഒരു രക്ഷകന്‍ പിറക്കുമെന്നുള്ള ഒരു ജനതയുടെ പ്രതീക്ഷകളുടെ പൂര്‍ത്തീകരണമായിരുന്നു അത് . വിദ്വാന്‍മാരായ രാജാക്കന്മാര്‍ (പ്രഭുക്കന്മാർ) കാലിത്തൊഴുത്തിലേക്ക് ഇറങ്ങിവന്ന് താഴെക്കിടയിലുള്ളവരോടൊപ്പം ചിലവഴിച്ച സമയമായിരുന്നു അത്. അപകീര്‍ത്തികളുടേയും അപവാദങ്ങളുടേയും, നടുവില്‍ ഒരു സമൂഹത്തിന്‍റെ വിടുതലിനായി , സ്വയം സമര്‍പ്പിച്ച ദമ്പതിമാരുടെ സമയമായിരുന്നു അത്. തങ്ങളുടെയും കുടുംബത്തിന്‍റെയും; അധികാരവും സമ്പത്തും സുഖലോലുപതയും നിലനിര്‍ത്തുവാന്‍ വേണ്ടി, ഒരു ശിശുവിനെ കൊല്ലാന്‍ വേണ്ടി, നിഷ്ക്കരണം അനേകായിരം ശിശുക്കളെ കൊന്നൊടുക്കുവാൻ മടിക്കാത്ത രാജാക്കന്മാരുടെയും കാലമായിരുന്നു ആദ്യത്തേ ക്രിസ്തുമസ് . അനേകര്‍ ഒരു രക്ഷകനായി കാത്തിരുന്ന കാലമായിരുന്നു അത്.
ഇന്നത്തെ ക്രിസ്തുമസ്
ഇന്ന് ക്രിസ്തുമസ് കൊട്ടാരതുല്യമായ ഭവനങ്ങളിലും ആരാധനാലയങ്ങളിലുമാണ് ആഘോഷിക്കപ്പെടുന്നത്. സമൂഹത്തിന്റെ മേല്‍തട്ടില്‍ ഉള്ളവരും സാമ്പത്തികമായും സാമൂഹികമായും മുന്നോക്കം നില്‍ക്കുന്നവരും, തമ്മിൽ തമ്മിൽ, മത്സരിച്ചുള്ള ആഘോഷമായി മാറിയിരിക്കുന്നു ക്രിസ്തുമസ്. വളരെ പ്രതീകാത്മകമായ ചില പ്രവർത്തികളൊഴികെ, താഴെക്കിടയിലുള്ളവരെ മറന്ന്, അവരേ കൂടുതല്‍ അപകര്‍ഷതാബോധത്തിലേക്കും പ്രതീക്ഷകള്‍ക്കു പകരം, നിരാശയിലേക്കു നയിക്കുന്ന ഒരു ബിസ്സിനസ്സായി ക്രിസ്തുമസ് ഇന്നു മാറിയിരിക്കുന്നു, സമൂഹത്തിന്‍റെ പൊതുനന്മയേ മറന്ന്, സ്വന്തം കുടുംബത്തിന്‍റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും മാത്രം പ്രാമുഖ്യം കൊടുക്കുന്ന ദസതിമാരുടെ സമയമായി മാറിയിരിക്കുന്നു ഇന്നത്തെ ക്രിസ്തുമസ്സ്. ക്രിസ്തുമസ് ഒരു ബിസിനസ്സാക്കി മാറ്റിയിരിക്കുന്ന ഈ കാലഘട്ടത്തില്‍, കാത്തിരിക്കുവാന്‍ പ്രതീക്ഷകളില്ലാത്ത ഒരു ക്രിസ്തുമസ് കാലമായി മാറിയിരിക്കുന്നു ഇന്നത്തെ ക്രിസ്തുമസ്. താഴേക്കിടയിലുള്ളവരുടെയിടയിലേക്ക് ഇറങ്ങിവരുവാന്‍ വിവേകികളും വിദ്വാന്മാരുമായ രാജാക്കന്മാര്‍ ഇല്ലാതായിരിക്കുന്ന കാലഘട്ടം കൂടിയാണിത്. എല്ലാം ആദ്യത്തെ ക്രിസ്തുമസിന് നേരേ വിപരീതമായിരിക്കുന്നു ഇന്നത്തെ ക്രിസ്തുമസ്സിൽ. ആദ്യത്തെ ക്രിസ്തുമസ്സിലും ഇന്നത്തെ ക്രിസ്തുമസ്സിലും മാറ്റമില്ലാത്ത ഒരു കാര്യം. തങ്ങളുടെയും കുടുംബത്തിന്‍റെയും, അധികാരത്തിനും, സമ്പത്തിനും, സുഖലോലുപതയ്ക്കും വേണ്ടി ഒരു ശിശുവിനെ കൊല്ലുവാന്‍ വേണ്ടി, ഒരു സമൂഹത്തിലെ ശിശുക്കളെയെല്ലാം കൊല്ലാന്‍ മടിക്കാത്ത അന്നത്തെ രാജാക്കന്മാരെപ്പോലെ; ഇന്നത്തെ രാജാക്കന്മാരായ, ഭരണാധികാരികളാലും , മതനേതാക്കളാലും ഉദ്ദോഗസ്ഥരാലും ബിസിനസ്സ് രാജാക്കന്മാരാലും സമൂഹം നിറഞ്ഞിരിക്കുന്നുയെന്ന ഒരു സാദൃശ്യം മാത്രമേ, ഈ രണ്ടു ക്രിസ്തുമസ്സുകളും തമ്മിലുള്ളൂ. രണ്ടായിരത്തിലധികം വര്‍ഷം കൊണ്ട് എല്ലാം മാറിയിരിക്കുന്നു.
ഇന്നത്തെ ധനികരും താഴേക്കിടയിലുള്ളവരും തമ്മിലുള്ള അന്തരം
നന്മയിലേക്കുള്ള മാറ്റം ആവശ്യം
മാറേണ്ടിയിരിക്കുന്നു നാം. സമൂഹത്തിലെ എല്ലാത്തലത്തിലും മാറ്റം അനിവാര്യമാണ്. സമൂഹത്തിലെ ഇന്നത്തെ രാജാക്കന്മാരും താഴെക്കിടയിലുള്ളവരും തമ്മിലുള്ള വിടവ്, അകല്‍ച്ച മാറ്റി, സമൂഹത്തില്‍ പ്രതീക്ഷയറ്റവരുടെയും, വേദനയിലും പ്രയാസത്തിലും, കഴിയുന്നവരുടെ പ്രതീക്ഷയും സ്വാന്തനവുമായി മാറുവാനും, അവരുടെ രക്ഷകനായി മാറുവാനും എല്ലാവർക്കും കഴിയണം. അത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. അതിന് ഈ ക്രിസ്തുമസ്സ് ഉതകട്ടെ.
എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു.
ക്രിസ്തുമസ് ആശംസകൾ നേരുന്നു